malayalam short story

പ്രണയ ലേഖനം

ഒരു പറ്റം പോലീസുക്കാർ വീട്ടിലേക് കയറി വരുന്നത് കണ്ട് അവളുടെ അച്ഛൻ ഒന്നു പേടിച്ചു….

വീടിനു വെളിയിൽ നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിനു ചുറ്റും എന്താണെന്നറിയാൻ നാട്ടുകാർ ഓടി കൂടിയിരിക്കുന്നു….,

അവരിൽ ചിലർ ജീപ്പിലിരിക്കുന്ന ഡ്രൈവറോട് എന്താണ് കാര്യമെന്ന് തിരക്കുന്നുണ്ട്….,

പക്ഷെ ഡ്രൈവർ കാര്യം എന്താണെന്നു അവരോട് പറഞ്ഞില്ല.,

വീടിന്റെ ഉമ്മറത്തേക്ക് കയറിയ വന്ന
സി ഐ അയാൾ അവളുടെ അച്ഛനാണെന്നു ഉറപ്പുവരുത്തിയ ശേഷം അയാളോടു പറഞ്ഞു…,

എറണാകുളം ഹൈക്കോടതിയിൽ നിന്ന്
നിങ്ങൾക്കെതിരെ ഒരു നോട്ടീസ് ഉണ്ട്…!

നിങ്ങളുടെ മകളെ ഒന്നു കാണണം….!

അതു കേട്ടതോടെ
അവളുടെ അച്ഛന്റെ ഭയം ഇരട്ടിയായി….,

അയാൾ ചോദിച്ചു,

ന്താ സാറെ കാര്യം…?

അയാളുടെ പരിഭവം കണ്ട് സി ഐ പറഞ്ഞു,
നിങ്ങൾ പേടിക്കുകയൊന്നും വേണ്ട…,

ഒരു പയ്യൻ അവൻ നിങ്ങളുടെ മകളുമായി ഇഷ്ടത്തിലാണെന്നും…,
അതറിഞ്ഞ നിങ്ങൾ വീട്ടുകാരെല്ലാം
ചേർന്ന് അവളെ വീട്ടുത്തടങ്കലിൽ ആക്കിയിരിക്കയാണെന്നും,
അവളെ അയാൾക്കു വിട്ടു കിട്ടണം.,
എന്നും പറഞ്ഞ് ഹൈക്കോടതിയിൽ അയാൾ ഒരു ഹേബിയ്സ് കോർപ്പസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്…,

എന്നാൽ അവർ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാത്തതു കൊണ്ട് കേസ് ഹേബിയ്സ് കോർപ്പസായി പരിഗണിക്കാനാവില്ലെന്നും,

പകരം അങ്ങിനെ ഒരവസ്ഥ ആ പെൺക്കുട്ടി നേരിടുന്നുണ്ടെങ്കിൽ ഗൗരവമായും അതു നേരിട്ട് അന്വേഷിച്ച് വിവരം തരാൻ ആ പെൺകുട്ടിയുടെ വീടിന്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനെ ചുമതലപ്പെടുത്താമെന്നും.

പതിനഞ്ച് ദിവസത്തിനകം ഇതന്വേഷിച്ച് റിപ്പോർട്ട്‌ നൽകണമെന്നും കോടതി ആവശ്യപെട്ടിട്ടുണ്ട്…!

അതിന്റെ ഭാഗമായാണ് ഞങ്ങൾ വന്നത്…!

ഞങ്ങൾക്ക് നിങ്ങളുടെ മകളെ ഒന്നു കാണണം.

അപ്പോഴേക്കും അവളുടെ അമ്മയും അങ്ങോട്ട് എത്തി…,

വിവരം അറിഞ്ഞ അയല്പക്കത്തുള്ള പെണ്ണുങ്ങൾ മുഴുവൻ പിൻവശത്തു
കൂടി അങ്ങോട്ട് പാഞ്ഞെത്തി..,

വിവരം മനസിലായതും അവളുടെ അമ്മ പോലീസുകാരോടായി പറഞ്ഞു

ഞങ്ങൾ ഇവിടെ ആരെയും പൂട്ടിയിട്ടോന്നുമില്ല സാറേ…. !

അതു ശ്രദ്ധിക്കാതെ തന്നെ സി ഐ പറഞ്ഞു

നിങ്ങൾ ഏതായാലും മകളെ വിളിക്ക്
അത് പറയേണ്ടത് നിങ്ങളല്ല..,

നിങ്ങളുടെ മകളാണ്…!

അതു കേട്ടതും
അവളുടെ അച്ഛൻ അമ്മയെ നോക്കിയ നേരം അവർ അകത്തേക്ക് നോക്കി അവളുടെ പേര് വിളിച്ചതും അവൾ ഇറങ്ങി വന്നു….,

അവൾ ഇറങ്ങി വന്നതും പോലീസു്ക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേരെ അവളിലായി…..!

അവളെ കണ്ടതും
സി ഐ കൂട്ടത്തിലുള്ള വനിത കോൺസ്റ്റബിളിനെ നോക്കി മുഖം കൊണ്ട് ആഗ്യം കാണിച്ചതും അവർ അവളെയും കൂട്ടി വീടിന്റെ ഒരു മൂലയിലേക് പോയി….!

