പുകച്ചുരുളുകൾ

“രാഘവേട്ടോയ്… ഇങ്ങളീ നാട്ടിലൊന്നല്ലേ!…” പറമ്പിൽ അല്പം കടലാസ്സും പാഴ്‍ത്തുണിയും കത്തിക്കണത് ശ്രദ്ധയിൽ പെട്ട മെമ്പർ ബാബു രാഘവേട്ടനോട് വീട്ടിലേയ്ക്ക് കയറിവരുന്നപാടെ ചോദിച്ചു… കക്ഷത്തിരിക്കണ ബാഗും ഡയറിയും ഒന്നൂടെ മുറുക്കി… മുണ്ടും മടക്കി കുത്തി മൂപ്പരാ തീ കെടുത്താൻ പുറപ്പെട്ടു… “നീയെന്ത് പ്രാന്താ ബാബോ ഈ കാട്ടണേ…

“ഹും, ഇങ്ങള് പത്രോം ടീവീം ഒന്നും കാണാറില്ലേ രാഘവേട്ടാ… അന്തരീക്ഷ മലിനീകരണത്തിന് കാരണം തന്നെ ഈ വക പരിപാടികളാണ്… ഇതെങ്ങാനും പടർന്നു പിടിച്ചാ അത് മതി…” എന്നിട്ട് ആ തീയിന്റെ അടുത്ത് പോയി മുണ്ടും മാടികുത്തി കാലോണ്ട് ചവിട്ടി കെടുത്താൻ തുടങ്ങി… ” “ഇവന്റെ ഒരു കാര്യം, ഇവിടെള്ള ചവറോള് ഈ പറമ്പിലല്ലാണ്ടെ അന്റെ പറമ്പിൽ കൊണ്ടിട്ടാ കത്തിക്കണ്ടേ? നീ വെറുതെ തീയിൽ ഡാൻസ് കളിച്ച് മുണ്ടിന്റെടേല് തീ പിടിപ്പിക്കണ്ട… കത്തണ തീർക്കറിയില്ല നീ മെമ്പറാണെന്നൊന്നും…”

ഇത് കേട്ട്, അത് വരെ അഗ്നിരക്ഷാ പദ്ധതി നടപ്പിലാക്കിയ മൂപ്പർ ആ കനൽ കുണ്ടിൽ നിന്നും പുറത്തു ചാടി മുണ്ടും തട്ടി കൊടഞ്ഞു എറേത്തക്ക് കേറി… “രാഘവേട്ടാ ഇങ്ങള് ലേശം വെള്ളം എടുത്തൂട്… എന്താ ചൂട്…, അയിന്റെടേല് ഇങ്ങടെ ഒരു മാലിന്യ നിർമ്മാർജ്ജനൂം…” “മോളേ… ശ്യാമേ ഉമ്മർത്തേക്ക് ലേശം കുടിക്കാള്ളത് ഇങ്ങടെടുത്തോ…” രാഘവേട്ടൻ കമാൻഡ് കൊടുത്തു… “ന്നിട്ട്… പറ ബാബോ, എവിടുന്നാ താൻ ഇപ്പൊ വരണേ…” ഉമ്മറപടിയിൽ ലൂണാർ ചെരുപ്പ് പൊടിതട്ടി വരിചേർത്ത് വച്ച ശേഷം ബാഗും, ഡയറിയും തിണ്ണയുടെ ഓരത്ത് വച്ച് മൂപ്പർ തിണ്ണയിൽ തന്നെ ഉപവിഷ്ടനായി…

