ശബ്ദം ഉണ്ടാക്കാതെ പതിയെ വാതിൽ ചാരി പുറത്തിറങ്ങി…മേശപ്പുറത്ത് വച്ചിരിക്കുന്ന ആ പാത്രത്തിലെ കഞ്ഞി
അവൾ കുടിക്കാൻ പോകുന്നില്ല, അറിയാമത്… എങ്കിലും അതവിടെ കൊണ്ട് ചെന്ന് വയ്ക്കുമ്പോൾ എൻ്റെ സ്നേഹത്തിൻ്റെ ചൂടുള്ള ആ കഞ്ഞിയിലെയ്ക്ക് അവൾ ഒന്ന് നോക്കുക എങ്കിലും ചെയ്തിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോകുന്നു….
ആ മുറിയാണ് അവളുടെ ലോകം…കുഴമ്പിൻ്റെ മണമുള്ള ആ തുരുത്തിലാണ് അവൾ ഇത്രയും നാൾ കഴിഞ്ഞത്…അതിനുള്ളിൽ നിന്ന് പുറത്തേയ്ക്കിറങ്ങാനോ ആരെയെങ്കിലും അകത്തേയ്ക്ക് പ്രവേശിപ്പിക്കാനോ അവൾ ഒരുക്കമല്ല….
തൻ്റെ ആകെയുള്ള ബന്ധു വാര്യർ അമ്മാവൻ മാത്രമാണ്….അച്ഛനും അമ്മയും നഷ്ടമായ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അകന്ന ബന്ധത്തിലെ മരുമകനെ ഒറ്റയ്ക്കാക്കാതെ ഈ വീട്ടിൽ അഭയം തന്നതും , പഠിപ്പിച്ച് ഉദ്യോഗസ്ഥൻ ആക്കിയതും അമ്മാവനാണ്….ജന്മം തന്ന അച്ഛനെക്കാൾ മുകളിൽ മാത്രമേ അമ്മാവനെ ഇന്നോളം കണ്ടിട്ടുള്ളൂ…വാര്യരമ്മാവനും തന്നോട് സ്വന്തം മകനോട് എന്ന പോലെ വാത്സല്യമാണ്…
എന്നിട്ടും ശരീരം തളർന്ന അദ്ദേഹത്തിനെ മകളെ വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ എതിർക്കു കയാണ് ഉണ്ടായത്….ഒരുപക്ഷേ തന്നോടുള്ള വാത്സല്യക്കൂടുതൽ കൊണ്ടാകാം…അതുമല്ലെങ്കിൽ എല്ലാവരും പറയും പോലെ ഈ തറവാടിൻ്റെ ശാപത്തെ തലയിൽ എടുത്തു വയ്ക്കാനുള്ള തൻ്റെ തീരുമാനത്തോടുള്ള താൽപര്യം ഇല്ലായ്മയും ആകാം…അല്ലെങ്കിൽ പിന്നെ എന്തിനാണ്, അമ്മാവൻ പറഞ്ഞത് – ” ആ ജന്മം ആ കട്ടിലിൽ കിടന്നു തീരട്ടെ ഉണ്ണീ..നിന്നെ കാത്തു പുറത്ത് വിശാലമായ ഒരു ലോകം ഉണ്ട്..നിന്നെ കുറിച്ച് ഞാൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്… നീ ആകാശത്തോളം വളരുന്നത്, നീ വലിയ മരമാകുന്നത്, നിൻ്റെ തണലിലേയ്ക്ക് പറ്റിച്ചേർന്നു ഞങ്ങൾ, ഈ തറവാട്ടിൽ ഉളവര് ഇനിയങ്ങോട്ട് ജീവിക്കുന്നത്…അതിനു ആ ജന്മം ശല്യമാണെന്ന് വച്ചാ, അതില്ലാണ്ട് ആക്കാനും എനിക്ക് മടിയില്ല…എന്തിനാ ഇങ്ങനൊരു ജന്മം… ആ നശിച്ചത് ഈ ഭൂമിയിലേയ്ക്ക് വന്നപ്പോ തുടങ്ങിയതാ തറവാട് ക്ഷയിക്കാൻ..കരണവന്മാരെല്ലാരും ആയുസ്സ് എത്താണ്ടാ മരിച്ചിരിക്കുന്നെ…എന്താ കാരണം എന്നാ ഉണ്ണി കരുതിയിരിക്കണത്…ശാപമാ…അവൾ ഈ കുടുംബത്തിൻ്റെ ശാപമാ….അങ്ങനെ ഉള്ള ഒരുത്തിയെ നിൻ്റെ ഭാര്യയായിട്ട് നിനക്ക് വേണ്ടാ…അമ്മാമ പറയണത് നീ അനുസരിക്കണം ….”
