ഈസ്റ്ററിന്റെ അന്ന് നട്ടുച്ച സമയത്ത് കുട്ടി അമ്മച്ചി നൂറാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.. അതും യാതൊരു മുന്നറിയിപ്പുമില്ലാതെ.. അമ്മച്ചിയുടെ ജീവിച്ചിരിക്കുന്ന ആറു മക്കളും അവരുടെ മക്കളും, കൊച്ചുമക്കളും ഒക്കെ ഈസ്റ്റർ തലേന്നു തന്നെ കുടുംബവീട്ടിൽ എത്തിയിരുന്നു.. അമ്മച്ചിയും ഒത്ത് ഒരു ആഘോഷം.. അതായിരുന്നു അവരുടെ ലക്ഷ്യം.. കുടുംബനാഥനായ തോമസുകുട്ടി, സ്പെഷ്യൽ പോത്തും, താറാവും, പന്നിയും ഒക്കെ തലേദിവസം തന്നെ സംഘടിപ്പിച്ച് വീട്ടിലെത്തിച്ചിരുന്നു. പെണ്ണുങ്ങൾ എല്ലാവരും കൂടി ഇവയെല്ലാം കറിയായും ഫ്രൈയാ യും ഒക്കെ മാറ്റി ചട്ടികളിൽ നിറച്ചുവെച്ചു.. ഒത്തിരുന്ന് എല്ലാവരും ഈസ്റ്റർ അപ്പവും, കോഴി മപ്പാസും, പോത്ത് കറിയും ഒക്കെ കൂട്ടി കുശാലായി പ്രഭാത ഭക്ഷണം പങ്കിട്ടു.. അതിനുശേഷം മക്കളും കൊച്ചുമക്കളും ഒക്കെ അന്നമ്മച്ചിക്ക് സമ്മാനങ്ങൾ നൽകി. പതിവുപോലെ ചട്ടയും മുണ്ടും നൈറ്റിയും അമ്മച്ചിയുടെ മുറിയിൽ കുമിഞ്ഞു കൂടി.. ആഹ്ലാദം അണ പൊട്ടിനിൽക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്.. കുഞ്ഞുങ്ങൾക്ക് മൊത്തം നൽകിയും .. അവരുടെ തമാശ കേട്ട് പൊട്ടിച്ചിരിച്ചുമിരുന്ന അമ്മച്ചി പെട്ടെന്ന് ഒരു വർഷത്തേക്ക് ചാഞ്ഞു.. പെട്ടെന്ന് കണ്ണുകൾ അടച്ചു. മക്കളും കൊച്ചുമക്കളും ഒക്കെ അമ്മച്ചി വലിയമ്മച്ചി എന്നൊക്കെ ഉറക്കെ വിളിച്ചു നോക്കി.. അമ്മച്ചി ഒന്നും മൊഴിഞ്ഞില്ല കണ്ണുകളും തുറന്നില്ല..
അപ്രതീക്ഷിതമായി വീട്ടിലെ ആരവം നിലച്ചു. ആഹ്ലാദവും പമ്പ കടന്നു.. പെൺമക്കളുടെ കരച്ചിൽ മാത്രം ഉയർന്നു കേട്ടു.. ക്രിസ്തുദേവൻ ഉയർത്തെഴുന്നേറ്റ ദിനം തന്നെ അന്നമ്മച്ചിയുടെ ആത്മാവും അനന്തമായ ആകാശത്തേക്ക് പറന്നുയർന്നു…
ഇനി ഞാൻ അന്നകുട്ടി അമ്മച്ചിയെ ഒന്ന് പരിചയപ്പെടുത്താം.. എന്റെ വീടിനടുത്താണ് അമ്മച്ചിയുടെ വീട്.. കടത്തുകാരൻ മത്തായിച്ചൻ പാലായിന്നാഅന്ന കുട്ടിയെ കെട്ടിക്കൊണ്ടുവന്നത്. പശുവിനെയും കോഴിയെയും വളർത്തലും, അന്ന കുട്ടിയുടെ കുടുംബ ഡ്യൂട്ടി.. മത്തായിച്ചൻ അന്നകുട്ടി ദമ്പതികൾക്ക് തുടർച്ചയായി ആദ്യം ഉണ്ടായത് നാലു പെൺമക്കൾ.. അതിനുശേഷം ഉണ്ടായ ആൺതരി തോമസുകുട്ടിയും.. തോമസ്കുട്ടിക്കും ഇളയവരായി രണ്ട് പെൺകുട്ടികൾ കൂടി പിന്നീട് ഉണ്ടായി.. ഞാനും തോമസുകുട്ടിയും ബാല്യകാലം മുതലേ സുഹൃത്തുക്കളായിരുന്നു.. ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നതും മടങ്ങിവന്നിരുന്നതും..
