പകലിന്റെ ആമുഖം അവസാനിക്കാറായി..
ഇരവിന്റെ വിളിക്ക് കാതോർത്തു പക്ഷികൾ
ചില്ലകളിലെയ്ക്ക് ചേക്കേറി തുടങ്ങി..
ദിവസങ്ങളോ രാത്രികളോ അറിയാതെ ഞാനീ
ചുമരുകൾ താങ്ങിയിരിക്കുന്ന ഗൗളിയായിരിക്കുന്നു…
എനിക്ക് ചുറ്റുമുള്ള ലോകം ഉരുളുന്നുണ്ട്,
നീങ്ങുന്നുണ്ട്, മാറുന്നുണ്ട്…
എന്നാൽ ഞാൻ മാത്രം ഒന്നിനും മാറ്റാനാകാതെ
കാറ്റുപിടിക്കാത്ത പാറക്കല്ലുപോലെയിരിക്കുന്നു..
എപ്പോഴൊക്കെയോ വെയിൽ കനക്കുന്നുണ്ട്…
മഴയുടെ നൂലുകൾ ഭൂമിയെ തൊടുന്നുണ്ട്..
പൂക്കൾ വിരിയുന്നുണ്ട്, കായ്ക്കുന്നുണ്ട്…
എന്റെ ചുറ്റുമുള്ളവർ വളരുന്നുണ്ട്, മെലിയുന്നുണ്ട്..
ആരൊക്കെയോ ചിരിക്കുന്നുണ്ട്,
വേറെ ചിലപ്പോൾ ആർത്തനാദങ്ങളോ ശകാരങ്ങളോ കേൾക്കാം..
പക്ഷെ ഒന്നിനും എന്നെ മാറ്റാൻ കഴിയുന്നില്ലല്ലോ…
ഒരുപക്ഷേ,എനിക്ക് ജീവൻ ഇല്ലെങ്കിലോ?
പക്ഷെ ഞാൻ ശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു..
വിശപ്പോ ദാഹമോ തോന്നുന്നതേയില്ല ഇപ്പോൾ..
കരയാറില്ല ഞാൻ, ചിരിക്കാറുമില്ല…
എന്നിലേക്കൊതുങ്ങിയത് കൊണ്ടാകാം,
ആരുമെന്നോട് സംസാരിക്കാറില്ല..
അല്ലെങ്കിൽ തന്നെ എന്ത് സംസാരിക്കാനാണ്,
നിനക്ക് ഭ്രാന്താണെന്നോ?
നിന്റെ ജീവൻ ദാനം നൽകി
നിന്റെ പ്രിയപ്പെട്ടവൻ പോയില്ലേയെന്നൊ?
അത് ശരിയാണല്ലോ, എനിക്ക് ജീവനുണ്ടപ്പോൾ,
എന്നാലെന്റെ ജീവന്റെ ജീവനടുത്തില്ലല്ലോ?
എന്നിട്ടും എനിക്കെന്താണാവോ കരയാൻ കഴിയാത്തത്?
ഒന്നുറങ്ങാൻ എങ്കിലും കഴിഞ്ഞെങ്കിൽ…
അതും വേണ്ടിയിരുന്നില്ല, ചെവിയിലെ ഈ
മൂളലെങ്കിലും ഒന്നില്ലാതെ ആയെങ്കിൽ…
കണ്ണടയ്ക്കുമ്പോൾ ഒരു ചിതയാണ് കാണുക…
എനിക്കുള്ളിലാണ് അത് കത്തുന്നതെന്ന് തോന്നുന്നു…
എനിക്കതിന്റെ ചൂടറിയാനാവുന്നുണ്ടല്ലോ..
എന്റെ ഹൃദയമാണോ എരിഞ്ഞു കത്തുന്നത്?
ആയിരിക്കാം, അവൻ എന്റെ ഹൃദയമായിരുന്നല്ലോ…
അവനെന്റെ ഹൃദയത്തിലായിരുന്നല്ലോ…
അവിടെ അവൻ നിറഞ്ഞിരിക്കുകയായിരുന്നല്ലോ…










