മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച..
പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി..
എടാ നിന്നെ പുതിയ പ്രസിഡന്റ്‌ തിരക്കി, ഒന്ന് അവിടംവരെ ചെല്ലാൻ പറഞ്ഞു മേഡം..
എന്നെയോ.. എന്താ കാര്യം ചേട്ടാ ?
അറിയില്ല കുഞ്ഞേ, എന്നോട് വിളിച്ചുകൊണ്ടു വരാൻ പറഞ്ഞു.. വേറെ ഒന്നും പറഞ്ഞില്ല..
ഓ, ന്നാ ഡേവീസേട്ടൻ വിട്ടോ, നാല് റുപ്യ കീശേല് വീഴുന്ന സമയമാണ്.. ഞാൻ പിറകെ വന്നോളാം
ഡേവീസേട്ടൻ പോകുന്നത് നോക്കി നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് ഞാനൊന്ന് ആലോചിച്ചു നോക്കി..
എന്തിനാവും പുതിയ പ്രസിഡന്റ് എന്നെ കാണണമെന്ന് പറഞ്ഞത്…. ?
പഞ്ചായത്ത്‌ ഓഫീസിലേക്കുള്ള ചായയും കടിയും പണ്ട് മുതലേ തന്റെ കടയിൽ നിന്നാണ് കൊണ്ടുപോകുന്നത്..
ഇനീപ്പോ ഭരണം മാറിയപ്പോൾ എന്റെ ചായ വേണ്ടാന്ന് പറയാനാണോ ആവോ.. ?
എന്തായാലും പോയി നോക്കാം..
മോൻ അകത്തേക്ക് ചെന്നോളു, ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് ഡേവീസേട്ടൻ പറഞ്ഞപ്പോൾ ഷർട്ടൊന്നു വലിച്ചു നേരെയാക്കികൊണ്ട് പ്രസിഡന്റിന്റെ ഓഫീസിലേക്ക് കയറി..
കാൽപ്പെരുമാറ്റം കേട്ടിട്ടാവണം നോക്കികൊണ്ടിരുന്ന ഫയലിൽ നിന്നും മുഖമുയർത്തി പ്രസിഡന്റിന്റെ നോട്ടം എന്റെ നേരെ നീണ്ടത്..
ആ നോട്ടം കണ്ടപ്പോൾ ഉള്ളൊന്ന് ഉലഞ്ഞു.. !
കാന്തി.. !
പണ്ട് ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ചിരുന്നവർ..
ക്യാമ്പസിൽ അപ്പുപ്പൻ മരത്തിനു കീഴിൽ കൈകോർത്ത്‌ പിടിച്ചുകൊണ്ട് ഹൃദയം കൈമാറിയവർ..
ഒരുമിച്ചുള്ള ഭാവിജീവിതം സ്വപ്നം കണ്ടവർ..
നിസ്സാരമായ ഏതോ തെറ്റിധാരണ മൂലം അകന്നു പോയവർ,
കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു മാറി നടന്നവർ.
കോളേജ് ജീവിതത്തിന് ശേഷം കാന്തിയെ ഒരിക്കലും നേരിൽ കണ്ടിട്ടില്ല..
ഇലക്ഷൻ സമയത്ത് നോട്ടീസുകളിലും ഫ്ളെക്സുകളിലും കാന്തിയുടെ മുഖവും പേരും കണ്ടപ്പോൾ ഹൃദയത്തിലെവിടെയോ ഒരു നീറ്റൽ അനുഭവപെട്ടിരുന്നു…
ഒടുവിൽ ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റയി കാന്തി എത്തിയപ്പോഴും ഇതുപോലെ ഒരു നേർക്കുനേർ കൂടിക്കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..
തന്റെ കടയിൽ ഒരു ചായക്ക് എന്താ വില ?
കാന്തിയുടെ ഗൗരവം നിറഞ്ഞ ചോദ്യം പെട്ടെന്നൊന്നു ഞെട്ടിച്ചു..
എങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തികൊണ്ട് മറുപടി ഉടൻ നൽകി
13 റുപ്യ..
ഉള്ളിവടക്ക് ?
13 റുപ്യ..
ഒരു മസാലദോശക്ക് എത്ര വാങ്ങും.. ?