അതേസമയം അവിടെ കൂടിയ അയൽവാസികളയാ പെണ്ണുങ്ങളെല്ലാം കൂടി സി ഐ യോട് പറഞ്ഞു,

സാറെ….,
ആ മോൾക്ക് ഒരു അബദ്ധം പറ്റിയതാണ് ഇപ്പോൾ അവൾക് എല്ലാം അറിയാം പഴയ പോലെയല്ല…..!

സാറെ ഇവിടവൾക്ക് ഇപ്പോ കൊഴപ്പമൊന്നുമില്ലെന്ന് ഇങ്ങള്
എഴുതി കൊടുത്തോള്ളീ.. ”

അവരുടെ വർത്തമാനം കേട്ട് സി ഐ യും, എസ് ഐ യും പരസ്പരം നോക്കി ചിരിച്ചു.

കുറച്ചു സമയത്തിനു ശേഷം.,
അവളുടെ മൊഴി എടുത്ത വനിത കോൺസ്റ്റബിൾ വന്നതോടെ പോലീസുകാർ വീട് വിട്ടിറങ്ങി.

മടങ്ങി വരുന്ന വഴി വനിത കോൺസ്റ്റബിളിനോട് സി ഐ ചോദിച്ചു..

എന്താ വനജേ സ്ഥിതി ?

സ്ഥിരം കേസു തന്നെയ സാറെ,
അവൾക് അവനെ അറിയില്ലാന്നാണു അവൾ പറയുന്നത്……!

കോളേജിൽ പോകുന്ന വഴിയിൽ പലയിടത്തും വെച്ച് അവനെ കണ്ടിട്ടുണ്ടന്നല്ലതെ ഒരു പരിചയവും അവർ തമ്മിൽ ഇല്ലാത്രെ….,

ഏതോ ഒരു ദിവസം അവൻ വന്ന് അവളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ വീട്ടിൽ വന്ന് ചോദിച്ചോളാൻ അവൾ പറഞ്ഞത്രെ… !

എന്നാൽ അവളുടെ വീട്ടുകാർക്ക് ഈ ബന്ധം അത്ര ഇഷ്ടമായില്ലന്നും…,

അതിന്റെ പ്രതികാരം തീർക്കുകയാണ് അയാൾ എന്നാണ് അവളുടെ മൊഴി…..!

പോലീസുക്കാർ പോയതിനു പിന്നാലെ കുറച്ചു ദിവസത്തേക്ക് നേരം പോക്കിനുളള്ള പുതിയ കഥ കിട്ടിയ സന്തോഷവുമായി നാട്ടുക്കാരും പിരിഞ്ഞു പോയി…..!

അന്നവിടെ നടന്നതിന്റെ പേരിൽ അവൾക്ക് അമ്മയിൽ നിന്നു ഒരുപാട്
ചീത്ത കേട്ടു.,

പോലീസ് കേസ് നാട്ടിൽ പാട്ടായതോടെ അവളുടെ വിവാഹം നടക്കാൻ പിന്നെയും രണ്ടു വർഷം നീണ്ടു പോയി..,

കാലം പിന്നെയും കടന്നു പോയി..,

അഞ്ചു വർഷം….!

അങ്ങിനെ കുറെ കാലത്തിനു ശേഷം യാദൃശ്ചികമായി ഒരു ദിവസം അവളുടെ കൂടെ പഠിച്ച കൂട്ടുക്കാരി ജാമിയയെ അവൾ കണ്ടുമുട്ടി.,

ജാമിയെ കണ്ടതും തിരക്കിട്ടവൾ ജാമിയുടെ അടുത്തെക്ക് ഒാടിയെത്തി….,

പഴയ ആ സംഭവങ്ങൾക്കു ശേഷം ആരുമായും ഒരു തരത്തിലുമുള്ള അടുപ്പവും അവൾ സൂക്ഷിച്ചിരുന്നില്ല..,

അതു കൊണ്ടു തന്നെ പെട്ടന്നുള്ള ഈ കണ്ടുമുട്ടൽ അവൾക്ക് എന്തോ വലിയ സന്തോഷവും ആശ്വാസവും ആയി തോന്നി.,

ഇരുവരും ഒറ്റക്കായിരുന്നതു കൊണ്ട് തന്നെ അവർ രണ്ടു പേർക്കും പരസ്പരം നൽകാൻ അൽപ്പ സമയം കൈയിലുണ്ടായിരുന്നു..,

അതു മനസിലായതോടെ അവർ ഒന്നിച്ചൊരു കോഫി കുടിക്കാൻ തീരുമാനിച്ചു.,

അല്ലെങ്കിലും പറയാൻ കുറച്ചധികം നാളത്തെ വിശേഷങ്ങൾ ഉള്ളപ്പോൾ ആ സമയം കാപ്പി ഒരു ഒൗഷധം പോലെ മനസുഖം നൽകും….!

കുറച്ചു നേരത്തെ സുഖവിവരാന്വേഷണങ്ങൾക്ക് ശേഷം
ജാമി അവളോടു ചോദിച്ചു..,

പിന്നീടെപ്പോഴെങ്കിലും നീയവനെ കണ്ടിരുന്നോയെന്ന്….?

അതു കേട്ടതും അതുവരെ ഉണ്ടായിരുന്ന അവളുടെ മുഖഭാവം പെട്ടന്നു മാറി….,

ശബ്ദം അൽപ്പം കനപ്പിച്ചു തന്നെ അവൾ ചോദിച്ചു..,

അവനെയോ….?

എന്റെ ജീവിതം നശിപ്പിച്ച അവനേയോ…?