“എല്ലാടത്തും എത്തണ്ടേ രാഘവേട്ടോ, മിനിഞ്ഞാന്ന് തൊടങ്യെ ഒട്ടാ… ഇങ്ങള് പത്രോം, ടീവീം ഒന്നും കാണാറില്ലേ ഇപ്പോ! ആകെ പോകേം ബഹളൂം ഒന്നും പറയണ്ട…” “പൊകയോ, എവിടെ!” ചാരുകസേരയിൽ നിന്നും നിവർന്നിരുന്ന് രാഘവേട്ടൻ ആശ്ചര്യഭരിതനായി…”ആ… ആ… ഇങ്ങള് ആള് തരക്കേടില്ല്യല്ലോ രാഘവേട്ടാ… നമ്മടെ കൊച്ചീല് ആളോള് നട്ടപ്പിരാന്തെടത്ത് ശ്വാസം കിട്ടാണ്ട് നടക്കല്ലേ… പൊകാന്ന്‌ പറഞ്ഞാ ഇങ്ങിനെണ്ടോ… കാർബൺ മോണോക്സൈഡും, പ്ലാസ്റ്റിക്കും, മീതൈനും അങ്ങിനെ എന്തൊക്കെയോ കത്തീക്കണൂന്നാ കേട്ടേ… മെമ്പർ വാർത്തയിൽ കേട്ടതും വായിച്ചതും ഒക്കെ അവിടെ നിരത്തി… “അയ് ശരി, അവിടെ കൊച്ചീല് നടന്ന പുകിലിനാ നീ ഈടെ തീക്കുണ്ടിൽ ചാടി പരാക്രമം കാട്ട്യേ… ഇനിപ്പോ അതൊന്നു രണ്ടാമത് കത്തിക്കാള്ള പാട്…കൊച്ചി എത്ര ദൂരയാടോ… ആ പൊകണ്ടോ ഇങ്ങടൊക്കെ എത്തണൂ” “നിങ്ങൾക്കൊരു കഥീല്ല രാഘവേട്ടാ… ഇവിടെ ഗൾഫിന്നു വിമാനം ൪ മണിക്കൂറോണ്ട് ആളോള് കരിപ്പൂരെത്തുമ്പഴാ കൊച്ചീന്ന് പൊകയ്ക്ക് ഇവിടെത്താൻ പാട്… മോൾക്ക് ഇതൊക്കെ മുത്തശ്ശനോടൊന്നു പറഞ്ഞോടുത്തൂടെ…” ഉമ്മറത്തേക്ക് ചായകൊണ്ട് വന്ന ശ്യാമയോട് മെമ്പർ ഓർമ്മിപ്പിച്ചു… “ഇനിപ്പോ രണ്ടൂസം സ്കൂളിൽ ഒന്നും പോണ്ട… ആ പോക ഇങ്ങടും എത്താൻ വഴീണ്ട്… ആകാശം മേഘാവൃതമാവുന്നത് അതിസൂക്ഷ്മമായി നിരീക്ഷിച്ച മെമ്പർ പതിയെ ചായ ഗ്ലാസ് തിണ്ണയിൽ വച്ച് എണീറ്റു… തിടുക്കത്തിൽ ഫോൺ എടുത്ത് ജംഗ്ഷനിലെ ചായക്കടയിലേക്ക് വിളിച്ചു… “ഡാ, ആസിഡ് മഴപെയ്യാൻ ചാൻസ് ഇണ്ട്, ഇജ്ജവിടെ നമ്മടെ പിള്ളേരോടും, സുകൂനോടും, സുമേഷിനോടൊക്കെ പെരേക്ക് മണ്ടിക്കോളാൻ പറഞ്ഞാളാ… ഞാനിവിടെ ഒരു അടിയന്തിര ചർച്ചേലാ, ഇജ്ജും വിട്ടോ… ന്നാ വെച്ചോ…”

മറുതലക്കൽ ചായക്കടയിൽ പൊടുന്നനെ നിശ്ശബ്‌ദത തളംകെട്ടി…വെറുങ്ങലിച്ചിരിക്കണ മാനൂനോട് ഗോപാലേട്ടൻ തിരക്കി… “എന്താ മാനോ പ്രശ്നം…” മറുപടി പറയാതെ മാനു ചാടി എണീറ്റു പുറത്തിറങ്ങി ആകാശത്തേക്ക് നോക്കി… അതെ, മെമ്പർ പറഞ്ഞത് സീരിയസാണ്… സംഗതി നാടിനെ ഒന്നാകെ ബാധിക്കണ കാര്യമാണ്… ആളുകളെ ബോധവൽക്കരിക്കേണ്ട വലിയ ചുമതലയാണ് മെമ്പർ തന്നെ ഏൽപ്പിച്ചിട്ടുള്ളത്… മാനു മനസ്സിൽ മന്ത്രിച്ചു… പൊടുന്നനെ തിരിഞ്ഞു കടയിലേക്ക് നോക്കിയപ്പോൾ മാനു ഒന്ന് ഞെട്ടി… എല്ലാവരും എഴുന്നേറ്റ് മനുവിനെ തന്നെ നോക്കി നിൽക്കുന്നു… “എന്റെ നാട്ടുകാർ, എന്റെ പ്രിയപ്പെട്ടവർ അവർ ആശങ്കാകുലരാണ്… അവരെ ഭയത്തിന്റെ കയത്തിലേക്ക് ഇറക്കിവിട്ടുകൂടാ… മാനു ഉണരണം, ഉണർന്നേ മതിയാകൂ…”മാനു മനസ്സിൽ ചിലത് ചിന്തിച്ചുറപ്പിച്ച് കടയിലേക്ക് തിരികെ കേറി…

