ആനചന്തം

ഇവൻ എന്ത് ഉദ്ദേശിച്ചിട്ടാ ഈ ജന്തുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.
പോയിപോയി എന്ത്‌ തോന്ന്യാസവും കാട്ടാമെന്നായോ ഇപ്പൊ ?
ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല..
പേർഷ്യയിൽ ഉണ്ടാർന്ന ഒന്നാന്തരം ജോലീം കളഞ്ഞു വീട്ടിൽവന്നപ്പോ ഞാനൊന്നും മിണ്ടാതിരുന്നത് ഒരു ഇളതരം ആയി കണ്ടിട്ടുണ്ടാവും അവൻ, നോക്കിക്കോ ഈ ജന്തുവിന്റെ കാര്യത്തിൽ ഞാനൊരു തിരുമാനം എടുക്കും വൈകാതെ..
ഉമ്മറത്തൊടിയിൽനിന്ന് അച്ഛന്ടെ പിറുപിറുക്കൽ കേട്ടാണ് അന്നത്തെ സുപ്രഭാതത്തിലേക്ക് ഞാൻ മിഴിതുറന്നത്.. അല്പനേരം അങ്ങനെ നിശ്ചലം കിടന്നുകൊണ്ട് അച്ഛന്ടെ വാക്കുകൾ ഒന്നൂടെ മനസ്സിലോർത്തു..
പുള്ളിക്കാരൻ പറഞ്ഞതിൽ ന്താ ഇപ്പൊ തെറ്റ് ?
ജനിച്ചപ്പോഴേ അമ്മ നഷ്ടപെട്ട തന്നെ ഒരുകുറവും അറിയിക്കാതെ അച്ഛൻ വളർത്തി വലുതാക്കി.. സ്കൂൾ ജീവിതത്തിലും അതുകഴിഞ്ഞുള്ള കോളേജ് ലൈഫിലും തന്റെ മനസ്സ് മുൻകൂട്ടി വായിച്ചറിഞ്ഞെന്നോണം വേണ്ടകാര്യങ്ങൾ ചെയ്തുതന്ന തന്റെ ഗ്രേറ്റ്‌ഫാദർ ആയിരുന്നു അച്ഛൻ.
ഇപ്പോഴും അതേ സ്ഥാനം തന്നെയാണ് അച്ഛന് തന്റെ മനസ്സിൽ..
ഹോട്ടൽമാനേജ്‌മന്റ്‌ പഠനത്തിനുശേഷം ജോലിക്ക് വേണ്ടി കുവൈറ്റിലേക്ക് തന്നെ അയച്ചത് അച്ഛന്ടെ ഇഷ്ടപ്രകാരമായിരുന്നു,.. ചില അടുപ്പക്കാരെ സ്വാധീനിച്ചു ഭേദപെട്ട ശമ്പളമുള്ള നല്ലൊരു ജോലിയും അവിടെ തയ്യാറാക്കി വെച്ചിരുന്നു അച്ഛൻ..
രണ്ട് വർഷം കഴിഞ്ഞു ആദ്യത്തെ ലീവിന് നാട്ടിലെത്തിയപ്പോൾ തനിക്ക് വേണ്ടി ഒരുപെൺകുട്ടിയെയും അച്ഛൻ നോക്കി വെച്ചിരുന്നു..
പിന്നെല്ലാം പെട്ടെന്നായിരുന്നു ലീവ് തീരുംമുൻപേ വിവാഹം അച്ഛൻ ആർഭാടപൂർവം നടത്തിതന്നു.
അങ്ങിനെയാണ് ‘തുമ്പി’ എന്റെ ജീവിതത്തിലേക്ക് വലതുകാൽവെച്ചു കടന്നുവന്നത്..
തനി നാട്ടിന്പുറത്തുകാരിയായ ഒരു പാവം പെണ്ണായിരുന്നു തുമ്പി..
ഒന്നിനോടും പരാതിയും പരിഭവവും ഇല്ലാത്തതുകൊണ്ടാവാം എന്റെ ഇഷ്ടങ്ങൾ അവളുടേതുകൂടിയാക്കി മാറ്റാൻ തുമ്പിക്ക് എളുപ്പത്തിൽ കഴിഞ്ഞു..
വിവാഹത്തിന് ശേഷമുള്ള പകലുകൾക്കും രാവുകൾക്കും ദൈർഘ്യം വളരെ കുറവായിരുന്നെന്നു തോന്നുന്നു..
