ഭാഗം ഒന്ന്
മഞ്ഞാൽ മൂടപ്പെട്ട ആ പ്രഭാതത്തിൽ ഭൂമിയിൽ പതിയുന്ന അവളുടെ കാലടി ശബ്ദം അതുവരെ അവിടെ തളംകെട്ടി നിന്നിരുന്ന നിശബ്ദതയെ കീറിമുറിച്ചു.മഞ്ഞിൻകണങ്ങളുടെ നനവ് വിട്ട് മാറാത്ത പുൽനാമ്പുകളെ തന്റെ കാലടികളാൽ ഞെരിച്ചുകൊണ്ട് അവൾ നടന്നുനീങ്ങി.അവളുടെ ദൃഢമായ കൈകളിലെ ചൂടേറ്റ് വിശ്രമിക്കുന്ന പുഷ്പ്പങ്ങൾ തനിക്കു വിധിച്ചത് പോലെ തന്നെ ഏതെങ്കിലും പ്രാണനറ്റ് ശ്വാസം നിലച്ച നെഞ്ചിലെക്ക് ഒരാശ്വാസം പകരാനായി വെമ്പൽ കൊണ്ടു.
ഒരിക്കൽ താനും ഇതേപോലെ ഏതെങ്കിലും ശവക്കല്ലറയിൽ അകപെട്ടുപോകും എന്ന സത്യമെന്തുകൊണ്ടോ അവൾക്ക് അംഗീകരിക്കാനായില്ല.
പ്രകാശം വീണു തുടങ്ങിയതേ ഉള്ളൂ ആ സെമിത്തേരിയിൽ.ഉള്ളിലേക്ക് പോകുംതോറും അവളുടെ കൂർത്ത നീലക്കണ്ണുകൾ മങ്ങിയ പ്രകാശത്തിൽ ഒന്നുകൂടെ ചുരുങ്ങുന്നുണ്ടായിരുന്നു
ചുറ്റുമുള്ള ശവക്കല്ലറകളോ,അതിനുള്ളിലെ ജീവനറ്റ ശവശരീരങ്ങളോ,പണ്ടെങ്ങോ കേട്ടുമറന്ന കഥകളോ അവളുടെ മുന്നോട്ടുള്ള നടത്തത്തെ ബാധിച്ചില്ല.അവസാനമവൾ രണ്ട് കല്ലറകളുടെ മുന്നിൽ വന്ന് നിന്നു
“പപ്പ മമ്മ!എന്നോട് ക്ഷമിക്കണം ഇനിയും എനിക്ക് കാത്തിരിക്കാൻ കഴിയില്ല.ഇതുവരെ ആ സത്യങ്ങളിൽ നിന്നും മദർ എന്നെ അകറ്റി നിർത്തി നിങ്ങൾ പറഞ്ഞേൽപ്പിച്ചതുപോലെ എല്ലാത്തിനെയും എന്റെ കണ്ണുകളിൽ നിന്നും മൂടി വച്ചു പക്ഷെ എനിക്കറിയണം എന്റെ ജീവിതത്തെ കുറിച്ച്”
ആ സമയം അവളുടെ വിരലുകൾ സ്ഥാനം ഉറപ്പിക്കാതെ ആ പുഷ്പ്പങ്ങളിലൂടെ ചലിക്കുന്നുണ്ടായിരുന്നു
അവൾ അത് കല്ലറകളുടെ മേലെ സമർപ്പിച്ചു.
