നേരം വെളുത്തു തുടങ്ങി,മേഘത്തിന്റെ മറ നീക്കി വളരെ മടിപിടിച്ചുകൊണ്ട് അൽപ്പം വെളിച്ചം ഭൂമിയിലേക്ക് പുറപ്പെട്ടു. വരുന്ന വഴിക്ക് കണ്ട പക്ഷികളോടും കാറ്റിനോടും മലയോടും മരങ്ങളോടും കഥപറഞ്ഞുകൊണ്ട് ഒടുവിൽ മണ്ണിൽ വന്നു പതിച്ചു.
“നാരായണ… നാരായണ…”
നാരഥൻ സ്ഥിരം പല്ലവിയും പാടി കോടതിവളപ്പിന്റെ തിണ്ണ തുടയ്ക്കുന്ന തിരക്കിലാണ്.
ആരോടും ചോദിക്കാതെ തോന്നിയ സമയത്തു പലയിടത്തും കറങ്ങി നടന്നതുകൊണ്ട് കക്ഷിക്ക് ആരും പെണ്ണ് കൊടുക്കാതെയായി, വയസ്സ് 40 കഴിഞ്ഞപ്പോൾ ഒരു ആലോചന ഒത്തുവന്നെങ്കിലും തോളിൽ ഒരു കിടുതാപ്പും തൂക്കി അലഞ്ഞു നടക്കുന്നത് കൊണ്ട് തൊഴിൽരഹിതൻ എന്ന് മുദ്രകുത്തി പെണ്ണ് ഒരു ദയയുമില്ലാതെ ആട്ടിപ്പായിച്ചു എന്ന് വേണം പറയാൻ. എന്നാൽ ഇതൊരു കഠിന പ്രണയമായിരുന്നുവെന്നും സർക്കാർ ഉദ്യോഗസ്ഥന്റെ ആലോചന വന്നപ്പോൾ പുള്ളിയെ തഴഞ്ഞതാണെന്നും ഒരു സംസാരവും നാട്ടിലുണ്ട്!!! ഇതേ തുടർന്നാണ് കഷ്ടപ്പെട്ട് പഠിച്ചു അദ്ദേഹം സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്.
ഇപ്പോൾ കയ്യിൽ ചൂലും തൂക്കി വളരെ തിരക്കിട്ട പണിയിലാണ് നാരഥൻ, പഴയതുപോലെ തോന്നിയവിധം നടക്കാനും പറ്റില്ലല്ലോ!!!
കോടതി തുടങ്ങാൻ സമയമായപ്പോൾ മുതൽ വളപ്പിലാകെ വാഹനങ്ങളുടെ തിരക്കായി, ഭീമൻ വാകമരങ്ങളുടെ തണലിൽ വെളുത്തു തുടുത്ത ആനയും പുറം തഴമ്പിച്ച മയിലും പാതി ജീവനായ എലിയും വളരെ ഒത്തൊരുമയോടെ നിന്നു. അൽപ്പം മാറി ആരെയും നോക്കാതെ ആഭരണങ്ങളൊക്കെ അണിഞ്ഞു വളപ്പിലെ നീളം കൂടിയ പുല്ലുമൊക്കെ ചവച്ചു തടിച്ചു കൊഴുത്ത പോത്തും അഹങ്കാരത്തോടെ നിന്നു.
കോടതിയിൽ വക്കീൽ വളരെ ശക്തമായി വാദിച്ചു, നരച്ച താടിയും പാറിപറന്ന് നടന്ന ചെമ്പൻ മുടിയും കൈകൊണ്ട് ഒതുക്കിവച്ചു തന്റെ കയ്യിലിരുന്ന ചുറ്റിക വക്കീലിന്റെ നേർക്ക് വലിച്ചെറിഞ്ഞുകൊണ്ട് ജഡ്ജി പൊട്ടിത്തെറിച്ചു.
“കൊറേ നേരമായല്ലോ തുടങ്ങിയിട്ട്, അരനാഴിക സമയം വെറുതെ പോയി ഇനിയും എങ്ങുമെത്തിയില്ലെങ്കിൽ എല്ലാത്തിനേം ശപിച്ചു ഭസ്മമാക്കും. എന്നിട്ട് ഈ കോടതിയും ചാരമാക്കികളെയും ”
ശേഷം ചുവന്ന കണ്ണുകളുമായി കൂട്ടിൽ നിന്ന പ്രതിയെയും വക്കീലിനെയും മാറി മാറി നോക്കി ഒരു ഗ്ലാസ് വെള്ളവും മോന്തി കസേരയിൽ ഇരുന്നു.
അങ്ങനെ ഒടുവിലത്തെ സാക്ഷിയും വന്നു…
“ഞാൻ കണ്ടതാ അയാൾ കയ്യിൽ കിട്ടിയ വിഷമെടുത്തു ഒറ്റമൊന്തിനു കുടിച്ചു ആത്മഹത്യക്കു ശ്രമിച്ചത്”
“കോടതി ഇതൊരുമാതിരി മൈര് ഇടപാടാണ് ”
ശിവൻ അലറി വിളിച്ചു.കോടതി ആകെ നിശബ്ദമായി
എന്നാൽ ഇതുകേട്ട ജഡ്ജി വീണ്ടും അരിശം പൂണ്ടു
“ഒരു കാര്യം ചെയ്യ്, കോടതിയിൽ ചീത്ത പറഞ്ഞതിനും ആത്മഹത്യാ ശ്രമത്തിനും ഇതൊന്നും പോരാഞ്ഞിട്ട് ഇവിടെ ഒരു വിഷജന്തുവിനെ കേറ്റിയതിനും കൂടി ചേർത്ത് ഒരു ആറു മാസം ജയിലിൽ അടച്ചേക്ക് ”
പോലീസ് ശിവനെ കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് ഇറങ്ങവെ ജഡ്ജി ഒരിക്കൽ കൂടി അലറി വിളിച്ചു
“ഇനിയൊരു കേസും എനിക്ക് കേൾക്കണ്ട അവതാരങ്ങളാണെന്നും പറഞ്ഞു ആൽമാറാട്ടം നടത്തിയവനെ കൂടി ആ പോയവന്റെ കൂടെ ഇട്ടേയ്ക്ക് “
Nice😂