“വിവാഹം കൊണ്ടല്ല, പരസ്പര ബഹുമാനവും പ്രണയവും കൊണ്ടേ സ്ത്രീക്കും പുരുഷനും ഒത്തുപോകാൻ സാധിക്കു…”
വിവാഹിതരാകാതെ ഒരു സ്ത്രീക്കും പുരുഷനും സഹയാത്രികരായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ച സിമോൺ ദ് ബുവെയുടെയും ജീൻ പോൾ സാർത്രെയുടെയും ജീവിതമുഹൂർത്തങ്ങൾ ചേർത്തിണക്കി നിഷ അനിൽ കുമാർ എഴുതിയ പുസ്തകം ‘അവധൂതരുടെ അടയാളങ്ങൾ’. തത്വചിന്തകർ , സമത്വത്തിനായി പോരാടിയവർ, സാഹിത്യകാർ, രണ്ടു ലോകമഹാ യുദ്ധങ്ങൾ നേരിട്ടവർ, സമാനമായ നേർരേഖകൾ പോലെ സഞ്ചരിക്കുന്നവർ…എന്നാൽ എത്രത്തോളം അടുത്തലും നേർരേഖകൾ ഒരിക്കലും കൂട്ടിമുട്ടാറില്ല. ഈ സത്യം ആണ് സിമോണിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് എഴുതിയ അവധൂതരുടെ അടയാളങ്ങൾ.
എത്രത്തോളം ഒരേപോലെ ചിന്തിച്ചാലും ജീവിച്ചാലും ഒരു ഘട്ടം എത്തുമ്പോൾ സ്ത്രീയുടെ ആഗ്രഹങ്ങളും ചിന്തകളും ആവശ്യങ്ങളും പുരുഷന്റെതിൽ നിന്നും വേറിടാൻ തുടങ്ങും.
അത് ആണിനേയും പെണ്ണിനേയും സൃഷ്‌ടിച്ച ഉടയോൻ വരുത്തിവെച്ച സംഗീർണത.
സിമോൺനു സാർത്രെയോടുള്ള ഇഷ്ടം ആണ് അവളെ തത്വചിന്തകായാക്കിയത് , സാർത്രെ അവളിലെ എഴുത്തുകാരിയെ പ്രോത്സാഹിപ്പിച്ചു അവൾ പോലും അറിയാത്ത അക്ഷരങ്ങളുടെ ചിന്തകളുടെ സാമൂഹിക പ്രതിപദ്ധതയുടെ ലോകത്തേക്കു കൈപിടിച്ച് നടത്തിച്ചു, ഒടുവിൽ അതെ സ്നേഹം തന്നെ അവളുടെ ആത്‌മാവിനെ അടിമയാക്കി വീർപ്പുമുട്ടിച്ചു.