എന്റെ വീട്ടുക്കാർക്കു മുന്നിലും നാട്ടുക്കാർക്കിടയിലും എനിക്കു ചീത്ത പേരുണ്ടാക്കി തന്ന അവനേയോ…?

അവന്റെ ലക്ഷ്യം അവന് എന്നെ കിട്ടിയില്ലെങ്കിലും വേറെ ആരും വന്നെനെ കെട്ടാത്ത വിധം ഞാൻ മോശപ്പെട്ടവളെന്ന് വരുത്തി തീർത്ത് എനിക്ക് ചീത്ത പേരുണ്ടാക്കി മുടക്കാച്ചരക്കാക്കി എന്നെ വീട്ടിലിരുത്തുക എന്നതായിരുന്നല്ലോ…..?

എന്നിട്ടെന്തായി….?
അവന്റെ വല്ല ഉദേശവും നടന്നോ…?
ദൈവം എന്റെ കൂടെയായിരുന്നു…………!

കുറച്ചു സമയമെടുത്താലെന്താ എന്റെ വിവാഹം നടന്നില്ലെ…?

അന്നവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നെനിക്ക്….!

ഒരു തരത്തിൽ അവനുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറിയതു തന്നെ നന്നായി…..!

സ്വന്തം താൽപ്പര്യങ്ങൾക്കു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നൊരാളെ വിശ്വസിച്ച് എങ്ങിനാ കൂടെ ജീവിക്കുക….?

എന്തായാലും വലിയ ഒരാപത്തിൽ നിന്നു രക്ഷപ്പെട്ടതു തന്നെ ഭാഗ്യം…!

അതുകേട്ടതും
ജാമി ഒന്നു ചിരിച്ചു,
അതു കണ്ടതും
അവൾ ചോദിച്ചു
നീയെന്തിനാ ചിരിച്ചത്…?
ഞാൻ പറഞ്ഞതെല്ലാം ഒരു തമാശയായിട്ടാണോ നിനക്ക് തോന്നിയത്….?

അവളതു പറഞ്ഞു തീർന്നതും കുറച്ചു നേരം ജാമി അവളെ തന്നെ നോക്കിയിരുന്നു…,

പിന്നെ അവളോട്‌ പറഞ്ഞു,
നീ പറഞ്ഞ ഈ ഓരോ വാക്കുകളും കേട്ടാലറിയാം നീ പറഞ്ഞ ഒരഭിപ്രായവും നിന്റെത് അല്ലായെന്ന്…,

ഒന്നുങ്കിൽ
നിന്റെ അച്ഛൻ……!
അല്ലെങ്കിൽ നിന്റെ അമ്മ….!
ഇവരിൽ ഒരാളുടെതാണി വാക്കുകൾ…!

കാരണം മുടക്കാച്ചരക്ക് എന്ന വാക്കുകളൊന്നും നിന്നെ പോലെ ഒരാളുടെ നാവിൽ പെട്ടന്നു വരില്ല അവർ അവനെ പറ്റി പറഞ്ഞ വാക്കുകൾ നീ അതെ പടി പഠിച്ചു വെച്ചു പറയുന്നു എന്നു മാത്രം…..!

നിന്റെ വീട്ടുകാർക്ക് അവനെ ഇഷ്ടമല്ല എന്നറിഞ്ഞതു മുതൽ നീയവനെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു എന്നതാണ് സത്യം…!

അതു കേട്ട് അവൾ ജാമിയെ സംശയത്തോടെ ഒന്നു നോക്കിയതും ജാമി പറഞ്ഞു….,

നിങ്ങൾ പ്രണയിക്കുന്ന പെണ്ണുങ്ങൾക്കെല്ലാം ഒരു വിചാരമുണ്ട് നിങ്ങൾ മനസ്സിൽ എന്തു കരുതി പ്രവർത്തിച്ചാലും അത്
നിങ്ങൾക്ക് മാത്രമേ മനസിലാവൂയെന്ന്….!

എന്നാൽ നിങ്ങൾക്ക് മനസിലാകാത്ത ഒന്നുണ്ട്
അവനെ പോലെയുള്ളവർ നിന്നെ തിരഞ്ഞു വരാൻ തുടങ്ങുന്നതു മുതൽ നിന്നെ പോലുള്ളവർക്ക് കൂട്ടുക്കാരായ എന്നെപ്പോലുള്ളവരെ വേണം.,

അവന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം നോക്കി കണ്ട് നിന്നെ അറിയിക്കാനും, ഞാനല്ല അവനെ നോക്കുന്നത് അവനാണ് എന്നെ നോക്കുന്നതെന്ന് പറഞ്ഞു ഞങ്ങളെ മുന്നിൽ നല്ലകുട്ടി ചമയാനും…,

എന്നാൽ അവനെ ഒഴിവാക്കാൻ
നേരത്ത് ഒരാളുടെയും അഭിപ്രായം നിങ്ങൾക്കാവശ്യമില്ല അപ്പോൾ മാത്രം
അത് നിങ്ങളുടെ മാത്രം ജീവിതമാണ്…..”

നീയവനെ നിന്റെ ജീവിതത്തിൽ നിന്നു ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസിലായതെങ്ങിനെയാണെന്ന് നിനക്കറിയോ…?