ആ അമ്മയ്ക്ക് പിറക്കാതെ പോയ മകനായിരുന്നു ഞാൻ.. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവർക്ക് എന്നോട്.. ഞങ്ങൾ ഒന്നിച്ചു പഠിച്ചു ഒന്നിച്ചു ജീവിച്ചു ഒന്നിച്ചു കഴിച്ചു.. ഏക ആൺ തരിയായ
അവനു കൊടുക്കാൻ തയ്യാറാക്കുന്ന സ്പെഷ്യൽ ശാപ്പാട് എനിക്കും സ്നേഹപൂർവ്വം അവർ വിളമ്പും.. അത്രയ്ക്ക് കരുതൽ ആയിരുന്നു ഏക ആൺകുട്ടി എന്ന നിലയിൽ അവനോട് അന്നമ്മച്ചിക്ക് ഉണ്ടായിരുന്നത്.. ആ സ്നേഹത്തിൽ പാതി അവർ എനിക്കും പകർന്നു തന്നിരുന്നു എന്നതാണ് സത്യം അവന്റെ അമ്മ ശരിക്കും പറഞ്ഞാൽ എന്റെയും കൂടി അമ്മയായിരുന്നു എനിക്കും തോന്നിയിട്ടുണ്ട്.. തോമസുകുട്ടിയുടെ കല്യാണം എന്റെ കല്യാണത്തിന് മുമ്പായിരുന്നു.. അതിന്റെ സംഘാടകനായി മുൻനിരയിൽ ഞാനും ഉണ്ടായിരുന്നു .. പാലായിലുള്ള ഒരു യുപി സ്കൂൾ സാറ ത്തിയായിരുന്നുഅവന്റെ ഭാര്യ..
പിന്നീട് ഞാൻ ജോലി കിട്ടി നഗരത്തിലേക്ക് മാറിയപ്പോൾ ഞങ്ങൾ തമ്മിൽ സമ്പർക്കംഅല്പം കുറഞ്ഞു.. എല്ലാ ആഴ്ചയിലും ഞായറാഴ്ച മാത്രമായി കാഴ്ച.. എങ്കിലും ഞായറാഴ്ച അന്നകുട്ടി അമ്മച്ചിയുടെ കൈകൊണ്ട് വിളമ്പുന്ന ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുമായിരുന്നു.. ഞാൻ കല്യാണമൊക്കെ കഴിച്ച് നഗരത്തിൽ ചെറിയൊരു വീട് വാങ്ങി താമസം ആരംഭിച്ചു..
തോമസുകുട്ടി കുടുംബ വീടിന്റെ ചുമതല ഏറ്റെടുത്തു.. റബർ ടാപ്പിംഗും, കൃഷിയും, പള്ളിക്കാര്യവു ഒക്കെയായി അയാൾ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞുകൂടി..
കാലം മാറി കഥ മാറി.. ഞാൻ നാട്ടിലേക്ക് പോക്ക് കുറഞ്ഞു.. അവിടെ ഉണ്ടായിരുന്ന എന്റെ വക കുടുംബവീതസ്ഥലം വിറ്റ് നഗരത്തിൽ ഞാൻ പുതിയൊരു വീട് വച്ചു.. അച്ഛനും അമ്മയും മരിച്ച ശേഷം
എന്റെ നാട്ടിലേക്കുള്ള പോക്ക് തുലോം കുറഞ്ഞു.. എങ്കിലും ഇടയ്ക്കൊക്കെ ഞാൻ നാട്ടിൽ പോകും.. ബന്ധുക്കളെ കാണാൻ സുഹൃത്തുക്കളെ കാണാൻ…
പ്രായമേറെ ആയി എങ്കിലും പ്രസരിപ്പ് കൈവിടാത്ത,നരച്ച മുടിയും വെളുത്ത ചിരിയും ഉള്ള അന്നക്കുട്ടി അമ്മച്ചി ചെന്നാലുടനെ ഓടിവന്ന് എന്റെ കയ്യിൽ പിടിക്കും.. എന്നെ ചേർത്തുനിർത്തി വിശേഷങ്ങൾ പങ്കുവയ്ക്കും.. മരുമകളെ വിളിച്ച് എനിക്ക് ആഹാരം നൽകാൻ നിർദ്ദേശം നൽകും..
