നിങ്ങൾ എനിക്കെന്നുമൊരു അത്ഭുതമായിരുന്നു, നിങ്ങൾ പറഞ്ഞറിഞ്ഞ നിങ്ങളുടെ പ്രണയവും….
അല്ലെങ്കിൽ പിന്നെ, യാതൊരു സവിശേഷതകളും അവകാശപ്പെടാനില്ലാത്ത,വെറുമോരു സാധാരണക്കാരിയായ എന്നോട് നിങ്ങൾക്ക് പ്രണയം തോന്നുന്നതെങ്ങനെയാണ്?
ത്രസിപ്പിക്കുന്ന സൗന്ദര്യമോ,ആകർഷകമായ ആകാര വടിവോ, വലിച്ചടുപ്പിക്കുന്ന പെരുമാറ്റമോ ഒന്നുമില്ലെനിക്ക്.
അഴകാർന്ന കാർകൂന്തൽ എന്റെ സ്വപ്നങ്ങൾക്കും എത്രയോ അകലെയാണ്.അനുസരണയില്ലാത്ത പാറിപ്പറന്നുനടക്കുന്ന എന്റെ ചെമ്പിച്ച മുടിയിഴകളോട് പക്ഷെ എനിക്ക് സൗഹൃദമാണ്. ഗൾഫിലെ ചൂടിനേയും ഇവിടുത്തെ വെള്ളത്തിന്റെ മേന്മയെയും എല്ലാം അതിജീവിച്ചവർ എന്റെ ശിരസ്സിനെ പുണർന്നിരിപ്പുണ്ടല്ലോ, അത്ഭുതം..
എന്നിരുന്നാലും എന്റെ ഭക്ഷണരീതിയോട് പരിഭവിച്ചാണെന്നു തോന്നുന്നു അവർ ഓരോദിവസവും എന്റെ നെറ്റിത്തടം വിശാലമാക്കുന്നു.
വില്ലുപോലെ വളഞ്ഞ, കട്ടിയുള്ള പുരികങ്ങൾ എനിക്കെത്ര ഇഷ്ടമാണെന്നോ? പക്ഷെ എന്റെ നെറ്റിയിൽ കണ്ണിനു മുകളിലായി ആകെ രണ്ട മൂന്ന് രോമങ്ങൾ ചരിഞ്ഞുറങ്ങുന്നതേയുള്ളു. സൂക്ഷിച്ചു നോക്കിയാൽചിലപ്പോൾ ആഹാ,അത് പുരികമായിരുന്നല്ലേ എന്ന് ചോദിച്ചുപോകുന്ന തരത്തിലാണ് അവയുടെ മനോഹര വിന്യാസം..
സ്ത്രീകൾക്ക് കണ്ണുകളെന്നാൽ കാണാനും നോട്ടംകൊണ്ട് അമ്പെയ്യാനും ഉള്ളതാണെന്നാണല്ലോ പണ്ട് മുതലുള്ള വയ്പ്പ്. എന്നാലെന്റെ കണ്ണുകൾ വികാരങ്ങളേതുമില്ലാതെ നിർജ്ജീവങ്ങളായി കാണപ്പെടുന്നു. എന്റെ കണ്ണുകളുമായി ഉടക്കുമ്പോൾ മറ്റുള്ളവരിൽ ഞാൻ ഭയമോ ഉത്കണ്ഠയോ ഒക്കെയാണ് കണ്ടിട്ടുള്ളത്. സ്നേഹോഷ്മളമോ ആകര്ഷകമോ ആയ കടാക്ഷങ്ങൾ എന്റെ അടുത്ത നിന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണെന്ന് തോന്നുന്നു. അനുഭാവ പൂർവം പുഞ്ചിരിക്കുന്നവർക്ക് എന്റെ മറുപടി തുറിച്ചു നോട്ടമായിരിക്കും. സ്ത്രീകളുടെ കണ്ണുകളെ മാന്മിഴിയോടും താമരയിതളിനോടും എല്ലാം ഉപമിച്ച കവികൾ എന്നെ ഒരിക്കലും കണ്ടുമുട്ടാതിരുന്നതിനെ ഓർത്തു ഞാൻ സന്തോഷിക്കുന്നു, അങ്ങനെ അല്ലെങ്കിൽ അവർക്ക് ആ വരികൾ തിരുത്തി എഴുതേണ്ടതായി വന്നേനെ.
അർജുന പുത്രൻ അഭിമന്യുവിനെ കുറിച്ചുള്ള മനോഹരങ്ങളായ വർണ്ണനകളിലൊന്ന് അയാൾക്ക് നീണ്ട കൺപീലികൾ ആണെന്നതാണ്. കണ്ണടച്ച് തുറക്കുമോൾ സുന്ദരിയായ ഒരു സ്ത്രീ കണ്ണടച്ചുതുറക്കുന്നപോലെ തോന്നുമത്രെ. ഒരു സ്ത്രീയായിട്ടു കൂടി നേർത്ത നീളമേറിയ കൺപീലികൾ എന്റെ സങ്കൽപ്പങ്ങളിൽ മാത്രമേ എനിക്ക് ഞാൻ കണ്ടിട്ടുള്ളൂ..