ലീവ് തീർന്ന് തുമ്പിയെയും അച്ഛനെയും സ്വന്തം നാടിനെയും വിട്ട് ഫ്ളൈറ്റ് കയറിയപ്പോൾ ആദ്യമായി പ്രവാസ ജീവിതത്തോട് ഒരു മടുപ്പ് തോന്നി..
ആ മടുപ്പ് ഉള്ളിൽകിടന്നു പെരുകി നിറഞ്ഞപ്പോൾ ഒരു സുപ്രഭാതത്തിൽ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് വെച്ചുപിടിച്ചു..
അച്ഛന്ടെ പ്രതികരണം എന്തായിരിക്കും എന്നോർത്തായിരുന്നു അപ്പൊൾ മനസ്സിൽ ആധി.
പക്ഷെ ഭയപെട്ടതുപോലൊന്നും സംഭവിച്ചില്ല, പെട്ടിയും തൂക്കി പോയതിലും സ്പീഡിൽ തിരികെയെത്തിയ തന്നെകണ്ടപ്പോൾ അച്ഛന്റെ കണ്ണിൽ തെളിഞ്ഞ വികാരം വികാരം എന്തായിരുന്നു എന്ന് ഇപ്പോഴും മനസിലായിട്ടില്ല..
പോയികുളിച്ചു എന്തേലും കഴിക്കാൻ നോക്ക്, നല്ല ക്ഷീണമുണ്ട് മുഖത്ത്,
അത് പറഞ്ഞു ചുമലിൽ കിടന്ന തുവർത്തെടുത്തു ഒന്നാഞ്ഞുകുടഞ്ഞ്‌ തലയിൽ വട്ടംചുറ്റി കെട്ടി പറമ്പിലേക്ക് നടന്നകലുന്ന അച്ഛനെനോക്കി ഞാനന്ന് നിശ്ചലം നിന്നു..
രാവിലെതന്നെ ദിവാസ്വപ്നവും കണ്ട്‌ കിടക്കുവാണോ ഏട്ടാ ?
ചായയുമായി അരുകിലെത്തിയ തുമ്പിയുടെ ചോദ്യമാണ് ഭൂതകാലത്തിൽ മേഞ്ഞുനടന്ന ചിന്തകളെ വർത്തമാനത്തിലേക്ക് തിരികെ കൊണ്ടുവന്നത്..
എടി തുമ്പി, നമ്മുടെ അച്ഛന് എന്താർന്നു രാവിലെ ചായക്കൊപ്പം കടി.. ചേമ്പോ ചേനയോ പുഴിങ്ങി കൊടുത്തായിരുന്നോ നീ ?
അതെന്താ മോനെ അങ്ങിനെ ചോയ്ച്ചേ ?
തുമ്പിയുടെ കണ്ണിൽ അമ്പരപ്പ് നിറഞ്ഞു കണ്ടു..
അല്ലാ, അച്ഛൻ രാവിലെതന്നെ ചൊറിയുന്നത് കണ്ട്‌ പറഞ്ഞതാ..
അതുപിന്നെ, ഏട്ടൻ ഇന്നലെ കൊണ്ടുവന്ന പുതിയ അതിഥിയെ അച്ഛന് തീരെ ഇഷ്ടായിട്ടില്ലാന്നു തോന്നണു.. അതിനേം നോക്കി രാവിലെ തുടങ്ങീതാ അച്ഛന്റെ പിറുപിറുക്കൽ..
അത് പോട്ടെ ഡീ, നിനക്ക് ഇഷ്ട്ടായോ അവനെ ?
തുമ്പിയുടെ അരയിലൂടെ കൈ വട്ടംചുറ്റി ചേർത്തുപിടിച്ചു ആ മത്തങ്ങാ കണ്ണിലേക്ക് നോക്കി ഞാൻ ചോദിച്ചു..
അയ്യടാ, രാവിലെതന്നെ കിന്നരിക്കാൻ നിക്കാതെ ആ സാധനത്തിന് എന്തേലും കഴിക്കാൻ കൊടുക്കാൻ നോക്ക് മനുഷ്യാ..
അടുത്തുനിന്നും കുതറിമാറി തുമ്പി അത് പറഞ്ഞപ്പോഴാണ് അവനെ കുറിച്ച് ഓർത്തത്‌..
രാമനെകുറിച്ച്.. !