43 റുപ്യ..
ഓഹോ.. എന്താടോ തന്റെ കടയിൽ മാത്രം എല്ലാറ്റിനും ഒരു 3 രൂപാ കൂടുതൽ.. നാട്ടുകാരെ പറ്റിക്കുന്നതിനും ഒരു അതിരില്ലേ ?
അത് പിന്നെ മേഡം, എന്റെ കടയിൽ കയറി ഒരു ചായ കുടിച്ചിട്ട് അല്ലെങ്ങിൽ ഒരു കടി കഴിച്ചിട്ട് കാശ് ഇത്തിരി കൂടിപോയി എന്ന് പറഞ്ഞു ഇതേവരെ ആരും ഇറങ്ങിപോയിട്ടില്ല,..
സാധനങ്ങളുടെ വിലവിവരപട്ടിക കടയുടെ മുന്നിൽതന്നെ തൂക്കി ഇട്ടിട്ടുണ്ട്, ..
മാത്രമല്ല എന്റെ കടയിലെ ചായ രണ്ടാഴ്ചയായി കുടിക്കുന്നതല്ലേ കാന്തി മേഡം.. ?
എന്തെങ്ങിലും ഒരു കുറവു തോന്നീട്ടുണ്ടോ എന്റെ ചായക്ക്.. ?
ഞാൻ അത്രയും പറഞ്ഞപ്പോഴേക്കും കാന്തി കസേരയില്നിന്നും എണീറ്റു..
മതി മതി, കൂടുതൽ സംസാരിക്കണ്ട.. ഇനിമുതൽ തന്റെ ചായയും കടിയും ഈ ഓഫീസിൽ കൊണ്ടുവരേണ്ട..
പിന്നെ ഇതൊക്കെ കാണാൻ ദൈവം എന്നൊരാൾ മുകളിലുണ്ട് അത് മറക്കണ്ട..
ഓ.. അത് സാരല്യ മേഡം.. മുകളിലുള്ള ദൈവത്തോട് ഞാൻ കാര്യങ്ങൾ വിശദമായി പിന്നെ പറഞ്ഞുകൊടുത്തോളാം.
ഇപ്പൊ ഞാൻ പോയ്കോട്ടേ, കടയിൽ അല്പം തിരക്കുണ്ട്..
അതും പറഞ്ഞു പിൻതിരിഞ്ഞു നടന്ന ഞാൻ പെട്ടെന്നൊന്നു വെട്ടിതിരിഞ്ഞു..
കാന്തി…
ആ വിളികേട്ട് അവളൊന്നു സൂക്ഷിച്ചു നോക്കി..
തന്റെ മൂക്കിൻതുമ്പിലെ ആ കുഞ്ഞു മൂക്കുത്തി നന്നായിട്ടുണ്ട്..
തിരിച്ചൊരു മറുപടിക്ക് കാത്തുനിൽക്കാതെ അവിടുന്ന് കടയിലേക്ക് തിരിച്ചു നടകുമ്പോൾ പഴയ കോളേജ് ജീവിതം വീണ്ടും മനസിലേക്ക് ഓടിയെത്തി..
കാന്തി, നീയൊരു മൂക്കുത്തി ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും പെണ്ണെ..
അയ്യടാ.. മൂക്ക് കുത്തിയാൽ തമിഴത്തിടെ പോലെ അവുന്നാ എല്ലാരും പറയണേ.. എനിക്കൊന്നും വയ്യ മൂക്ക് കുത്താൻ..
അതും പറഞ്ഞു എത്രയോ കുഞ്ഞുപിണക്കങ്ങൾ നടന്നിരിക്കുന്നു ഞങ്ങൾക്കിടയിൽ..
ഇപ്പോഴിതാ തന്റെ ആഗ്രഹം പോലെ മൂക്കുത്തിയുമണിഞ്ഞു അവൾ മുന്നിൽ വന്നിരിക്കുന്നു..
പക്ഷെ കാലം രണ്ടുപേരിലും ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ചു..
കാന്തി ഇന്ന് പഴയ കാന്തി അല്ല.. കാന്തി മേഡം ആണ്..
താനോ ഒരു ചായ കടക്കാരനും..
ആ സംഭവത്തിനുശേഷം ഒന്ന് രണ്ട് തവണ കാന്തിയെ കണ്ടു..
ഒരുതവണ പഞ്ചായത്ത്‌ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന കാന്തിയുടെ കണ്ണുകൾ എന്റെ ചായക്കടയിലേക്ക് ചൂഴ്ന്നിറങ്ങുന്നത് ചില്ല്കൂട്ടിൽ കിടക്കുന്ന പരിപ്പുവടകൾക്കും പഴംപൊരികൾക്കും പിറകിൽ നിന്നുകൊണ്ട് ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചു..
വെയിൽനാളങ്ങൾ ഏൽക്കുമ്പോൾ കാന്തിയുടെ മൂക്കിൻതുമ്പിലെ മൂകുത്തി വെട്ടിതിളങ്ങുന്നു..