‘‘സാർത്ര്, നിങ്ങൾ വഞ്ചിച്ചുകളഞ്ഞത് എന്നിലെ സ്ത്രീയെ മാത്രമല്ലായിരുന്നു. എന്നിലെ പ്രതിഭയെ, എഴുത്തുകാരിയെ. പരിരംഭണം ചെയ്യുമ്പോൾ തളരുകയും സ്നേഹിക്കുമ്പോൾ ആർദ്രമാകുകയും ചെയ്തിരുന്നവളെ. കാപട്യമില്ലാതെ സ്നേഹിക്കുകയും സുതാര്യമായി പെരുമാറുകയും ചെയ്ത പെണ്ണൊരുവളെ. സാർത്ര്, നിങ്ങൾ കൊന്നുകളഞ്ഞത് എന്റെ
യൗവനമായിരുന്നു. നിങ്ങൾ ചവിട്ടിതേച്ചത് നിരാലംബമായിക്കൊണ്ടിരുന്ന എന്നിലെ വാർധക്യത്തെയായിരുന്നു. പക്ഷേ, എനിക്കു ജയിച്ചേ തീരൂ. ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ ആഹ്ലാദിക്കുകയും ആഘോഷമാക്കുകയും ചെയ്ത ശരീരത്തിനു മേൽ ഞാനല്ലാതെ മറ്റൊരു അവകാശി ഉണ്ടായിക്കൂടാ. ആറടി മണ്ണിനു കീഴിൽ നിങ്ങൾക്കു താഴെയോ മുകളിലോ എവിടെയാണ് എന്റെ സ്ഥാനമെന്ന് കാലം നിശ്ചയിക്കട്ടെ…”
സിമോണിനെ പോലൊരു ഉയർന്ന ചിന്താഗതി ഉള്ളവൾക്കു, പ്രശ്തി അറിഞ്ഞവൾക്കു, അറിയപ്പെടുന്ന ഒരു എഴുത്തകാരി അതിലുപരി ഒരു ഫെമിനിസ്റ്റ് എന്ന നിലയ്ക്ക് അവൾക്കു ജീവിക്കാൻ ഒരു പുരുഷന്റെ ആവശ്യം ഇല്ലായിരുന്നു എന്നാൽ അവൾ സ്നേഹം ആഗ്രഹിച്ചു ആ സ്നേഹത്തിലൂടെ അവളിലെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ഒരാളെ ആഗ്രഹിച്ചു.
സാർത്രെയിലൂടെ അവളുടെ ആത്മാവിനു ലഭിച്ച നിർവൃതി മറ്റൊരു പുരുഷനും നല്കാൻ കഴിഞ്ഞില്ല. അത് തന്നെ ആണ് അവളിൽ അഗാധമായ ശൂന്യത നിറച്ചതും.
ഏതൊരു പ്രണയബന്ധത്തിന്റെയും തുടക്കത്തിൽ എന്നതുപോലെ മധുരമായ വാക്കുകളിൽ മാന്ത്രികമായി വശംവദയാക്കിയിരുന്ന ആളിൽ നിന്നും ചെറിയ വിഷയങ്ങളിൽ പോലും സൂക്ഷ്മമായി നിരീക്ഷിച്ചു കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന സാധാരണ പുരുഷനിലേക്ക് സാർത്രേയിലെ കൂട്ടുകാരൻ മാറിയപ്പോൾ പ്രണയിനി എന്നർഥത്തിൽ മാത്രമല്ല, എഴുത്തുകാരി എന്ന നിലയിലും സിമോൺ അപമാനിക്കപെട്ടു. പൊരുതി നേടിയ വിജയങ്ങളൊക്കെ പരാജയങ്ങളാണെന്ന തിരിച്ചറിഞ്ഞിട്ടും മറ്റുള്ളവരുടെ മുൻപിൽ തലതാഴ്ത്താൻ ഒരുപക്ഷെ സിമോൺന്റെ മനസ് അനുവദിച്ചു കാണില്ല.
കാമില അലക്സാട്രോവ്നയ്ക്കു മുന്നിൽ സിമോൺ ജീവിതം പറയുന്നിടത്താണ് നോവലിന്റെ തുടക്കം. തന്റെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടെത്തിയ കാമിലയോട് ആദ്യം എതിർത്തെങ്കിലും, തന്റെ വിരസമായ ജീവിതത്തിൽ പ്രതീക്ഷയുടെ നേരിയ വെളിച്ചം ആണ് കാമിലാന്നു മനസിലാക്കിയ സൈമൺ പിന്നീടു ജീവചരിത്രം എഴുതാൻ സമ്മതിക്കുന്നു. ശേഷം സിമോൺന്റെയും, സാർത്രെയുടെയും, അവരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന അനേകം ആൾക്കാരുടെയും ജീവിതത്തിലേക്കുള്ള ചെറിയ ഒരു വെളിച്ചം വീശലാണ് ‘അവധൂതരുടെ അടയാളങ്ങൾ’.