ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു…
നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന് കയ്യിൽ കാശൊന്നും ഇല്ലായിരുന്നു. കയ്യിൽ ഇടയ്ക്ക് വല്ലപ്പോഴും കടയിൽ പോകുമ്പോൾ ബാക്കി കിട്ടുന്ന ഒന്നോ രണ്ടോ രൂപയുണ്ടായിരിക്കും!!! അല്ല, അന്നൊക്കെ ഈ ബാക്കി പൈസ അങ്ങനെയിങ്ങനെയൊന്നും കിട്ടാറില്ലായിരുന്നു. സാധാരണയായി മാതുലന്റെ കടയിൽ നിന്നും അവശ്യ സാധനങ്ങൾ കടം വാങ്ങുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇങ്ങനെ പൂത്ത കാശ് എന്റെ പോക്കറ്റിൽ വന്നിരുന്നുള്ളു.
അങ്ങനെ എനിക്കും വല്ലാത്ത ആഗ്രഹം മനസ്സിൽ വന്നടിഞ്ഞു, മീൻ വളർത്തണം!!! വീട്ടിൽ വേലി കേട്ടുവാൻ വച്ച നീല പടുതയിൽ കണ്ണുടക്കിയെങ്കിലും അമ്മ നിസാരമായി ആ മോഹം തല്ലി കെടുത്തി. എന്തായാലും മീൻ വളർത്താൻ ഒരു ടാങ്ക് വേണം. കയ്യിൽ ഒരു പൈസ പോലും എടുക്കാനില്ലാത്ത സമയവും!!! അപ്പുറത്തെ വീട്ടിലെ ഉണ്ണിയുമായി കാര്യം സംസാരിച്ചു, സംഭവം അടുത്ത പറമ്പിൽ തന്നെ ചെറിയൊരു കുഴിയെടുത്തു പ്ലാസ്റ്റിക് കവർ വിരിക്കാൻ തീരുമാനിച്ചു.
അങ്ങനെ ടാങ്കിന്റെ പണിയൊക്കെ പൂർത്തിയായി, വെള്ളവും നിറച്ചു. ഇനി മീനാണ് പ്രശ്നം, കയ്യിൽ കാശില്ലാതെ എങ്ങനെ എങ്ങനെ മീൻ വാങ്ങും!!! അങ്ങനെ ആശയകുഴപ്പത്തിൽ കുരുങ്ങി കിടന്നപ്പോഴാണ് വീടിന്റെ തൊട്ടടുത്ത തോട്ടിൽ അതാ കളർ മീനുകൾ….
സത്യം തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ അവനെ വിളിച്ചു കാണിച്ചു കൊടുത്തു. സംഭവം സത്യമാണ്, വാലിൽ നിറമുണ്ട്. ചിലതിനാകട്ടെ ഉടലിലും നിറങ്ങളുണ്ട്. വല്ലാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പി. ഞാനും സുഹൃത്തും കൂടി വീട്ടിലെ പഴയൊരു തോർത്തും പിടിച്ചുകൊണ്ടു കളർ മീൻ വെട്ടയ്ക്ക് തൊട്ടിലേയ്ക്ക് ഇറങ്ങി. ആവേശത്തോടെ ഓരോ ഇനങ്ങളെയും പിടിച്ചു കൂട്ടി. ഇവറ്റകളെല്ലാം പെറ്റു പേരുകിയിട്ട് വേണം നല്ലൊരു ടാങ്ക് ഒക്കെ കെട്ടി സംഭവം ഒന്ന് വിപുലമാക്കാൻ. മനസ്സ് മുഴുവൻ പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ കൊണ്ട് കാട് കയറി തുടങ്ങി.
അങ്ങനെ ഞങ്ങളുടെ വ്യത്യസ്തയിനം മീനുകളെ ടാങ്കിൽ നിക്ഷേപിച്ചു. കൊള്ളാം എല്ലാത്തിനും കളറുണ്ട്!!!
അൽപ്പം താമസിച്ചാണ് മറ്റൊരു കാര്യം കണ്ടത്, അവറ്റകളുടെ എല്ലാം തലയിൽ ഒരു വെള്ളപൊട്ടുണ്ട്!!! എല്ലാം പല കളറാണെങ്കിലും ഒരിനം തന്നെയാകുമോ എന്നൊരു സംശയം വല്ലാതെ അലട്ടി.
“ഇതെല്ലാം പൂഞ്ഞാനുകളാണല്ലോ “
തലയിൽ പൊട്ടുള്ള മീനുകളെല്ലാം തോട്ടിലെ മാത്രം കളർ മീനുകളാണെന്ന നഗ്ന സത്യം ഞങ്ങൾ മനസിലാക്കി. കഷ്ട്ടം എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു!! എല്ലാം തകർന്നിടിഞ്ഞു. ആകെ സങ്കടം തോന്നിയെങ്കിലും പുറത്തു കാട്ടിയില്ല.
നല്ല വെയിലുള്ള സ്ഥലത്തു കെട്ടിയ മീൻ ടാങ്കിൽ പതിയെ വെള്ളമെല്ലാം വറ്റി. ഒടുവിൽ അവറ്റകളെല്ലാം അവിടെ കിടന്ന് ചത്തു.
വേട്ടയാടി പിടികൂടിയ തോട്ടിലെ കളർ മീനുകൾ എല്ലാം പൊരി വെയിലത്തു വെന്തു മരിച്ചു, ഈയുള്ളവന്റെ മറ്റൊരു മഹാപാപം.
ഇനിയെങ്ങാനും അവറ്റകൾ യഥാർത്ഥ കളർ മീനുകളായിരുന്നെങ്കിൽ ഇപ്പോൾ കോടീശ്വരനായി മാറേണ്ടിയിരുന്ന ആളാണല്ലോ എന്നോർത്തു ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്. ചത്തുപോയ തോട്ടിലെ കളർ മീനുകൾ എന്നോട് ക്ഷമിക്കുക.