കുഞ്ഞുനാൾ മുതൽക്കെ ചെണ്ടപ്പുറത്തു കോൽവെക്കുന്നിടത്തെല്ലാം താൻ ഉണ്ടായിരുന്നു. അങ്ങനെ നാട്ടിലെ പൂരപ്പറമ്പുകളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുമ്പോഴെപ്പോഴോ ‘ആന’ എന്ന വിസ്മയം മനസ്സിൽ ഒരു മോഹമായി പതിഞ്ഞു..
അഴകേറിയ ചെവികൾ വീശി ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന കരിവീരനെ അന്നൊക്കെ മിക്ക രാത്രികളിലും സ്വപ്നം കാണുന്നത് പതിവായിരുന്നു..
പ്രവാസി ജീവിതത്തോട് സലാംപറഞ്ഞു നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആ പഴയ സ്വപ്നം സാക്ഷാത്കരിക്കുവാൻ ഒരു ശ്രമം നടത്തിനോക്കി..
അതുവരെ ഉണ്ടാക്കിയ സമ്പാദ്യവും, തുമ്പിയുടെ ആഭരണങ്ങളും പോരാത്തതിന് ബാങ്ക് ലോണും എടുത്ത്‌ എന്റെ സ്വപ്നത്തെ ഞാനന്ന് വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു..
രാമൻ ലക്ഷണമൊത്ത കുട്ടികൊമ്പനായിരുന്നു.. അതവന്റെ മുളച്ചു തുടങ്ങിയ കൊമ്പുകളും, നിലം മുട്ടാറായ തുമ്പികൈയും, വലിയ ചെവികളും വിളിച്ചോതുന്നുണ്ടായിരുന്നു..
ചുരുങ്ങിയ ദിവസംകൊണ്ട് എനിക്കും തുമ്പിക്കും പ്രിയങ്കരനായിമാറി രാമൻ.അവന്റെ കുട്ടികുറുമ്പുകളെ ഞാനും തുമ്പിയും ഒരുമിച്ചു ആസ്വദിച്ചപ്പോൾ അച്ഛൻ മാത്രം അതിൽ നീരസം പ്രകടിപ്പിച്ചു..
രാത്രികളിൽ രാമന്റെ മുരൾച്ച കേട്ട് അച്ഛൻ അസ്വസ്ഥനായി കോലായിലൂടെ ഉലാത്തുന്നത് തുമ്പിയാണ് എനിക്ക് കാട്ടിതന്നത്..
ടീ തുമ്പി, ഇതൊന്നും കാര്യാക്കണ്ട, ഗണപതി ഭഗവാൻ ആനയുടെ വർഗ്ഗത്തിൽ അല്ലേ പിറന്നത്.അങ്ങിനെ നോക്കുമ്പോൾ വിഗ്നേശ്വരൻ തന്നെയാണ് നമ്മുടെ രാമൻ.. അവൻ നിൽക്കുന്നിടത്ത് ഐശ്വര്യം വന്നുചേരുമെന്ന് എന്ടെ മനസ്സ് പറയുന്നു..
ഞാനത് പറഞ്ഞപ്പോൾ നിറപുഞ്ചിരിയോടെ തുമ്പി എന്നോട് ഒട്ടിച്ചേർന്നു നിന്നു..
ഒരൂസം രാവിലെ കാപ്പികുടിയും കഴിഞ്ഞു കോലായിലിരുന്നു പത്രത്തിലേക്ക് കണ്ണോടിക്കുമ്പോഴാണ് അച്ഛൻ തെങ്ങ് കയറ്റക്കാരൻ വേലായുധനെയും കൊണ്ട് പടികയറി വരുന്നത് കണ്ടത്..
ഡാ വേലായുധാ, നന്നായി മൂത്ത തേങ്ങാ മാത്രം വെട്ടി താഴേക്കിട്ടാൽ മതീട്ടാ.. എളുപ്പപ്പണി നോക്കി കരിക്ക് ഇടാൻ നോക്കണ്ടാ..
തെങ്ങിൽ കയറുന്ന വേലായുധനെ നോക്കി അച്ഛൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു..
