malayalam short stories

കാമുകന്റെ_രാത്രിസഞ്ചാരം

“ഇന്ന് രാത്രി വീട്ടിൽ ഞാൻ ഒറ്റക്കാണ്.. പോരുന്നോ..? ”

ആ മെസ്സേജ് മൊബൈലിൽ കണ്ടതും വിശ്വാസം വരാതെ ഞാൻ കണ്ണുകൾ ഒന്നൂടെ ചിമ്മിയടച്ചു.. അപ്പോൾ ദാ വരുന്നു അടുത്തത്..

“അമ്മയും, അച്ഛനും വെളുപ്പിന് 1:30ന് ഗുരുവായൂർ അമ്പലത്തിലേക്ക് പോകും.. നീ ഇങ്ങോട്ട് വരില്ലേ? ”

“പിന്നെന്താ ചക്കരെ.. കറക്റ്റ് 1:45ന് ഞാൻ നിന്റെ വീട്ടിൽ എത്തിയിരിക്കും… പിന്നേ, നീ സാരി ഉടുത്താൽ മതീട്ടോ.. സാരിയിൽ നീ അടിപൊളിയാണ് പെണ്ണെ..”

“അയ്യടാ.. ”
അതായിരുന്നു അവളുടെ റിപ്ലൈ എങ്കിലും എനിക്ക് ഉറപ്പായിരുന്നു.. അവൾ ഇന്ന് രാത്രി എനിക്ക് വേണ്ടി സാരി ഉടുത്തിരിക്കും എന്ന്..

ആ നിമിഷങ്ങളെകുറിച്ചോർത്തു ഇരിക്കപ്പൊറുതി കിട്ടാതെ അപ്പൊതന്നെ ഞാൻ കുളിച്ചൊരുങ്ങി ബുള്ളറ്റിൽ കയറി കൊച്ചിയിലേക്ക് വെച്ച് പിടിച്ചു..

“അല്ലേലും പെണ്ണൊരുത്തി അക്കരെ നിന്ന് മാടിവിളിച്ചാൽ ഏതൊരു കാമുകനാണ് ഇക്കരെ ഇരിക്കപ്പൊറുതി കിട്ടുക..? ”

നിയോൺ വെളിച്ചത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേയിലൂടെ ബുള്ളറ്റ് പറക്കുമ്പോൾ ഞാൻ അവളെകുറിച്ച് ഓർത്തു..

‘ മുകിൽ ‘ എന്ന അവളെകുറിച്ച്.. !

തൃശ്ശൂർക്കാരനായ ഞാൻ കൊച്ചിക്കാരിയായ മുകിലിനെ ആദ്യമായി കണ്ടത് ഒരു സുഹൃത്തിന്റെ വിവാഹത്തിനിടയിൽ വെച്ചായിരുന്നു.. സത്യം പറഞ്ഞാൽ നല്ലൊരു കോഴിയായ എനിക്ക് അവളെ എന്റെ കാമുകിയാക്കിമാറ്റാൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല..

ബാങ്ക് ജോലിക്കാരനായ അച്ഛനും, സ്കൂൾടീച്ചറായ അമ്മക്കും ഒറ്റ മകളായിരുന്നു മുകിൽ.. മൂന്ന് തലമുറക്ക് കഴിയാനുള്ളത് ഇപ്പോഴേ സമ്പാദിച്ചു വെച്ചിട്ടുണ്ട് അവളുടെ അച്ഛനും അമ്മയും.. പക്ഷെ അതിനിടയിൽ അവർ മകൾക്ക് ഒന്ന് മാത്രം നൽകാൻ മറന്നുപോയി..
‘ സ്നേഹം..’ ഞാനാകട്ടെ അത് വാരിക്കോരി നൽകുകയും ചെയ്തു.. പിന്നെ വെറുതെയാണോ പെണ്ണ് എന്റെ ചൊൽപ്പടിക്ക് നിൽക്കുന്നത്..!

മുകിലിനേയും കൊണ്ട് മറൈൻഡ്രൈവിൽ ഒന്നുരണ്ട് തവണ കറങ്ങിയിട്ടുണ്ടെങ്കിലും അവളുടെ വീട്ടിലേക്ക് ഇതുപോലൊരു ക്ഷണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…

എന്തായാലും ഇന്നത്തോടെ ഒരാണിന്റെ, അല്ല എന്റെ കഴിവ് ഞാനവളെ കാണിച്ചു കൊടുക്കും..