ആ കാഴ്ച്ചകണ്ട്‌ നിൽകുമ്പോൾ ഇടനെഞ്ചിൽ അമിട്ട് പൊട്ടുന്നതുപോലെ ഒരു ജഗപൊക..
ഓൾടെ കാന്തി കൂടീട്ടെ ഒള്ളു..
ഞാനത് മനസ്സിൽ പറഞ്ഞു..
അടുത്തമാസം കൃത്യം ഒന്നാം തിയതി അടുത്തുള്ള അനാഥാലയത്തിലെ സിസ്റ്ററെ കാണാൻ വേണ്ടി ചെന്നപ്പോൾ അതാ നിൽക്കുന്നു “കാന്തി” അവിടെ..
അവരു തമ്മിൽ ഗൗരവമായ എന്തോ ചർച്ച നടക്കുകയാണ് എന്ന് തോന്നിയപ്പോൾ പതിയെ തിരിച്ചുപോരാനൊരുങ്ങി..
അപ്പോഴാണ് പിറകിൽനിന്നും സിസ്റ്റർ വിളിച്ചത്..
കാന്തിമേഡം തന്റെ ആദ്യത്തെ ശമ്പളം ഇവിടുത്തെ അനാഥരായ കുട്ടികളുടെ പഠനചിലവിലേക്ക് സംഭാവനയായി നൽകാൻ എത്തിയതാണ്..
സിസ്റ്റർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
അത് കേട്ട ഞാനൊന്ന് കാന്തിയെ നോക്കി..
അവൾ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്, ആ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു നിൽപ്പുണ്ട്..
ഒരു നിമിഷം മനസൊന്നു പിറകിലോട്ട് സഞ്ചരിച്ചു..
അച്ഛനും അമ്മയും ആരെന്നറിയാതെ അനാഥാലയത്തിൽ വളർന്ന തനിക്ക് പ്രണയിനി മാത്രമായിരുന്നില്ല കാന്തി..
അമ്മയുടെ വാത്സല്യവും കൂടപ്പിറപ്പിന്റെ കുസൃതിയും കരുതലും കാമുകിയുടെ പ്രണയവും ആവോളം പകർന്നു തന്നിരുന്നു കാന്തി ആ നാളുകളിൽ…
എനിക്ക് ജോലി കിട്ടുമ്പോൾ ആദ്യത്തെ ശമ്പളം മുഴുവനായും ഏതെങ്കിലും അനാഥാലയത്തിൽ ഏല്പിക്കണം..
അന്ന് മടിയിൽ കിടക്കുന്ന തന്റെ തലമുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് കാന്തി പറഞ്ഞിരുന്നത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്..
അതിൽ അവൾ വിജയിച്ചിരിക്കുന്നു..
പഞ്ചായത്ത്‌ പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യത്തെ ശമ്പളം അനാഥാലയത്തിലേക്ക് നൽകി വാക്ക് പാലിച്ചിരിക്കുന്നു കാന്തി..
അതുകൊണ്ടുള്ള ചിരിയാണ് ആ മുഖത്തു..
ജീവിതത്തിൽ വിജയിച്ചവളുടെ ചിരി.. !
ഇയാളെ അറിയോ മേഡത്തിന്.. ?
എന്റെ നേരെ നോക്കികൊണ്ട്‌ സിസ്റ്റർ കാന്തിയോട് ചോദിക്കുന്നത് കേട്ടു..
പിന്നെ, എനിക്ക് നന്നായി അറിയാം.. അവിടെ ചായക്കട നടത്തുന്ന ചേട്ടനല്ലേ.. ചേട്ടന്ടെ കടയിലെ ചായക്കും കടിക്കും സ്വർണത്തിന്റെ വിലയല്ലേ…
കാന്തിയുടെ സ്വരത്തിലെ പരിഹാസം ഞാനറിയുന്നുണ്ടായിരുന്നു
സിസ്റ്റർ, അടുത്തമാസം ഞാൻ വരാൻ അല്പം വൈകും കേട്ടോ, കച്ചോടം അല്പം മോശമാണ്.. കുട്യോളോട് എന്റെ അന്വേഷണം പറയണെ..
പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു സിസ്റ്ററുടെ കയ്യിൽ കൊടുത്തുകൊണ്ട് ഞാൻ തിരിച്ചു നടന്നു..