തെങ്ങിൽ നിന്നും താഴേക്ക്‌ പതിക്കുന്ന നാളികേരത്തെ കയ്യോടെ തന്നെ അച്ഛൻ മണ്ണിൽ ഉറപ്പിച്ചു നിർത്തിയ ഇരുമ്പ്കമ്പി ഉപയോഗിച്ച് പൊതിച്ചെടുക്കുന്നുണ്ടായിരുന്നു..
അതിന് തൊട്ടടുത്തായിരുന്നു രാമനെ തളച്ചിരുന്നത്..
ചിതറികിടക്കുന്ന നാളികേരങ്ങളെ തുമ്പികൈ കൊണ്ട് ഉരുട്ടിയുരുട്ടി രാമൻ അച്ഛന് സമീപം എത്തിക്കുന്ന കാഴ്ചകണ്ട്‌ ഞാൻ മനസ്സിൽ ചിരിച്ചു..
അച്ഛനും അത് കാണുന്നുണ്ടാകാം, പക്ഷെ പുള്ളിയുടെ മുഖത്ത് ഒരേ ഗൌരവം..
പെട്ടെന്ന് താഴെകിടന്ന നാളികേരത്തിൽ ചവിട്ടിയ അച്ഛന്റെ കാലൊന്നു വഴുതി, ബാലൻസ് തെറ്റി അച്ഛൻ മുന്നോട്ടു മറിഞ്ഞു വീണു, കൃത്യം തേങ്ങാ പൊതിക്കാൻവേണ്ടി കുത്തനെ നിർത്തിയിരുന്ന ഇരുമ്പ് കമ്പിയുടെ മുകളിലേക്ക്..
അച്ഛാ.. എന്ന് അലറിവിളിച്ചു ചാടി എണീറ്റപ്പോഴേക്കും അപ്പുറത്ത് നിന്നിരുന്ന രാമൻ തുമ്പികൈ കൊണ്ട് അച്ഛനെ വട്ടം ചുറ്റിപിടിച്ചിരുന്നു..
ഭാഗ്യം.. അവന്റെ തുമ്പിക്കയ്യിൽ അച്ഛൻ സുരക്ഷിതൻ ആയിരുന്നു..
അച്ഛനെ നേരെനിർത്തി രാമൻ തുമ്പികൈ അയച്ചപ്പോൾ ഞാനും അത് കണ്ടുനിന്ന വേലായുധനും ഒപ്പം അച്ഛനും ഒന്ന്‌ ദീർഘശ്വാസം വിട്ടു..
എന്തോ പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്ത് തന്റെ ജീവൻ രക്ഷിച്ച രാമനെ ഒന്ന്‌ നോക്കുകപോലും ചെയ്യാതെ അച്ഛൻ വീടിനുള്ളിലേക്ക് കയറിയപ്പോൾ വേദനിച്ചത് എന്റെ ഇടനെഞ്ചായിരുന്നു..
താൻ ചെയ്ത കാര്യം എത്രത്തോളം വലുതാണെന്ന് മനസിലാവാത്തതുകൊണ്ടോ എന്തോ, അപ്പോഴും നാളികേരങ്ങൾ തുമ്പിക്കയ്യാൽ ഉരുട്ടികൂട്ടുന്ന തിരക്കിലായിരുന്നു രാമൻ.
അന്ന് വൈകീട്ട് കവലയിൽ പോയി രാമനുള്ള പഴക്കുലയും, കരിമ്പിൻതണ്ടും, ശർക്കരയും വാങ്ങി തിരികെ വീട്ടിലെത്തിയപ്പോൾ തുമ്പിയുടെ മുഖത്തു പതിവില്ലാത്ത ഒരു നാണം തെളിഞ്ഞുകണ്ടു..
ഇതെന്താ പെണ്ണെ പതിവില്ലാത്ത ഒരു ഭാവം മുഖത്ത് ?
അതുകേട്ട തുമ്പി എന്റെ വലതുകൈ അവളുടെ വയറ്റിലേക്ക് ചേർത്തുപിടിച്ചു പറഞ്ഞു..
മോൻ പറഞ്ഞെ, ഇവിടിപ്പോ ഏത് ഉണ്ണിയാ അനങ്ങുന്നേ.. ആണോ പെണ്ണോ ?
സന്തോഷംകൊണ്ട് വാ തുറന്ന് നിൽക്കുന്ന എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു പല്ലുകൾമർത്തി ഒന്ന്‌ കടിച്ചു തുമ്പി..
ആ നീറ്റലിലാണ് എനിക്ക് സ്ഥലകാലബോധം വീണത്‌..
