വെള്ളാരംകണ്ണുകൾ

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരു പുതിയ അഡ്മിഷൻ വന്നു.സിബി എന്നായിരുന്നു അവന്റെ പേര്.അവൻ ഞങ്ങൾക്ക് തീർത്തും അപരിചിതനായിരുന്നു.വേറെ ഏതോ സ്ഥലത്ത് നിന്നും വന്ന് ഞങ്ങളുടെ നാട്ടിൽ വാടകക്ക് താമസിക്കുന്നവനാണ്.
അവന് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ.മറ്റേ കണ്ണിന് വെള്ളാരം കല്ലിന്റെ നിറമായിരുന്നു.ക്ലാസിൽ വന്നാൽ പിന്നെ അവൻ ആരോടും മിണ്ടില്ല.ടീച്ചർ എന്തെങ്കിലും ചോദിച്ചാലും തല താഴ്ത്തി നിൽക്കും.അടുത്ത് ഇരിക്കുന്ന ആളുകളോട് പോലും മിണ്ടില്ല.P T പീരിയഡ് ആയാൽ ഞങ്ങളൊക്കെ ഗ്രൗണ്ടിൽ പോകുമ്പോൾ ഇവൻ ഒറ്റക്ക് വേറെ എവിടേലും പോയിരിക്കും.
ഒരു ദിവസം ഞാൻ സ്കൂൾ വിട്ട് പോകുന്ന വഴിയിലുള്ള ഒഴിഞ്ഞ പറമ്പിന്റെ അടുത്ത് ഇവൻ നിൽക്കുന്നത് കണ്ടു.രാത്രിയിൽ ഇറച്ചിവെട്ടുകാർ പോത്തിന്റെയും ആടിന്റെയും ഒക്കെ ഇറച്ചിയുടെ വേസ്റ്റ് കൊണ്ടുവന്ന് തള്ളുന്ന സ്ഥലമായിരുന്നു അത്.എല്ലാവരും മൂക്ക് പൊത്തി നടക്കുന്ന ആ വഴിയിൽ ഇവൻ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നത് കണ്ട് ഞാൻ ഞെട്ടി.അവനോട് ഒന്നും മിണ്ടാതെ മൂക്ക് പൊത്തി നടന്ന് പോകുമ്പോൾ അവൻ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.അവന്റെ വെള്ളാരം കല്ല്പോലുള്ള കണ്ണ് കാണുമ്പോൾ എനിക്ക് ഭയം തോന്നി.ഞാൻ വലിഞ്ഞ് നടന്നു.
പിറ്റേന്ന് bench rotation മൂലം ഞാൻ ഇവന്റെ അടുത്ത് പോയിരുന്നു.ഞാനും അവനും ആയിരുന്നു ഏറ്റവും പുറകിലെ ബെഞ്ചിൽ ഉണ്ടായിരുന്നത്.
അവൻറെ സമീപം പോയി ഇരുന്നപ്പോൾ എനിക്ക് അഴുകിയ മാംസത്തിന്റെ ഗന്ധം തോന്നി.അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ യാതൊരു ഭാവവും ഇല്ലാതെ എന്നെത്തന്നെ നോക്കി ഇരിക്കുന്നു. ഞാൻ അവന്റെ സമീപത്ത് നിന്നും അല്പം വിട്ടിരുന്നു.
Intervel ആയപ്പോൾ അവൻ ക്ലാസിൽ നിന്നും ഇറങ്ങി പോയ ശേഷവും എനിക്ക് ആ നാറ്റം അനുഭവപെട്ടു.നോക്കിയപ്പോൾ അത് വരുന്നത് അവന്റെ ബാഗിൽ നിന്നായിരുന്നു.എന്റെ കൂട്ടുകാരനെയും ഒപ്പം കൂട്ടി ഞാൻ ആ ബാഗ് തുറന്ന് നോക്കിയപ്പോൾ കണ്ടത് അഴുകിയ ഇറച്ചിയുടെ വേസ്റ്റ് ആയിരുന്നു.🤢.
അതിന്റെ രൂക്ഷഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയപ്പോൾ ആ ബാഗ് നിലത്തിട്ട് ഞങ്ങൾ ക്ലാസിന്റെ പുറത്തേക്ക് ഓടി.
അഴുകിയ മാസം ക്ലാസിലേക്ക് കൊണ്ട് വന്നത് എന്തിനാണെന്ന് ടീച്ചർ എത്ര ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല.സുഖമില്ലാത്ത കുട്ടിയാണെന്ന് ടീച്ചർക്ക് തോന്നിയിട്ടാണോ എന്തോ കൂടുതൽ ഒന്നും പറയാതെ ഒരു താക്കീത് നൽകി ആ കേസ് അവസാനിപ്പിച്ചു.പിന്നീട് ഞങ്ങളാരും അവനോട് സംസാരിക്കാനോ അവനെ ശ്രദ്ധിക്കാനോ പോയില്ല.പക്ഷെ
പിന്നീടങ്ങോട്ട് എപ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആ വെള്ളാരംകല്ല് പോലുള്ള കണ്ണും അഴുകിയമാംസത്തിന്റെ ഗന്ധവും എനിക്ക് ഓർമവരാൻ തുടങ്ങി😤.
