Stories · 6 min read

ഇക്കയ്ക്ക്

‘അജ്മൽ’ ഏട്ടൻ പറഞ്ഞു, അന്ന് തൊട്ട് ഏട്ടൻ വിളി മാറ്റി ഞാൻ അജ്മൽക്ക എന്നാക്കി വിളി. കാരണം ഏട്ടാ എന്ന ഞാൻ എന്റെ എല്ലാ ഏട്ടന്മാരെയും വിളിക്കാറ്..

ഇക്കയ്ക്ക്

രാത്രി കനത്തു. ഇരുട്ടിൽ ഒരു മിന്നാമിനുങ്ങു മാത്രം മാവിന്റെ കൊമ്പിൽ അൽപ്പനേരമിരുന്ന് പിന്നെ പറന്നു പോയി. ജനലിലൂടെ കാണുന്ന ചായത്തോട്ടങ്ങൾ അന്ധകാരത്തിൽ വനപ്രതീതി സൃഷ്ടിച്ചു. ഒരു കടലാസും പേനയും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എന്തെങ്കിലും എഴുതാമായിരുന്നു. ചുറ്റും ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്, എനിക്ക് എല്ലാവരുടെയും കഥകൾ അറിയാൻ കഴിഞ്ഞെങ്കിൽ…

കഥകൾ കേൾക്കാനും പറയാനുമുള്ള ത്വര എന്നും കൂടിക്കൊണ്ടിരുന്നു… ചിലത് ആലോചിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാക്കുന്നു… എന്തെല്ലാമാണ്‌ ഞാൻ സഹിക്കേണ്ടി വരുന്നത്… ജീവിതം എന്നെ നിരാശയുടെ പടുകുഴിയിലേക്ക് താഴ്ത്തി ഇട്ടിരിക്കുന്നു… ഞാൻ മരണം ആഗ്രഹിച്ചുപോകുന്നു… അതെ, എനിക്ക് മരിക്കണം… എങ്ങനെ എന്നറിയില്ല… സ്വയം മരിക്കാൻ എനിക്ക് പേടിയാണ്… ആരെങ്കിലും കൊന്നാൽ ? അതും വേണ്ട… വേദനയാവും… വേദനയില്ലാതെ മനുഷ്യർക്കു മരിക്കാൻ സാധിക്കുമോ ? മരണം അത്ര എളുപ്പമാണോ ?

എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ കാലിനടി വിറയ്ക്കാൻ തുടങ്ങും. ഒരു തരിപ്പ് , പേടിയാകും… മരണത്തിന്റെ ഭീകരത മുന്നിൽ കണ്ട വർഷങ്ങൾക്കു മുൻപുള്ള ഒരു രാത്രി.

അന്ന് ഞാൻ ചെറിയ കുട്ടിയാണ്, സ്കൂളിൽ പഠിക്കുന്ന സമയം, അമ്മ ജനറൽ വാർഡിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന കാലം. അച്ഛൻ എറണാകുളത്തായിരുന്നു. അനിയത്തി അമ്മമ്മയുടെ അടുത്തും. നൈറ്റ് കഴിയുന്ന ശനിയാഴ്ച ദിവസം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽനിന്ന് മുക്കത്തേക്ക് (അമ്മയുടെ വീട്ടിലേക്) ബസ്സ് കയറാം എന്ന് കരുതി, ‘അമ്മ എന്നെയും കൊണ്ടാണ് നൈറ്റ് പോയത്. ‘മദർ അറ്റ് വർക്പ്ലേസ് – റൈറ്സ് ടു ബി വിത്ത് ചിൽഡ്രൻ’ ഒന്നും അന്ന് സംസാരവിഷയങ്ങൾ ആയിട്ടില്ല. മറ്റു അമ്മമാരേ പോലെ അല്ല നേഴ്സ്മാരായ അമ്മമാരുടെ കാര്യം.