“എന്താ മാനു പ്രശ്നം നെനക്ക് വീണ്ടും പഴേ സൂക്കേടെങ്ങാനും…” പണ്ടിതുപോലെ പെരക്ക് തീപ്പിടിക്കുമ്പോ അന്തംവിട്ട് തീപ്പെട്ടിയും പിടിച്ചു നിന്ന മാനൂനെ വീണ്ടും ഓർമ്മയിൽ ദർശിച്ച ചെത്തുകാരൻ കുട്ടപ്പായി ചോദിച്ചു… ഉടനെ ദഹിപ്പിക്കുന്ന തരത്തിലുള്ള മനുവിന്റെ നോട്ടത്തിൽ കുട്ടപ്പായി ഉരുകിയില്ലാതായി… മാനു മുന്നോട്ട് നീങ്ങി മേശയിൽ ഉറക്കെ കൈകൊണ്ട് തട്ടി… എല്ലാം ശാന്തം… എല്ലാ കാതുകളും ഇനി മാനുവിലേയ്ക്ക്… “പ്രിയപ്പെട്ടവരെ, നമ്മുടെ ജീവിതത്തിലെ വളരേ നിർണ്ണായകരമായ സമയത്തിലേക്കാണ് നമ്മൾ എത്തിച്ചേരുവാൻ പോകുന്നത്, ഭയപ്പെട്ടോണ്ട് കാര്യമില്ലാ, ഇവിടെ വേണ്ടത് യുക്തിയും ധൈര്യവുമാണ്…” പേടികൊണ്ട് ചായ തണുത്തുപോയ കോയ അറിയാതെ പറഞ്ഞുപോയി…”ഇജ്ജ് ആളെ മക്കാറാക്കാണ്ട് കാര്യം പറ മാനോ…” പറഞ്ഞുകൊണ്ടിരുന്ന കാര്യത്തിലെ ആ ഫ്ലോ നഷ്ട്ടമായെങ്കിലും മാനു തുടർന്നു… “സംഗതി അല്പം ഗുരുതരമാണ്… വരാനിരിക്കുന്നത് ആസിഡ് മഴയാണ്…” ഇംഗ്ലീഷ് സിനിമയിൽ ദിനോസറിനെപ്പറ്റി പറയുമ്പോ ഉണ്ടാകുന്ന അതെ ആശ്ചര്യം ആ ചായക്കടയിലും കാണാം… എല്ലാവരും പരസ്പ്പരം അടക്കം പറച്ചിൽ… “ആസിഡ് മഴ പ്രശ്നമാണോ ഗോപാലേട്ടാ…” ചായപ്പാനി കമഴ്ത്തി വച്ച് വർക്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു… “ഹും, അത് ലേശം പ്രശ്നം തന്ന്യാ വർക്ക്യേ… മേലൊക്കെ പൊള്ളും, സൽഫൂറിക് ആസിഡും, ഹൈഡ്രജൻ പെറോക്സൈഡും വെള്ളത്തിൽ കലർന്നൊണ്ട് വീര്യം കൂടുകയും ചെയ്യും…” റയിൽവേയിൽ ഉദ്യോഗസ്ഥാനായി വിരമിച്ച ആളാ ഗോപാലേട്ടൻ ഭോപാൽ ദുരന്തത്തിന്റെ നേർസാക്ഷി, അന്ന് ഭോപാലിലേക്കുള്ള ട്രെയിൻ വൈക്യോണ്ട് ആ കഥ മൂപ്പർക്ക് പറയാറായി… മൂപ്പർക്ക് തെറ്റില്ല… “ശ്… വളരെ ഗൗരവമേറിയ കേന്ദ്രത്തിൽ നിന്നാണ് ബാബുക്കക്ക് ഈ വിവരം കിട്ട്യേക്കണത്, പത്രക്കാർ പോലും അറിഞ്ഞിട്ടില്ല… നമ്മൾ ഈ വിവരം എല്ലാടത്തും എത്തിക്കണം… സ്ത്രീകൾ കുട്ടികൾ എന്നിവർ തല്ക്കാലം ഇതറിയണ്ട… മഴ തുടങ്ങിയാൽ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങരുത്… നമ്മുടെ മുന്നിൽ ഒരു വലിയ വിപത്താണ് കാത്തിരിക്കുന്നതെന്ന് മനസ്സിൽ ഉണ്ടാക്കണം… ഭയം വേണ്ട…” “ജാഗ്രത…അതെ അത് തന്നെ” മാനു മുഴുമിപ്പിക്കുന്നതിന് മുൻപ് സുനീഷ് മന്ത്രിച്ചു…