ആലുവ എത്താറായപ്പോൾ വഴിയോരത്തുള്ള തട്ടുകടയിൽ കയറി ഒരു കട്ടൻ കാപ്പി വാങ്ങി ഊതി കുടിക്കുമ്പോഴാണ് വീണ്ടും മൊബൈലിൽ മെസ്സേജ് വന്നത്..

“എവിടെയെത്തി..? ”

” ആലുവാ ” എന്ന് മറുപടി അയച്ചപ്പോൾ കണ്ണിറുക്കിയുള്ള ഒരു സ്മൈലി റിപ്ലേ വന്നു..

‘ചക്കരെ… ഞാൻ ദേ എത്തിപ്പോയി.. ‘എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കടക്കാരനോട് പറഞ്ഞു..

“ചേട്ടാ, കാപ്പി ഉണ്ടാക്കുമ്പോൾ, കാപ്പിപ്പൊടി ഇട്ടതിനുശേഷം വെള്ളം അതികം തിളപ്പിക്കരുത്.., കട്ടന്റെ ആ ടേസ്റ്റ് അങ്ങ് പോകും.., ഇതൊരു ഉപദേശം ആയി കാണണ്ടാ, വെറുമൊരു അഡ്വൈസ് ആയി കണ്ടാൽ മതി ട്ടോ ”

‘അല്ലേലും ഹോട്ടൽ മാനേജ്മെന്റ് പാസ്സായ എനിക്ക് പുറത്തുനിന്നും എന്ത് ഭക്ഷണം കഴിച്ചാലും അതിനെ കുറ്റം പറയാതെ ഒരു സ്വസ്ഥതയുമില്ലാ.’

ലൊക്കേഷൻ അയച്ചു തന്നതുകൊണ്ട് മുകിലിന്റെ വീട് കണ്ടെത്താൻ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല.. വീട്ടുപടിക്കൽ ബുള്ളെറ്റ് എത്തുമ്പോൾ സമയം പുലർച്ചെ 1:50..

അടഞ്ഞുകിടക്കുന്ന വാതിലിൽ തട്ടണോ, അതോ അവളെ മൊബൈലിൽ വിളിക്കണോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ അതാ വാതിൽ പതിയെ തുറന്നു ഒരു കൈ എന്നെ ഉള്ളിലേക്ക് പിടിച്ചു വലിച്ചു കയറ്റി..

“അവിടെ നിന്ന് ചവിട്ടുനാടകം തുള്ളാതെ ഉള്ളിലേക്ക് കേറിവന്നൂടെ..? അതോ അടിയൻ താലം പിടിച്ചു എഴുന്നള്ളിച്ചു കൊണ്ടുവരണോ..? ”

പേടികൊണ്ടും അരിശം കൊണ്ടും അവളത് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ മുകിലിനെ അടിമുടി ഉഴിയുകയായിരുന്നു..
“സാരിയുടുത്തപ്പോൾ എന്താ ഒരു ചേല്. . ”

“വാ നമുക്ക് റൂമിലിരിക്കാം..” എന്ന് പറഞ്ഞുകൊണ്ട് മുകിൽ എന്റെ കൈ പിടിച്ചുകൊണ്ട് അവളുടെ ബെഡ്റൂമിലേക്ക് നടക്കുമ്പോൾ ഞാനാ കൊട്ടാരം പോലുള്ള വീട് കണ്മിഴിച്ചു നോക്കികാണുകയായിരുന്നു..

റൂമിലെ പതുപതുത്ത ബെഡിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കെ മുകിലിന്റെ മടങ്ങിയിരിക്കുന്ന അടിവയറിൽ എന്റെ കണ്ണുകളുടക്കി…

‘വെളുത്ത അണിവയറിൽ അങ്ങിങ്ങായി ഉയർന്നുനിൽക്കുന്ന സ്വർണ്ണനിറമുള്ള രോമങ്ങൾ… ‘

“എടി പെണ്ണെ നീ സാരി നേരെയാക്കിട്ടേ.. മനുഷ്യന്റെ കണ്ട്രോള് കളയാൻ.. ”

“അയ്യടാ.. അപ്പൊ നോട്ടം അങ്ങോട്ടായിരുന്നല്ലേ.. ” അതും പറഞ്ഞു അവൾ എണീറ്റുനിന്ന് സാരി നേരെയാക്കുമ്പോൾ ഞാൻ അലക്ഷ്യമായി മറ്റെങ്ങോ നോക്കിയിരുന്നു..

പെട്ടെന്നായിരുന്നു ബെഡിൽ ഇരിക്കുന്ന എന്റെ മടിയിലേക്കവൾ ചാഞ്ഞു കിടന്നത്..

“എന്താടി പെണ്ണെ..? ” ഞാൻ മുകിലിന്റെ ചുരുണ്ട മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് പതിയെ ചോദിച്ചു ..

“എനിക്ക് ഇങ്ങനെ കിടന്നുറങ്ങണം.. കൊറേ കൊറേ നേരം.. ” ചിണുങ്ങികൊണ്ട് അവളത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..

“അതേയ്, ഇങ്ങനെ കിടന്നുറങ്ങിയാൽ ശരിയാവോ.. നമുക്ക് പരിപാടി തുടങ്ങേണ്ട..? ”

“ഇപ്പൊ തന്നെ വേണോ, കുറച്ച് കഴിഞ്ഞിട്ട് പോരെ..? ” മുകിൽ വീണ്ടും ചിണുങ്ങി..

“പോരാ.. ഇപ്പൊ തുടങ്ങിയാലേ എനിക്ക് നേരം വെളുക്കുമ്പോൾ ഇവിടെനിന്നു ഇറങ്ങാൻ പറ്റുകയുള്ളൂ.. അതോണ്ട് മോളൊന്ന് എണീറ്റെ.. ”

എന്നിട്ടും മടിപിടിച്ചു കിടക്കുന്ന മുകിലിനെ നിർബന്ധിച്ചു എണീപ്പിച്ചുനിർത്തികൊണ്ട് ഞാൻ പറഞ്ഞു..

“ഉറക്കം വരുന്നേൽ ഒന്ന് മേല് കഴുകിവായോ.. ഞാനപ്പോഴേക്കും എന്റെ പണി തുടങ്ങാം.. ”

അവളെ ഉന്തിത്തള്ളി ബാത്‌റൂമിൽ കയറ്റി വാതിലടച്ചപ്പോൾ വീണ്ടും ഒരു സംശയം..

” അല്ല, ഈ വീട്ടിലെ അടുക്കള ഏത് ഭാഗത്താണ്..? ”

“റൂമിൽ നിന്ന് പുറത്തിറങ്ങി ഇടത്തോട്ട് നടന്നാൽ മതി.. ”

ബാത്റൂമിൽ നിന്ന് മുകിലിന്റെ ശബ്ദം..

“അവിടെ എല്ലാം റെഡിയാണല്ലോ അല്ലേ..? ”

“ഡബിൾ ഒക്കെ..”
അതും പറഞ്ഞു ബാത്‌റൂമിൽ നിന്നും മുകിലിന്റെ ചിരി മുഴങ്ങികേട്ടു…

ആ വലിയ അടുക്കളയിൽ കയറിയപ്പോൾ ഞാൻ അന്ധാളിച്ചുപോയി.. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേതുപോലുള്ള സൗകര്യങ്ങൾ.. അതിനേക്കാൾ വൃത്തിയും വെടിപ്പും.. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ഒരു ലോകം മുഴുവനും അതിലുണ്ട്. പതിയെ ഫ്രീസർ തുറന്നപ്പോൾ കണ്ടു.. ഒരു വലിയ മീനിന്റെ നടുഭാഗം..
പുറത്തെടുത്തു നോക്കിയപ്പോൾ മനസിലായി.. അസ്സല് “നെയ്മീൻ കഷ്ണം”..ഒരു കിലോക്ക് മേലെ കാണും..

ഞാൻ വയറൊന്ന് തടവി.. നല്ല വിശപ്പ്..