പിന്നെയും വർഷം എത്ര കാത്തു, അവളെ സ്വന്തമാക്കാൻ…അവളുടെ അമ്മ (എൻ്റെയും), ഒഴികെ ആർക്കും സമ്മതമില്ലാതിരുന്ന ഒരു വിവാഹം… അദ്ദേഹം പേരിനു കൈപിടിച്ച് തരികയാണ് ഉണ്ടായത് …കടമ നിർവഹിക്കാൻ വേണ്ടി മാത്രം…ആഘോഷം ഇല്ലാതെ ആർഭാടമില്ലാതെ, കൊട്ടും കുരവയും ആർപ്പുവിളികളും ഒന്നുമില്ലാതെ അഞ്ച് മാസങ്ങൾക്ക് മുമ്പ് അവളെൻ്റെ ഭാര്യയായി…അവളെൻ്റെ സ്വന്തമായി…
വിവാഹത്തിൻ്റെ അന്ന് മാത്രമാണ് അവളാദ്യമായും അവസാനമായും ആ മുറി വിട്ട് പുറത്തിറങ്ങുന്നത്… അന്നവളുടെ കണ്ണിൽ ഞാൻ കണ്ട ഒരു തിളക്കമുണ്ട്.. ആ തിളക്കത്തിൽ പ്രതീക്ഷകൾ ഉണ്ട്…സ്വപ്നങ്ങളും…നിലവി
അവളുടെ മുറിയിലെ ജനകഴികളിലൂടെ അവള് കണ്ട ഇത്തിരി വട്ടത്തിലെ ആകാശം അവളന്ന് ആദ്യമായി നേരിട്ട് കണ്ടൂ…..
ഇരുൾ മൂടിയ അവളുടെ മുറിയെന്ന ആ നരകത്തിൽ നിന്ന് അവളെ പുറത്ത് കൊണ്ട് വരണമെന്ന് ചെറുപ്പത്തിൽ എപ്പോഴോ തോന്നിയതാണ്….
അമ്മാവൻ്റെ കൈ പിടിച്ച് ഈ തറവാടിൻ്റെ പടി കടക്കുമ്പോൾ ഈ വലിയ വീടും ഇതിലുള്ളവരും കുളവും തൊടിയും മാന്തോപ്പും ഇരുൾ മൂടിയ കാവും അവിടുത്തെ തണുത്ത കാറ്റും എല്ലാമെനിക്ക് കൗതുകമായിരുന്നു…പക്ഷെ ഈ തറവാട്ടിൽ പിടിച്ചുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് മറ്റൊന്നായിരുന്നു-‘ഭദ്ര’….