“ഓനെവിടെ മാനോ!” അക്ഷമയോടെ സൈതാലി തിരക്കി… “ബാബുക്ക ചില അടിയന്തിര ചർച്ചകളിലാണ്… കാര്യങ്ങളെല്ലാം നമ്മൾ ഒന്നിച്ചു നിന്ന് പരിഹരിക്കേണ്ടാതാണെന്നാണ് ബാബുക്കാന്റെ നിർദ്ദേശം…” നിശ്ശബ്ദതമായ ആ ചായക്കടയിലേക്ക് മഴയ്ക്ക് മുൻപുള്ള ഇളംകാറ്റ് വീശിത്തുടങ്ങി… എല്ലാവരിലും ഭയത്തിന്റെ അല്ല ജാഗ്രതയുടെ കോരിത്തരിപ്പുകൾ രൂപംകൊണ്ടു… എല്ലാവരും ചായക്കടയുടെ തിണ്ണയിൽ ചേർന്ന് മാനത്തേക്ക് കണ്ണും നട്ടിരുന്നു… “മേഘത്തിന് ലേശം കറുപ്പ് ലാഞ്ചന കൂടുതലുള്ളപോലെ…” ഗോപാലേട്ടൻ പതിയെ പറഞ്ഞു… പൊടുന്നനെ വീണ്ടും മാനൂന്റെ ഫോൺ അടിച്ചു… “നീ എടുക്ക് മാനോ… ഭയം വേണ്ട…” കോയ ഓർമ്മിപ്പിച്ചു… “ഹാ! ബാബുക്ക പറ… ഇങ്ങള് സേഫ് അല്ലെ! ഇവിട എല്ലാരോടും കാര്യങ്ങൾ ധരിപ്പിച്ചു ഒന്നും പേടിക്കാനില്ല… ഓലമേഞ്ഞ കടേല്ക്ക് ആസിഡ് വര്ഒ!” പൊടുന്നനെ എല്ലാരടേം നോട്ടം തന്നിലേയ്ക്കായത് ശ്രദ്ധയിൽപെട്ട മാനു ശബ്ദംതാഴ്ത്തി കടയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങിയതും അത് സംഭവിക്കലും ഒന്നിച്ചായിരുന്നു… “ബാബുക്കാ… ഇങ്ങള് സേഫ് അല്ലെ, ഞാൻ പെട്ടു ബാബുക്ക…” പൊടുന്നനെ കോരിച്ചൊരിയുന്ന ആ മഴത്തുള്ളികളുടെ ഇടയിൽ നിന്ന് മാനു എന്ന ധീരനായ ആ യുവത്വം ഗർജ്ജിച്ചു… “ഒരാളും അടുത്ത് വരരുത്…” ആളുകൾ പകച്ച് മാറിനിന്നു… “ഗോപാലേട്ടാ… ഓൻ ഉരുകി തീര്ഒ…” സുനീഷിന്റെ ആ ചോദ്യത്തിന് മുൻപിൽ ഗോപാലേട്ടൻ ഉത്തരമില്ലാതെ തലകുനിച്ചു നിന്നു… ഫോണിൽ നിന്നും പിടിവിടാതെ മാനു നിലംപൊത്തി… മഴ തോർന്നു… “സംഗതി ഉരുകീട്ടില്ല… ഓനെ വേം ആസ്പ്പത്രീക്ക് കൊണ്ടോടോ…” ഗോപാലേട്ടൻ ചാർജ് എടുത്ത് പറഞ്ഞു… ആളുകൾ മാനുവിനെയും കൊണ്ട് ആസ്പത്രിലെത്തി… മഴയത്ത് കിടന്നതിന്റെയും പേടിച്ചതിന്റെയും അസ്ക്കിത ഒഴിച്ചാൽ ആ യുവതുർക്കിക്ക് ഒന്നും സംഭവിച്ചില്ല… പനി കുറഞ്ഞു കണ്ണ് തുറന്ന മാനു തന്റെ നാട്ടുകാരോടായി ചോദിച്ചു… “നിങ്ങളെല്ലാം ഇങ്ങോട്ട് വന്നോ… നാട്ടിൽ ആരെങ്കിലും ബാക്കിയുണ്ടോ!…” തന്നോടൊപ്പം മരിച്ചെത്തിയവരോട് കാര്യങ്ങൾ തിരക്കുന്നപോലെ ആധികാരികമായി മാനു തിരക്കി… “അനക്ക് ഒന്നും പറ്റിട്ടില്ല മാനോ…, ഇജ്ജ് പേടിച്ചപോലെ ഒന്നൂല്ല… അതൊക്കെ വെറുതെ മനുഷന്മാരെ മക്കാറാക്കാൻ പറഞ്ഞതാവും… ഇജ്ജ് ചൂടോടെ ഈ കഞ്ഞി കുടിക്ക്…” കോയ കാര്യം വ്യക്തമാക്കി…