സൂര്യൻ വന്ന് മിഴികളിൽ ചുംബിക്കുമ്പോൾ സ്വർണ്ണ വർണ്ണം ചേരുന്ന കൺപീലികൾ എന്റെ സ്വപനമാണ്, സ്വപ്നം മാത്രമായി തുടരാൻ വിധിക്കപ്പെട്ട യാഥാർഥ്യം.
സുന്ദരമായ മൃദുല കപോലങ്ങളല്ല എന്റേത്. കുറച്ചു തൊലിക്കട്ടി കൂടുതലാണെനിക്ക്. ഭംഗിയില്ലാത്ത ഒട്ടിയ കവിളുകളാണ് ഇപ്പോൾ അവശേഷിക്കുന്നത്.
മൃദുവായ ചുണ്ടുകൾക്ക് പകരം വരണ്ട, വാസ്‌ലിൻ പുരട്ടി ഇരുണ്ടവയാണെന്റെ ചുണ്ടുകൾ. ഉന്തിയ അഭംഗിയുള്ള പല്ലുകൾക്ക് മറയാകാനായി ഉള്ളവ. ചിരിക്കാനുള്ള എന്റെ ആത്മവിശ്വാസത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നവരാണെന്റെ ചുണ്ടുകളും പല്ലുകളും.
ആരെയും ആകർഷിക്കത്തക്ക വിധം മുഖ സൗന്ദര്യമെനിക്കില്ല.കണ്ണുകൾക്
ഒരിക്കൽ കണ്ടാൽ ഓർത്തുവയ്ക്കാൻ പാകത്തിന് പ്രിയങ്കരമായൊന്നും എന്നിലില്ല.
ഉയരമോ,നിറമോ എല്ലാം സാധാരണ മാത്രം.അസാധാരണമായി ഒന്നും തന്നെ എന്നിൽ കാണപ്പെടുന്നില്ല. കാന്തംപോലെ ആകർഷിക്കാൻ എനിക്കറിയില്ല. ശ്രദ്ധ ക്ഷണിക്കാൻ മാത്രമായി ഞാൻ ഒന്നും ചെയ്യാറുമില്ല. ഫലമോ ഞാൻ വരണ്ട മരുഭൂമിയോ പൊടിക്കാറ്റ് പറക്കുന്ന തരിശു നിലമോ ആയി തുടരുന്നു.
എന്നിട്ടു നിങ്ങളെന്നെ പ്രണയിക്കുന്നുവെന്ന് പറയുന്നു. എന്നെയൊരിക്കലും ആരും പ്രണയിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് ഞാനെന്നും വിശ്വസിച്ചിരുന്നത്.അവസാനമിതാ, രക്തം തണുത്തുറഞ്ഞുപോയ യൗവനത്തിന്റെ അവസാന നാഴികയിൽ നിങ്ങൾക്കെന്നോട് പ്രണയമാണത്രെ. പ്രണയ ലേഖനങ്ങളെഴുതാൻ മറന്നുപോയ,വായിച്ചു ശീലമില്ലാത്ത എന്നെ നിങ്ങൾ എന്തിനു പ്രണയിച്ചു? കാമുകന്റെ ഉള്ളിൽകുളിരു നിറയ്ക്കുന്ന കിളിനാദം പോലുമില്ലാത്തവളാണ് ഞാൻ..
വേണ്ടിയിരുന്നില്ല, നിങ്ങളെന്നെ പ്രണയിക്കേണ്ടിയിരുന്നില്ല. ഒന്നിനും കൊള്ളാത്ത ഒരുവളെ ഒരിക്കൽ പ്രണയിച്ചിരുന്നതായി പിന്നീടൊരിക്കൽ കൂട്ടുകാരോട് പറഞ്ഞു ചിരിക്കാനുള്ള ഒരു കഥ മാത്രമായിപ്പോകും ഞാൻ.
വേണ്ടിയിരുന്നില്ല, നിങ്ങൾക്കെന്നോട് പ്രണയം തോന്നേണ്ടിയിരുന്നില്ല..
പ്രണയിക്കാൻ ഒരു ശരീരം ആവശ്യമില്ലെങ്കിൽ, ഹൃദയം ഹൃദയത്തെയോ,ആത്മാവ് ആത്മാവിനെയോ മാത്രം പ്രണയിച്ചിരുന്നെങ്കിൽ; എങ്കിൽ മാത്രം എനിക്ക് നിങ്ങളെയും പ്രണയിക്കാമായിരുന്നു. പക്ഷെ, ഭൂമിയിൽ പ്രണയം അങ്ങനെ അല്ലല്ലോ. സ്വർഗത്തിൽ പ്രണയം ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ അത് ഇവിടുത്തെ പോലെയാകുമോ?
വേണ്ടിയിരുന്നില്ല,നിങ്ങളെന്നെ പ്രണയിക്കേണ്ടിയിരുന്നില്ല..നി