മീശയും, ആണത്തവും രമിച്ച് കഴിയാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി.
പുരാതന കാലം തൊട്ടേ മീശയ്ക്ക് ആണധികാരം കിട്ടി തുടങ്ങിയിരിക്കണം.കാണുന്ന പോരാളികൾക്കും, യോദ്ധാവിനും മീശയുടെ കൊമ്പുകൾ വലിയ ആനകൊമ്പ് കണക്കെ വിടർന്നു നിന്നിരുന്നു.
ഉത്തമനും ആണത്തത്തിൻ്റെ മീശകൊമ്പ് ചുണ്ടിന് താഴെ പരന്നു കിടന്നു.
റെസിഡൻ്റ്സ് അസോസിയേഷനിൽ അംഗമായി നമ്പറിട്ട വീടുകൾ ഓരോന്നു ഓരോന്നിനോടു അഭിമുഖമായ് നോക്കി നിൽക്കുന്നു.
നേരം പുലർന്ന് വെയിൽ കടന്നു വന്നാൽ തോളിൽ,കൈയ്യിൽ, എല്ലാം ഭാരം ചുമന്നു കൊണ്ട് സ്കൂളിലേക്കും,ഓഫീസിലേക്കും,കോളേജിലേക്കും ഇറങ്ങി തുടങ്ങും. ആണുങ്ങൾ എല്ലാവരും മീശകൊമ്പ് തേച്ചു മിനുക്കി പരത്തി വെച്ചിരുന്നു.
പെണ്ണുങ്ങൾ നയനമനോഹരികൾ അത് നോക്കി പുളകം കൊണ്ടു പോന്നു. മീശയുടെ കൂടെ താടിയും ഉണ്ടെങ്കിൽ പുളകത്തിൻ്റെ അലയൊലികൾ രതി മോഹങ്ങളിലേക്കും പടർന്നു കയറും.
ഉത്തമനും തൻ്റെ ഭാരം ചുമന്നു ഓഫീസിലേക്ക് ഇറങ്ങി.വീട് നമ്പർ 12ൻ്റെ അടുത്ത് വന്നു അഞ്ച് മിനിറ്റ് കാത്തു നിൽക്കും അപ്പോഴേക്കും വിനോദും വരും. രണ്ടു പേരും കൂടിയാണ് ഓഫീസിലേക്ക് ഇറങ്ങുക. ഒരേ ഓഫീസിൽ ജോലി ഒരേ നാട്ടിൽ വീട് അങ്ങിനെ രണ്ടു പേരും എന്തിനും ഒരുമിച്ച് നിന്നു. ഇന്ന് ശനിയാഴ്ച നല്ല തിരക്കുള്ള ദിവസം ഓഫീസിൽ പെൻഡിങ് വർക്കുകൾ ധാരാളം ഉണ്ട്. അതിൻ്റെ ടെൻഷനെക്കാളും സ്‌ട്രസിനെക്കാളും ഉയർന്ന കടമ്പ വൈകീട്ട് കടന്നു വരുന്ന പാർട്ടിയിലേക്ക് പോയി ആടലും,പാടലും ആണ്. എന്തായാലും നേരം വൈകീട്ട് ആവുന്നത് വരെ അത്രയും സമാധാനം. അഞ്ച് മിനിറ്റ് കഴിഞ്ഞ് വിനോദും അവൻ്റെ സ്ക്കൂട്ടിയും നിലത്ത് പൊഴിഞ്ഞു കിടക്കുന്ന കൊന്നപൂക്കളിൽ മേൽ ഞെരിഞ്ഞമർന്നു ഉരുണ്ടു വന്നു.
എന്തെ ഇത്രയും വൈകിയെ..?
കൈയ്യിൽ തൂക്കിയിട്ട ബാഗ് തോളിലേക്ക്
ഇട്ടു കൊണ്ട് ഉത്തമൻ ചോദിച്ചു.
