പുലർച്ചെയുള്ള അലാറം മുഴങ്ങുന്നതിന് മുൻപേ സിതാര ഉണർന്നിരുന്നു. ജനാലയിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിന് ഒരു പ്രത്യേക തെളിച്ചമുണ്ടെന്ന് അവൾക്ക് തോന്നി. അടുക്കളയിൽ നിന്ന് ചായയുടെ മണം ഉയരുന്നുണ്ട് അത് ആദിത്യയാണ്. പ്ലസ് ടു പരീക്ഷ അടുത്തതുകൊണ്ട് അവൾ നേരത്തെ എഴുന്നേറ്റ് പഠിക്കാൻ തുടങ്ങിയിരിക്കുന്നു.
സിതാര കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഡ്രസ്സിംഗ് ടേബിളിന് മുന്നിലെ ചുവരിൽ തൂക്കിയിരുന്ന ഭർത്താവിൻ്റെ യൂണിഫോമിലെ നക്ഷത്രങ്ങളും നെഞ്ചിലെ നെയിം പ്ലേറ്റും അവൾ വിരലുകൊണ്ട് ഒന്ന് തലോടി. പത്ത് വർഷം മുൻപ് ഭർത്താവ് ഹരി ഒരു വാഹനാപകടത്തിൽ മരിക്കുമ്പോൾ സിതാര വെറുമൊരു വീട്ടമ്മയായിരുന്നു. പക്ഷേ, വിധിയെ പഴിച്ചിരിക്കാൻ അവൾ തയ്യാറായിരുന്നില്ല. ആശ്രിത നിയമനത്തിലൂടെ കിട്ടിയ ഈ ജോലി അവൾക്ക് വെറുമൊരു ഉപജീവനമായിരുന്നില്ല; മക്കളെ അന്തസ്സോടെ വളർത്താനുള്ള അവളുടെ പോരാട്ടമായിരുന്നു.
“അമ്മേ, ചായ റെഡി”
ആദിത്യയുടെ സ്വരം ഹാളിൽ മുഴങ്ങി. അവൾ ഓടിവന്ന് സിതാരയെ കെട്ടിപ്പിടിച്ചു.
“ഇന്ന് സ്റ്റേഷനിൽ തിരക്കുണ്ടോ? വൈകീട്ട് നേരത്തെ വരാമോ ?? എനിക്ക് ഈ കെമിസ്ട്രി ഒന്ന് തീർക്കണം.”
ആദിത്യയുടെ കണ്ണുകൾ സിതാരയെ ഒരു അപേക്ഷ ഭാവത്തിൽ സ്പർശിച്ചു പക്ഷേ, സിതാരയുടെ കണ്ണുകൾ തിരഞ്ഞത് മറ്റൊരു വാതിലായിരുന്നു. ആര്യന്റെ മുറി. അസമയത്ത് ഉറങ്ങുകയും ഉച്ചയ്ക്ക് ഉണരുകയും ചെയ്യുന്ന ശീലം ആര്യന് കുറച്ചുനാളായി തുടങ്ങിയിട്ട്.
“ആര്യൻ എണീറ്റില്ലേ മോളെ?”
സിതാര ശബ്ദം താഴ്ത്തി ചോദിച്ചു.
“ഇല്ല അമ്മേ, അവൻ ഇന്നലെ രാത്രിയും വൈകിയാണ് വന്നത്. കോളേജിൽ എന്തോ പ്രോജക്ട് ഉണ്ടെന്നാ പറഞ്ഞത്.”
ആദിത്യ മറുപടി നൽകി.
തുടർന്ന് ഓഫീസിലേക്ക് പോകാൻ തയ്യാറായി യൂണിഫോം ധരിച്ചു കണ്ണാടിയിൽ നോക്കി തൊപ്പി ശരിയാക്കുമ്പോൾ സിതാരയുടെ ഉള്ളിൽ ഒരു സംതൃപ്തി ഉണ്ടായിരുന്നു. ഒരു വാടകവീട്ടിലാണെങ്കിലും, തന്റെ അധ്വാനം കൊണ്ട് മക്കളെ നല്ല രീതിയിൽ വളർത്താൻ കഴിയുന്നുണ്ടല്ലോ എന്ന അഭിമാനം അവളുടെ മുഖത്ത് ഒരു പുഞ്ചിരിയായി തിളങ്ങി.
പക്ഷേ, ആര്യന്റെ മുറിയിലെ നിശബ്ദത അവളുടെ ഉള്ളിൽ എവിടെയോ ഒരു ചെറിയ ആശങ്കയുടെ കനൽ ബാക്കി വെച്ചിരുന്നു. അപ്പോഴും ആ മുറിക്കുള്ളിൽ ആദിത്യൻ ഉണർന്നിരിപ്പുണ്ടായിരുന്നു. ലഹരിയുടെ അവസാനത്തെ തരിയും തലച്ചോറിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ അസ്വസ്ഥതയിലായിരുന്നു അവൻ. വെളിച്ചം അവനെ ഭയപ്പെടുത്തി. അമ്മയുടെ യൂണിഫോമിന്റെ ഗാംഭീര്യവും ആദിത്യയുടെ ചിരിയും അവനെ അലോസരപ്പെടുത്തി. തന്റെ സ്വകാര്യ ലോകത്തേക്ക് ആരും കടന്നു വരാതിരിക്കാൻ അവൻ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.
സിതാര സ്റ്റേഷനിലേക്ക് ഇറങ്ങാൻ തയ്യാറായി. ആര്യന്റെ മുറിയുടെ വാതിൽക്കൽ തട്ടി അവൾ വിളിച്ചു.
“മോനേ, അമ്മ ഇറങ്ങുകയാണ്. സമയം എട്ടായി.”
ഉള്ളിൽ നിന്ന് മറുപടിയൊന്നും വന്നില്ല. പക്ഷേ, മുറിക്കുള്ളിൽ നിന്ന് എന്തോ ഒന്ന് നിലത്ത് വീഴുന്ന ശബ്ദം കേട്ടു.
“സാരമില്ല അമ്മേ, ഞാൻ അവനെ വിളിച്ചുണർത്തി ഭക്ഷണം കൊടുത്തോളാം,”
ആദിത്യ പറഞ്ഞു. സിതാര പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. പക്ഷേ, ആര്യൻ്റെ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് വന്ന നേർത്ത ഗന്ധം അത് പുകയിലയുടേതാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് ആ പോലീസ് ഓഫീസർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
“ജോലിത്തിരക്കിനിടയിൽ തോന്നുന്നതാവാം”
എന്ന് സ്വയം ആശ്വസിപ്പിച്ച് അവൾ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്തു. പക്ഷേ, കണ്ണാടിയിലൂടെ തന്റെ വാടകവീടിന്റെ ഗേറ്റ് മറയുന്നത് വരെ അവൾ ആര്യന്റെ അടഞ്ഞുകിടക്കുന്ന ജനലിലേക്ക് നോക്കിയിരുന്നു.