ചലനശേഷിയില്ലാതെ ജനിച്ചത് കൊണ്ട് മാത്രം, തറവാട് നശിപ്പിക്കാൻ വേണ്ടി ജനിച്ചവൾ എന്ന പഴി കേൾക്കേണ്ടി വന്നവൾ…സ്വന്തം അച്ചമ്മയുടെ വായിൽ നിന്ന് ശാപവചനങ്ങൾ മാത്രം കേട്ടിട്ടുള്ളവൾ… പിടിപ്പുകേട് കൊണ്ട് അമ്മാമ്മ നശിപ്പിച്ച സമ്പത്തും ഐശ്വര്യവും ഒക്കെ ഇല്ലാണ്ടായത് താൻ കാരണമാണെന്ന് ദിവസവും കേട്ടവൾ….സ്വന്തം അച്ഛനെ ‘അച്ഛാ ‘ എന്ന് വിളിക്കാൻ അവകാശം ഇല്ലാത്തവൾ…അച്ഛൻ്റെ സ്നേഹം എന്തെന്ന് അറിയാത്തവൾ…
ഭദ്ര എനിക്കെന്നും അത്ഭുതമായിരുന്നു…അവളുടെ ഈ അവസ്ഥക്കോ പ്രശ്‌നങ്ങൾക്കോ അവളെ തളർത്താൻ കഴിഞ്ഞിട്ടേ ഇല്ല…ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരയാണ് അവൾ…അവളെ കരഞ്ഞു ഞാൻ കണ്ടിട്ടേയില്ല…മുഖത്ത് സങ്കടഭാവവും… ആ കണ്ണുകൾ എന്നും എപ്പൊഴും പുഞ്ചിരിച്ചിട്ടേയുള്ളൂ..ആർദ്
സഹതാപം തന്നെ ആയിരുന്നു തുടക്കത്തിൽ…ജന്മനാ ശരീരം തളർന്നു കട്ടിലിൽ ഒതുങ്ങേണ്ടി വന്ന സുന്ദരിയായ മുറപ്പെണ്ണിനോട് തോന്നിയ സഹതാപം…എന്നാൽ പിന്നീടെപ്പോഴോ അത് പ്രണയമായി മാറി…പ്രണയം തോന്നി, അവളുടെ കവിതകളോട്, അവളുടെ നുണക്കുഴികളോട് , അവളുടെ കണ്ണുകളോട് ,അവളുടെ ഗന്ധത്തോട് പോലും….ലൈബ്രറിയിൽ നിന്ന് പുസ്തകം എടുത്തു കൊടുത്തും തെക്കേ തൊടിയിലെ മാവിൽ നിന്ന് കാറ്റത്ത് വീഴുന്ന മധുര മാമ്പഴങ്ങൾ സമ്മാനിച്ചു കൊണ്ടും ഞാൻ അവളെ പ്രണയിച്ചു കൊണ്ടേയിരുന്നു, പ്രണയം എന്താണെന്ന് അറിയുന്നതിനും മുമ്പ് മുതൽ …
കൗമാരത്തിലെപ്പോഴോ ഇത് പ്രണയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ , അതിനുള്ള അർഹത തനിക്കുണ്ടോ എന്നായി പിന്നീടുള്ള ചിന്തകൾ….നന്ദികേടായാലോ, പാല് തന്ന കൈക്ക് തന്നെ കൊത്തി എന്ന് ഇവിടെയുള്ളവർ കരുതിയാലോ എന്ന് വിചാരിച്ചു…
പക്ഷേ പിന്നീട് തോന്നി, എനിക്ക് മാത്രമേ അവളെ ഇവിടെ നിന്ന്, ഈ തുരുത്തിൽ നിന്ന് , രക്ഷിക്കാൻ കഴിയൂ എന്ന്…എനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ മറ്റൊരാൾക്ക് അതൊരിക്കലും കഴിയില്ല….