അതു കേട്ട് അറിയാഭാവത്തോടെ അവൾ ജാമിയെ നോക്കിയതും ജാമി പറഞ്ഞു…,

നിനക്കറിയാം അവനെന്നെ വിളിക്കാറുണ്ടെന്നും ഞാനും അവനും നല്ല സുഹൃത്തുക്കളാണെന്നും…,

ആത്മാർത്ഥമായി നിനക്കവനെ വേണമായിരുന്നെങ്കിൽ രക്ഷാമാർഗം അന്വേഷിച്ചു ആദ്യം നീ എന്നെ വിളിച്ചേനെ,
അതുണ്ടായില്ല പകരം നീ ഫോൺ ഓഫാക്കി വെച്ച് അതിബുദ്ധി കാണിച്ചു,
അപ്പോഴേ എനിക്ക് മനസിലായി നീ അവനെ ചതിക്കാൻ ഒരുമ്പെടുകയാണെന്ന്…..!

നിനക്കറിയാമോ?
നിന്നെ പോലുള്ളവർ കൂടെയുള്ളവരെ കളഞ്ഞിട്ട് പുതിയ ഒരുത്തനെ സ്വീകരിക്കുമ്പോൾ ഞാനടക്കമുള്ള സകല കൂട്ടുകാരികളും പറയും…,

അല്ലെങ്കിലും അവനെക്കാൾ ഇപ്പോഴത്തെ ഇവനാണ് നിനക്ക് ചേരുന്നതെന്ന്,
അവൻ നിനക്ക് ചേരില്ലാന്ന് പണ്ടെ ഞങ്ങൾക്കറിയാമായിരുന്നു,
പിന്നെ നിനക്ക് അവനെ ഇഷ്ടമായിരുന്നതു കൊണ്ടാണ് അന്നു ഞങ്ങൾ ഒന്നും പറയാതിരുന്നതെന്നും,

ഇവനെ ആയിരിക്കും നിനക്ക് ദൈവം വിധി ചിരിക്കുന്നതെന്നും…!

എന്നാൽ,
ആ വാക്കുകൾ ഒരിക്കലും എന്നെപോലുള്ളവർ ഹൃദയം കൊണ്ട് പറയുന്നതല്ല…,

100%വും നീ ചെയ്തത് തെറ്റാണെന്നും ചതിയാണെന്നും ഉള്ള ഉത്തമ ബോധത്തോടെ നിൽക്കുന്ന നിന്റെ മനസിലെക്ക് ഞങ്ങളും കൂടി വേദനയുടെ തീക്കനൽ കോരിയിടണ്ടാനു കരുതി പറയുന്ന വെറും പൊള്ളയായ വാക്കുകൾ മാത്രമാണവ….!

കുറെക്കാലം അവനെ രാപകൽ സ്നേഹിച്ചിട്ടും അവൻ നിന്നെ സ്നേഹിച്ചിരുന്നത്തിന്റെ അളവെത്രയാണെന്ന് നിനക്കറിയാമോ…? ?

നിനക്ക് അവനെ ഒഴിവാക്കാൻ എളുപ്പമാണെന്നും
നിന്റെ ഫോൺ ഓഫാക്കി വെച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങാതിരുന്നൽ നിന്നെ കണ്ടുപിടിക്കാൻ അവനു വളരെ പ്രയാസമാവും എന്ന് അവൻ നിന്നോട് പറഞ്ഞത് ഭംഗിയായ് നീ അവനു നേരെ തന്നെ പ്രയോഗിച്ചു,

ഇഷ്ടമില്ലാന്നാണെങ്കിൽ പോലും അത് അറിയേണ്ടത് നിന്റെ നാവിൽ തുമ്പിൽ നിന്നാവണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു…,

കാരണം അവനെ നേരിൽ കാണുന്ന നിമിഷം അവന്റെ മുഖത്തു നോക്കി നീയവനെ ഇഷ്ടമില്ലാന്നു പറയില്ലാന്ന് അവന് ഉറപ്പായിരുന്നു,

അവനെ കാണുന്ന നിമിഷം എല്ലാം വിട്ട് നീയവനോടൊത്ത് ഇറങ്ങി ചെല്ലുമെന്നും
ആ പാവം വിശ്വച്ചിരുന്നു…!

അതിനായി നിന്നെ ഒന്നു കാണാൻ പലവട്ടം നിന്റെ വീടിനു ചുറ്റുവട്ടത്ത് വന്നവൻ മടങ്ങി പോയി നിന്നെ കാണാനോ കണ്ടുപിടിക്കാനോ കഴിഞ്ഞില്ല….,

“ശരീരത്തിൽ ജീവന്റെ ഒരംശം ബാക്കിയുണ്ടെങ്കിൽ ഞാൻ നിങ്ങളുടെതാവും ”

“എത്ര വേദനകളെ സഹിക്കേണ്ടി വന്നാലും എന്റെ ഈ കഴുത്തിൽ മറ്റൊരു താലിയോടെ ഞാൻ ജീവിക്കില്ല ”

എന്റെ മാനത്തിന്റെ പരിശുദ്ധിയിൽ തൊട്ട് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു,
എന്റെ അറിവോ സമ്മതത്തോടയോ മറ്റൊരു വിരൽ എന്റെ ശരീരത്തിൽ സ്പർശിക്കാൻ ഞാൻ സമ്മതിക്കില്ല അങ്ങനെ സംഭവിക്കുന്ന പക്ഷം എന്റെ ശരീരത്തിൽ ജീവനുണ്ടാവില്ല…”

ഇങ്ങനെയൊക്കെ പറഞ്ഞ നീ അവനെ ചതിക്കുമെന്ന് അവനൊരിക്കലും വിശ്വസിച്ചില്ല…..!