കോളേജ് ക്യാമ്പസ് ആര്യന് വലിയ ആഘോഷങ്ങളുടെയും സ്വപ്നങ്ങളുടെയും ഇടമായിരുന്നു. ആര്യൻ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു, എല്ലാവർക്കും പ്രിയപ്പെട്ടവൻ. എന്നാൽ ആ തിളക്കത്തിന് പിന്നിൽ ഒരന്ധകാരം പതിയിരിപ്പുണ്ടെന്ന് ആരും അറിഞ്ഞില്ല. സീനിയർ വിദ്യാർത്ഥിയായ വിഘ്നേഷുമായുള്ള സൗഹൃദമാണ് ആര്യന്റെ ജീവിതം മാറ്റിമറിച്ചത്. ക്ലാസ്സുകൾ മുടക്കി അവർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ആളൊഴിഞ്ഞ ഗോഡൗണുകളിലും കാടുപിടിച്ച പഴയ കെട്ടിടങ്ങളിലും ഒത്തുകൂടി.
“ഇതൊന്ന് ഉപയോഗിച്ചു നോക്ക് ആര്യൻ, നിന്റെ ടെൻഷനൊക്കെ മാറും. കഠിനമായി പഠിക്കാനും രാത്രി ഉറക്കമിളച്ചിരിക്കാനും ഇതൊരു പവർ തരും അളിയാ…”
വിഘ്നേഷ് ഒരു ചെറിയ വെള്ളപ്പൊതി നീട്ടി. ആദ്യം വിസമ്മതിച്ചെങ്കിലും, ‘കൂട്ടുകാർക്കിടയിൽ ഒറ്റപ്പെട്ടുപോകുമോ’ എന്ന ഭയത്താൽ ആര്യൻ അത് സ്വീകരിച്ചു. ആ രാസലഹരി അവന്റെ രക്തത്തിൽ പടർന്നപ്പോൾ അവന് ഒരു തരം വ്യാജമായ ഊർജ്ജം ലഭിച്ചു. ലോകം തന്റെ കാൽക്കീഴിലാണെന്ന തോന്നൽ. പക്ഷേ, ആ ലഹരി ഇറങ്ങിക്കഴിയുമ്പോൾ അവൻ വല്ലാത്തൊരു ശൂന്യതയിലേക്കും നിരാശയിലേക്കും വീണുപോയി. പതുക്കെപ്പതുക്കെ, ആ ലഹരിയില്ലാതെ അവന് നിലനിൽപ്പില്ലെന്ന അവസ്ഥയായി.
വീട്ടിലെത്തിയാൽ ആര്യൻ പണ്ടത്തെപ്പോലെ സ്വീകരണമുറിയിൽ ഇരിക്കാതായി. നേരെ മുറിയിൽ കയറി വാതിലടയ്ക്കും. ആദിത്യ സന്തോഷത്തോടെ അവന്റെ അടുത്തുചെന്ന് തന്റെ സ്കൂൾ വിശേഷങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ അവൻ അവളോട് തട്ടിക്കയറും.
“ചേട്ടാ, ഈ കണക്ക് ഒന്ന് പറഞ്ഞുതരാമോ?”
എന്ന് ചോദിച്ചുകൊണ്ട് ഒരു ദിവസം ആദിത്യ മുറിയിൽ വന്നപ്പോൾ അവൻ പുസ്തകം വലിച്ചെറിഞ്ഞു.
“നിനക്ക് വേറെ പണിയൊന്നുമില്ലേ? എന്നെ ഇങ്ങനെ ശല്യം ചെയ്യാതെ പുറത്തുപോ”
അവന്റെ കണ്ണുകളിലെ ക്രൗര്യം കണ്ട് ആദിത്യ വിറച്ചുപോയി. അവളുടെ സ്നേഹത്തോടെയുള്ള സംസാരം അവന്റെ കാതുകളിൽ വെറും അലോസരപ്പെടുത്തുന്ന ബഹളമായി മാത്രം അനുഭവപ്പെട്ടു.
ആര്യന് തന്റെ ഉള്ളിലെ സ്നേഹവും കരുണയും പതുക്കെ മരവിക്കുന്നത് അറിഞ്ഞു. അമ്മയെയും അനിയത്തിയെയും വേദനിപ്പിക്കുമ്പോൾ അവന് പഴയതുപോലെ വിഷമം തോന്നിയില്ല. മറിച്ച്, തന്റെ സ്വകാര്യ ലോകത്ത് അവർ ഇടപെടുന്നത് അവനിൽ ഒരു തരം ക്രൂരമായ ദേഷ്യം നിറച്ചു. കുടുംബത്തിൽ നിന്ന് മാനസികമായി അകന്നുപോകുന്നതിൽ അവൻ ഒരു തരം വിചിത്രമായ ആനന്ദം കണ്ടെത്തി.
പോലീസ് സ്റ്റേഷനിൽ ലഹരി മാഫിയകളെയും ക്രിമിനലുകളെയും നേരിടുന്ന തിരക്കിനിടയിലും ആര്യന്റെ മാറ്റങ്ങൾ അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ മുഖത്തെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു, കണ്ണിന് താഴെ കറുത്ത പാടുകൾ വീണിരിക്കുന്നു.
“മോനേ, നിനക്ക് വയ്യേ?”
എന്ന് അവൾ ചോദിക്കുമ്പോൾ,
“പഠിക്കാൻ ഒരുപാടുണ്ട് അമ്മേ, ഉറക്കമില്ലാത്തതുകൊണ്ടാ”
എന്ന് അവൻ കള്ളം പറഞ്ഞു. ലഹരിക്ക് അടിമകളായ അനേകം പേരെ സ്റ്റേഷനിൽ കണ്ടിട്ടുണ്ടെങ്കിലും, സ്വന്തം മകൻ ആ ചതിക്കുഴിയിൽ വീഴുമെന്ന് വിശ്വസിക്കാൻ അവളുടെ മാതൃമനസ്സ് വിസമ്മതിച്ചു. അത് വെറും പഠനഭാരവും പ്രായത്തിന്റേതായ മാറ്റങ്ങളുമാണെന്ന് അവൾ സ്വയം സമാധാനിപ്പിച്ചു.
ആ ദിത്യയുടെ അവസ്ഥ മറ്റൊന്നായിരുന്നു തന്റെ പ്രിയപ്പെട്ട ചേട്ടൻ ഒരു അപരിചിതനായി മാറുന്നത് കണ്ട് അവൾ നീറി. അമ്മ ജോലിക്ക് പോകുമ്പോൾ വീട്ടിൽ അനുഭവപ്പെടുന്ന ആ ശ്വാസംമുട്ടിക്കുന്ന നിശബ്ദത അവളെ ഭയപ്പെടുത്തി. ചേട്ടന്റെ മുറിക്കുള്ളിൽ നിന്ന് ഇടയ്ക്കിടെ കേൾക്കുന്ന വിചിത്രമായ ശബ്ദങ്ങൾ എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.