“ഞാൻ പോവുകയാണ്!ഒരു ദിവസം പപ്പയും മമ്മയും പ്രതീക്ഷിക്കാതെ ഇതേപോലെ കയ്യിൽ നിങ്ങൾക്കായുള്ള പുഷ്പങ്ങളുമായി ഞാൻ വരും”
അവൾ കുറച്ച് നേരം മൗനം പാലിച്ച് കണ്ണുകളടച്ച് നിന്നു.തികച്ചും ശാന്തമായ മനസ്സോടെ അവളാ സെമിത്തേരിയുടെ കവാടവും കടന്ന് തൊട്ടകലെയുള്ള പള്ളിയുടെ മുന്നിലായി വന്നു നിന്നു
അകത്തേക്ക് കയറി അവിടെയുള്ള ഇരിപ്പിടത്തിൽ കണ്ണുകളടച്ച് ഇരുന്നു
‘കുറേ വർഷങ്ങളായി മദറിന്റെ കൂടെ കൂടുതൽ സമയവും ഞാൻ ഇവിടെ വരാറുള്ളതാണ് എന്നാൽ എന്നും ഇല്ലാത്ത ഒരുതരം ഇരുട്ട് ഇന്നിവിടെ ബാധിച്ചിരിക്കുന്നത് പോലെ.ഒരുപക്ഷെ എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയ ഇരുട്ട് കാഴ്ച്ചയെയും ബാധിച്ചതാവാം..അതെ!അതാണ് സത്യം’
അവളുടെ ചിന്തകൾ മൂന്ന് മാസം പുറകോട്ട് പോയി
തുടക്കം ഒരു സ്വപ്നത്തിൽ നിന്നുമായിരുന്നു. തന്നെ ഇപ്പോഴും നിർത്താതെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ ഒരു സ്വപ്നം.തുടരെ തുടരെ അത് തന്റെ മനസ്സിനെയും ചിന്തകളെയും സ്വാധീനിച്ചു തുടങ്ങിയപ്പോൾ ആന്ന് തൊട്ട് അവൾക്കതൊരു ദുസ്വപ്നമായ് മാറി ആ സ്വപ്നത്തിന് കാരണമായത് ഒരു ദുരാത്മാവായും
ചുറ്റുമുള്ള നിശബ്ദത പതിവ് തെറ്റിച്ച് തന്നെ വീർപ്പ്മുട്ടിക്കുന്നത് പോലെ അനുഭവപ്പെട്ടതും അവൾ പുറത്തേക്കിറങ്ങി.മുൻവാതിൽ കടന്ന് പോകാനൊരുങ്ങുമ്പോഴായിരുന്നു മദർ തിരിഞ്ഞു നിൽക്കുന്നത് കണ്ടത് അവൾ അവരുടെ അടുത്തേക്ക് പോയി
“മദർ!”
മദർ അവളുടെ ശബ്ദം കേട്ടതും തിരിഞ്ഞ് നിന്ന് അവളെ നോക്കി
“പ്രാർത്ഥിക്കുന്നത് കൊണ്ട് ശല്യപ്പെടുത്തണ്ട എന്ന് കരുതി”
അവൾ ഒന്ന് പുഞ്ചിരിച്ചു
“പ്രാർത്ഥനയൊ!ഞാനിനി എന്തിന് വേണ്ടിയാണ് മദർ പ്രാർത്ഥിക്കേണ്ടത്?”
“അങ്ങനെ ഒരിക്കലും വിചാരിക്കരുത് കുഞ്ഞേ പ്രാർത്ഥന എന്ന് പറയുന്നത് അവനവന്റെ ജീവിതത്തിന്റെ നേട്ടത്തിനും ആപത്തുകളെ തടയാനും മാത്രമല്ല അതൊരു തരം ആശ്വാസമാണ്”
അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ട് അവൾ അവരുടെയൊപ്പം പള്ളി വരാന്തായിലൂടെ നടന്നു നീങ്ങി
“തന്റെ വേദനകളോ മനസ്സിനെ അലട്ടുന്ന എന്ത് തന്നെയായാലും അത് ഈശ്വരനോട് പറഞ്ഞ് ആശ്വസിക്കുക ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്നത് വെറുതെ അല്ല”
“അത് സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയ ദിവസത്തിന്റെ ഓർമ്മ പുതുക്കാനാണ് മദർ ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്”
അവരുടെ മുഖം പൊടുന്നനെ എന്തോ ഓർമ്മ വന്നതുപോലെ അവളിലേക്ക് തിരിഞ്ഞു
“അപ്പോൾ ഇന്ന്…”
“പപ്പയുടെയും മമ്മയുടെയും ഓർമ്മ ദിവസം”
“പാത്തൊൻപത് വർഷം!”