എന്നാൽ പറഞ്ഞ വാക്കും കൊടുത്ത സത്യവും നീ മനപ്പൂർവ്വം മറന്നു…!

അവന്റെ ഒാരോ പ്രവർത്തികൾക്ക് പിന്നിലും മറ്റൊരു വശം കൂടി ഉണ്ടാവുമെന്ന് മനസിലാക്കാതെ…,

അവനെ എങ്ങിനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിൽ നീയത് തിരിച്ചറിഞ്ഞില്ല…,

ജീവിതത്തിൽ എല്ലാ സാധ്യതയും അവസാനിക്കുമ്പോൾ എത്ര വിദൂരമെന്ന് തോന്നുന്ന സാധ്യതയും ഒരാൾക്ക് സാധ്യതയാണ്…

നിന്നെ ഒന്നു നേരിൽ കാണാൻ
ചിലപ്പോൾ സാധിച്ചേക്കാവുന്ന
അവസാന വഴിയായിരുന്നു അവനത്….,

അവനെന്തിനാണ് അതിനു തയ്യാറായതെന്നും….?

ഇതു പോലെ ഒരു കേസിൽ ആ പെൺക്കുട്ടിയുടെ മൊഴി എടുക്കേണ്ട രീതി എങ്ങിനെയാണെന്നും നിനക്കറിയോ…? ?

ഇല്ലെന്നവൾ തലയാട്ടിയതും ജാമി പറഞ്ഞു….,

ആ പെൺക്കുട്ടി ഏതു പോലീസ് സ്റ്റേഷന്റെ പരിധിയിലാണോ അവിടത്തെ ഒരു വനിത കോൺസ്റ്റബിൾ സിവിൽ ഡ്രസ്സിൽ (യൂണിഫോം ധരിക്കാതെ) ആ വീട്ടിലെത്തി വീട്ടുക്കാർക്കിടയിൽ നിന്നു അവളെ മാറ്റി നിർത്തി രഹസ്യമായി അവളുടെ മൊഴി രേഖപ്പെടുത്തി അതിൽ ഒപ്പിട്ടു വാങ്ങി അവളുടെ വീട്ടുക്കാരോടു പോലും അതെന്തെന്നു പറയാതെ ആ വീട്ടുക്കാരല്ലാതെ മറ്റാരും അറിയാതെ രഹസ്യസ്വഭാവത്തോടെ തന്നെ അത് കോടതിയിലെക്ക് അയക്കണം എന്നാണ്…,

കാരണം അത് നിന്നെ പോലെ കൊടുത്ത വാക്കു മാറ്റി പറയുന്നവർക്കു വേണ്ടി ഉണ്ടാക്കിയ നിയമമല്ല…!

വീട്ടുക്കാരുടെയും സ്വന്തക്കാരുടെയും ഭീഷണിക്കും പൂട്ടിയിടലിലും പെട്ട് എന്തു ചെയ്യും എന്നറിയാതെ വിഷമഘട്ടം പേറി നിൽക്കുന്ന വേളയിൽ അങ്ങിനെയുള്ളവരുടെ രക്ഷക്കായി നിലവിൽ വന്ന നിയമമാണ്….!

എന്നാൽ നിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നിനക്കറിയോ…..?

ഇതേ വഴി മറ്റേതോ വലിയ കേസന്വേഷിക്കാൻ പോയ പോലീസുക്കാരെല്ലാം കൂടി നിന്റെ കേസന്വേഷിക്കാൻ ഇനി വീണ്ടും ഇങ്ങോട്ടു തന്നെ കൂട്ടത്തിലൊരാൾ വരേണ്ടേ എന്നു കരുതി എളുപ്പ മാർഗ്ഗം എന്ന നിലയിൽ പെട്ടന്ന് പണി തീർക്കാൻ

അങ്ങോട്ടു പോകുന്ന വഴി നിന്റെ വീടിന്റെ ഭാഗത്തേക്ക് ജീപ്പു തിരിച്ച് വഴിനീളേ നിർത്തി നാട്ടുകാരോടെല്ലാം നിന്റെ വീട്ടുപേരും അച്ഛന്റെ പേരും ചോദിച്ചു ചോദിച്ചു ആഘോഷമാക്കി അവർ നിന്റെ വീട്ടു പടിക്കലെത്തി അതോടെ നാടും വീടും നാട്ടുകാരും സർവരും അറിഞ്ഞു….,

എന്നാൽ,
അവരെ ഏൽപ്പിച്ച ആ വലിയ ധൗത്യത്തിനു പിന്നിൽ അതിന്റെ മറുപടിക്കായി പിടക്കുന്ന നെഞ്ചിടിപ്പോടെ
ഒരാൾ കാത്തിരിക്കുന്നുണ്ടെന്ന്,

ആ പോലീസുകാർ ആരും തന്നെ ഒാർത്തില്ല.,

അവർക്കെല്ലാം അതൊരു ഡ്യൂട്ടി മാത്രമായിരുന്നു..,

അതോടെ അവന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും വന്നു പതിച്ചു…..!