അച്ഛൻ അറിഞ്ഞോ പെണ്ണെ ഈ കാര്യം.. ?
പിന്നില്ലാതെ, പിന്നാമ്പുറത്തിരുന്നു ഞാൻ ഓക്കാനിക്കുന്ന ശബ്ദംകേട്ട് ഓടിവന്ന അച്ഛനാണ് അങ്ങാടീന്ന് ഡോക്ടറേ ഫോൺ വിളിച്ചു വരുത്തിയത്..
മുത്തച്ഛനാകാൻ പോകുന്നതറിഞ്ഞു വല്യ സന്തോഷത്തിലാ അച്ഛനിപ്പോ..
തുമ്പി അതുപറഞ്ഞപ്പോൾ എന്റെ കണ്ണൊന്നു നിറഞ്ഞു..
വിവാഹം കഴിഞ്ഞു കുറച്ചായിട്ടും കുട്ടികളുണ്ടാവാത്തതിൽ ഞങ്ങളേക്കാൾ ഏറെ വിഷമം അച്ഛനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..
അങ്ങിനെ എല്ലാ വിഷമങ്ങൾക്കും ഒരു അവസാനമായി ഇപ്പോൾ..
രാമൻ നിക്കുന്നിടത്തുനിന്നും ന്തോ ശബ്ദം കേൾക്കുന്നുണ്ട് ഏട്ടാ, ഒന്ന്‌ ചെന്നു നോക്ക്യേ..
അവന് തീറ്റക്കുള്ള സമയം ആയി, അത് ഓർമപെടുത്താൻ വേണ്ടി ഒച്ച വെക്കുന്നതാവും ആ കുറുമ്പൻ, അതും പറഞ്ഞു ജനൽപ്പാളി തുറന്ന് രാമൻ നില്കുന്നിടത്തേക്ക് ഞാനൊന്ന് കണ്ണോടിച്ചു..
അവിടെക്കണ്ട കാഴ്ചകണ്ടു ഞാൻ അന്തംവിട്ടു പോയി..
രാമന്റെ അടുത്ത് കുശലം പറഞ്ഞു അതാ നിൽക്കുന്നു അച്ഛൻ !
ഒരുകയ്യാൽ അവന്റെ തുമ്പിക്കയ്യിൽ തലോടുകയും മറുകൈയ്യാൽ രാമന്റെ വായിലേക്ക് എന്തോ പഴങ്ങൾ തിരുകി കൊടുക്കുകയും ചെയ്യുന്നു അച്ഛൻ !
അച്ഛൻ അവനോട് കാട്ടുന്ന സ്നേഹത്തിലും നൽകിയ ഭക്ഷണത്തിലും മതിമറന്നു സന്തോഷിച്ചിട്ടാവണം തലകുലുക്കി ചെറുതായി മുരളുന്നുണ്ട് രാമൻ..
അടുക്കളയിൽനിന്നും വന്ന തുമ്പിയേയും ഞാൻ ജനലിനു അരികിലേക്ക് ചേർത്തു നിർത്തി ആ കാഴ്ച്ച കാണിച്ചുകൊടുത്തു..
രാമന്റെ വയറിൽ തലോടിയതിനുശേഷം അച്ഛൻ തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോൾ തുമ്പികൈ തടസം പിടിച്ചു അച്ഛനെ വീണ്ടും തന്നോടു ചേർത്തുനിർത്തുന്നു രാമൻ..
എടാ കുറുമ്പാ എന്ന് വിളിച്ചു അച്ഛൻ ആ തുമ്പിക്കയ്യിൽ ഉമ്മ വെക്കുന്നു..
രാമൻ വന്നിടത് ഐശ്വര്യം നിറയുന്നത് ഇപ്പൊ കണ്ടില്ലേടി തുമ്പി,..
രാവിലെ അച്ഛന്റെ ജീവൻ രക്ഷിച്ചു രാമൻ, ഇപ്പൊ ദാ നമുക്കൊരു ഉണ്ണിയുണ്ടാവാനും പോകുന്നു..
അത് പറഞ്ഞു ഞാൻ തുമ്പിയെ കെട്ടിപ്പിടിച്ചപ്പോൾ അപ്പുറത്ത് രാമന്റെ കുറുമ്പുകൾ കണ്ട്‌ ഒരു കൊച്ചുകുട്ടിയെപോലെ പൊട്ടിച്ചിരിക്കുകയായിരുന്നു അച്ഛൻ..