അവർ കണ്ണുകൾ അടച്ചു.
‘ആ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട് ചുറ്റും നിൽക്കുന്ന ആൾക്കൂത്തിന് നടുവിലായി വെള്ള പുതച്ച രണ്ട് ശരീരങ്ങൾ അതിന്റെ മുൻപിൽ തനിക്ക് മുന്നിൽ നടക്കുന്നത് എന്താണെന്നറിയാതെ ചുറ്റും നോക്കുന്ന ഏഴ് വയസ്സുകാരി ബന്ധുക്കളെക്കാൾ അവൾക്ക് ചുറ്റും ശത്രുക്കളാണെന്നറിഞ്ഞതും ഞാൻ എന്റെ കയ്യിലേക്ക് സ്വീകരിച്ചു അവളെ
എസ്തർ അലീന ജോസഫ് എന്ന ഏഴ് വയസ്സുകാരിയെ.ഇന്ന് തന്റെ മുന്നിൽ നിൽക്കുന്നവൾ അന്ന് കണ്ട ആ ഏഴ് വയസ്സുകാരിയിൽ നിന്നും എത്രയോ അകലെയാണ് ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളെയും ഉറച്ച മനസ്സോടെ മറികടന്നവൾ.ഇനി വരാൻ പോകുന്ന എന്തിനെയും അവൾക്ക് നേരിടാൻ കഴിയുമെന്നും എനിക്ക് വിശ്വാസമുണ്ട്’
“എസ്തർ നീ ഇന്ന് തന്നെ പോവുകയാണോ അവിടേക്ക്”
അവർ തന്റെ മനസ്സിനെ പാകപ്പെടുത്തിയെടുത്തുകൊണ്ട് ചോദിച്ചു
” അതെ മദർ പോകണം ”
“എന്തിനാണ് കുഞ്ഞേ വീണ്ടും ഒരു യുദ്ധം തുടങ്ങാനാണോ ?”
അവരുടെ ശബ്ദത്തിൽ തന്നെ വിട്ട് പിരിയുന്നതിലുള്ള വിഷമത്തേക്കാൾ മറ്റെന്തോ പേരറിയാത്ത ഒരു തരം ഭയം ഒളിഞ്ഞു കിടക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു
അല്ലെങ്കിലും കാണുന്നതും കേൾക്കുന്നതും എല്ലാം ഭയം എന്നതിന്റെ നിഴലുകളായി പരിണമിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി എന്ന കാര്യം എസ്തർ അനിഷ്ടത്തോടെ ഓർത്തു.
” എനിക്കവിടേക്ക് പോകാനായി ഒരുപാട് കാരണങ്ങളുണ്ട് മദർ! ഞാൻ ആദ്യമായി കരഞ്ഞത് അവിടെ വച്ചാണ് ”
അവൾ കുറച്ച് സമയത്തിനു ശേഷം വീണ്ടും തുടർന്നു.
“പപ്പയുടെയും മമ്മയുടെയും ഒന്നിച്ചുള്ള ഓർമ്മകൾ ഉള്ള ഒരേ ഒരിടം ആ ബംഗ്ലാവാണെന്നല്ലേ മദർ എന്നോട് പറഞ്ഞിട്ടുള്ളത് ”
” ഓർമ്മകൾ … ഓർത്തെടുക്കാൻ കഴിയാത്ത ഒന്നിന് എങ്ങനെയാണ് മദർ ഓർമ്മകൾ എന്ന പേര് നൽകാൻ കഴിയുക ”
” എസ്തർ ! അങ്ങനെയൊന്നുമല്ല”
അവളുടെ വാക്കുകൾ കേട്ട് മദറിന്റെ മുഖം വിളറി
എസ്തർ അവരുടെ മുഖത്തേക്ക് പുഞ്ചിരിയോടെ തന്നെ നോക്കി എന്നാൽ അതിന്റെ ഉള്ളിൽ മറഞ്ഞു നിൽക്കുന്ന വേദന അവർക്ക് വ്യക്തമായി തന്നെ കാണാൻ സാധിച്ചു.