ഒരു കൂട്ടർ ബന്ധം വേർപ്പെടുത്താൻ കോടതി വരാന്തക്കു മുന്നിൽ ക്യൂ നിൽക്കുമ്പോൾ,

മറ്റൊരാൾ ഇഷ്ടപ്പെട്ടവളോടൊത്ത് ജീവിക്കാൻ അവളുടെ തീരുമാനത്തിനായി കോടതി വരാന്തയിൽ കാത്തു നിൽക്കുന്നു…,

എന്തൊരു വിരോധാഭാസം….”

അവസാനം എല്ലാ പഴികളും അവനു മേൽ തന്നെ ചാർത്തപ്പെട്ടു.,
ആഗ്രഹിച്ച പെണ്ണിനേയും നഷ്ടപ്പെട്ടു…,
അവൾക്കു ചീത്ത പേരുണ്ടാക്കി എന്നാരോപിച്ച് നീ പോലും അവനെ വെറുത്തു..,

ഒരു രഹസ്യം കൂടി നീയറിഞ്ഞോള്ളൂ,

നീയവനെ അറിയില്ലാന്നു പറഞ്ഞതും, അവനുമായി ഒരു ബന്ധവുമില്ലാന്നു പറഞ്ഞതും പച്ച കള്ളമായിരുന്നെന്ന്
അന്നു വന്ന എല്ലാ പോലീസുക്കാർക്കും അറിയാമായിരുന്നു..,

നീയും അവനും ഒന്നിച്ചുള്ള ഫോട്ടോയും നീ അവനുമായുള്ള കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു എന്നതിന്റെ കോൾ ലീസ്റ്റും അവരുടെ കൈയിലുണ്ടായിരുന്നു..,

നീ അവനോടുള്ള താൽപ്പര്യം തുറന്നു സമ്മതിച്ചിരുന്നെങ്കിൽ നിന്നെ സഹായിക്കാനുള്ള തെളിവായി അതു മാറുമായിരുന്നു…,

പക്ഷെ നീ സാഹചര്യത്തിനൊത്ത് മാറിയെന്ന് അവർക്കു മനസിലായതു കൊണ്ടാണ് അവരതു നിന്നെ കാണിക്കാതിരുന്നത്….!

അതിന്റെ കൂടെ നിന്റെ അയൽവാസികളായ സ്ത്രീകൾ പറഞ്ഞ,

” സാറെ….,
ആ മോൾക്ക് ഒരു അബദ്ധം പറ്റിയതാണ് ഇപ്പോൾ അവൾക് എല്ലാം അറിയാം പഴയ പോലെയല്ല….. ”

എന്ന ഈ വാചകം കൂടി ആയപ്പോൾ അവർക്കെല്ലാം മനസിലായി…,

എല്ലാം കേൾക്കുകയല്ലാതെ അവളൊരക്ഷരം മിണ്ടിയില്ല അതിനിടയിലും തൊണ്ട വരണ്ട് കുടിക്കാനായി കാപ്പി കപ്പ് കൈയിലെടുത്തപ്പോൾ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു……,

എന്നാൽ അവനിതെല്ലാം ചെയ്തത് നിന്നോടൊത്ത് ജീവിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹം കൊണ്ടായിരുന്നു എന്ന സത്യവും നീ മനസിലാക്കിയില്ല….!!

ഒരാൾ ഒരു പെണ്ണിനു വേണ്ടി പൊരുതുന്നത് മറ്റൊരുത്തിയേ കിട്ടാഞ്ഞിട്ടല്ല, നിന്നോള്ളം അവളെ സ്നേഹിക്കാനാവില്ലെന്ന് അവനുറപ്പുള്ളതു കൊണ്ടാണ്….!

പിന്നെയും ജാമി പറഞ്ഞു..,
അവന് നീ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നു നിനക്ക് മനസിലാക്കാൻ ഒരു കാര്യം കൂടി പറയാം..,

നിനക്കറിയാവുന്ന കാര്യം തന്നെ..,

ഒരു പെൺക്കുട്ടിയും തനിക്ക് ലഭിച്ച
ലൗ ലെറ്റർ അതെത്ര പ്രിയപ്പെട്ടതാണെങ്കിലും തന്റെ മുറിയിലോ വീട്ടിലോ അവളതു സൂക്ഷിക്കാൻ ധൈര്യം കാണിക്കില്ല…,

എന്നാൽ
തന്നെ സ്നേഹിക്കുന്നവന് തന്നോടുള്ള ഇഷ്ടത്തിന്റെ അളവിനെ കുറിച്ച് ഇടക്കിടെ ഒരു പുഞ്ചിരിയോടെ വായിച്ചു രസം കൊള്ളാൻ ഏതൊരു പെണ്ണും അങ്ങിനൊന്ന് ആഗ്രഹിക്കും…,

ഒരിക്കൽ ആഗ്രഹമുണ്ടെങ്കിലും അങ്ങിനെ ഒരു എഴുത്ത് വീട്ടിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് നീയവനോടു പറഞ്ഞപ്പോൾ പിന്നെ അവന്റെ ചിന്ത അതു മാത്രമായി…,

വൈകാതെ തന്നെ നിന്റെ വീട്ടിൽ എന്നല്ല ആരുടെ മുന്നിലും തുറന്നിടാവുന്ന രീതിയിൽ, ആരെയും പേടിക്കാതെ എവിടെ വെച്ചും നിനക്കത് വായിക്കാവുന്ന രീതിയിൽ അവന്റെ പ്രണയലേഖനം നിന്റെ കൈകളിലെത്തി…..!