ഉദാഹരണത്തിന് , ഒരമ്മ ടീച്ചർ ആണെന്നു കരുതുക. അവർക്ക് കുഞ്ഞിനേയും കൊണ്ട് സ്കൂളിൽ പോവാം, കുട്ടിയെ സ്റ്റാഫ് റൂമിൽ ഇരുത്തി പോയി ക്ലാസ് എടുക്കാം. പക്ഷെ, നഴ്‌സ്മാരുടെ കാര്യം അങ്ങനെ അല്ല. ഒരു റിസ്ക് അലോവെൻസ് ‌ പോലും ഇല്ലാത്ത ടീം ആണ്. ഒട്ടും സന്തോഷം നൽകുന്ന ഒരു ചുറ്റുപാടല്ല ഹോസ്പിറ്റലിൽ പ്രത്യേകിച്ച് കുട്ടികൾക്ക്. വാർഡിലേക് കയറുമ്പോൾ തന്നെ പല മരുന്നുകളുടെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറും. അമ്മയുടെ മണമായിരുന്നു അത്. വീട്ടിൽ കൊണ്ട് വന്നു അമ്മ അലക്കിയിടാറുള്ള ‘വെള്ള പ്രേതസാരിയുടെ’ മണം.

അന്നൊക്കെ നൈറ്റ് ഡ്യൂട്ടി ഏഴു ദിവസം ആണ്, ഇന്നത് മൂന്ന് ദിവസമേ ഉള്ളൂ സ്റ്റാഫ് നഴ്‌സ്മാർക്ക്. രാത്രി വെറും രണ്ടു മൂന്ന് മണിക്കൂർ ഉറക്കം അതും ഡ്യൂട്ടി ചെയ്യുന്നവർ മാറി മാറി. രാത്രി കട്ടിലിൽ എന്നെ കിടത്തി ‘അമ്മ ഡ്യൂട്ടിക്ക് പോവും, ‘നഴ്‌സസ് റൂമിൽ ‘ എന്റെ അടുത്ത ഡ്യൂട്ടിക്ക് അമ്മയ്ക്ക് ഒപ്പമുള്ള ചേച്ചി വന്നു കിടക്കും. കുറച്ച്‌ മണിക്കൂറുകൾ അവർ എന്നെ പുതപ്പിച്ച്‌ കെട്ടിപ്പിടിച്ചു ഉറങ്ങും. പിന്നെ ഞാൻ ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ‘അമ്മ എന്റെ അടുത്തുണ്ടാവും. കണ്ണിനു ചുറ്റും പടർന്നു കിടക്കുന്ന കറുപ്പും, ആ മുറിയിൽ തങ്ങി നിൽക്കുന്ന രൂക്ഷ ഗന്ധവും അവഗണിച്ച് , അമ്മ ഉറങ്ങുകയാണ്. പൊതുവെ കുട്ടികളെ ഭയപ്പെടുത്തുന്ന ഹോസ്പിറ്റൽ അന്തരീക്ഷം എനിക്ക് നന്നേ ബോധിച്ചു.

ഓരോ കട്ടിലിൽ കിടക്കുന്നവർക്കും ഓരോ കഥ പറയാനുണ്ട്. രോഗികളുടെ അടുത്തേക്ക് പോകാൻ അമ്മ തീരെ സമ്മതിക്കില്ല, എന്നാലും ഞാൻ അമ്മയുടെ കണ്ണ് വെട്ടിച്ച് ഓരോ കട്ടിലിനും അരികിൽ പോയി നില്കും. ചിലർ എന്നെ നോക്കി പ്രയാസപ്പെട്ട് ചിരിക്കും, ചിലർ ഒരല്ലി നാരങ്ങാ തരും. ഞാനതും ചപ്പി തിന്നുകൊണ്ട് അടുത്ത കട്ടിലിലേക്ക് പോവും. അങ്ങനെ ഒരു കട്ടിലിൽ ഞാൻ ഒരേട്ടനെ കണ്ടു. ചെറിയ ചേട്ടൻ. 16 – 17 വയസ്സേ വരൂ… ഉമ്മയാണ് കൂടെ ഉള്ളത്, ഉപ്പ ഗൾഫിൽ ആണ്. നെഞ്ചിലും വയറിലും വലിയ മുറിവാണ്. പക്ഷെ, കുറെ സംസാരിക്കും, എന്നെ നോക്കി ചിരിക്കും. അതുകൊണ്ട് ഉമ്മക്കും എന്നെ വലിയ ഇഷ്ടമാണ്. എൻ്റെ പേര് നല്ലതാണെന്നും ഇതുവരെ കേട്ടിട്ടില്ലെന്നും ചേട്ടൻ പറഞ്ഞു. അപ്പോഴാണ് ഞാൻ ഏട്ടന്റെ പേര് ചോദിക്കുന്നത്. ‘അജ്മൽ’ ഏട്ടൻ പറഞ്ഞു, അന്ന് തൊട്ട് ഏട്ടൻ വിളി മാറ്റി ഞാൻ അജ്മൽക്ക എന്നാക്കി വിളി.

