malayalam story

നത്ത്

ഭാഗം 1

ഉമ്മാമ മരണപ്പെട്ടതിന്റെ നാല്പതാം നാൾ, നാല്പതുവായിരക്കലും മറ്റും കഴിഞ്ഞ് വളരെ വൈകിയാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്.

രാവിലെ സുബഹി നിസ്കാരം കഴിഞ്ഞ ഉടനെ യത്തീംഖാനയിലെ കുട്ടികൾ വന്ന് യാസീൻ ഓതി ദുആ ചെയ്തുപോയി.

പിന്നീട് ഉച്ചകഴിഞ്ഞ് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടൊരു ചെറിയ ദുആ മജ്‌ലിസും. 

വന്നവരെയെല്ലാം ആവുംവിധം സൽക്കരിച്ചാണ് ഞങ്ങൾ തിരിച്ചയച്ചത്.

എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. 

വല്ലാതെ ക്ഷീണിതരായിരുന്നു ഞങ്ങളെല്ലാവരും.

ഉറങ്ങാൻ കിടന്ന് ഏതാണ്ട് അരമണിക്കൂർ പിന്നിട്ടപ്പോഴാണ് വീടിൻറെ പിന്നാമ്പുറത്തെ പുളിമരക്കൊമ്പിലിരുന്ന് നത്ത് കരയാൻ തുടങ്ങിയത്.

ഉമ്മാമ്മ മരണപ്പെടുന്നതിന്റെ തലേദിവസം രാത്രി സമാനമായ രീതിയിൽ ഇതേ  മരക്കൊമ്പിലിരുന്ന് ഒരു നത്ത് കരയുന്നുണ്ടായിരുന്നു .

അന്ന് ഉമ്മാമ പറഞ്ഞു. 

 “നത്ത് കരഞ്ഞാൽ ഒത്തുകരയും.”

വരാൻ പോകുന്ന ഏതോ ഒരു മുസീബത്തിന്റെ സൂചനയാണത്രേ നത്തുകളുടെ ഈ കരച്ചിൽ.

‘നത്ത് കരഞ്ഞാൽ ഒത്തുകരയും.’

നത്ത് കരഞ്ഞു കൊണ്ടേയിരുന്നു. പിറ്റേന്നാൾ ഒരു കൂട്ടക്കരച്ചിലായിരുന്നല്ലോ ഇവിടെ. 

നത്ത് കരഞ്ഞു കൊണ്ടേയിരുന്നു. 

ആദ്യം ആരും കാര്യമാക്കിയിരുന്നില്ല. എന്നാൽ, തുടരെത്തുടരെ കരഞ്ഞുകൊണ്ടേയിരുന്നപ്പോൾ ചെറുതല്ലാത്തൊരു ആധി മനസ്സിലൂടെ കടന്നുപോയി.

ഒരല്പം കഴിഞ്ഞപ്പോൾ പണ്ടാരോ ഗൾഫിൽ നിന്നു കൊണ്ടുവന്ന ഒരു വലിയ ബ്രൈറ്റ് ലൈറ്റിന്റെ ടോർച്ചുമെടുത്ത് ഉപ്പാപ്പ പുറത്തേക്കിറങ്ങി.

പുളിമരക്കൊമ്പിലേക്ക് നീട്ടി ടോർച്ച് അടിച്ചു.

വെളിച്ചം കണ്ട നത്ത് പുളിമരക്കൊമ്പിൽ നിന്നും പറന്നു നേരെ വീട് ചുറ്റി മുന്നിലുള്ള മാവിൻറെ കൊമ്പിലിരുന്നെങ്കിലും കരച്ചിൽ നിർത്തിയിരുന്നില്ല.

അതങ്ങനെ കരഞ്ഞുകൊണ്ടേയിരുന്നു.

മാങ്കൊമ്പിലിരിക്കുന്ന നത്തിനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ  ഉപ്പാപ്പയും പറഞ്ഞു.

“നത്ത് കരഞ്ഞാൽ ഒത്തുകരയും”.

ഭാഗം 2

ക്ഷീണം കാരണമായിരിക്കും, ഒന്ന് കിടക്കുകയെ വേണ്ടിയിരുന്നുള്ളൂ ഉറക്കത്തിലേക്ക് ചെന്ന് വീഴാൻ.

ക്ഷീണത്തോടെ കിടന്നാൽ ഉറക്കത്തിന് ആഴമുണ്ടാകും എന്നല്ലേ. 

അന്ന് അതുപോലൊരു ഉറക്കമായിരുന്നു.

അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു.