അതുകൊണ്ട് തന്നെയാണ് അവളുടെ എതിർപ്പിനെ വകവയ്ക്കാതെ അവളെ വിവാഹം ചെയ്യാൻ ഞാൻ ഒരുങ്ങിയത്…എന്തൊക്കെ പറഞ്ഞാലും, ഏതെല്ലാം ന്യായങ്ങൾ നിരത്തിയാലും അവളോട് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്…ഒരു പെണ്ണിനും ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ്…
അവളെന്നോട് ഇപ്പൊൾ ഈ രീതിയിൽ പ്രതികരിക്കുന്നത്തിൻ്റെ കാരണവും മറ്റൊന്നല്ല…തികഞ്ഞ അവഗണനയാണ്…. ഞാനെന്നോരാൾ ജീവനോടെ ഉണ്ടെന്ന് പോലും അവൾ പരിഗണിക്കുന്നില്ല…ഭർത്താവ് എന്ന സ്വാതന്ത്ര്യം കാണിച്ച് അടുത്ത് ചെല്ലുന്നതും അവള് അംഗീകരിക്കില്ല…
അമ്മയല്ലാതെ മറ്റാരും ആ മുറിയിൽ പ്രവേശിക്കുന്നത് അവൾക്ക് ഇഷ്ടമല്ല…പ്രത്യേകിച്ച് ഞാൻ..അടുത്ത് ചെല്ലുകയോ സ്പർശിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഒരു നോട്ടമുണ്ട്…പേര് അന്വർത്ഥം ആക്കും വിധം ഭദ്രകാളി ആയി മാറാറുണ്ട് ആ സമയം അവൾ…. പക്ഷെ ആ ഭാവത്തിനോടും എനിക്ക് പ്രണയമാണ്… അവളിലെ ഓരോ ചെറു ഭാവത്തോടും, വാശികളോടും പുഞ്ചിരിയോടും എനിക്ക് അനുരാഗമാണ്…
പണ്ട് നുണക്കുഴി കാട്ടി ചിരിച്ചിരുന്നവൾ ഇന്നെന്നെ ഒന്ന് നോക്കാറ് കൂടിയില്ല…ഹാ..എല്ലാം എന്നെങ്കിലും ശരിയാകുമായിരിക്കും…
രണ്ടു മണിയുടെ ഘടികാര അറിയിപ്പാണ് ചിന്തകളിൽ നിന്ന് ഉണർത്തുന്നത്…ഇപ്പൊൾ അവള് ഉറങ്ങിയിട്ടുണ്ടാകും….എങ്കിൽ മാത്രമേ കാലിൽ തൈലം പുരട്ടാൻ സാധിക്കൂ…ഉണർന്നിരിക്കുമ്പോൾ എന്നെ അതിനു അനുവദിക്കില്ല…ഉറങ്ങുമ്പോൾ സ്പർശിച്ചാൽ അവളറിയില്ല, ഉണർന്നിരുമ്പോൾ പോലും അറിയാൻ സാധിക്കില്ല എന്നത് മറ്റൊരു കയ്പേറിയ സത്യം…
മന്ദം മന്ദം നടന്ന് ചാരിയിട്ട വാതിൽ തുറന്നു തല മാത്രം ഉള്ളിലേയ്ക്കിട്ട് നോക്കി…പ്രതീക്ഷിച്ച പോലെ തന്നെ ഉറക്കമാണ്…വായിച്ചു പകുതിയാക്കിയ പുസ്തകം നെഞ്ചിൽ നിന്നെടുത്തു മാറ്റുമ്പോൾ അതിൽ നിന്നും എന്തോ ഒന്ന് താഴെ വീണു…. കുനിഞ്ഞ് അതെടുത്ത് നോക്കുമ്പോഴേയ്ക്കും കണ്ണീർ കാഴ്ചയെ മറച്ചിരുന്നു…എൻ്റെ ഒരു ഫോട്ടോ ആയിരുന്നത്… പൊടിമീശ ഉള്ള പ്രായത്തിലെടുത്തത്…കണ്ണുനീർ ഇടവിടാതെ ഒഴുകിക്കൊണ്ടെ ഇരുന്നു…
ഈ ഇരുട്ടിൻ്റെ തുരുത്തിൽ അവൾ ഇത്രയും നാൾ കഴിഞ്ഞത് ഈ എന്നെയും പുണർന്നു കൊണ്ടായിരുന്നോ…
ഇനിയീ ഫോട്ടോയുടെ ആവശ്യമില്ല…ഇതിലും ചേർന്ന് നിന്നെ പുൽകാൻ, നിൻ്റെ ഏകാന്തതയെ ഇല്ലാതാക്കാൻ ഇനിയെന്നും ഞാനുണ്ടാകും, എൻ്റെ മരണത്തോളം…. ചെറു പുഞ്ചിരിയോടെ ഇറങ്ങുന്ന അവളുടെ മുഖത്ത് നോക്കി നിശബ്ദമായി എൻ്റെ മനസ്സ് മന്ത്രിച്ചു….