കാലം കടന്നുപോയി.. ഞാൻ നാട്ടിൽ നിന്നും പോന്നിട്ട് 40 വർഷമായി.. ഒരു ദിവസം പള്ളിയിലെ പെരുന്നാളിന് തോമസുകുട്ടി എന്നെ ക്ഷണിച്ചു.. ഞാൻ അന്നക്കുട്ടി അമ്മച്ചിയെ അന്വേഷിച്ചു.. അവർ മുറിയിൽ ഉറങ്ങുകയായിരുന്നു.. ക്ഷീണവും കേൾവി കുറവും, കാഴ്ചക്കുറവും ഒക്കെ അന്നകുട്ടി അമ്മച്ചിയെ അലട്ടിയിരുന്നു. അമ്മച്ചിയുടെ പല്ലുകളിൽ പലതും കൊഴിഞ്ഞു പോയിരുന്നു.. തോമസുകുട്ടി എന്നെ പരിചയപ്പെടുത്തി ” അമ്മച്ചി വന്നിരിക്കുന്നത് ആരാണെന്ന് നോക്കിക്കേ..അമ്മച്ചിയുടെ കണ്ണിന്റെ കാഴ്ച അല്പം കുറവാ.. നിന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു.. ഇത് ആരാണെന്ന് മനസ്സിലായോ.. അവൻ ചോദിച്ചു..
അമ്മച്ചി ചോദിച്ചു ആരാ?അമ്മച്ചീ എന്റെ ശബ്ദം കേട്ടിട്ട് മനസ്സിലാകുന്നുണ്ടോ ‘ഞാൻ ചോദിച്ചു.. മജീദ് തലയാട്ടി.. എന്തോ പറഞ്ഞു.പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു…. അമ്മച്ചിയുടെ കാതിലെ സ്വർണ്ണ കുണുക്കുകളും എന്നെ നോക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നി.. അതുകഴിഞ്ഞ് പിന്നീട് എനിക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല..
രണ്ടുവർഷം മുമ്പ് ഇങ്ങനെ കണ്ടതിനുശേഷം പിന്നെ ആ നടുക്കുന്ന വാർത്തയാണ് ഞാൻ കേട്ടത്.. അന്നക്കുട്ടി അമ്മച്ചി കഥാവശേഷയായി.. അതും ഈസ്റ്ററിന്റെ അന്ന്.. ആരോടും ഒന്നും പറയാതെ….സുഖമരണം സ്വർഗീയ മരണം..
മരണവാർത്തയറിഞ്ഞു ഞാനവിടെ ചെല്ലുമ്പോൾ അവിടെ അവിടെ വെച്ചിരുന്ന സ്പീക്കറിലൂടെ ഒഴുകിയെത്തിയ ഒരു ഗാനം ‘ മഹിമയോടന്തി
വിധിനാളിൽ.. കർത്താവേ നീ അണയുമ്പോൾ.. എന്നെ കൂടി ചേർക്കേണമേ ..
നല്ലവരൊത്തു വലംഭാഗേ.. ആത്മാവിനെ കീറിമുറിക്കുന്ന ഈ ഗാനം ശുഭ്രവസ്ത്രമണിഞ്ഞ് നീണ്ടുനിവർന്ന് കിടന്ന് ആസ്വദിക്കുകയാണ് എന്നെനിക്ക് തോന്നിപ്പോയി…. നിഷ്കളങ്കമായ, വാത്സല്യനിർഭരമായ . ഒരു പുഞ്ചിരിയും ആ ചുണ്ടിൽ പ്രകടമായിരുന്നു
എന്നെനിക്ക് തോന്നിപ്പോയി
..ക്രിസ്തു ദേവന്റെ ഉയർപ്പിനൊപ്പം.. അന്നക്കുട്ടി അമ്മച്ചിയുടെ ആത്മാവും അന്തരീക്ഷത്തിൽ ഉയർന്ന് സ്വർഗ്ഗലോകം പൂകിയിട്ടുണ്ടാവാമെന്ന് ആശ്വസിച്ചു മെല്ലെ ഞാൻ അവിടെ നിന്നും പടിയിറങ്ങി… 🙏