വീടിന്റെ സെന്റർ ഹാളിൽ മനോഹരമായൊരു തലപ്പാവ് ഇരിക്കുന്നു.

ആരുടെയെന്നറിയാൻ ഞാൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. 

ആരുടെതെന്ന ഒരു സൂചന പോലുമില്ല. 

അതിനിടയിൽ ആരോ വാതിൽ തട്ടുന്ന ശബ്ദം.

തുറന്ന് നോക്കിയപ്പോൾ, താടിരോമങ്ങൾ നരച്ച, മെലിഞ്ഞൊട്ടിയ ഒരു വൃദ്ധൻ. 

അയാളുടെ വെളുത്ത താടിരോമത്തിൽ എനിക്ക് നിലാവെളിച്ചത്തിന്റെ പ്രതിബിംബം ദൃശ്യമാകുന്നത് പോലെ തോന്നി.

ഈ പാതിരാത്രിയിൽ ഇതാരെന്ന സംശയത്തിൽ അന്തിച്ച് നിൽക്കുന്നതിനിടയിൽ അയാൾ എന്നോട് സലാം  പറഞ്ഞു.

നിങ്ങളാരാണ് ? 

സലാം മടക്കിയ ഉടനെ എന്റെ ആദ്യ ചോദ്യം.

“ഞാൻ ആരാണെന്നത് അവിടെ നിൽക്കട്ടെ’ , മലക്കുൽ മൗത്തിന്റെ തലപ്പാവ് കയ്യിൽ വെക്കാൻ നിങ്ങൾക്കെന്തധികാരം ?

“ആരുടെ തലപ്പാവ് ?

“മരണത്തിന്റെ മാലാഖയുടെ “

അയാൾ സംസാരം തുടർന്നു.

“നാല്പത് ദിവസം മുൻപ് ഈ വീട്ടിൽ ഒരു മരണം സംഭവിച്ചിരുന്നില്ലേ. 

അന്ന് അവരുടെ ആത്മാവുമായി ഇഹലോകം വിട്ട് പറന്ന മരണത്തിന്റെ മാലാഖ അവരുടെ തലപ്പാവ് ഈ വീട്ടിൽ മറന്ന് വെച്ചിരിക്കുന്നു.”

അത്ഭുതത്തോടെ  ഞാൻ ആ തലപ്പാവിലേക്ക് നോക്കിയിരിക്കുന്നതിനിടയിൽ അയാൾ സംസ്സാരം തുടർന്നു.

“മലക്കുൽ മൗത്ത്  ഇനിയും വരും.

തലപ്പാവ് കൊണ്ടുപോകാൻ.

ആ വരവിൽ, ഒരു ആത്മാവിനെ കു‌ടി കൊണ്ടുപോകും. “

“നത്ത് കരഞ്ഞാൽ ഒത്ത് കരയും”

 

ഭാഗം 3
  

അതുവരെയുണ്ടായിരുന്ന അത്ഭുതം മാറി വീണ്ടുമൊരു ഞെട്ടലിലേക്ക് പോയത് ഒരൊറ്റ സെക്കന്റിലായിരുന്നു.

ഞാൻ ആ തലപ്പാവെടുത്ത് അയാളുടെ നേരെ നീട്ടി.

ഇത് നിങ്ങൾ വെച്ചോളൂ. എന്നിട്ട് മാലാഖയെ ഏൽപ്പിക്കൂ. 

വിനീതവിധേയനായി ഞാനയാളോട് കെഞ്ചി. 

അത് സാധ്യമല്ല.

ഒറ്റ വാക്കിൽ അയാൾ മറുപടി പറഞ്ഞു. 

ആ വഴി നിങ്ങൾക്കുമുന്നിൽ മാത്രമേ തുറക്കപ്പെടൂ.

നിങ്ങൾ മുന്നിൽ നടന്നാൽ ഞാൻ പിന്നാലെ തലപ്പാവുമെടുത്ത് വരാം.

വഴികൾ നിങ്ങളുടെ മുന്നിൽ തുറക്കപ്പെടും.

സൂചനകൾ നിങ്ങൾക്ക് വഴി കാണിക്കും.

ഒടുവിൽ നിങ്ങളവരെ കണ്ടെത്തും.

ഒരൊറ്റ നിബന്ധന മാത്രം. യാത്രയിൽ വഴിയിൽ കാണുന്നവരോടെല്ലാം നീ കരുണ കാണിക്കണം.

പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.

കണ്ടത് സ്വപ്‌നമാണെന്ന്‌ ഉറപ്പുണ്ടായിരുന്നെങ്കിലും , വെറുതെ സെന്റർ ഹാൾ വരെ പോയി അവിടെ അങ്ങനെ ഒരു തലപ്പാവുണ്ടോന്ന് നോക്കി ഇല്ല എന്ന് തീർച്ചപ്പെടുത്തി വീണ്ടും മുറിയിൽ പോയി കിടന്നു..