അടുത്തു അമ്പരന്ന് നിന്നിരുന്ന കാന്തിയെ ശ്രദ്ധിക്കാതെ..
കടയിൽ എത്തുമ്പോൾ മനസ്സ് ശാന്തമായിരുന്നു..
കോളേജ് പഠനം കഴിഞ്ഞു ഒരു ജോലി അന്വേഷിച്ചു കുറേ നാൾ അലഞ്ഞതിനു ശേഷമാണ് ഈ ചായക്കട തുടങ്ങിയത്..
ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു..
ഇവിടുന്നു കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് എല്ലാമാസവും ഒന്നാം തിയതി അനാഥാലയത്തിലെ സിസ്റ്ററെ ഏല്പിക്കും.. അവിടുള്ള എന്റെ കുഞ്ഞു സഹോദരങ്ങൾക്ക് വേണ്ടി..,
അവരിലൊരാൾ ആണല്ലോ താനും..
ഓർമ്മകൾ അങ്ങനെ കാട് കയറിതുടങ്ങിയായപ്പോഴാണ് പിറകിൽ നിന്നും ഒരു സ്വരം ഉയർന്നത്..
മാഷെ കടുപ്പത്തിൽ ഒരു ചായ..
തിരിഞ്ഞു നോക്കിയപ്പോഴാണ് ആളെ കണ്ടത്..
താടിക്ക് കയ്യും കൊടുത്തു എന്നെത്തന്നെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാന്തി..
ഒന്നും മിണ്ടാതെ ചായയെടുക്കുമ്പോൾ ഞാൻ കാന്തിയെ ഏറുകണ്ണിട്ടൊന്നു നോക്കി.
ഓള് നോട്ടം മാറ്റിയിട്ടില്ല..
എന്തിനുള്ള പുറപ്പാടാണാവോ ഇവള്..
ചില്ല് ഗ്ലാസിൽ ചൂട് ചായ മേശപ്പുറത്ത് കൊണ്ട് വച്ചു തിരിഞ്ഞപോഴേക്കും കാന്തി പിറകിൽനിന്നും വിളിച്ചു..
ദേ ഈ ചായേല് ഒരു ഈച്ച.. !
എവിടെ ഈച്ച.. ?
കാന്തിയുടെ കയ്യിലിരിക്കുന്ന ചായ ഗ്ലാസ്സിലേക്ക് മുഖം അടുപ്പിച്ചു നോക്കുമ്പോൾ കാന്തിയും മുഖം ഗ്ലാസിന് അടുത്തേക്ക് കൊണ്ടുവന്നു..
ഞാനീ മൂക്ക് കുത്തിയത് ആർക്ക് വേണ്ടിയാണെന്ന് അറിയോ.. ?
ഇല്ല..
ഇഷ്ടംപോലെ വിവാഹആലോചനകൾ വന്നിട്ടും അതിൽനിന്നെല്ലാം ഞാൻ ഒഴിഞ്ഞു മാറിയത് എന്തിനാണെന്ന് അറിയോ.. ?
ഇല്ല..
പെട്ടന്ന് കാന്തി അവളുടെ മൂക്ക് എന്റെ കവിളിലൊന്ന് ഉരസി..
മൂക്കുത്തിയുടെ തുമ്പ് ഉരഞ്ഞു കവിളിലൊരു നീറ്റൽ..
സ്വയം മറന്നു നിൽകുമ്പോൾ ചെവിയിൽ കാന്തിയുടെ മൃദു സ്വരം മുഴങ്ങി..
ഒരു പഴയ കടം ഉണ്ടായിരുന്നു, അതിപ്പോ വീട്ടിയില്ലേ…
ഒന്നും മിണ്ടാതെ ചായ ഗ്ലാസ്‌ കയ്യിലെടുത്തു പിടിച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു.
ന്നാലും ഈ ചായേല് എവട്യാ ഈച്ച.. ?
ഈച്ചയല്ല പൂച്ച.. ഇങ്ങ് വാ മനുഷ്യാ..
ദീർഘമായ ഒരു കെട്ടിപ്പിടിത്തം…
വിട് പെണ്ണെ ആരേലും കാണും..
മറുപടിയില്ല.. കാന്തിയുടെ കൈകൾ ഒന്നൂടെ മുറുകി..
ചുറ്റിനും കണ്ണോടിച്ചപ്പോൾ ആരെയും കണ്ടില്ല..,
മാറോട് ചേർന്ന്നിൽക്കുന്ന കാന്തിയെ ഞാനൊന്നുകൂടെ ചേർത്തുപിടിച്ചു..
അതേ സമയം ചായക്കടയിലെ ചില്ലുകൂടിനുള്ളിൽ കിടന്നു ഈ കാഴ്ച കണ്ട പഴപൊരിയും പരിപ്പുവടയും നാണിച്ചു കണ്ണ് പൊത്തി ചിരിക്കുന്നുണ്ടായിരുന്നു