കാരണം ഏട്ടാ എന്ന ഞാൻ എന്റെ എല്ലാ ഏട്ടന്മാരെയും വിളിക്കാറ്, ഇക്ക എന്ന് ആരെയും വിളിക്കുന്നില്ല. പിന്നെ അജ്മൽക്കയും, ഞാനും വലിയ കൂട്ടായി, അമ്മയുടെ ഏഴു ദിവസത്തെ നെറ്ഡ്യൂട്ടിക്ക്‌ കൂടെ ചെല്ലാൻ തന്നെ വലിയ ഉത്സാഹം ആയിരുന്നു. അജ്മലിക്കാന്റെ ഉമ്മ എനിക്ക് പാൽബണ്ണും കട്ടൻചായയും തരും. അതോടെ ഞാൻ പാൽബണ്ണിന്റെ ഫാനായി, കടകളിൽ പാക്കറ്റിൽ ഉള്ള പാൽബബൺ വാങ്ങി തിന്നുമ്പോൾ അതിനൊന്നും ഉമ്മ ഫ്ലാസ്കിൽ നിന്നൊഴിച്ച ചൂടൻ കട്ടൻ ചായയിൽ മുക്കി തരുന്ന പാൽബണിന്റെ സ്വാദുണ്ടായിട്ടില്ല.

അജ്മൽക്കയ്ക്കും ഉമ്മക്കും ശല്യമുണ്ടാകും പറഞ്ഞു അമ്മ വന്നു എന്നെ കൂട്ടികൊണ്ട് പോവാൻ തുടങ്ങിയപ്പോൾ ഉമ്മ പറഞ്ഞു.

“ഓൾ ഉള്ളതാ സമാധാനം, ഓളെ കാണുമ്പോ, വർത്താനം കേൾക്കുമ്പോ ഒക്കെ വല്യ സുഖാ ”

ഉമ്മ എനിക്ക് മുടി ചീകി തരും, ഉമ്മാ ‘ഉമ്മ’ എന്നുപറയുമ്പോൾ ഉമ്മ തരും. ഒരു ദിവസം അജ്മൽക്ക വല്ലാതെ വാശിപിടിച്ചു കരയാൻ തുടങ്ങി. ആര് പറഞ്ഞിട്ടും കേൾക്കുന്ന മട്ടില്ല. അവസാനം ഉമ്മ വന്ന് ആശ്വസിപ്പിച്ചു കാര്യം തിരക്കി.

“10 രൂപ വേണം നിക്ക്, ഇപ്പൊ വേണം ” അവസാനം ഉമ്മ ബാഗിൽ നിന്നും പത്തുരൂപ എടുത്തു കൊടുത്തു. അതുകണ്ടപ്പോഴാണ് അജ്മൽകന്റെ മുഖത്തു ഒരാശ്വാസ ചിരി വിടർന്നത്.

അമ്മ ചോദിച്ചു ”നിനക്കെന്തിനാ ഇപ്പൊ പൈസ ”

‘പഴം വാങ്ങാൻ ‘ പെട്ടെന്നായിരുന്നു ഉത്തരം.

‘ഈ രാത്രിയിലോ ? വിശക്കുന്നുണ്ടോ ?”

“നിക്ക് അല്ല, അവൾക്ക് പാൽബണില്ല ” അജ്മൽക്ക പറഞ്ഞു നിർത്തി. അമ്മ ചിരിച്ചു.