ഇടക്കൊന്ന് ഉറക്കം ഞെട്ടിയതുകൊണ്ടാവും, രണ്ടാമത് കിടന്നപ്പോൾ ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല. 

കുറെ സമയം അങ്ങനെ വെറുതെ കിടന്നു.

അപ്പോഴാണ് വീണ്ടും ആരോ വാതിൽ തട്ടിയത്.

ഇത്തവണ സ്വപ്നമൊന്നുമല്ല.

ഈ പാതിരാത്രിയിൽ ആരായിരിക്കും വാതിൽ തട്ടിയത് ?.

ഒരല്പം ആധിയോടെയും അതിലേറെ കൗതുകത്തോടെയും ഞാൻ വാതിൽ തുറന്നുവെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല.

തോന്നലായിരിക്കും.

എങ്കിലും വെറുതെ ടോർച്ചെടുത്ത് പുറത്തിറങ്ങി നാലുഭാഗവും ഒന്ന് പരിശോധിച്ചു. 

ആരുമില്ല എന്ന് ഉറപ്പുവരുത്തുക മാത്രമായിരുന്നു ലക്ഷ്യം.

ഞാൻ നേരെ ആ പുളിമരച്ചോട്ടിലേക്ക് നടന്നു.

അല്പനേരം അലക്ഷ്യമായി അവിടെയിരുന്നു.

പിന്നെ വീണുകിടക്കുന്ന പുളിയെല്ലാം പെറുക്കി അവിടെയുണ്ടായിരുന്ന ഒരു സഞ്ചിയിൽ ഇട്ടു.

നേരം ഒരുപാട് ഇരുട്ടിയിരിക്കുന്നു.

ഞാനാ പുളിമരച്ചോട്ടിൽ തന്നെ ഉറങ്ങിവീഴും എന്നായി.

അപ്പോൾ ദാ വീണ്ടും ആരോ വാതിൽ തട്ടുന്നു.

ഇത്തവണ ഞാൻ വീടിന്റെ പുറത്തായത് കൊണ്ട് പെട്ടെന്ന് മുറ്റത്തേക്ക് ഓടിയെത്താൻ പറ്റി.

മെലിഞ്ഞൊട്ടിയ ശരീരമുള്ള, നരച്ച താടിരോമങ്ങളുള്ള ഒരു വൃദ്ധൻ.

അയാൾ എന്നെ സസൂക്ഷ്മം നോക്കി.

“നടന്നോളൂ , നിങ്ങളുടെ മുന്നിൽ വഴി കാട്ടപ്പെടും “

അതും പറഞ്ഞ് അയാൾ എങ്ങോട്ടോ യാത്രയായി.

എങ്ങോട്ടെന്നില്ലാതെ ഞാനും ആ രാത്രിയിൽ പരവശനായി നടന്നു.

ദിക്കുകളറിയാത്ത ഇടം തേടിയുള്ള അലച്ചിൽ 

 

ഭാഗം 4

 

നടന്ന് ക്ഷീണിച്ചവശനായി, ഒരു പീടിക വരാന്തയിൽ ഇരിക്കുമ്പോഴാണ് ദൂരെ നിന്നും ആരൊക്കെയോ ചേർന്ന് അതിമനോഹരമായ പാട്ടുകൾ പാടുന്നത് കേട്ടത്.

നല്ല വിശപ്പുണ്ടായിരുന്നു. 

ദാഹവും.

അതിലേറെ ക്ഷീണവും.

എങ്കിലും അതൊന്നും വകവെക്കാതെ സംഗീതത്തെ ലക്ഷ്യം വെച്ച് ഞാൻ നടന്നു.

കുറേ ദൂരം നടന്നു ഞാനാ മജ്‌ലിസിന്റെ അടുത്തെത്തി. 

കുറെ ആളുകൾ ചുറ്റും കൂടി ഇരുന്ന് അതിമനോഹരമായി ഗാനമാലപിക്കുന്നു.

ആളുകൾ അതിൽ ലയിച്ചിരിക്കുന്നുണ്ട്. 

പലരും കണ്ണടച്ചിരുന്നാണ് പാടുന്നത്.

അതും അവരുടെ പരമാവധി ഉച്ചത്തിൽ.

ഞാനാ സദസ്സ് ലക്‌ഷ്യം വെച്ച് കുറച്ചുകൂടി മുന്നോട്ട് നടന്നു .