അധികമൊന്നും ആയില്ലാലോ ഉത്തമാ നീ ഇന്ന് നേരത്തെയാണ്. എന്തായാലും ഇനിയും വർത്താനം പറഞ്ഞു നേരം കളയാതെ വേഗം കേറാൻ നോക്ക്.
തൻ്റെ നെഞ്ചിന് കുറുകെ കിടന്ന ബാഗിൻ്റെ കറുത്ത പട്ട കയറ്റി കൊണ്ട് വിനോദ് പറഞ്ഞു.
ഉത്തമൻ്റെ ഭാഗത്ത് നിന്നും ഒരു മൂളൽ മാത്രം മറുപടി കൊടുത്തു കൊണ്ട് വിനോദിൻ്റെ പുറകിൽ കയറി ഇരുന്നു. രാവിലത്തെ വെയിൽ വണ്ടിയുടെ കണ്ണാടിയിൽ തട്ടി സൂചി പോലെ ഇരുവരുടെയും കണ്ണുകളിൽ തറച്ചു കയറി.
എന്തെ നിനക്ക് ഇന്നൊരു മൂഡ് ഓഫ്.?
ഹേയ് ഒന്നുമില്ല ഇന്ന് ശനിയാഴ്ച അല്ലേ.
ഉത്തമൻെറ മറുപടിയിൽ ഒരു മിനിറ്റ് അവർക്കിടയിൽ മൗനത്തിൻ്റെ നീളൻ പാലം പടുത്തുയർന്നു. ഇരുവരുടെയും മനസ്സിൽ കഴിഞ്ഞ ശനിയാഴ്ച്ചകൾ വിളറി വെളുത്തു മാറി മറഞ്ഞു.
ശനിയാഴ്ചകളിൽ നടക്കുന്ന പാർട്ടികളിൽ ആണും,പെണ്ണും എല്ലാവരും ഒത്തുകൂടി ആടലും, പാടലും ഉണ്ടാകും. അവരെ അതിനു ഒരുക്കി നിർത്തുന്നത് പലയിനം വിദേശ മദ്യവും, പുകച്ചുരുളുകളും ആണ്. പോരാത്തതിന് രഹസ്യമായി പരസ്യമാകുന്ന ലഹരി വസ്തുക്കൾ വേറെയും. ഇതൊന്നും ഉത്തമനും,വിനോദും ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ ഇവർ രണ്ടു പേരും ആണുങ്ങൾ അല്ല. എന്നാണ് അവരുടെ ഭാഗം. മുഖത്ത് മീശ വെച്ച് നടക്കുന്ന ആണുങ്ങൾ അത്യാവശ്യം മദ്യം അല്ലെങ്കിൽ പുകവലി ഏതേലും ഒന്നു വേണം ഇല്ലേൽ അത് ആണത്തത്തിനു ചീത്ത പേരാണ്. എന്ന് മറ്റൊരു വാദം.
നിനക്കൊക്കെ എന്തിനാടാ കട്ടി താടിയും,മീശയും ഇതും വെച്ച് ഞങൾ ആണുങ്ങളുടെ പേര് കളയാൻ.
എല്ലാ ശനിയാഴ്ചയും ഇത് കേട്ട് മടുത്തു ജോലി തന്നെ വേണ്ട എന്ന് ആലോചിച്ചിരുന്നു.
എന്നത്തേയും പോലെ ശനിയാഴ്ചത്തെ വൈകുന്നേരം എത്തി.
പതിവ് പോലെ കളിയാക്കലുകൾ,തെറികൾ,അപമാനിക്കൽ എല്ലാം കഴിഞ്ഞ്
രാത്രി ഏറെ വൈകി ഇരുവരും വീടുകളിലേക്ക് മടക്കം.
രണ്ടു പേരും വണ്ടിയിൽ ഇരുന്ന് ഏതോ ചിന്തയിൽ കുടുങ്ങി താണു പോയിരുന്നു.