“സത്യമല്ലെ മദർ പപ്പയുടെയും മമ്മയുടെയും ഒപ്പം ഈ എസ്തറും ഉണ്ടായിരുന്ന കാലത്തെ ഓർമ്മകളൊന്നും തന്നെ ഞാൻ ഓർത്തെടുത്തതല്ല പകരം മദറാണ് എനിക്ക് എല്ലാം പറഞ്ഞു തരാറുള്ളത് ഒരു കഥകേൾക്കുന്ന പോലെ ഞാനല്ലാം കേട്ടിരിക്കും എന്ത് കൊണ്ടാണ് മദർ എനിക്കൊന്നും ഓർക്കാൻ കഴിയാത്തത്? അവരുടെ ചിത്രങ്ങളിലേക്ക് നോക്കി പപ്പയെന്നും മമ്മയെന്നും എന്നെ വിളിപ്പിക്കാൻ പഠിപ്പിച്ചില്ലായിരുന്നെങ്കിൽ എസ്തറിന് ഈ ലോകത്ത് മദർ മാഗ്രെറ്റ് മാത്രമേ ഉണ്ടാവുമായിരുന്നുള്ളു ”
അവളുടെ മുൻപിൽ മറുപടി നൽകാനാവാതെ ഒരു മെഴുതിരിപോലെ ഉരുകിയില്ലാതാവുകയാണ് താനെന്ന് മദറിന് മനസ്സിലായി
‘എന്ത്കൊണ്ട്! എന്തുകൊണ്ടാണ് എനിക്ക് ഇതിനുള്ള ഉത്തരം അവൾക്ക് കൊടുക്കാൻ കഴിയാത്തത് അവൾ പറഞ്ഞതൊന്നും തനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല’
” എസ്തർ! നിനക്കറിയാമല്ലോ കുഞ്ഞുനാളിലെ ഓർമ്മകളെല്ലാം മറന്നുപോകുന്നത് സ്വാഭാവികമാണ് അതിനെ കുറിച്ച് കൂടുതൽ ആലോചിച്ച് വിഷമിക്കേണ്ട ഞാനില്ലേ നിന്റെ കൂടെ”
മദർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എനിക്കവിടേക്ക് പോയെ മതിയാവു മദർ ഇപ്പോൾ പറഞ്ഞതുപോലെ ഞാനെല്ലാം മറന്നുപോയതാണോ എന്നെനിക്കറിയണം”
“നിനക്ക് ശരി എന്ന് തോന്നുന്നത് അങ്ങനെയാണെങ്കിൽ ആയിക്കോട്ടെ പക്ഷെ എന്തെങ്കിലും അപകട സാധ്യത മുന്നിൽ കാണുകയാണെങ്കിൽ ആ നിമിഷം തന്നെ ഇങ്ങോട്ട് മടങ്ങി വരണം ”
മദർ കയ്യിലുള്ള ബൈബിളിന്റെ ഇടയിൽ സൂക്ഷിച്ചു വച്ചിരുന്ന ജപമാല
അവളുടെ കൈ വെള്ളയിൽ വച്ച് കൊടുത്തു. അവൾ മദറിനെയും ആ ജപമാലയിലേക്കും നോക്കിയതിനു ശേഷം അത് തന്റെ നീളൻ കോട്ടിന്റെ ഉൾഭാഗത്തുള്ള പോക്കറ്റിൽ ബദ്രമായി വച്ചു
“ശരി മദർ ഞാനെന്നാൽ ഇറങ്ങട്ടെ”
” ഞാൻ വീണ്ടും പറയുന്നു എസ്തർ സൂക്ഷിക്കണം ആ നാട്ടിൽ ജീവിക്കുമ്പോൾ എപ്പോഴും ശ്രദ്ധവേണം”
“എനിക്കറിയാം മദർ അതാലോചിച്ച് ഇനി ഉറക്കം കളയേണ്ട ഞാൻ സൂക്ഷിച്ചോളം”
“നിന്റെ ആത്മ വിശ്വാസം കാണുമ്പോൾ എനിക്ക് പേടി തോന്നുകയാണ് എസ്തർ”