അവൾക്കൊന്നും വേണ്ട, വേണമെങ്കിൽ അവൾ ഇപ്പൊ ഓറഞ്ച് തിന്നോളും’ അജ്മൽക്ക എന്നെ നോക്കി.

“നീയ് ഓറഞ്ച് തിന്നോ ?” ഞാൻ അമ്മയെ നോക്കി, ‘അമ്മ ചെറുതായ് ഒരു സിഗ്നൽ തന്നു. ഞാൻ തലയാട്ടി, അപ്പോഴാണ് അജ്‌മൽക്കാക് സമാധാനമയത്.

അജ്മലിക്കാന്റെ ഉപ്പ ഗൾഫിലാണ് , അസുഖ വിവരം അറിയിച്ചിട്ടുണ്ട്. ഒരു പത്ത് പതിനഞ്ചു കൊല്ലം മുൻപത്തെ കാര്യം ആണ്, രണ്ടുദിവസത്തിനുള്ളിൽ വരുമെന്ന് അദ്ദേഹം വിളിച്ചറിയിച്ചിട്ടുണ്ട് എന്നറിഞ്ഞു. ഉപ്പ വരുമ്പോ ധാരാളം ‘ഗൾഫ്‌മുട്ടായി ‘ കൊണ്ടുവരുമെന്നും അതൊക്കെ എനിക്ക് തരാമെന്നും ഇക്ക പറഞ്ഞു. എനിക്ക് സന്തോഷമായി, പിന്നെ ഞാൻ എന്നും ‘ഉപ്പ വന്നോ ?’ എന്ന് ചോദിക്കും.

അജ്മൽഇക്കാന്റെ നെഞ്ചിലും വയറിലും ഉള്ള മുറിവ് എന്നും ഡ്രസ്സ് ചെയ്യണം, അപ്പൊ ഇക്ക ഉറക്കെ കരയും, ഉമ്മ കണ്ണടച്ചു പ്രാർത്ഥിക്കും. മില്ലിൽ പൊടിപ്പിക്കാൻ കൊണ്ടുപോയപ്പോൾ ആ പൊടിപ്പിക്കുന്ന യന്ത്രത്തിലേക്ക് ഏന്തി നോക്കിയതാണ് അജ്മൽക്ക, കാൽ തെറ്റി അതിലേക് വീണു. മകനെ മില്ലിലേക്ക് പറഞ്ഞ അയച്ച ആ നശിച്ച നിമിഷത്തെ ഉമ്മ ശപിച്ചിരിക്കണം…

ഉമ്മ നോറ്റ നോമ്പും, ചെയ്ത നിസ്കാരവും , പ്രാർത്ഥനയും ഒന്നും ഫലം കണ്ടില്ല.. മരണം നെഞ്ചുവേദനയുടെ രൂപത്തിൽ അജ്മൽക്കാനെ കൊണ്ടുപോയി. അവസാന ദിവസം അജ്മൽക്കാനെ കാണാതെ അലറി കരഞ്ഞപ്പോൾ ‘അജ്മൽക്ക അസുഖം മാറി വീട്ടിൽ പോയി ” എന്ന് എല്ലാരും എന്നോട് കള്ളം പറഞ്ഞു.

എന്നോട് യാത്ര പോലും ചോദിക്കാതെ എനിക്ക് തരാമെന്നു പറഞ്ഞ ഗൾഫ് മുട്ടായി ഒന്നും തരാതെ പോയ അജ്മൽക്കനെ ഞാൻ വെറുത്തു.

മാസങ്ങൾക്കു ശേഷം ഉമ്മ അമ്മയെ കാണാൻ വന്നു, ഭർത്താവു ഗൾഫിൽ നിന്ന് കൊണ്ട് വന്ന മിട്ടായികളുമായി.

‘മോൾക്ക് കൊടുക്കണം, അജ്മൽ അവസാനം കൂടി പറഞ്ഞതാ”. ഉമ്മയുടെ കണ്ണ് നിറഞ്ഞു. അമ്മയ്ക്കും അത് സഹിക്കാൻ കഴിഞ്ഞില്ല.