ആ വർഷം വാലന്റൻസ് ദിനത്തോട് അനുബന്ധിച്ചു മലയാള മനോരമ സംസ്ഥാന വ്യാപകമായി നടത്തിയ പ്രണയലേഖന മത്സരത്തിൽ അവനെഴുതിയ പ്രണയലേഖനം ഒന്നാമതായി തിരഞ്ഞെടുത്ത് 2009 ഫിബ്രവരി 14 ന് പുറത്തിറങ്ങിയ പത്രത്തിൽ അച്ചടിച്ച് നിനക്ക് ആർക്കു മുന്നിലും തുറന്നിടാവുന്ന രീതിയിൽ നിന്റെ കൈയ്യിൽ വന്നു ചേർന്നു…,

അത് നിനക്ക് വേണ്ടി എഴുതപ്പെട്ടതാണെന്ന് നിനക്കും അവനും മാത്രമറിയാവുന്ന രഹസ്യവുമായി…”

എന്നാൽ ആയിരക്കണക്കിനു ആളുകൾ എഴുതാൻ സാധ്യതയുള്ള അങ്ങിനെ ഒരു മത്സരത്തിൽ അവരെ എല്ലാം മറി കടന്നു വേണം വിജയിക്കാൻ എന്നു മനസിലാക്കി അവനതിനു മുതിരുമ്പോൾ അവന്റെ കൈമുതൽ അവനു നിന്നോടുള്ള ഇഷ്ടത്തെ അതെ അളവിൽ അണുവിട തെറ്റാതെ കടലാസിൽ പകർത്തുക എന്നതു മാത്രമായിരുന്നു…,

ആ വിശ്വാസത്തിലേറിയാണ് അവനതു നേടിയത്, അങ്ങിനെ വരുമ്പോൾ അവൻ നിന്റെ മേൽ വെച്ചിരുന്ന ഇഷ്ടത്തിന്റെ അളവാണ് അവിടെ പ്രതിധ്വനിച്ചത്…..!

അതിലെ ഒരോ വാക്കിലും നിന്നോടുള്ള വിലമതിക്കാനാവാത്ത സ്നേഹം കൂടി ഉണ്ടായിരുന്നു,
എന്നാൽ നിനക്ക് അവന്റെ ആ സ്നേഹത്തിന്റെ അളവ് ഊഹിക്കാനാവുമോ…?

അവന്റെ ചോരയിലും ജീവനിലും മുക്കിയാണ് അവനത് എഴുതിയിട്ടുള്ളത്…!

ഒന്നറിഞ്ഞോള്ളൂ..,
നീ നഷ്ടപ്പെടുത്തിയത് അവനെയല്ല….,

എല്ലാ പെണ്ണുങ്ങളും ജീവിതത്തെ കുറിച്ചു കാണുന്ന ഒരു സ്വപ്നമില്ലെ…..? ?

തന്നെ മാത്രം സ്നേഹിക്കുന്ന.,
പിണങ്ങുന്നതിനേക്കാൾ വേഗത്തിൽ തന്നോട് ഇണങ്ങുന്ന.,
എപ്പോഴും തന്നോടു സംസാരിക്കാൻ ഇഷ്ടപ്പെടുന്ന,
തന്റെ എല്ലാ ബുദ്ധിമുട്ടിലും തന്നോടൊപ്പം നിൽക്കുന്ന.,
തന്നെ പോലെ തന്റെ കുടുംബത്തെയും സ്നേഹിക്കുന്ന.,
തന്റെ ആഗ്രഹങ്ങളോടൊത്ത് ജീവിക്കാൻ തന്നെ പ്രാപ്തയാക്കി തന്നോട് ചേർന്നു നിൽക്കുന്ന.,
തന്റെ എല്ലാ കുറവുകളോടും കൂടി തന്നെ സ്നേഹിക്കുന്ന.,
ഒരാളോടൊത്തുള്ള ജീവിതമായിരുന്നു

നിന്റെ നഷ്ടം…!

അതോടൊപ്പം നിനക്ക് നഷ്ടമായ മറ്റൊന്നു കൂടിയുണ്ട്.,

മകന്റെ ഇഷ്ടങ്ങൾക്ക് കൂട്ടു നിൽക്കുന്ന ഒരമ്മയും.,
നീ ആ വീട്ടിലെക്ക് പടി കയറി വരുമ്പോൾ മരുമകൾ എന്നതിനേക്കാൾ മകളായി കണ്ട് നിനക്കു നൽകി നിന്നെ സ്വീകരിക്കാൻ അവർ കരുതി വെച്ച ഏഴു തിരിയിട്ട ഒരു നിലവിളക്കും….!

സത്യത്തിൽ നീയവനെ കൈവിട്ടു എന്നു മനസിലാക്കിയ നിമിഷം തന്നെ ദൈവം നിന്നെ കൈവിട്ടിരുന്നു….!