” ഇനിയും പേടിച്ചിരിക്കുന്നത് ശരിയായ കാര്യമല്ലല്ലോ! പേടിയോടെ കാണേണ്ടതിനെ മാത്രമേ അങ്ങനെ കാണാവൂ എന്ന് മദർ തന്നെയല്ലേ എന്നെ പഠിപ്പിച്ചത് ”
പെട്ടെന്നായിരുന്നു മഴത്തുള്ളികൾ ശക്തമായി ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങിയ ഇരമ്പം അവരുടെ കാതുകളിൽ പതിഞ്ഞത്
“ഇനിയിപ്പോ മഴ കുറഞ്ഞിട്ട് പോകാം ”
“ഇല്ല മദർ പോയിട്ട് ഒരു പാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ഇന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ പറ്റിയാൽ യാത്രതിരിക്കണം”
“എങ്കിൽ ഒന്ന് നിൽക്കൂ ഞാൻ ഇപ്പൊ വരാം”
മദർ വരുന്നത് വരെ അവളാ മഴയിലേക്ക് കണ്ണുംനട്ട് നിന്നു.
” നീ എന്നെ തേടി വരുകയാണോ എസ്തർ”
പെട്ടെന്ന് ആ ഇരുണ്ട വെളിച്ചത്തിൽ രക്ത ചുവപ്പിനാൽ ആരോ കോറിയിട്ട വാക്കുകൾ അവളുടെ മനസ്സിലേക്ക് ക്ഷണിക്കാതെ കടന്നുവന്നു.
തലയിലെന്തോ വല്ലാത്ത ഭാരം പോലെ
കണ്ണുകൾ തുറന്നിരിക്കുന്നുവെങ്കിലും വിചിത്രമായ വന്യത നിറഞ്ഞ നീല പ്രകാശം കണ്ണിനെ എന്തിൽ നിന്നോ മറച്ചു പിടിച്ചിരിക്കുന്നു.
” പാടില്ല! ഇതൊന്നും എന്നെ ബാധിക്കാൻ പാടില്ല അതൊരു വെറും സ്വപ്നം മാത്രമാണ്”
തലയിൽ ഇരുകൈകളും വച്ച് നിൽക്കുന്ന എസ്തറിന്റെ ഇടതുതോളിൽ ഒരു കൈ പതിഞ്ഞു. ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയ എസ്തർ കാണുന്നത് ഒരു പെൺകുട്ടിയെ ആണ്
” ഇത് തരാൻ മദർ പറഞ്ഞു”
തനിക്ക് നേരെ അവൾ നീട്ടിപ്പിടിച്ച ആ കറുത്ത കുട യാന്ത്രികമായി തന്നെ എസ്തർ അവളിൽ നിന്നും വാങ്ങി
പള്ളിയുടെ ഉള്ളിലേക്ക് നോക്കിയ അവൾ കണ്ടത് എങ്ങും പ്രകാശത്തെ വിഴുങ്ങുന്ന അന്ധകാരത്തെയാണ്.
അവൾ തന്റെ പാർക്ക് ചെയ്ത കാറിന്റെ അടുത്തേക്ക് നടന്നു.
എന്നാൽ കുടയുമായി വന്ന മദർ കാണുന്നത് ഗേറ്റ് കടന്നുപോകുന്ന എസ്തറിന്റെ കാറാണ്
” ഇത്രയും പറഞ്ഞിട്ടും മഴ നനഞ്ഞ് തന്നെ പോയോ”
അതേ സമയo എതിർ വശത്തുള്ള ഭിത്തിയിൽ തന്റെ നിഴലിന് അടുത്തു നിൽക്കുന്ന മറ്റൊരു കറുത്ത നിഴൽ കണ്ട് മദർ കയ്യിലുള്ള ജപമാല മുറുകെ പിടിച്ചു
“ജീസസ്!”
(തുടരും…)