പോകും വഴി വണ്ടിയുടെ ഗ്ലാസിന്മേൽ വേറൊരു വണ്ടി വന്നു ഉരസി. തെറ്റ് വിനോദിൻ്റെ ഭാഗത്ത് അല്ലേലും അവിടെയും തെറിവിളികൾ അവർക്ക് നേരെ അസ്ത്രം കണക്കെ പാഞ്ഞടുത്തു.
ഏതു മറ്റേടത്ത് നോക്കിയാടാ മൈതാണ്ടിമാരെ ഓടിക്കുന്നത്.?
തട്ടിയ വണ്ടിക്കാരൻ, കനത്ത മീശ വെച്ച ഒരുവൻ ഉറക്കെ നാലാള് കേൾക്കും വിധം അലറി.
വിനോദിനും, ഉത്തമനും മറുപടി പറയാൻ പറ്റാതെ തലയും താഴ്ത്തി ഇരുന്നു പോയി.
നീയൊക്കെ എന്തിനാടാ കോപ്പന്മാരെ മീശയും വെച്ച് ആണുങ്ങളെ പറയിപ്പിക്കാൻ എന്നായി അടുത്ത ചോദ്യം.
അതിനും പതിവ് പോലെ മറുപടി മൗനത്തിൽ ആണ്ട് പോയിരുന്നു.
രണ്ടു വണ്ടികളും മൂന്നും കൂടിയ റോഡിൽ നിന്നും വഴി പിരിഞ്ഞു.
വീടുകൾ എല്ലാം രാത്രി മയക്കത്തിലാണ്ട് പോയിരുന്നു.
വിനോദിൻ്റെ വണ്ടി വേഗത കുറഞ്ഞു നിന്നു. സാവധാനം ഉത്തമൻ ഇറങ്ങി. ഏറെ നേരത്തെ മൗനത്തിനു ക്ലൈമാക്സ് വീണു കൊണ്ട് ഉത്തമൻ്റെ ചോദ്യം.
നമുക്ക് മീശ വടിച്ചാലോ.?
ഞാനും അത് തന്നെയാണ് ആലോചിച്ചേ
വിനോദിൻ്റെ മറുപടിയിൽ ഉത്തമൻ്റെ മുഖത്ത് നേരിയ ചിരി പടർന്നു.
രാത്രിക്ക് വിട നൽകി ഇരുവരും പിരിഞ്ഞു.
ആണത്തത്തിൻ്റെ കൂടെ നിന്ന മീശ ഇരുവരും നേരം പുലർന്ന പാടെ എടുത്തു കളഞ്ഞു. ദിവസങ്ങൾ നിരങ്ങി നീങ്ങി.
സാവധാനം രണ്ടു പേരുംകൂടെ ഒരു കൂട്ടായ്മ
ഇൻസ്റ്റാഗ്രാം,ഫെസ്ബുക്,വാട്സാപ്പ് എന്നിടങ്ങളിൽ തുടങ്ങുവാൻ ആരംഭിച്ചു. എല്ലാ ഗ്രൂപ്പിൻ്റെയും പേര് ഒന്ന് തന്നെ “മീശയില്ലാ കൂട്ടം” അതിന് പൊതുവായി ഒരു ചട്ടം നിലനിർത്തി പോന്നു. ചട്ടങ്ങൾ പലതരം ഓരോന്നും ക്രമമായി നമ്പറിട്ടു ഇവിടെ കാണിക്കാം.
ചട്ടം നമ്പർ 1. ആരുടെ മുന്നിലും നിവർന്നു നിന്നു നോക്കാതിരിക്കുക പരമാവധി മൊബൈലിൽ കുനിഞ്ഞു ഇരിക്കുക.
ചട്ടം നമ്പർ 2. പൊതു ഇടങ്ങളിൽ പ്രതികരിക്കാതിരിക്കുക.
ചട്ടം നമ്പർ 3. അന്ന്യായം കണ്ടാലും മിണ്ടാതെ പോകുക.