കൂടുതൽ അടുക്കുംതോറും അവരെന്താണ് പാടുന്നതെന്ന് എനിക്ക് കൂടുതൽ കൂടുതൽ വ്യക്തമാകുന്നുണ്ടായിരുന്നു. 

അതെ.

അവർ എന്നെ കുറിച്ചാണ് പാടുന്നത്.

എന്നെയാണ് അവർ പാടി പുകഴ്ത്തുന്നത്.

എൻറെ ജീവിതത്തെക്കുറിച്ചാണ് അവർ പ്രകീർത്തിക്കുന്നത്.

എൻറെ ചെയ്തികളെയാണ് അവർ അനുസ്മരിക്കുന്നത്.

ഞാൻ ആ സദസ്സിൽ ചെന്നിരുന്നു.

നടന്ന് ക്ഷീണിച്ചവശനായ  എന്നെ അവർ തിരിച്ചറിയുന്നുണ്ടായിരുന്നില്ല.

അതിനിടയിലാണ് ഞാനാ സദസ്സിൽ അയാളെ ശ്രദ്ധിക്കുന്നത്. 

താടി നരച്ച മെലിഞ്ഞൊട്ടിയ ശരീരമുള്ള വൃദ്ധനായ ആ മനുഷ്യൻ.

തൊട്ടിപ്പുറത്ത് ഒരു തലപ്പാവ് വച്ച ഗാംഭീര്യമുള്ള ശരീരമുള്ള മറ്റൊരാൾ.

ഞാൻ ആ തലപ്പാവ് സൂക്ഷിച്ചു നോക്കി. 

അതെ, ഈ തലപ്പാവ് തന്നെയാണ് ഞാൻ ഇന്നലെ കണ്ടത്.

അയാൾ എൻറെ അടുത്തേക്ക് വന്നു.

എനിക്ക് പേടി തോന്നിയതേയില്ല.

അയാൾ, എൻറെ അടുത്ത് വന്ന് എന്റെ ചെവിയിൽ ഇപ്രകാരം മന്ത്രിച്ചു.

“കരഞ്ഞുകൊള്ളുക”, “വിലപിക്കുന്ന ഈ കൂട്ടത്തോടൊപ്പം ചേർന്നിരുന്നു കരഞ്ഞു കൊള്ളുക” 

“കേട്ടിട്ടില്ലേ, നത്ത് കരഞ്ഞാൽ ഒത്തുകരയും.”

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....

ഒരു കൊതി

നേരം സന്ധ്യയായി തുടങ്ങി, അമ്മ പറയുമ്പോഴേ പോയി വിളക്കെടുത്തു വെച്ച് നാമം ചൊല്ലാൻ തുടങ്ങും.ഇനിയെങ്ങാനും അമ്മ ആ സമയം തിരക്കിലാണെങ്കിൽ ആ ചടങ്ങ് ഈയുള്ളവനും അനിയനും ചേർന്നങ്ങു

....
best malayalam short stories

ഭാര്യ ലെസ്‌ബിയനാണ്.

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ

....
malayalam short story

കല്ല്യാണ വീട്ടിലെ മഹാമഹം

ഒരു കല്ല്യാണ വീട്ടിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്…., അന്നെനിക്കു എട്ടു വയസ്സു പ്രായം…., എല്ലാവരും കല്ല്യാണസദ്യയെല്ലാം കഴിച്ച് പായസവും കുടിച്ച് വിശ്രമിക്കുന്ന നേരം.., എന്നേക്കാൾ രണ്ടോ

....

ചിറകിന്റെ നിറം

  “ചിറക് പക്ഷികൾക്ക് മാത്രമുള്ളതാണോ? അല്ല മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ചിറകുകളുണ്ട്. എന്നാൽ പക്ഷികളെപ്പോലെ ഏവർക്കും കാണുന്ന കണക്കിനല്ല എന്നുമാത്രം!!! ചാടുമ്പോഴൊക്കെ എങ്ങനാണ് വായുവിൽ ഉയർന്നു നിൽക്കുന്നത്?

....
malayalam short story

ദത്തുപുത്രി

നിങ്ങളുടെ ഒക്കെ അമ്മമാർ എങ്ങിനെയാണ് എന്നെനിക്കറിയില്ല…, എന്നാൽ തനിത്രയുടെ അമ്മ അവൾക്ക് ദൈവതുല്ല്യമായിരുന്നു…! ഒരു കാലത്ത് വലിയ പ്രതാപത്തിൽ ജീവിച്ചതാണെങ്കിലും ബിസിനസ് തകർച്ചയും അതെ തുടർന്ന് ഭർത്താവിന്റെ

....