malayalam story

ഒരു ബിരിയാണി കഥ

നല്ല ഒരു ബിരിയാണിയുടെ മണം ബസ്സിൽ ഇരുന്നപ്പോൾ മൂക്കിലേക്ക് തുളഞ്ഞു കേറിയതാണ് …ഇത് വരെ അത് പോയിട്ടില്ല , മാസ അവസാനം ആണ് , പേഴ്സ് ഞാൻ തുറന്നു നോക്കി , നാളെയും മറ്റന്നാളും പോകാൻ ഉള്ള കൃത്യം വണ്ടിക്കൂലി , 40 രൂപ എക്സ്ട്രാ , അക്കൗണ്ടിൽ 34 രൂപ , എങ്ങനെ കണക്ക് കൂട്ടിട്ടും 130 രൂപയാണ് ബിരിയാണിയുടെ വില , അങ്ങോട്ട് എത്തുന്നില്ല , 2 ദിവസം കഴിഞ്ഞാൽ ശമ്പളം വരും , അന്ന് തിന്നാം , പക്ഷെ അത് വരെ കൊതി അടക്കി പിടിച്ച ഇരിക്കേണ്ട ?

പേയിങ് ഗസ്റ്റ് ആയിട്ട് , ആ വെജിറ്റേറിയൻ ഫാമിലിയുടെ അടുത്ത പോയി താമസിച്ചപ്പോഴേ ഞാൻ ഇത് ഓർക്കണമായിരുന്നു …

സ്വന്തം മുറിയിൽ വന്നു മലർന്നു കിടക്കുമ്പോളും എന്റെ ചിന്ത ഇങ്ങനെയായിരുന്നു , 8 മണിക്ക് അവർ തരുന്ന ഉണക്ക ചപ്പാത്തിയും കുറുമയും എനിക്ക് ഇന്ന് വേണ്ട , എങ്ങനെയെങ്കിലും ബിരിയാണി തിന്നണം , ജോലിക്ക് വേണ്ടി ഈ സിറ്റിയിലേക്ക് വന്നിട്ട് 2 മാസമായാതെയുള്ളു . കൂടെ ജോലി ചെയ്യുന്നവരോട് കടം ചോദിക്കാൻ ഒരു മടി , ഇതിപ്പോ ഇത്ര വലിയ കാര്യമാണോ എന്ന് കാണുന്നവർ വിചാരിക്കും ..

നിങ്ങൾക്ക് ആർക്ക് എങ്കിലും ശെരിക്കും സങ്കടം ഉണ്ടെകിൽ ഒരു ബിരിയാണി മേടിച്ചു വെച്ചു ഒന്ന് കാലിൻമേൽ കാലും കേറ്റി വെച്ച് , ഇഷ്ടമുള്ള ഒരു സിനിമയും കണ്ട് നോക്കിക്കേ , സങ്കടം ഒകെ പറ പറക്കും , ഇപ്പോ എനിക്ക് പ്രത്യേകിച്ചു സങ്കടമൊന്നുമില്ല പക്ഷെ, ഒരു ബിരിയാണി തിന്നണം എന്ന് മനസ്സ് അങ്ങ് സെറ്റ് ആക്കി പോയി , ഇനി കിട്ടിയില്ലേ മനസ്സ് അങ്ങ് വേദനിക്കും ..

അങ്ങനെ ചിന്തിച്ചു കിടക്കുമ്പോളാണ് നമ്മുടെ സഹ മുറിയൻ ദേവ ദൂതനെ പോലെ വന്നു ..

” അളിയാ ഒരു ബിരിയാണി അങ്ങ് ഓർഡർ ചെയ്താലോ ? 50 /50 അടിക്കാം” എന്ന് പറഞ്ഞത് …പകുതി എങ്കി പകുതി , എടുത്ത് ഓർഡർ ചെയ്യാൻ ആപ്പ് എടുത്തപ്പോൾ ആണ് അടുത്ത കുരിശ് , അതിലെ ബിരിയാണിക്ക് 150 + ഡെലിവറി ചാർജ് , കയ്യിൽ 40 ഉം 34 ഉം മാത്രം , അത് കൊടുത്താലും പകുതി ആവില്ലലോ , ബാക്കി കടം പറയാൻ എന്നിലെ കുല പുരുഷൻ അനുവദിക്കുന്നില്ല , ഞാൻ 100 രൂപ പോലും എടുക്കാൻ ഇല്ലാത്ത എച്ചി ആണ് എന്ന് അവൻ ഓർത്തലോ ? എന്ന് ഓർത്തു ഞാൻ മനസ്സിലാ മനസോടെ പറഞ്ഞു , “ഓ അളിയാ മൂഡ് ഇല്ല , നമുക്ക് പിന്നെ മേടിക്കാം ..”

കൃത്യം 8 ആയപ്പോൾ തന്നെ ഓണർ തള്ള വന്നു കഴിക്കാൻ വെച്ചിട്ടുണ്ട് , തിന്നു എന്ന് പറഞ്ഞു ..

തന്നെ അങ്ങ് തിന്നാ മതി എന്ന് മനസ്സിൽ പറഞ്ഞു , ഞാൻ കിടന്ന കിടപ്പിൽ തന്നെ കിടന്നു , ഇന്ന് എന്താണേലും പട്ടിണിയാണേലും ആ ചപ്പാത്തി ഞാൻ തിന്നൂല ..

വാശി കാണിക്കാൻ വീട് അല്ല , വിശന്നാൽ വാശി കൂടും …പക്ഷെ ഞാൻ അനങ്ങിയില്ല .. സഹ മുറിയൻ ചാടി എണീറ്റ് കഴിക്കാൻ പോയി , ശവം , ഏത് കിട്ടിയാലും തിന്നോളും …

അങ്ങനെ ഇരുന്നപ്പോളാണ് ഞാൻ എന്ന ആണേലും ‘അമ്മ കുട്ടിയെ വിളിക്കാം എന്ന് ഓർത്തത് .. ഠപ്പേന് ഫോൺ ‘അമ്മ എടുത്തു ..

“” ഞാൻ നീ വിളിക്കാതെ എന്താ എന്ന് ഓർത്തു ഇരിക്കുവായിരുന്നു എന്റെ കുട്ടിയെ .. നീ എന്ത് എടുക്കുവാ ? എന്താ കഴിച്ചേ ?””

“”ഓ , ഞാൻ ഒന്നും കഴിച്ചില്ല അമ്മെ , അമ്മയോ ?””

” ഞാനും ഉണ്ണിയെ , വൈകുനേരം തൊട്ട് അമ്മക്ക് ഒരു സങ്കടം .. നീയാണ് മനസിൽ , അവിടത്തെ ഭക്ഷണം ഒന്നും പിടിക്കുന്നുണ്ടാവില്ല , അതൊക്കെ ഓർത്തപ്പോ എനിക്കും വിശപ്പ് വന്നില്ല ”

അമ്മയുടെ ആ നിറഞ്ഞ ശബ്ദം കേട്ടപ്പോ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല ,..

” ‘അമ്മ എന്ന ഫോൺ വെച്ചോ , ഞാൻ ഇപ്പൊ വിളികാം ”

എന്ന് പറഞ്ഞു

ഞാൻ കാൾ കട്ട് ചെയ്തു ..

എന്റെ വിശപ്പും , വാശിയുമൊക്കെ എവിടെയോ പോയി മറഞ്ഞിരിന്നു …

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments