ഓണം – നഷ്ടപ്പെട്ട കാലം സുവര്‍ണ്ണകാലം

ഓണം, ഓര്‍മ്മകളുടെ പൂക്കാലം. ഓര്‍മ്മകളില്‍നിന്ന് ഓര്‍മ്മകളിലേക്ക് പൂതേടിപ്പോകുന്ന പൂവിളിക്കാലം! ഓണം, ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും വസന്തമാകുന്നു!
ഓണം, പോയകാലത്തിന്റെ  സന്തോഷങ്ങളും നഷ്‌ടമായ നന്മകളുമാകുന്നു!
ഓണം വെറും ആഘോഷം മാത്രമല്ല, അറിവുകളുടെ പെരുമഴക്കാലം കൂടിയാണ്!
ഓണഓര്‍മ്മകള്‍ കൂടുതല്‍ മിഴിവോടെ മനസ്സില്‍ തെളിഞ്ഞുവരുന്നത്, ഓണം  ഒത്തൊരുമയുടെ ആഘോഷങ്ങളും ഓർമ്മപ്പെടുത്തലുകളും ആകുമ്പോഴുമാണ്!
ഓരോ ഓണത്തിനും നിലാവിന്‍റെ വിശുദ്ധിയും പച്ചപ്പിന്‍റെ നൈര്‍മല്യവും പൂക്കളുടെ നറുമണവും ഉണ്ടാകും!
ഓരോ ഓണവും മഴവില്‍ക്കാഴ്ചപോലെ മനസ്സില്‍ മായാതെ കിടക്കുന്ന ഓര്‍മ്മകളാണു സമ്മാനിക്കുന്നത്!
തുളസിപ്പൂവിന്‍റെ പരിശുദ്ധിയും തുമ്പപ്പൂവിന്‍റെ നൈര്‍മ്മല്യവും മുക്കൂറ്റിപ്പൂവിന്‍റെ നിഷ്ക്കളങ്കതയും കോളാമ്പിപ്പൂവിന്റെ തെളിമയും ചെത്തിപ്പൂവിന്‍റെ വര്‍ണ്ണശോഭയും ചെമ്പരത്തിയുടെ ലാളിത്യവും മനസ്സുനിറയ്ക്കുന്ന പൂക്കാലം!
ജന്മംകൊണ്ട് അസുരനും കര്‍മ്മകൊണ്ടു ദേവനും ആകാമെന്ന് ഓരോ ഓണവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു!
‘നഷ്ടപ്പെട്ട കാലം സുവര്‍ണ്ണകാലമായിരുന്നു’ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓണം!
പൂക്കളും പൂവിളിയും ഓണക്കോടിയും ഓണസദ്യയും ഓര്‍മ്മകളില്‍ പൂക്കുന്നകാലം!
സന്തോഷവും, സമാധാനവും, സമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിന്‍റെ ബാക്കിപത്രത്തിന്‍റെ സ്മരണകള്‍ ഉയര്‍ത്തിയെത്തുന്ന ഓണം!
മാവേലിയുടെ കാലത്തെ സമത്വസുന്ദരമായ ഭൂമികയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓണം!
മധുരമുള്ള ഓര്‍മ്മകള്‍കൊണ്ടൊരു അത്തപൂക്കളം, കാത്തിരിപ്പിന്‍റെ ഓര്‍മ്മപ്പൂക്കളങ്ങള്‍ക്കു  ചന്തംചേര്‍ക്കുന്ന തിരുമഹോത്സവം, ഓണം!
ഓണത്തിന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്, പുള്ളേരോണത്തിന്‍റെ വൈകിട്ട് ഇലയില്‍ ചോറുണ്ണുമ്പോള്‍, ഓണത്തിലേക്കുള്ള പൂവിളി മനസ്സില്‍ ഉയരുന്നതോടെ!
പിന്നെയുള്ള ദിവസങ്ങളില്‍, രാവിലെയും വൈകിട്ടും കുളിക്കടവില്‍ കുളിക്കാന്‍ പോകുമ്പോള്‍ തോട്ടിറമ്പിലും; സ്കൂളില്‍ പോയിവരുമ്പോള്‍ വഴിവക്കുകളിലും; സ്കൂള്‍ വിട്ടുവന്നു വൈകുന്നേരങ്ങളില്‍ ആടിനെ തീറ്റാന്‍പോകുമ്പോള്‍ പൊന്തക്കാടുകളിലും പൂവിട്ടുനില്‍ക്കുന്ന ചെടികളെ കണ്ടുവെക്കും!
തുമ്പ, തുളസി, തൃത്താപ്പൂ,  തൊട്ടാവാടി, തിരുതാളി, താമര, ചെമ്പരത്തി, ചേമന്തി, ചെണ്ടുമല്ലി, ചെത്തി, ചെമ്പകമരളി, ചെമ്പകം, ചെറൂള, ചിറ്റാട, ചെങ്കുറിഞ്ഞി, നന്ദ്യാര്‍വട്ടം,  നാലുമണിപ്പൂ, മന്ദാരം, മത്തപ്പൂ, മുക്കുറ്റി, മഞ്ഞരളി,  മാങ്ങാനാറിപ്പൂ, അരിപ്പൂ, അരളിപ്പൂ, അശോകപ്പൂവ്, ആമ്പല്‍പ്പൂ, കാശിത്തെറ്റി, കാശിത്തുമ്പ,  കാട്ടുകുറിഞ്ഞി, കാക്കപ്പൂ, കദളിപ്പൂ,  കലമ്പട്ട, കോളാമ്പിപ്പൂ, കമ്മല്‍പ്പൂ, കൃഷ്ണകിരീടം, കനകാംബരം, കൊടുവേരി, കണ്ണാന്തളിപ്പൂ, കൊങ്ങിണിപ്പൂ,  ശീമകൊങ്ങിണി,  പത്തുമണിപ്പൂ, പൂച്ചപ്പൂ, സുഗന്ധറാണി, സൂര്യകാന്തി, വിഷ്ണുക്രാന്തി, ജമന്തിപ്പൂ, വാടാമല്ലി,  ശംഖുപുഷ്പം,   ഗന്ധരാജന്‍ ഇങ്ങനെ പൂക്കളുടെ ആവണിവസന്തമായി ഓണത്തിന്‍റെ വരവറിയിക്കുന്ന ദിനങ്ങള്‍. പേരറിയാവുന്നവയും അറിഞ്ഞുകൂടത്തവയുമായ എത്രെയെത്ര പൂക്കള്‍. ഓണത്തിനുമാത്രം പൂക്കുന്ന ചില ചെടികളും ഉണ്ടായിരുന്നു.
ഇങ്ങനെ, പൂക്കളുടെ ഒരു വലിയ നീണ്ടനിരതന്നെ. ഈ പൂക്കളില്‍ എല്ലാംതന്നെ വീടിന്‍റെ ചുറ്റുവട്ടത്തുള്ള പറമ്പിലും തൊടിയിലും പാടത്തും തോട്ടിറമ്പിലും കുന്നിന്‍പുറങ്ങളിലും സുലഭമായിരുന്നു. പ്രകൃതിക്കു കരിമ്പടം ചാര്‍ത്തിനില്‍ക്കുന്ന കാക്കപ്പൂവ്, പാടവരമ്പിലും തോട്ടിറമ്പിലും അതിരുകളിലും വളര്‍ന്നുനില്‍ക്കുന്ന കദളി അഥവാ അതിരാണിപ്പൂവ്, കുലകുലകളായി വിടരുന്ന അശോകപ്പൂവ്, പുഷ്പരാജാവ് എന്നു വിശേഷിപ്പിക്കാവുന്ന കൃഷ്ണകിരീടം എന്നിവയായിരുന്ന പുഷ്പശേഖരങ്ങളിലെ അധികഭാഗവും. ഓണമെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഈ പൂക്കളെല്ലാം അവയുടെയെല്ലാം വര്‍ണ്ണഭംഗിയോടെനില്‍ക്കുന്ന ചിത്രമാണ് മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. ഓര്‍മ്മയിലെ ഓണത്തിന്‍റെ അനുഭവങ്ങള്‍ക്കു വർണ്ണങ്ങള്‍ തീര്‍ക്കുന്നതു പൂക്കള്‍കൊണ്ടാണല്ലോ? മാറിയ മലയാളിയുടെ മാറിയ ഓണത്തില്‍ ഈ നാട്ടുപൂക്കള്‍ക്കു സ്ഥാനമില്ലെന്നറിയാം എങ്കിലും ഓര്‍ത്തുപോകുന്നു. ഇത്തരം ഓര്‍മ്മപ്പെടുത്തലുകളല്ലേ നമ്മുടെ ഓണത്തിന്‍റെ തിരുശേഷിപ്പികള്‍!
അത്തത്തിനു രണ്ടുമൂന്നു ദിവസംമുമ്പേ ഇല്ലിമുളംകാട്ടില്‍ക്കയറി മുളയുടെ പാള ശേഖരിക്കും. ആ പാള വെള്ളത്തിലിട്ടു കഴുകിവൃത്തിയാക്കി ഉണക്കി രണ്ടായിമടക്കി പച്ചയീര്‍ക്കിളികൊണ്ടു കുത്തിക്കോര്‍ത്തു പൂക്കൂട ഉണ്ടാക്കും. ആ കൂടക്ക് വാഴനാരുകള്‍ പിന്നിക്കോര്‍ത്തു കൈപിടിവള്ളിയും ചേര്‍ക്കും, ഇത്തരം പാളക്കൂടയില്‍ ശേഖരിക്കുന്ന പൂക്കള്‍ വാടാതിരിക്കും. കമുകിന്‍ പാള(കുമ്പാള)കൊണ്ടും ഇത്തരത്തില്‍  പൂക്കൂട ഉണ്ടാക്കും. സ്കൂള്‍ വിട്ടുവന്നാല്‍, വൈകുന്നേരം ഇരുട്ടുന്നവരെയും രാവിലെയും ആണ് പൂ പറിക്കന്നത്. നാട്ടൂപൂക്കളെയും നാട്ടുനന്മകളെയും തൊട്ടറിയുന്ന കാലം!
അത്തത്തിന്‍റെ തലേദിവസം മുറ്റംചെത്തിമിനുക്കി നടുമുറ്റത്തു പച്ചമണ്ണുവിതറി, അടിച്ചുറപ്പിച്ച്, മിനുസംവരുത്തി, പച്ചച്ചാണകമിട്ടുമെഴുകി പൂത്തറ ഉണ്ടാക്കും. അത്തം മുതല്‍ മൂന്നുനാള്‍ തുമ്പക്കുടവും തുളസിക്കാതിരും മാത്രമേ ഇടാറുള്ളൂ. നാലാം ദിവസംമുതല്‍ പൂക്കള്‍കൊണ്ടുള്ള പൂവിടിയിലായി. വൃത്തത്തില്‍ വിവിധങ്ങളായ പൂക്കള്‍കൊണ്ടുള്ള വര്‍ണ്ണപ്രപഞ്ചംതന്നെ തീര്‍ക്കും. നാലാം ദിവസം നലുവളയം അഞ്ചാം ദിവസം അഞ്ചുവളയം അങ്ങനെയൊന്നുമില്ല. ഏഴാംദിവസം ചതുരത്തില്‍ പൂവിടണമെന്നുള്ള നിഷ്ട അന്നൊന്നും അറിഞ്ഞുകൂടായിരുന്നു. ഒരു ദിവസം കിട്ടുന്നപൂക്കളെല്ലാം അന്നേദിവസത്തെ പൂക്കളമാകും. വളയങ്ങളുടെ എണ്ണം കൂട്ടുന്നതിലൂടെ അയല്‍വീടുകളുമായി സൗഹൃദപരമായ മത്സരവും ഉണ്ടെന്നുതന്നെ പറയാം.
ഓണത്തിന്‍റെ ഓര്‍മ്മകളില്‍, പൂവും പൂവിളിയും പൂക്കളവും പൂവടയും തന്നെ പരമപ്രാധാനം. പൊന്നിന്‍ചിങ്ങവും മാവേലിയും ഓണക്കോടിയും ഓണസദ്യയും ഓണക്കളികളും രണ്ടാമതുമാത്രം!
ഇന്നിപ്പോള്‍, നമ്മുടെ നാടും മാറി, നാട്ടാരും മാറി, അതോടെ മലയാളിയുടെ ഓണവും മാറി. സ്വന്തം ചുറ്റുവട്ടത്തുനിന്നു പറിച്ചെടുക്കാന്ന നാട്ടുപൂക്കള്‍കൊണ്ട് തീര്‍ത്തിരുന്ന പൂക്കളത്തില്‍നിന്നു നമ്മള്‍ മലയാളിയുടെ പുരോഗമനയാത്ര ചെന്നെത്തിയിരിക്കുന്നത് എവിടെ? ഇനിയുള്ള ഓണങ്ങള്‍ക്കു നമ്മുടെ മുറ്റങ്ങളെ അലങ്കരിക്കുവാന്‍ ആ നാട്ടുപൂക്കള്‍ ഉണ്ടാവില്ല! അവയില്‍ പലതിനും വംശനാശം നേരിട്ടുകഴിഞ്ഞു.
പക്ഷേ, വംശനാശം സംഭവിക്കാതെ ഒന്നുണ്ടാകും മലയാളികളുടെ ഓണം! അത്, അവസാനത്തെ മലയാളിയും ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുംവരെ ഇവിടെയുണ്ടാകും. ഓണമെന്നാല്‍ മലയാളിയും മലയാളിയെന്നാല്‍ ഓണവും!!
‘അത്തം കറുത്താൽ ഓണം വെളുക്കും’ എന്നതിന് ആഗോളകാലാവസ്ഥവ്യതിയാനം മാറ്റംവരുത്തിയെങ്കിലും; ‘അത്തം പത്തോണം’ എന്നതു തീർത്തും വാണിജ്യപരമായെങ്കിലും ലോകമെമ്പാടുമുള്ള സകല മലയാളികളും നെഞ്ചിലേറ്റുന്നു. കണ്ണുകൊണ്ടു കാണാവുന്നതില്‍ ഏറ്റവും തിളക്കം മുറ്റിയ അത്തം നക്ഷത്രം ചിങ്ങാകശത്തുതെളിയുമ്പോൾ അത്തപ്പൂക്കളം ചിങ്ങത്തിരുമുറ്റത്തു പത്തുനാളും ഒരുക്കുവാനും തിരുദിനങ്ങളുടെ തിരുദിനമായി തിരുവോണം ആഘോഷിക്കുവാനും ഉള്ള മലയാളികളുടെ ഉത്സാഹം ആചാരങ്ങൾക്കപ്പുറത്ത് ഒരു സ്വകാര്യയഹങ്കാരംതന്നെ!
ഇതോടൊപ്പം ഒരു കാര്യംകൂടി കൂട്ടിവയിക്കാന്‍ ആഗ്രഹിക്കുന്നു. മഹാബലി, പൂണൂലും കുടവയറുമുള്ള ഒരു കോമാളിയല്ലെന്നും മലയാളികളുടെ ഹൃദയംകവര്‍ന്ന കരുത്തനായ അസുരരാജാവാണെന്നും ഭൂമിയും അധികാരങ്ങളും നഷ്ടപ്പെട്ട ആ രാജന്‍ ഒരു ജനതയുടെ ചരിത്രത്തിലെ അണയാത്ത ദീപമാണെന്നും!
കുറുങ്ങാട്ട് വിജയന്‍
Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ആദ്യ രാത്രി