‘അമ്മ മിട്ടായികളെല്ലാം എനിക്ക് കൊണ്ട് വന്നു തന്നു, അജ്മൽക്ക തന്നതാണെന്നും പറഞ്ഞു. പല വർണ്ണത്തിലുള്ള മിട്ടായിത്തുണ്ടുകളിലേക്ക് ഞാൻ മാറി മാറി നോക്കി .

‘അമ്മ പറഞ്ഞു “അജ്മൽക്കാനേ ഓർക്കണം, ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കണം മോള്” അന്ന്‌ അത് പറഞ്ഞു കൊണ്ട് ‘അമ്മ കരഞ്ഞതെന്തിനാണെന്നു എനിക്ക് മനസിലായില്ല. എന്റെ ശ്രദ്ധ മുഴുവൻ ആ മിട്ടായികളിലായിരുന്നു… അതിന്റെ രുചി ഓർത്തായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു. ‘അമ്മ സീനിയർ നഴ്സിംഗ് ഓഫീസർ ആയി മെഡിക്കൽ കോളേജിൽ തന്നെ ജോലി ചെയ്യുന്നു. കാലങ്ങൾക്കപ്പുറം ഈ അനിയത്തി കടലാസ്സിൽ ഇക്കയെ പകർത്താൻ ശ്രമിക്കുകയാണ്. കട്ടിലിനടുത്തു വന്നു ചിരിച്ച ആ പത്തുവയസുകാരിയോട് ഉമ്മയും ഇക്കയും കാണിച്ച വാത്സല്യം. ഞാൻ എങ്ങനെയാണ് ആ കടം വീട്ടേണ്ടത് ? അന്നും ഇന്നും എനിക്ക് അത് നിശ്ചയമില്ല. എനിക്ക് തരാനായി കഴിക്കാതെ മാറ്റി വച്ച പ്ലാസ്റ്റിക് കൂട്ടിലെ പാൽബണിന്റെ മണം ഇന്നും മൂക്കിലെത്തുന്നുണ്ട്.

പിന്നെ എത്രയോ രാത്രികളിൽ എനിക്കായി മാറ്റി വച്ച മിട്ടായികളും… മധുരപലഹാരങ്ങളും… മൈലാഞ്ചി കാടുകൾക്കു താഴെ ഉറങ്ങുന്ന ഇക്കാക്ക് വേണ്ടി ചൊല്ലേണ്ട പ്രാർഥനകളോ ചെയ്യണ്ട ക്രമങ്ങളോ ഒന്നും എനിക്ക് അറിയില്ല… പറയാൻ രക്‌തബന്ധത്തിന്റെ കണക്കുകൾ ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല. എന്നാൽ ഇക്ക നീട്ടിയ ഓറഞ്ച് അല്ലി യുടെ പുളി ഇന്നും എന്റെ നാവിലുണ്ട്.

ഓരോ മിട്ടായിത്തുണ്ടിന്റെയും ഓർമയുണ്ട്.. പാൽബൻ തിന്നുന്ന ഈ അനിയത്തിയെ നോക്കി ഇക്ക ചിരിച്ച ചിരി ഇന്നും എന്റെ മനസിലുണ്ട്… ഇതിൽ കൂടുതൽ ഒന്നും എഴുതാൻ കഴിയുന്നില്ല ഇക്ക… എന്റെ വർത്തമാനവും കേട്ട് ചിരിച്ച കൊണ്ട് ആ കട്ടിലിൽ കിടക്കാണ് ഇക്ക.

ഞാൻ അടുത്ത് തന്നെ ഉണ്ട്, ഉമ്മ അലറി കരയുന്നു… മരുന്നിന്റെ ക്ഷീണം കൊണ്ടാവും അജ്മൽക്ക ഉറങ്ങുകയാണ്.. പക്ഷെ, എന്റെ ഒച്ച കേട്ടാൽ ഇക്ക എണീക്കും

‘അജ്മൽക്ക’ ഞാൻ വിളിച്ചു

ഇക്ക ഉറങ്ങാണ്..

ഉറങ്ങട്ടെ ..

ക്ഷീണം ഉണ്ടാവും..

◆

1

Comments 1

Loading comments…

More from Chaithra

See all

More Stories

See all