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ഒരു കൊതി

നേരം സന്ധ്യയായി തുടങ്ങി, അമ്മ പറയുമ്പോഴേ പോയി വിളക്കെടുത്തു വെച്ച് നാമം ചൊല്ലാൻ തുടങ്ങും.ഇനിയെങ്ങാനും അമ്മ ആ സമയം തിരക്കിലാണെങ്കിൽ ആ ചടങ്ങ് ഈയുള്ളവനും അനിയനും ചേർന്നങ്ങു

....

കാവൽ നക്ഷത്രം

വീടിനടുത്ത്, പാടങ്ങൾക്കുമകലെ ഒരു ചെറിയ റെയിൽവെ സ്റ്റേഷൻ ഉണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു എന്റെ കൂട്ടുകാർ. ട്രെയിനിന്റെ ചൂളം വിളികൾ അലിഞ്ഞു ചേർന്ന എന്റെ കൌമാരവും യൗവ്വനവും. എത്ര

....

ജ്വാല

” സീ മിസ്സ്‌ ജ്വാല…. താങ്കളുടെ അമ്മയ്ക്ക് ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ കാണുന്നില്ല….. പിന്നെ നിങ്ങളുടെ ഒരു ആശ്വാസത്തിന് വേണ്ടി നമുക്ക് കുറച്ച് ചെക്കപ്പുകൾ

....
malayalam short stories

ഞാനും ഒരു പെണ്ണാണ്

ഞാൻ രമ ,,എന്റെ ഭര്ത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ് രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു. ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്. വീട്ടുകാർ തീരുമാനിച്ചു

....
malayalam short stories

ചേച്ചി

“ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ” “അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ

....

സംശയങ്ങൾ

തന്റെ ഭാര്യ താനറിയാതെ മറ്റൊരാളുമായി രഹസ്യ ബന്ധത്തിലേർപ്പെടുന്നുണ്ടോ എന്ന് അവരുടെ ഭർത്താവിന് ഒരു സംശയം, എന്നാലത് അവളോടു ചോദിച്ചറിയുക എന്നു വെച്ചാൽ അത് സാധ്യമായ കാര്യവുമല്ല, എങ്ങിനെയെങ്കിലും

....