കഞ്ഞി മോന്തുന്നതിനിടയിൽ മാനു ചോദിച്ചു “ബാബുക്ക സേഫ് ആണോ ?” വീട്ടിൽ അഴയിൽ തുണിയലക്കി വിരിക്കുന്ന തിരക്കിൽ ബാബുക്ക ആ ചോദ്യം കേട്ടില്ല… നാട്ടുകാർക്ക് ചിരിയടക്കാൻ പറ്റിയില്ല, അങ്ങിനെ ഗ്രാമങ്ങളിലേക്കും ബാധിക്കാവുന്ന പുകച്ചുരുളുകളിൽ നിന്നും ആ നാട് തത്ക്കാലം രക്ഷപ്പെട്ടു… നാടിന് എന്നും താൻ തുണയായുണ്ടാകും എന്ന ഗർവ്വോടെ മാനു കഞ്ഞി മതിയാവോളം കുടിച്ചുകൊണ്ടേയിരുന്നു… ഇതൊന്നുമറിയാതെ രാഘവേട്ടൻ വീണ്ടും തീപ്പെട്ടി ഉരച്ചു… പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയർന്നുപൊന്തി…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

തളർന്നു പോയ കപ്പിത്താൻ..

നീ അന്ന് പറഞ്ഞു….അവളെന്നെ കപ്പലിന് ഇപ്പോൾ വേണ്ടത് ഒരു കപ്പിത്താനെയാണ്, നിനക്കെ അത് ആകാൻ കഴിയുള്ളു എന്ന്. അന്ന് നീ പറഞ്ഞ പോലെ തന്നെ ഞാൻ അവളുടെ

....
Weeping Girl Malayalam Short Story

ഭർത്താവിന്റെ കാമുകി

“എത്രകാലമായി ഈ ബന്ധം തുടങ്ങീട്ട്..?” കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുന്നിലിരിക്കുന്നവൾ എന്റെ ഭർത്താവിന്റെ കാമുകിയാണ്…!!!!!!!! അതായത് എന്റെ താലിയുടെ അവകാശിയെ എനിക്കൊപ്പം പങ്കിട്ടെടുത്തുകൊണ്ടിരുന്നവൾ ! “ചോദിച്ചത് കേട്ടില്ലേ നീ.?

....

ആനചന്തം

ഇവൻ എന്ത് ഉദ്ദേശിച്ചിട്ടാ ഈ ജന്തുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. പോയിപോയി എന്ത്‌ തോന്ന്യാസവും കാട്ടാമെന്നായോ ഇപ്പൊ ? ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല.. പേർഷ്യയിൽ ഉണ്ടാർന്ന ഒന്നാന്തരം

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല…. വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ

....

ടീച്ചർ

ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു

....