പുറത്ത് കറുത്ത ആകാശം മഴയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ആ വീടിനുള്ളിൽ ശ്വാസം മുട്ടിക്കുന്ന ഒരു നിശബ്ദത തളംകെട്ടി നിന്നു. സിതാര അന്ന് വൈകുന്നേരം സ്റ്റേഷനിൽ നിന്ന് നേരത്തെ എത്തിയിരുന്നു. ഹാളിൽ ഇരുന്നു പത്രം വായിക്കുകയാണെങ്കിലും അവളുടെ ശ്രദ്ധ മുകളിലത്തെ നിലയിൽ ആര്യന്റെ അടച്ചിട്ട മുറിയിലായിരുന്നു. ആദിത്യ അടുക്കളയിൽ ചായ തയ്യാറാക്കുകയാണ്.
മുറിക്കുള്ളിൽ ആര്യൻ തന്റെ അവസാനത്തെ ലഹരിമരുന്ന് ശേഖരം പുറത്തെടുത്തു. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സിരകളിലൂടെ ലഹരി പടരാത്തതിന്റെ അസ്വസ്ഥത അവനെ ഒരു ഭ്രാന്തനെപ്പോലെയാക്കിയിരുന്നു. ഒടുവിൽ, സിറിഞ്ചിലൂടെ ആ മാരകമായ വിഷം അവൻ തന്റെ ശരീരത്തിലേക്ക് കുത്തിവെച്ചു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ ലോകം കീഴ്മേൽ മറിഞ്ഞു.
ലഹരിയുടെ അതിപ്രസരത്തിൽ ആര്യന്റെ തലച്ചോർ വിചിത്രമായ ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങി. മുറിയുടെ കോണിലെ തണലുകൾ പതുക്കെ അനങ്ങുന്നത് അവൻ കണ്ടു. ചുവരുകൾക്കിടയിൽ നിന്ന് ഒരു ഭീകരരൂപം ഉയർന്നുവന്നു. ചുവന്ന കണ്ണുകളും മൂർച്ചയുള്ള പല്ലുകളുമുള്ള ഒരു ഭീമൻ കാട്ടുപന്നി! അതിന്റെ ശ്വാസം തന്റെ കഴുത്തിൽ തട്ടുന്നത് അവൻ അനുഭവിച്ചു.
“അരുത്… അടുത്തു വരരുത്”
അവൻ ഭയന്ന് പിൻവാങ്ങി. പക്ഷേ ആ രൂപം അവനെ പിന്തുടർന്നു. അവന് ചുറ്റുമുള്ള ഫർണിച്ചറുകൾ മരങ്ങളായും മുറി ഒരു ഇരുണ്ട കാടായും മാറി. പന്നിയുടെ മുരൾച്ച അവന്റെ കാതുകളിൽ മുഴങ്ങി.
“അമ്മേ… എന്നെ രക്ഷിക്കൂ അത് എന്നെ കുത്തിക്കൊല്ലും ”
ഹാളിലിരുന്ന സിതാരയും ആദിത്യയും മുകളിൽ നിന്നുള്ള അലർച്ച കേട്ട് ഞെട്ടിപ്പോയി. എന്തോ വലിയ ഭാരം നിലത്തു വീഴുന്ന ശബ്ദവും ചില്ലുകൾ തകരുന്ന ഒച്ചയും കേട്ടു. അവർ ഓടി മുകളിലെത്തിയപ്പോഴേക്കും ആര്യൻ മുറി തുറന്ന് പുറത്തേക്ക് പാഞ്ഞു. അവന്റെ കണ്ണുകൾ ഭയത്താൽ പുറത്തേക്ക് തള്ളി നിൽക്കുന്നു, ദേഹം മുഴുവൻ വിയർപ്പിൽ കുളിച്ചിരിക്കുന്നു.
“അതാ… അത് വരുന്നു കാട്ടുപന്നി”
അവൻ ആദിത്യയെ തള്ളിമാറ്റി പടിക്കെട്ടുകൾ ഓടിയിറങ്ങി. മുന്നിൽ തടസ്സമായി നിന്ന പൂച്ചട്ടികൾ അവൻ ചവിട്ടിത്തെറിപ്പിച്ചു. മുറ്റത്തെ ചളിയിലേക്കും ഇരുട്ടിലേക്കും അവൻ ഭ്രാന്തമായി ഓടി. സിതാര തളർന്നുപോയി. തന്റെ മകൻ വെറുമൊരു അസുഖബാധിതനല്ല, മറിച്ച് ലഹരിയുടെ മായക്കാഴ്ചകളിൽ അകപ്പെട്ട ഒരു ഇരയാണെന്ന് ആ നിമിഷം അവൾ തിരിച്ചറിഞ്ഞു.
ആര്യനെ പിടിച്ചുനിർത്താൻ അയൽക്കാർ ഓടിക്കൂടിയ സമയം കൊണ്ട് സിതാര അവന്റെ മുറിയിലേക്ക് കയറി. അവിടെ അവൾ കണ്ട കാഴ്ചകൾ ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ അവൾക്ക് സുപരിചിതമായിരുന്നു, പക്ഷേ ഒരു അമ്മ എന്ന നിലയിൽ അത് അസഹനീയമായിരുന്നു.
തറയിൽ ചിതറിക്കിടക്കുന്ന ഉപയോഗിച്ച സിറിഞ്ചുകൾ.
കരിപുരണ്ട സ്പൂണുകളും പ്ലാസ്റ്റിക് കവറുകളും.
ആ മുറിയിൽ തളംകെട്ടി നിൽക്കുന്ന രാസവസ്തുക്കളുടെയും കരിഞ്ഞ പുകയുടെയും രൂക്ഷഗന്ധം.
സിതാര മുട്ടുകുത്തി തറയിലിരുന്നു.
അവൾ ഇത്രയും കാലം ഭയപ്പെട്ടിരുന്ന ആ സത്യം ഒരു ഭീകരരൂപിയെപ്പോലെ അവളുടെ മുന്നിൽ വന്നു നിന്നു. ആ നിമിഷം അവൾക്ക് യൂണിഫോമിന്റെ ഗാംഭീര്യമെല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. ഇത്രയും കാലം താൻ മറ്റുള്ളവരെ പഠിപ്പിച്ച പാഠങ്ങൾ സ്വന്തം വീട്ടിൽ പ്രാവർത്തികമാക്കാൻ കഴിയാത്തതിന്റെ അപകർഷതാബോധം അവൾക്കുണ്ടായി. വല്ലാത്തൊരു അറപ്പും വിഷമവും അവളുടെ മനസ്സിനെ മൂടി.
ആദിത്യയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല ചേട്ടൻ കാട്ടുപന്നിയെന്ന് അലറിവിളിച്ചപ്പോൾ അവൾ ശരിക്കും പേടിച്ചുപോയി. അമ്മയുടെ മുഖത്തെ തളർച്ചയും മുറിക്കുള്ളിലെ വസ്തുക്കളും കണ്ടപ്പോൾ അവൾക്കും സത്യം ബോധ്യമായി. സ്നേഹിച്ചിരുന്ന ചേട്ടൻ ഒരു മയക്കുമരുന്ന് അടിമയാണെന്ന തിരിച്ചറിവ് അവളുടെ കുഞ്ഞു മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു.