ഒരു മണിക്കൂർ നേരം ഒരു യുദ്ധം നടന്നു ആ അടുക്കളയിൽ.. !!
ഇടക്ക് മുകിൽ അങ്ങോട്ട്‌ കടന്നു വന്നെങ്കിലും ഞാനവളെ അവിടെനിന്നും ഗെറ്റ്ഔട്ട്‌ അടിച്ചു..

ഡൈനിംങ് ടേബിളിൽ ആവി പറക്കുന്ന മീൻ വറ്റിച്ചതിനും, കപ്പ പുഴുങ്ങിയതിനും, ഉള്ളിചമ്മന്തിക്കും ഇരുവശങ്ങളിലുമായി ഞങ്ങളിരിക്കുമ്പോൾ മുകിലിന്റെ മുഖത്തുള്ള ആശ്ചര്യം ഞാൻ ശ്രദ്ധിച്ചു..

ഒരു കഷ്ണം കപ്പയെടുത്തു മീൻ വറ്റിച്ചതിന്റെ ചാറിൽ ഒന്ന് മുക്കി ഞാനവളുടെ വായിലോട്ട് വെച്ചുകൊടുത്തപ്പോൾ അവളത് ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു..

“ഇനിയൊന്നു നാവ് നീട്ടിക്കേ.. ” ഞാനത് പറഞ്ഞപ്പോൾ അവൾ നാവ് പുറത്തേക്ക് നീട്ടിപിടിച്ചു..

ഉള്ളിചമ്മന്തിയിൽ മുക്കിയ നടുവിരൽകൊണ്ട് ഞാനവളുടെ നാവിലൊന്ന് തോണ്ടി..

കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മുകിൽ ചുണ്ടുകൾ കൂട്ടിയുരുമ്മിയപ്പോൾ എനിക്ക് സത്യത്തിൽ ചിരിവന്നു..

“എരിവുണ്ടോ പെണ്ണെ..? ”

“ഇച്ചിരി.. ന്നാലും നല്ല രസം.. ”

“ഇനി പറ.. എന്റെ കൈപ്പുണ്യം എങ്ങിനെയുണ്ട്..? ”
ഞാനല്പം ഗമയിൽ ചോദിച്ചു..

“സമ്മതിച്ചു മോനെ.. ദേ എന്റെ വയറു നിറഞ്ഞു പൊട്ടാറായി.. ”

അതൊരു പന്തയമായിരുന്നു.. ഞാനൊരു ഹോട്ടൽമാനേജ്മെന്റ്കാരനാണെന്നും അത്യാവശ്യം നന്നായി കുക്ക് ചെയ്യുമെന്നും പറഞ്ഞപ്പോൾ മുകിലിന് അത്ര വിശ്വാസം പോരായിരുന്നു.. എങ്കിൽ അത് തെളിയിക്കാനൊരു അവസരം തരാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നത്..

ഈ പന്തയത്തിൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.. കാരണം ആ വലിയ വീട്ടിൽ മുകിലിന്റെ അച്ഛനും അമ്മയും മകൾക്ക് ഭക്ഷണം വിളമ്പികൊടുക്കാനോ, അവൾക്കൊപ്പമിരുന്ന് കഴിക്കാനോ ശ്രമിച്ചിരുന്നില്ല.. അവരവരുടെ ജോലിതിരക്കിൽ മുഴുകികൊണ്ടേ ഇരുന്നു.. വീട്ടുജോലിക്കാരി വെച്ച് സമയാസമയങ്ങളിൽ വിളമ്പിവെക്കുന്ന ഭക്ഷണം ഒറ്റക്കിരുന്നു കഴിച്ചു മടുത്തു എന്നവൾ പലവട്ടം പറഞ്ഞത് ഞാനോർത്തിരുന്നു..

