കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്…
നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന
നേർത്ത രണ്ട് ദർപ്പണങ്ങൾ…..
ആദ്യമായി കാണുന്നൊരാൾക്ക്
അവളുടെ ചിരിക്കുന്ന,
പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ…
ഒരു ചിരിക്കു പിന്നിൽ വന്ന് ഒളിച്ചിരിക്കുന്ന
അവളുടെ കണ്ണുനീർത്തുള്ളികൾ
ആർക്കും കാണാൻ കഴിഞ്ഞില്ല…
ചിരിക്കുമ്പോൾ മാത്രം പ്രകാശിക്കുകയും
അല്ലാത്തപ്പോൾ നിരാശയുടെ കാറ് മൂടി
പെയ്യാൻ ഒരുങ്ങിനിൽക്കുകയും ചെയ്യുന്ന
ആ മിഴികൾ ആരും കണ്ടിട്ടില്ല…
ഒറ്റയ്ക്കാകുമ്പോൾ ഒക്കെയും
പെയ്തൊഴിയുന്ന ആ മേഘങ്ങളെ അവൾ
കണ്ണുകളിൽ ഒളിപ്പിച്ചതും ആർക്കുമറിയില്ല…
പ്രതീക്ഷയൊക്കെയും നഷ്ടമായവളുടെ
ശൂന്യതയുണ്ട് അവളുടെ കണ്ണുകളിൽ…

