ചാപ്പിള്ളക്ക് മുലപ്പാലേകി
ജീവൻ നൽകുന്നവൾ.
ചിറകൊടിഞ്ഞ ശലഭങ്ങൾക്ക്
പൂവായി വിരിയുന്നവൾ.
മറിവുണങ്ങാത്ത ഹൃത്തിന്
ഉപ്പ് തേച്ചവൾ.
ഗദ്യങ്ങളെ പെറ്റ്
ആനന്ദത്തിൻ, പദ്യങ്ങൾ
പാടുന്നവൾ.
നൊമ്പരങ്ങളുടെ ചർക്കയിൽ
ഈണങ്ങൾ നെയ്യുന്നവൾ.
കവികളെ കൊന്ന്,
കാലത്തിൻ മുറിവിൽ
മരുന്ന് വെക്കുന്ന,
കലഹിക്കുന്ന മനുഷ്യന്റെ
പച്ചയിറച്ചി ഉണക്കുന്ന,
ആനന്ദത്തിൻ കുന്തിയെ
കാലം,കവിതയെന്നു വിളിക്കുന്നു