ഇന്ന് ഞാനവൾക്ക് വിളമ്പികൊടുത്തത് കേവലം ഭക്ഷണം മാത്രമായിരുന്നില്ല, അതിനൊപ്പം എന്റെ സ്നേഹവുമുണ്ടായിരുന്നു.. അതാണ്‌ മുകിലിന്റെ വയറ് നിറയാനുള്ള പ്രധാന കാരണവും…

അടുക്കളയിൽ ഉപയോഗിച്ച പത്രങ്ങളെല്ലാം ഞങ്ങൾ ഇരുവരും കൂടെയാണ് വൃത്തിയാക്കി വെച്ചത്.. അവളപ്പോഴും എന്റെ തമാശകൾ കേട്ട് പൊട്ടിചിരിക്കുന്നുണ്ടായിരുന്നു…

അവിടെനിന്നും ഇറങ്ങി ബുള്ളറ്റിൽ കയറാൻ നേരത്ത് അപ്രതീക്ഷിതമായി മുകിൽ എന്നെ കെട്ടിപിടിച്ചു കവിളിൽ ചുണ്ട് ചേർത്ത് വെച്ചു.. ആ സ്നേഹചുംബനം നൽകിയ ഊർജ്ജത്തിലാണ് ഞാൻ ബുള്ളറ്റ് പറത്തി തിരികെ വീട്ടിലെത്തിയതും..

NB: “പാതിരാത്രി ആരുമില്ലാത്തപ്പോൾ കാമുകിയുടെ വീട്ടിൽ കയറി ചോറും കറിയും വെച്ച് കൊടുത്ത്‌ അവളെ തീറ്റിച്ചു തിരികെവന്ന ഈ കഥയിലെ നായകൻ എന്തൂട്ട് പുരുഷനാടോ…? ഞാനെങ്ങാനും ആയിരുന്നെങ്കിൽ.. ”
എന്നാരെങ്കിലും ഈ എഴുത്ത് വായിച്ചതിനുശേഷം ചിന്തിക്കുന്നുണ്ടെങ്കിൽ അതെന്റെ തെറ്റല്ല, നിങ്ങളുടെ ചിന്തകൾ മറ്റൊരു തലത്തിലായതുകൊണ്ടുള്ള കുഴപ്പം മാത്രമാണത്..

Share on facebook
Share on twitter
Share on whatsapp
Share on telegram
5 3 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

യഥാർത്ഥ ശരികൾ

എത്രയൊക്കെ മൂടിവെച്ചാലും.., നാളെ നീ ചെയ്ത നിന്റെ തെറ്റുകളെ ഒാർത്തല്ല.., നീ ചെയ്ത നിന്റെ ശരികളെ ഒാർത്താണ് നിനക്ക് ഏറ്റവും അധികം ദു:ഖിക്കേണ്ടി വരുക…! അതും ഒരിക്കൽ

....
malayalam short stories

ഞാനും ഒരു പെണ്ണാണ്

ഞാൻ രമ ,,എന്റെ ഭര്ത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ് രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു. ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്. വീട്ടുകാർ തീരുമാനിച്ചു

....
malayalam short story

ഓൺലൈൻ കോഴി

ഭർത്താവു ഗൾഫിൽ പോയതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയതാ R u feeling alone? ഉറങ്ങിയോ ? U r looking So beautiful…. ഒരു റിക്വസ്റ്റ് അയച്ചാൽ

....

ആനചന്തം

ഇവൻ എന്ത് ഉദ്ദേശിച്ചിട്ടാ ഈ ജന്തുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. പോയിപോയി എന്ത്‌ തോന്ന്യാസവും കാട്ടാമെന്നായോ ഇപ്പൊ ? ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല.. പേർഷ്യയിൽ ഉണ്ടാർന്ന ഒന്നാന്തരം

....

സംശയങ്ങൾ

തന്റെ ഭാര്യ താനറിയാതെ മറ്റൊരാളുമായി രഹസ്യ ബന്ധത്തിലേർപ്പെടുന്നുണ്ടോ എന്ന് അവരുടെ ഭർത്താവിന് ഒരു സംശയം, എന്നാലത് അവളോടു ചോദിച്ചറിയുക എന്നു വെച്ചാൽ അത് സാധ്യമായ കാര്യവുമല്ല, എങ്ങിനെയെങ്കിലും

....
malayalam story

എന്റെ കൈകൾ

വിവാഹ ശേഷം ആദ്യമായാണ് ഞങ്ങൾ പരസ്പരം തർക്കിക്കുന്നത്…, അതും വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം…., കാരണം നിസാരമാണ്…., ഒരു മനുഷ്യനിലെ സ്നേഹം മുഴുവൻ എവിടെയാണ് എന്നതിനെ ചൊല്ലിയാണു

....