ആദിത്യനെ ഒരു വിധത്തിൽ അയൽക്കാർ എല്ലാവരും ചേർന്ന് പിടിച്ചു നിർത്തി തിരികെ വീട്ടിലേക്ക് എത്തിച്ചിരുന്നു. ലഹരി അവന്റെ മസ്തിഷ്കത്തിലെ സമാധാനവും യുക്തിയും പൂർണ്ണമായും തകർത്തിരുന്നു. താൻ കാണുന്നത് വെറും തോന്നലാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അവൻ ലഹരിക്ക് കീഴടങ്ങിയിരുന്നു. അവന്റെ ഭയം യഥാർത്ഥമായിരുന്നു, പക്ഷേ അത് അവന്റെ ഉള്ളിലെ ലഹരി സൃഷ്ടിച്ചതായിരുന്നു.
ആര്യൻ തളർന്നു വീണതോടെ ആ രാത്രിയുടെ ഭീകരതയ്ക്ക് അല്പം ശമനമുണ്ടായി. അയൽക്കാർ വാതിൽക്കൽ വന്ന് പരിഭ്രമത്തോടെ കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു. സിതാര തന്റെ തകർന്ന മനസ്സിനെ ഒരു പോലീസുകാരിയുടെ മുഖംമൂടി കൊണ്ട് മറച്ചു.
“ഒന്നുമില്ല, പരീക്ഷയുടെ സ്ട്രെസ്സ് കൊണ്ട് അവനൊന്ന് ബോധം തെറ്റിയതാണ്, കുറച്ചുദിവസമായി ഉറക്കമില്ലായിരുന്നു,”
എന്ന് അവൾ കള്ളം പറഞ്ഞു. ആളുകളെ പറഞ്ഞയച്ച് വാതിലടച്ചപ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
ആര്യനെ കട്ടിലിൽ കിടത്തി അവൾ അവന്റെ അരികിലിരുന്നു. അവന്റെ കയ്യിലെ കുത്തേറ്റ പാടുകൾ അവളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. ആദിത്യ ദൂരെയുള്ള ഒരു കോണിൽ മുട്ടുകാലിൽ മുഖം പൂഴ്ത്തിയിരുന്ന് കരയുകയായിരുന്നു.
സിതാരയുടെ ഉള്ളിലെ പോലീസ് ഓഫീസറും അമ്മയും തമ്മിലുള്ള യുദ്ധം തുടങ്ങി. നിയമം അനുസരിക്കണോ അതോ മകനെ സംരക്ഷിക്കണോ? അവസാനം സിതാര അമ്മ എന്ന വികാരത്തിന് കീഴടങ്ങി. അഭിമാനത്തിന് വേണ്ടി അവൾ സത്യം കുഴിച്ചുമൂടി, പക്ഷേ ആ കുഴി അവൾക്ക് തന്നെ വിനയാകുമെന്ന് അവൾ അറിഞ്ഞില്ല.
പിറ്റേന്ന് രാവിലെ യൂണിഫോം ധരിക്കാൻ സിതാരയ്ക്ക് വല്ലാത്തൊരു ഭയം തോന്നി. സ്റ്റേഷനിൽ ഓരോ ദിവസവും പിടിക്കടപ്പെടുന്ന ലഹരി വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും ഓർത്തപ്പോൾ
” മറ്റുള്ളവരുടെ മക്കളെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ഇറങ്ങുന്ന നിന്റെ മകൻ തന്നെ ഒരു മയക്കുമരുന്ന് അടിമയല്ലേ?”
എന്ന ചോദ്യം ഉള്ളിൽ നിന്ന് ഉയർന്നു. താൻ ജോലി ചെയ്യുന്ന സ്റ്റേഷനിൽ വിവരം അറിയിച്ചാൽ ആര്യന്റെ ഭാവി തകരും. അത് പത്രവാർത്തയാകും. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ആദിത്യയെ അത് ബാധിക്കും. നാട്ടുകാർ അവരെ ആ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ല. ഈ ചിന്തകൾ അവളെ തളർത്തി. മകനെ രക്ഷിക്കാൻ അവൾ തിരഞ്ഞെടുത്ത വഴി നിയമവിരുദ്ധമായിരുന്നു സത്യം മറച്ചുവെക്കുക.
“ആദിത്യേ, നമ്മൾ ഇത് ആരെയും അറിയിക്കാൻ പാടില്ല. പുറത്തറിഞ്ഞാൽ അമ്മയുടെ ജോലി പോകും. ചേട്ടനെ നമുക്ക് വീട്ടിൽ തന്നെ ചികിത്സിച്ച് മാറ്റാം,”
സിതാര മകളെ ചട്ടം കെട്ടി. മകനെ ഒരു കുറ്റവാളിയായിട്ടല്ല, മറിച്ച് ഒരു രോഗിയായിട്ടാണ് അവൾ കണ്ടത്. പക്ഷേ, മയക്കുമരുന്ന് എന്ന രോഗം ചികിത്സിക്കാൻ സ്നേഹം മാത്രം പോരാ എന്ന് അവൾ തിരിച്ചറിഞ്ഞില്ല.
സിതാര ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ആര്യൻ ഉണർന്നു. അവന്റെ കണ്ണുകളിൽ പഴയ ആര്യനില്ലായിരുന്നു. ഒരു തരം ക്രൂരമായ ശൂന്യത മാത്രം.
“അമ്മേ, എനിക്ക് അത് വേണം… എനിക്ക് വയ്യ… മരിക്കാൻ തോന്നുന്നു,”
അവൻ അമ്മയുടെ കാലിൽ പിടിച്ചു കരഞ്ഞു. സ്നേഹത്തോടെയല്ല, മറിച്ച് ലഹരിക്ക് വേണ്ടിയുള്ള ഒരു അടിമയുടെ യാചനയായിരുന്നു അത്.
ആര്യനിൽ ഇപ്പോൾ കുറ്റബോധമില്ല. മയക്കുമരുന്ന് അവന്റെ തലച്ചോറിലെ സദാചാര ബോധത്തെ നശിപ്പിച്ചു കഴിഞ്ഞിരുന്നു. അമ്മയുടെ യൂണിഫോം അവനെ ഭയപ്പെടുത്തിയില്ല, മറിച്ച് തന്റെ ലഹരിക്ക് തടസ്സമായി നിൽക്കുന്ന ഒരു വിലങ്ങായിട്ടാണ് അവൾ അവന് തോന്നിയത്.