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

കല്ല്യാണ വീട്ടിലെ മഹാമഹം

ഒരു കല്ല്യാണ വീട്ടിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്…., അന്നെനിക്കു എട്ടു വയസ്സു പ്രായം…., എല്ലാവരും കല്ല്യാണസദ്യയെല്ലാം കഴിച്ച് പായസവും കുടിച്ച് വിശ്രമിക്കുന്ന നേരം.., എന്നേക്കാൾ രണ്ടോ

....

തളർന്നു പോയ കപ്പിത്താൻ..

നീ അന്ന് പറഞ്ഞു….അവളെന്നെ കപ്പലിന് ഇപ്പോൾ വേണ്ടത് ഒരു കപ്പിത്താനെയാണ്, നിനക്കെ അത് ആകാൻ കഴിയുള്ളു എന്ന്. അന്ന് നീ പറഞ്ഞ പോലെ തന്നെ ഞാൻ അവളുടെ

....

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന്

....

ഒരവസരം കൂടി…

കണ്ണൊക്കെ വല്ലാതെ വരണ്ടു പോയെന്നു തോന്നുന്നു,അടയ്ക്കുമ്പോൾ നല്ലതുപോലെ നീറുന്നുണ്ട്. അൽപ്പം വേദനയും പുകച്ചിലുമൊക്കെ സഹിച്ചിട്ടാണെങ്കിലും മുറുക്കെ അടച്ചു. നേരം പുലരുന്നതിനു മുൻപേ തന്നെ കയറിയതാണ് ബോട്ടിൽ. കഴിഞ്ഞ

....
malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....