ചട്ടം നമ്പർ 4. തീൻമേശയിലെ വൃത്തിയില്ലായ്മയും,പഴകിയതും മറ്റും പറയാതെ കുഴിമന്തിയിലെ അരിയുടെ നീളത്തിനെ പറ്റിയും, കോഴികാലിൻ്റെ തുടകളിലെ മാംസത്തെ പറ്റിയും പറയാം.
ചട്ടം നമ്പർ 5. മീശയെയും,പ്രതികരണശേഷിയെയും വളർത്തരുത്.
ഈ ചട്ടങ്ങൾ യഥാക്രമം പാലിക്കപ്പെടും എന്ന് ഉറപ്പുള്ളവർ മാത്രം അംഗമാവുക. അവരെ ഞെട്ടിച്ചത് ആയിരുന്നു അതിൻ്റെ ഫലം. നിരവധി ഗ്രൂപ്പുകളിൽ തിക്കും തിരക്കും കാരണം സെർവർ നിന്നു പോകുന്ന അവസ്ഥ വരെ ഉണ്ടായി. ഒന്ന് രണ്ട് ദിവസം രണ്ടു പേരും ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന തിരക്കിലേക്ക് എറിയപ്പെട്ടു.
എന്തിനോടും പ്രതികരിക്കാൻ പറ്റാത്ത അവരുടെ മുഖത്ത് കട്ടിയുള്ള വളഞ്ഞു പുളഞ്ഞ മീശ ഒരു അധികപ്പറ്റായി വളർന്നു വന്നു. വളർന്നു വന്ന വേഗത്തിൽ അതിനെ വേരറുത്ത് മാറ്റുവാനും അവർ മറന്നില്ല.
പ്രതികരണശേഷി നഷ്ടപ്പെട്ടവർക്ക് അതൊരു പ്രേരണയായി.
വീടുകളിൽ എങ്ങും മീശയില്ലാത്തവർ വിലസി നടന്നു.
നാട്ടിൽ മീശയില്ലാ ക്ലബ്ബുകൾ നിലവിൽ വന്നു.
ക്ലബ്ബുകളിലും,കവലകളിലും, ബസ്റ്റോപ്പുകളിലും,സിനിമാകൊട്ടകങ്ങളിലും അവർ പ്രതികരിക്കാതെ നിറഞ്ഞു നിന്നു.
ചിലർക്ക് മീശയില്ലാത്തത് ശാപവും ആയി. മീശയില്ലാ ചെറുപ്പക്കാരെ തപ്പി നാട്ടിൽ സ്വവർഗാനുരാഗികൾ ഇറങ്ങി നടന്നു.
പുറത്ത് കലാപങ്ങളും,കാഹളങ്ങളും,സമരങ്ങളും മുഴങ്ങി കേട്ടു കൊണ്ടിരുന്നു. മറ്റൊരിടത്ത് യുദ്ധങ്ങളും,ഭീതികളും,കരച്ചിലും, പലായനവും,പട്ടിണിയും,മരണങ്ങളും തളം കെട്ടി നിന്നു.
പത്രങ്ങളിൽ,വാർത്താനേരങ്ങളിൽ യുദ്ധരംഗങ്ങൾ ചോര ചിന്തി തെറിച്ചു. എവിടെയും ചോരചാലിൻ്റെ വഴുവഴുപ്പും,കുത്തുന്ന ദുർഗന്ധവും നിറഞ്ഞു.
പല നിറത്തിലുള്ള കൊടികളും,സംഘടനകളും, ട്രാൻസ്ജെൻഡറുകളും ഇതിനെതിരായി ഒറ്റക്കെട്ടായി അണിനിരന്നു.
അപ്പോഴും അവർ സ്വയം തലകൾ ഉള്ളിലേക്ക് വലിച്ചു ഊഴ്ന്നു ഇറങ്ങി പ്രതികരണമീശ വളർത്താതെ നിന്നു.
ഉത്തമനും,വിനോദും ഇതെല്ലാം കണ്ട് മൗനികളായി തുടർന്ന് പോരുന്നു.