സിതാരയുടെ വാടകവീട് ഒരു ഡി-അഡിക്ഷൻ കേന്ദ്രമായി മാറി. ആര്യനെ വീടിന്റെ മുകളിലത്തെ മുറിയിൽ പൂട്ടിയിട്ടു. മുറിയുടെ വാതിൽ പുറത്ത് നിന്ന് ഒരു വലിയ പൂട്ട് ഉപയോഗിച്ച് ബന്ധിച്ചു. ലഹരിയുടെ ഉപയോഗം നിർത്തുമ്പോൾ ഉണ്ടാകുന്ന ‘വിത്ത്ഡ്രോവൽ സിംപ്റ്റംസ്’ ആര്യനെ ഒരു ഭ്രാന്തനെപ്പോലെയാക്കി. ആദ്യത്തെ മൂന്ന് ദിവസങ്ങൾ ആ വീടിന് ഒരു യുദ്ധക്കളമായിരുന്നു. ആര്യൻ തുടർച്ചയായി അലറിവിളിച്ചു. വാതിലിൽ ശക്തിയായി ഇടിച്ചു, ചില്ലുകൾ തകർത്തു.
“എനിക്ക് വേദനിക്കുന്നു! എന്റെ എല്ലുകൾ ഒടിയുന്നു! ഒരല്പം ലഹരി തരൂ, അമ്മേ… അല്ലെങ്കിൽ ഞാൻ മരിച്ചുപോകും!”
അവന്റെ ശബ്ദത്തിൽ യാചനയും ഭീഷണിയും ഉണ്ടായിരുന്നു.
ലഹരി കിട്ടാത്തതിന്റെ കഠിനമായ ശാരീരിക വേദനകൾ അവനെ തളർത്തി. അവന്റെ ദേഹം വിറച്ചു, അമിതമായി വിയർത്തു, ഛർദ്ദിച്ചു. കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് അവൻ സ്വന്തം കൈത്തണ്ടയിൽ മുറിവുകളുണ്ടാക്കി.
“നോക്കൂ… ഞാൻ ചോരയൊലിപ്പിച്ച് മരിക്കും! അപ്പോൾ സമാധാനമായോ?”
അവൻ ആക്രോശിച്ചു. ഇതൊന്നും കാണാൻ കഴിയാതെ സിതാരയും ആദിത്യയും താഴത്തെ നിലയിലെ ഹാളിൽ പേടിച്ച് വിറച്ചിരുന്നു. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ പോലും അവൻ തുപ്പിക്കളഞ്ഞു.
ആദിത്യക്ക് തന്റെ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഹാളിലിരുന്ന് പുസ്തകം തുറക്കുമ്പോൾ പോലും അവളുടെ കാതുകളിൽ ചേട്ടന്റെ അലർച്ചകളായിരുന്നു. അവൾക്ക് വിശന്നില്ല, ഉറങ്ങാൻ കഴിഞ്ഞില്ല. തന്റെ ജ്യേഷ്ഠൻ ഇങ്ങനെ മാറിപ്പോയത് എന്തുകൊണ്ടാണ്? ആദിത്യയുടെ മനസ്സിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു. അവൾ മുറിയിൽ പോയി തലയിണയിൽ മുഖം പൂഴ്ത്തി നിശ്ശബ്ദമായി കരഞ്ഞു. ആ പഴയ ചിരിക്കുന്ന ചേട്ടനെ അവൾ വല്ലാതെ മിസ് ചെയ്തു.
സിതാര ജോലിക്ക് പോകുമ്പോൾ പൂട്ടിന്റെ താക്കോൽ ഒരു നിമിഷം പോലും കൈയ്യിൽ നിന്ന് മാറ്റില്ല. സ്റ്റേഷനിലെ തന്റെ ഡ്യൂട്ടി പൂർത്തിയാക്കി അവൾ വേഗത്തിൽ വീട്ടിലേക്ക് ഓടിയെത്തും. അവൾ വരുമ്പോൾ ആര്യൻ വാതിലിൽ മുട്ടി കെഞ്ചും.
“അമ്മയെ എനിക്ക് ഇഷ്ടമാണ്… എന്നെ വിട്… ഞാൻ നല്ല കുട്ടിയായിക്കോളാം.”
അവന്റെ വാക്കുകളിലെ കപടത സിതാരയ്ക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു. എങ്കിലും ഒരമ്മ എന്ന നിലയിൽ അവന്റെ വേദന കാണുമ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു. രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ടു. മകനോടുള്ള സ്നേഹവും അവന്റെ അവസ്ഥയോടുള്ള അറപ്പും അവൾ അനുഭവിച്ചു. അവൾ പതുക്കെപ്പതുക്കെ വിഷാദരോഗത്തിലേക്ക് വഴുതി വീഴുകയായിരുന്നു.
കുറച്ചു ദിവസത്തെ കഠിനമായ അലർച്ചകൾക്ക് ശേഷം ആര്യൻ പെട്ടെന്ന് ശാന്തനായി. ആ മാറ്റം കണ്ട് സിതാര വിശ്വസിച്ചത് തന്റെ മകൻ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നാണ്. തുടർന്ന് ആര്യന് മുറിക്ക് പുറത്തിറങ്ങാനുള്ള അനുവാദം നൽകി വീടിന് പുറത്ത് പോകില്ല എന്നുള്ള വ്യവസ്ഥയിൽ. എന്നാൽ ആ ശാന്തത ഒരു കൊടുങ്കാറ്റിന് മുൻപുള്ളതായിരുന്നു. ലഹരിയുടെ അദൃശ്യശൃംഖലകൾ അവനെ തളച്ചിടുകയല്ല, മറിച്ച് ഒരു കൗശലക്കാരനായ കുറ്റവാളിയായി മാറ്റുകയായിരുന്നു.
സിതാര ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞാൽ ആദിത്യയാണ് വീട്ടിൽ ഒറ്റയ്ക്കാകുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് പഠിച്ചുകൊണ്ടിരുന്ന ആദിത്യ ജനൽ കമ്പികൾക്കിടയിലൂടെ ആര്യൻ ആരോടോ സംസാരിക്കുന്നത് കണ്ടു. അവൾ ഓടിച്ചെന്ന് നോക്കിയപ്പോൾ ആര്യന്റെ കോളേജിലെ സുഹൃത്തായ വിഘ്നേഷ് മതിലിന് പുറത്ത് നിൽക്കുന്നു.
“ചേട്ടാ, എന്താ അവിടെ?”
ആദിത്യ പേടിയോടെ ചോദിച്ചു. ആര്യൻ അവളെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു. അവന്റെ കയ്യിൽ ഒരു ചെറിയ പൊതിയുണ്ടായിരുന്നു.
“നീ ഇത് അമ്മയോട് പറയണ്ട. പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും,”
അവന്റെ ശബ്ദത്തിലെ മരവിപ്പ് അവളെ വിറപ്പിച്ചു.
ലഹരി വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ ആര്യൻ വീടിനുള്ളിലെ ഓരോ വസ്തുക്കളെയും പണമായി കാണാൻ തുടങ്ങി. ആദ്യം അവൻ കവർന്നത് സിതാരയുടെ പേഴ്സിലെ പണമായിരുന്നു. പിന്നീട്, തന്റെ പഴയ ലാപ്ടോപ്പ് കേടായെന്ന് കള്ളം പറഞ്ഞ് അവൻ അത് വിറ്റു. ഇതിലൊന്നും അവന്റെ ദാഹം തീർന്നില്ല.
ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന സിതാര അടുക്കളയിൽ കയറിയപ്പോൾ അമ്പരന്നുപോയി. അവിടെ ഇരുന്നിരുന്ന പുതിയ മിക്സി കാണാനില്ല. ആദിത്യയോട് ചോദിച്ചപ്പോൾ അവൾ കരയാൻ തുടങ്ങി.
“അമ്മേ, ചേട്ടൻ അത് ജനലിലൂടെ ആർക്കോ കൊടുത്തു. ഞാൻ തടയാൻ നോക്കിയപ്പോൾ എന്നെ ഭിത്തിയിലേക്ക് തള്ളിയിട്ടു.”
ആദിത്യയുടെ നെറ്റിയിലെ നീലിച്ച പാട് കണ്ടപ്പോൾ സിതാരയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അവൾ ആര്യന്റെ മുറിയിലേക്ക് ഇരച്ചുകയറി. പക്ഷേ അവനെ തല്ലാനോ ചോദ്യം ചെയ്യാനോ അവൾക്ക് കഴിഞ്ഞില്ല. ലഹരിയുടെ ഉന്മാദത്തിൽ അവൻ കട്ടിലിൽ കിടന്ന് ചിരിക്കുകയായിരുന്നു.
ആദിത്യക്കിപ്പോൾ ജ്യേഷ്ഠനെക്കുറിച്ചുള്ള എല്ലാ ബഹുമാനവും അവളിൽ നിന്ന് ചോർന്നുപോയി. തന്റെ മുറിയിൽ കയറി സ്വർണ്ണം മോഷ്ടിക്കുന്ന ആര്യനെ അവൾക്ക് പേടിയായിരുന്നു. ഓരോ ദിവസവും സ്കൂളിൽ പോയി തിരിച്ചുവരുമ്പോൾ വീട് അതേപോലെ ഉണ്ടാകുമോ എന്ന് അവൾ ശങ്കിച്ചു. ഒരു കള്ളനോടൊപ്പം ഒരേ വീട്ടിൽ കഴിയുന്ന മാനസിക സമ്മർദ്ദം അവളെ തളർത്തി.
എന്നാൽ ആര്യന് ഇപ്പോൾ ബന്ധങ്ങളോ സ്നേഹമോ ഇല്ല. അവനെ സംബന്ധിച്ചിടത്തോളം അമ്മയും അനിയത്തിയും വെറും തടസ്സങ്ങൾ മാത്രമാണ്. ലഹരി അവന്റെ തലച്ചോറിലെ ‘സദാചാര കേന്ദ്രങ്ങളെ’ പൂർണ്ണമായും നശിപ്പിച്ചിരുന്നു. സ്വന്തം സഹോദരിയെ ഉപദ്രവിക്കുന്നതിലോ അമ്മയെ വഞ്ചിക്കുന്നതിലോ അവന് ഒരു കുറ്റബോധവും തോന്നിയില്ല.
പതിയെ ആ വീട്ടിലെ അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന പണം, ആദിത്യയുടെ ഒരു ജോടി സ്വർണ്ണക്കമ്മൽ, സിതാരയുടെ വാച്ച് എല്ലാം ഓരോന്നായി ആ വീടിന്റെ പടിയിറങ്ങി.
നഗരത്തിൽ ഒരു രാഷ്ട്രീയ പ്രതിഷേധം നടക്കുന്നതിനാൽ സിതാരയ്ക്ക് അന്ന് രാത്രി സ്പെഷ്യൽ ഡ്യൂട്ടി ഉണ്ടായിരുന്നു. വീട്ടിൽ ആദിത്യ തനിച്ചാണെന്ന ഉത്കണ്ഠ അവളുടെ ഉള്ളിലുണ്ടായിരുന്നെങ്കിലും, ആര്യൻ ശാന്തനായി മുറിയിൽ ഇരിപ്പുണ്ടല്ലോ എന്ന വിശ്വാസത്തിൽ അവൾ ജോലിയിൽ മുഴുകി. പക്ഷേ, ആ വിശ്വാസം ഒരു ചതിക്കുഴിയായിരുന്നു.
രാത്രി എട്ട് മണിയോടെ വീടിന്റെ പിൻവശത്തെ മതിൽ ചാടി മൂന്ന് പേർ ഉള്ളിലേക്ക് കടന്നു. ആര്യന്റെ ലഹരി സംഘത്തിലെ തലവനായ വിഘ്നേഷും കൂട്ടാളികളുമായിരുന്നു അത്. ലഹരി വാങ്ങിയ ഇനത്തിൽ ആര്യൻ അവർക്ക് വലിയൊരു തുക നൽകാനുണ്ടായിരുന്നു. പണം നൽകാൻ കഴിയാത്ത ആര്യൻ, അവർക്ക് ലഹരി ഉപയോഗിക്കാൻ തന്റെ വീട് തന്നെ വിട്ടുകൊടുക്കാൻ സമ്മതിച്ചിരുന്നു.
“എടാ, ഒരു പോലീസ് ഓഫീസറുടെ വീട്ടിലിരുന്ന് ‘അടിക്കുന്നത്’ ഒരു പ്രത്യേക സുഖമാടാ,”
വിഘ്നേഷ് പരിഹാസത്തോടെ ചിരിച്ചു. അവർ ഹാളിലെ സോഫയിൽ വന്നിരുന്നു. സിഗരറ്റിന്റെയും കഞ്ചാവിന്റെയും രൂക്ഷഗന്ധം ആ വീടാകെ പടർന്നു. ആര്യൻ അവരുടെ മുന്നിൽ ഒരു വേലക്കാരനെപ്പോലെ വിറച്ചുനിന്നു. തന്റെ കുടുംബത്തിന്റെ അന്തസ്സ് അവൻ ലഹരിക്ക് പകരമായി അവർക്ക് മുന്നിൽ പണയം വെച്ചു.
തന്റെ മുറിയിൽ പഠിച്ചുകൊണ്ടിരുന്ന ആദിത്യ പുറത്തെ അപരിചിതമായ ശബ്ദങ്ങൾ കേട്ട് ഞെട്ടിപ്പോയി. വാതിൽ അല്പം തുറന്ന് നോക്കിയ അവൾ കണ്ടത് ലഹരിയുടെ ഉന്മാദത്തിൽ ആടിപ്പാടുന്ന ആ നാല് പേരെയാണ്. പേടിച്ചുവിറച്ച അവൾ വേഗം വാതിൽ പൂട്ടി കട്ടിലിനടിയിൽ ഒളിച്ചു.
“ആരാടാ ആ മുറിയിൽ?”
സംഘത്തിലൊരാൾ ആദിത്യയുടെ മുറിയിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.
“അത്… അത് എന്റെ അനിയത്തിയാ, അവൾ പഠിക്കുകയാ…”
ആര്യൻ വിക്കി വിക്കി പറഞ്ഞു.
“പഠിക്കുകയാണോ? എന്നാൽ നമുക്കൊന്ന് പരിചയപ്പെടണ്ടേ?”