“കല്യാണം കഴിഞ്ഞു ആദ്യരാത്രിയിൽ തന്നെ ഭാര്യയെ നഷ്ടപ്പെടുക “ ആ ഒരവസ്ഥ എങ്ങനെയായിരുന്നിരിക്കണം ഒരു ചെറുപ്പക്കാരൻ തരണം ചെയ്യുക….! സംശയം വേണ്ട, സാമാന്യം ആർക്കായാലും സമനില തെറ്റിപ്പോകും

....
malayalam short story

യഥാർത്ഥ ശരികൾ

എത്രയൊക്കെ മൂടിവെച്ചാലും.., നാളെ നീ ചെയ്ത നിന്റെ തെറ്റുകളെ ഒാർത്തല്ല.., നീ ചെയ്ത നിന്റെ ശരികളെ ഒാർത്താണ് നിനക്ക് ഏറ്റവും അധികം ദു:ഖിക്കേണ്ടി വരുക…! അതും ഒരിക്കൽ

....

നശിക്കാത്ത ഒരു മോതിരം

” ഞാൻ നാളെ മുതൽ ഒരു തുണിക്കടയിൽ ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ ?” ” അത് എന്താടി ? എന്റെ മുഖം മാത്രം കണ്ട് നീ

....

ഇങ്ങനെയും ചിലർ

ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്..ഒറ്റയ്ക്കാവാം…ആരുമില്ലാതെയാകാം.. ഒരിക്കൽ ജീവിതത്തിലേയ്ക്ക് ഈയാം പാറ്റകളെ പോലെ ആളുകൾ പറന്നടുക്കാം…നാം പോലും അറിയാതെ അവർ ഇറങ്ങിപ്പോയെന്നും വരാം..ഇനിയും ചിലരെ നമുക്ക് തന്നെ ഇറക്കി വിടേണ്ടതായും

....
malayalam short story

സ്കൂൾ ഓർമ്മകൾ

സ്ക്കൂളിൽ വെച്ച് എന്റെ എട്ടാമത്തെ വയസ്സിലാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്….! അവനാണേൽ വികൃതിക്ക് പേര് കേട്ട ഒരു ചെക്കനും…! എന്റെ തലയിലെ റോസാപ്പൂ കട്ടെടുക്കുന്നത് അവനൊരു

....
malayalam best story

ഒറ്റപ്പെടൽ

എനിക് അറിയില്ല എന്താണ് എനിക് സംഭവിക്കുന്നത് എന്ന് . ഒറ്റപ്പെടൽ .മക്കൾ സ്കൂൾ പോകും പിന്നെ രവി ഏട്ടൻ ജോലിക്കും .അടുക്കള പണികളും എൻ്റെ ജോലിയും അഴി

....