അതെല്ലാം കൂടി കേട്ടതും.,
വിങ്ങി പൊട്ടാറായ അഗ്നിപ്പർവ്വതം പോലെയായി അവളുടെ മുഖം…,

പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…,

അതോടെ
മറ്റു ചിലതൊന്നും ജാമി അവളോടു പറഞ്ഞില്ല..,

പകരം
ജാമി പറയാൻ ബാക്കി വെച്ചതെല്ലാം
തന്റെ ഹൃദയത്തോട് ഇങ്ങനെ പറഞ്ഞു..,

ഒരു പെൺക്കുട്ടിക്ക് തന്നെ അത്രയേറെ സ്നേഹിക്കുന്ന ഒരാളെ അത്ര പെട്ടന്ന് തന്റെ ഹൃദയത്തിൽ നിന്ന് എടുത്തു മാറ്റാനാവുമെന്ന് അവൻ വിശ്വസിച്ചിരുന്നില്ലെന്ന്
ഞാനവളോടു പറഞ്ഞില്ല…,

വിശ്വസിച്ച ഹൃദയത്തിൽ നിന്നുള്ള ചതിയാണ് ഒരാളുടെ ഏറ്റവും വലിയ വേദനയെന്നും
ഞാനവളോടു പറഞ്ഞില്ല…,

കല്ല്യാണം പോലെ ഒരു ദിവസം കൊണ്ടു തീരുന്ന ചടങ്ങല്ല ജീവിതമെന്നും അതിന് ഉറപ്പുള്ള സ്നേഹത്തിന്റെ പിൻബലം വേണമെന്നവൾക്കു ബോധ്യം വരുന്ന നാളിൽ അവളുടെ മിഴികൾ എനിക്കു വേണ്ടി നിറയും എന്നവൻ പറഞ്ഞതും
ഞാനവളോട് പറഞ്ഞില്ല….,

അവൾ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന വിശ്വാസത്തോടെ ജീവിതാവസാനം സന്തുഷ്ടയായി പുഞ്ചിരിച്ച മുഖത്തോടെ അവൾ മരണത്തെ പുൽകട്ടെ അവിടെ അവളുടെ പുഞ്ചിരിക്ക് കളങ്കമായി എന്റെ ഒാർമ്മകൾ വേണ്ട എന്നവൻ പറഞ്ഞതും
ഞാനവളോടു പറഞ്ഞില്ല…,

പ്രണയമെന്നാൽ,
തമ്മിൽ ഒരാളെ നഷ്ടപ്പെടുന്നതും, മരണവും ഒന്നാണെന്നും ”
ഞാനവളോടു പറഞ്ഞില്ല…,

അവന്റെ ഹൃദയത്തിന്റെ പ്രൊഫയൽ ചിത്രം അതെന്നും നീ മാത്രമാണെന്നും
ഞാനവളോട് പറഞ്ഞില്ല…,

അവളുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കകം തന്നെ മറ്റൊരു പെണ്ണിനേയും സ്നേഹിക്കാനാവാത്ത വിധം തന്റെ ജീവന്റെ ഒരോ അണുവിലും അവൾ മാത്രമാണ് എന്ന തിരിച്ചറിവിൽ

സ്വന്തം ജീവൻ തന്നെ
തന്റെ പ്രണയത്തിനായി ബലിയർപ്പിച്ച് അവൻ മണ്ണോടു മണ്ണായി ചേർന്ന് അവന് തന്റെ പ്രണയം നഷ്ടമായ അത്ര തന്നെ വർഷങ്ങളായി എന്ന വിവരവും.,

ഞാനവളോടു പറഞ്ഞില്ല…!!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
atvērt binance kontu
23 days ago

Thanks for sharing. I read many of your blog posts, cool, your blog is very good.

About The Author

യാത്ര

യാത്രകളോളം സുന്ദരമായ മറ്റൊന്നുണ്ടോ…?നിങ്ങളിൽ പലരെയും പോലെ ഇല്ല എന്ന് തന്നെയാണ് എന്റെയും ഉത്തരം……………പണ്ട് എവിടെയോ വായിച്ചതുപോലെ..ഏറ്റവും മനോഹരമായ യാത്ര,അത് നമ്മളുടെ ഇന്നലകളിലേക്ക് ഉള്ള തിരിച്ചുപോക്കാണ്..ഞാനും ഇപ്പോൾ അങ്ങനെയൊരു

....

21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ

....
malayalam short story

കഴുകൻ കണ്ണുകൾ

ഏതായാലും നീ മരിക്കാൻ പോവുകയല്ലേ….? അതിനു മുമ്പ് നിന്റെ ശരീരം എനിക്കു തന്നൂടെ….? ? ? അവന്റെ ആവശ്യം കേട്ട് അവളവനെ നോക്കിയെങ്കിലും അന്നേരവും അവന്റെ മുഖത്ത്

....
Indian Girl Malayalam Short Story

കാമുകന്റെ കല്യാണസദ്യ

“ഡീ നീ ഒരുങ്ങിയോ? ഞാനിറങ്ങട്ടെ .?” ” ഉം ഇറങ്ങിക്കോ….” “നീ ഓക്കെയല്ലേ..?” “നീ വാ റിയ…. ഞാനിവിടെ വെയിറ്റ് ചെയ്യാം” ഫോൺ കട്ട് ചെയ്തു അലക്ഷ്യമായി

....
best malayalam short stories

ബുള്ളെറ്റ് മെറിൻ

ഒരു നട്ടുച്ചവെയിലത്തു വീടിനടുത്തുള്ള പറമ്പിൽ പിള്ളേരുടെ ക്രിക്കറ്റ്‌ കളി കണ്ടോണ്ടിരിക്കുമ്പോഴാണ് പൂഴിമണ്ണ് നിറഞ്ഞ ഇടവഴിയിലൂടെ പടപടാ ശബ്ദത്തിൽ ഒരു ബുള്ളെറ്റ് പാഞ്ഞുപോകുന്നത് കണ്ടത്… ഇതാരെടാ ഈ വഴിക്ക്

....

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന്

....