അവരുടെ ചിരിയിൽ ഒളിഞ്ഞിരുന്ന ക്രൂരത ആ വീടിനെ വിറപ്പിച്ചു.
ലഹരി ആര്യന്റെ തലച്ചോറിനെ അടിമയാക്കി മാറ്റിയിരുന്നു. സ്വന്തം സഹോദരി അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അവരോട് എതിർത്തു സംസാരിക്കാൻ അവന് കഴിഞ്ഞില്ല. അവർ നൽകിയ ഒരു ചെറിയ പൊതി ലഹരിക്ക് വേണ്ടി അവൻ ആ ചെന്നായ്ക്കൾക്ക് മുന്നിൽ തന്റെ വീടിന്റെ വാതിലുകൾ തുറന്നിട്ടു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം തന്റെ വീടാണെന്ന അവളുടെ വിശ്വാസം തകർന്നു. കട്ടിലിനടിയിൽ കിടക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് അവൾക്ക് തന്നെ കേൾക്കാമായിരുന്നു. സ്വന്തം ജ്യേഷ്ഠൻ തന്നെ തനിക്ക് ശത്രുവായി മാറിയത് അവൾക്ക് വിശ്വസിക്കാനായില്ല. അമ്മയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴേക്കും ആര്യൻ മുറിക്കു പുറത്തെ ടെലിഫോൺ വയർ മുറിച്ചുമാറ്റിയിരുന്നു.
നഗരമധ്യത്തിൽ ഡ്യൂട്ടിയിലായിരുന്ന സിതാരയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇടയ്ക്കിടെ അവൾ വീട്ടിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കിട്ടാതിരുന്നത് അവളെ പരിഭ്രമിപ്പിച്ചു. പക്ഷേ, ജോലി ഉപേക്ഷിച്ചു വരാൻ കഴിയാത്ത പോലീസ് ഓഫീസർ എന്ന തന്റെ കർത്തവ്യം അവളെ തളച്ചിട്ടു.
പുലർച്ചെ സിതാര വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച വിവരണാതീതമായിരുന്നു. സ്വീകരണമുറിയിൽ ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും ചിതറിക്കിടക്കുന്നു. ആര്യൻ ലഹരിയുടെ ഉന്മാദത്തിൽ തറയിൽ കിടന്നുറങ്ങുന്നു. ആദിത്യയുടെ മുറിയുടെ വാതിലിൽ അടിയേറ്റ പാടുകൾ. സിതാര ആര്യനെ അടിച്ചുണർത്തി.
“ആരാടാ ഇവിടെ വന്നത്? ആരാണ് എന്റെ വീട് ഇങ്ങനെയുണ്ടാക്കിയത്?”
അവൾ ഗർജ്ജിച്ചു. പക്ഷേ ആര്യൻ ഒരു ഭ്രാന്തനെപ്പോലെ ചിരിക്കുക മാത്രം ചെയ്തു.
“അവരൊക്കെ എന്റെ കൂട്ടുകാരാ അമ്മേ… അവർ നല്ലവരാ…”
ആ വാക്കുകൾ കേട്ടപ്പോൾ തന്റെ മകൻ ഒരു തിരിച്ചുവരവില്ലാത്ത വിധം നശിച്ചുപോയെന്ന് സിതാര ഉറപ്പിച്ചു.
നഗരത്തിൽ വലിയൊരു മയക്കുമരുന്ന് വേട്ടയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു സിതാരയും സംഘവും. സ്വന്തം വീട്ടിൽ ഒരു ക്രിമിനൽ വളരുന്നത് അറിയാതെ അവൾ പുറത്തെ കുറ്റവാളികളെ പിടിക്കാൻ പോയി. അന്ന് രാത്രി കനത്ത മഴയായിരുന്നു. വൈദ്യുതി ബന്ധം തകരാറിലായതോടെ ആ വാടകവീട് ഇരുട്ടിലായി.
മുറിക്കുള്ളിൽ ആര്യൻ കടുത്ത ലഹരിയിലായിരുന്നു. ഇത്തവണ അവൻ ഉപയോഗിച്ചത് വീര്യം കൂടിയ ഏതോ സിന്തറ്റിക് ഡ്രഗ് ആയിരുന്നു. അവന്റെ തലച്ചോറിലെ നാഡീവ്യൂഹങ്ങൾ കരിഞ്ഞുപോകുന്നതുപോലെ അവന് തോന്നി. അവന് വിശന്നു, പക്ഷേ ആ വിശപ്പ് ഭക്ഷണത്തിനായുള്ളതല്ലായിരുന്നു; അത് അക്രമാസക്തമായ ഏതോ ചോദനകളുടേതായിരുന്നു. അവന്റെ ഉള്ളിലെ മനുഷ്യൻ പൂർണ്ണമായും മരവിച്ചു. മുന്നിൽ നിൽക്കുന്നത് സ്വന്തം അനിയത്തിയാണെന്നോ, അവൾ തനിക്ക് ജീവനാണെന്നോ ഉള്ള ചിന്തകൾ ലഹരിയുടെ പുകമറയിൽ അപ്രത്യക്ഷമായി.
തന്റെ മുറിയിൽ മെഴുകുതിരി വെട്ടത്തിൽ പഠിക്കുകയായിരുന്നു ആദിത്യ. പെട്ടെന്ന് വാതിൽ തകർത്ത് ആര്യൻ അകത്തേക്ക് കയറി. അവന്റെ കണ്ണുകൾ ചുവന്ന് ജ്വലിക്കുന്നുണ്ടായിരുന്നു.
“ചേട്ടാ… എന്താ ഇത്? എനിക്ക് പേടിയാകുന്നു…”
ആദിത്യ വിറച്ചുകൊണ്ട് എഴുന്നേറ്റു.
പക്ഷേ ആര്യൻ മറുപടി നൽകിയില്ല. അവൻ ഒരു മൃഗത്തെപ്പോലെ അവൾക്ക് നേരെ പാഞ്ഞടുത്തു. ലഹരി നൽകിയ അമിതമായ കരുത്തിൽ അവൻ അവളെ കീഴ്പ്പെടുത്തി. ആ വീടിന്റെ ചുവരുകൾക്കുള്ളിൽ അവളുടെ നിലവിളികൾ ആരും കേൾക്കാതെ ഒടുങ്ങി. മയക്കുമരുന്ന് അവന്റെ തലച്ചോറിലെ ‘സദാചാര ബോധം’ പൂർണ്ണമായും ഇല്ലാതാക്കിയിരുന്നു. സ്വന്തം സഹോദരിയെ മൃഗീയമായി ഉപദ്രവിക്കുമ്പോഴും അവന്റെ ഉള്ളിൽ ഒരിറ്റ് കുറ്റബോധം പോലും തോന്നിയില്ല.
മരണം തൊട്ടടുത്ത് കണ്ട നിമിഷം. തന്നെ സംരക്ഷിക്കേണ്ട ജ്യേഷ്ഠൻ തന്നെ തന്റെ അന്തകനായി മാറിയത് അവൾക്ക് ഉൾക്കൊള്ളാനായില്ല. ശാരീരികമായ വേദനയേക്കാൾ അവളെ തളർത്തിയത് ആ വലിയ ചതിയായിരുന്നു.
ആര്യൻ അപ്പോഴും മറ്റൊരു ലോകത്തായിരുന്നു. അവന് ചുറ്റുമുള്ളത് മനുഷ്യരല്ല, വെറും നിഴലുകളാണെന്ന് അവൻ വിശ്വസിച്ചു. ലഹരി അവനെ തന്റെ ഏറ്റവും വലിയ പാപത്തിലേക്ക് നയിച്ചു.
പുലർച്ചെ മൂടൽമഞ്ഞിലൂടെ സിതാര വീട്ടിലെത്തി. വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. ഉള്ളിൽ കയറിയ അവൾ കണ്ടത് തകർന്നുപോയ ഒരു വീടല്ല, തകർന്നുപോയ തന്റെ ജീവിതത്തെയാണ്.
ഹാളിലെ നിലത്ത് ബോധരഹിതയായി, വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് ചോരയിൽ കുളിച്ചു കിടക്കുന്ന ആദിത്യ. ആ കാഴ്ച കണ്ട സിതാരയുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി പോലും പുറത്തു വന്നില്ല. അവൾ ഓടിച്ചെന്ന് മകളെ വാരിയെടുത്തു. ആദിത്യയുടെ ശൂന്യമായ കണ്ണുകൾ അമ്മയെ നോക്കി ഒന്നുയർന്നു, പിന്നെ അടഞ്ഞു.
തൊട്ടടുത്ത് സോഫയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഒരു സിഗരറ്റും വലിച്ച് ആര്യൻ ഇരിക്കുന്നുണ്ടായിരുന്നു.
“അവൾ വെറുതെ ബഹളം വെച്ചു അമ്മേ… അതുകൊണ്ട് ഞാനൊന്ന് ഒതുക്കിയതാ…”
ഒരു തമാശ പറയുന്നതുപോലെ അവൻ അത് പറഞ്ഞപ്പോൾ സിതാരയുടെ ഉള്ളിലെ അമ്മ മരിച്ചു.
സിതാര തന്റെ അരയിൽ നിന്നും സർവീസ് റിവോൾവർ എടുത്തു. ലോഡ് ചെയ്യുന്ന ശബ്ദം ആ മുറിയിൽ മുഴങ്ങി.
“നിന്നെ ഈ ഭൂമിയിൽ ജീവിക്കാൻ ഞാൻ അനുവദിക്കില്ല. നീയൊരു മനുഷ്യനല്ല, നീയൊരു അർബുദമാണ്,”
അവൾ തോക്ക് അവന്റെ നെറ്റിയിൽ അമർത്തി. വിറയ്ക്കുന്ന വിരലുകൾ ട്രിഗറിൽ അമരാൻ തയ്യാറായി. ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ നിയമം നടപ്പിലാക്കാനും, ഒരു അമ്മ എന്ന നിലയിൽ മകൾക്ക് നീതി നൽകാനും അവൾ ആഗ്രഹിച്ചു. പക്ഷേ, ആ തോക്കിൻ കുഴലിന് മുന്നിൽ തന്റെ മകന്റെ കുഞ്ഞുനാളിലെ മുഖം അവൾ കണ്ടു. ആ ഒരു നിമിഷത്തെ മാതൃത്വം അവളുടെ വിരലുകളെ തളർത്തി. ആ ദൗർബല്യം അവൾക്ക് വലിയ വില നൽകേണ്ടി വരുമായിരുന്നു.
സിതാരയുടെ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീരും കൈകളിലെ വിറയലും കണ്ട ആര്യൻ അത് മുതലെടുത്തു. ലഹരിയുടെ ഉന്മാദത്തിൽ അവന് ഇപ്പോൾ വേഗതയും ക്രൂരതയും കൂടുതലായിരുന്നു. അവൻ പെട്ടെന്ന് ആഞ്ഞടിച്ച് സിതാരയെ നിലത്തിട്ടു. അവളുടെ കൈയ്യിൽ നിന്ന് തോക്ക് തട്ടിപ്പറിച്ചു.
“നീ ഒരു നല്ല പോലീസ് ഓഫീസറാണ് അമ്മേ? പക്ഷേ നീയൊരു പരാജയപ്പെട്ട അമ്മയാണ്!”
ആര്യൻ ഭ്രാന്തമായി ചിരിച്ചുകൊണ്ട് തോക്ക് സിതാരയ്ക്ക് നേരെ ചൂണ്ടി. യാതൊരു ദയയുമില്ലാതെ അവൻ ട്രിഗർ അമർത്തി. വെടിയൊച്ച ആ വീട്ടിലെ നിശബ്ദതയെ കീറിമുറിച്ചു. പിന്നാലെ, ബോധം തെളിഞ്ഞു വന്ന ആദിത്യയെയും അവൻ ദയയില്ലാതെ വെടിവെച്ചു കൊന്നു.
തന്റെ ലഹരിക്ക് തടസ്സമായി നിന്ന രണ്ട് മനുഷ്യരൂപങ്ങൾ ഇല്ലാതായെന്ന വിചിത്രമായ ആശ്വാസത്തിലായിരുന്നു അവൻ. സിതാരയുടെ ബാഗിലുണ്ടായിരുന്ന പണവും അവളുടെ ദേഹത്തെ സ്വർണ്ണവും അവൻ കൈക്കലാക്കി. ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ കുടുംബത്തെ നോക്കി ഒന്നു പരിഹസിച്ചു ചിരിച്ചുകൊണ്ട് അവൻ പടിയിറങ്ങി.
പുലർകാലത്തെ മൂടൽമഞ്ഞിലേക്ക് അവൻ നടന്നു നീങ്ങി. അവന് ഇപ്പോൾ ലക്ഷ്യങ്ങളില്ല, ബന്ധങ്ങളില്ല, ഓർമ്മകളില്ല. അവന്റെ സിരകളിൽ പടരുന്ന ആ കറുത്ത വിഷത്തിന് വേണ്ടിയുള്ള അന്വേഷണം മാത്രം ബാക്കിയായി. ലഹരിയുടെ പുതിയ തലങ്ങൾ തേടി അവൻ അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു. ഒരു കുടുംബം മുഴുവൻ ലഹരി എന്ന മഹാവിപത്തിൽ വെണ്ണീറായപ്പോൾ, അകലെ എവിടെയോ ഒരു ലഹരി വിരുദ്ധ ബോധവത്കരണ ബോർഡ് കാറ്റിൽ ഇളകിമറിഞ്ഞ് നിലംപതിച്ചു. ആ ബോർഡിലെ വാക്കുകൾ ഇപ്രകാരം കൊത്തിവെച്ചിരുന്നു
“ലഹരി മരണം : ലഹരിക്ക് അടിമപ്പെടരുത് : നിങ്ങളുടെ കുടുംബമാണ് നിങ്ങളുടെ ലഹരി”