കുറെ നാൾ കഴിഞ്ഞ് ഒരു ദിവസം PT period ന് ഗ്രൗണ്ടിൽ കളിക്കുമ്പോൾ എന്റെ കൂട്ടുകാരൻ പന്ത് സമീപത്തെ കാട്ടിലേക്ക് അടിച്ച് വിട്ടു. ഞാനും അവനും കൂടിയാണ് പന്ത് തപ്പാൻ പോയത്.അന്നേരം കണ്ടത് സിബി ചത്തുകിടക്കുന്ന പൂച്ചയുടെ അഴുകിയ മാസം എടുത്ത് തിന്നുന്നതായിരുന്നു.
ആ കാഴ്ച്ച കണ്ടപ്പോൾ ഞങ്ങളാകെ തരിച്ച് പോയി.ഞങ്ങളെ കണ്ടപ്പോ അവൻ എഴുന്നേറ്റ് ഞങ്ങളുടെ സമീപത്തേക്ക് വന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങളാകെ ഭയന്നു.അന്നേരം അവന്റെ മുഖം ആകെ ചുവന്നിരുന്നു മാത്രമല്ല മുഖത്ത് ആണേൽ ഒരു മൃഗീയഭാവവും.
അവൻ എന്റെ കൂട്ടുകാരന്റെ കൈ പിടിച്ച് മണത്തു നോക്കി എന്നിട്ട് ആ കൈ ഒന്ന് നക്കുകയും ചെയ്തു.
പിന്നീട് ഞങ്ങൾക്ക് അവിടെ നില്ക്കാൻ കഴിഞ്ഞില്ല ആ കുറ്റിക്കാട്ടിൽ നിന്നും നിലവിളിച്ചുകൊണ്ട് ഞങ്ങൾ ഗ്രൗണ്ടിലേക്ക് ഓടി.
സ്കൂളിന്റെ അടുത്തുള്ള കുളത്തിൽ ഇറങ്ങി കൈകഴുകുമ്പോൾ നമ്മൾ കണ്ട കാര്യം ടീച്ചറോട് പറഞ്ഞാലോ എന്ന് നിഖിൽ എന്നോട് ചോദിച്ചു.
വേണ്ട എന്ന് പറയാനാണ് എനിക്കപ്പോൾ തോന്നിയത്.എന്റെ മനസ്സ് അപ്പോഴും ആ കാഴ്ചയുടെ ആസക്തിയിലായിരുന്നു.അതിനെ കുറിച്ച് ആലോചിക്കുന്ന ഓരോ നിമിഷവും അഴുകിയമാംസത്തിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി.
ഇനി ഞാൻ അത് ആസ്വദിക്കുകയായിരുന്നോ?
അന്ന് വൈകീട്ട് സ്കൂൾ വിട്ട് നടന്ന് പോകുമ്പോൾ വഴിയിലുള്ള തെങ്ങിൻ തോട്ടത്തിനടുത്ത് സിബി എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു.അവനെ കാണാത്ത ഭാവത്തിൽ തല താഴ്ത്തി ഞാൻ നടത്തം തുടർന്നു.എന്റെ പുറകിലൂടെ അവനും നടക്കാൻ തുടങ്ങി.
"ആ കാര്യം ആരോടെങ്കിലും പറഞ്ഞോ?"
നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
വളരെ മൃദുലമായ ശബ്ദമായിരുന്നു അവന്റേത്.പരുഷമായ അവന്റെ രൂപത്തിന് ഒരിക്കലും ചേരാത്ത ശബ്ദം.
"ഇല്ല"
ഞാൻ മുഖത്തോട്ട് നോക്കാതെ മറുപടി പറഞ്ഞു.
"എനിക്കറിയായിരുന്നു..നീ ആരോടും പറയില്ല എന്ന്"
ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
"അതെന്താ?"
നടത്തം നിർത്തി ഞാൻ ചോദിച്ചു.
"കാരണം നമ്മൾ രണ്ടുപേരും ഒരുപോലെയാ".
ഇതും പറഞ്ഞ് അവൻ എന്നെ നോക്കി ചിരിച്ചു.
അന്നേരം അവന്റെ മഞ്ഞകറയുള്ള പല്ലും വെള്ളാരം കണ്ണും എന്നെ ഭയപ്പെടുത്തി.
ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്നും വലിഞ്ഞു നടക്കാൻ തുടങ്ങി.
നടത്തത്തിനിടയിൽ തിരികെ നോക്കിയപ്പോൾ സിബി അപ്പോഴും എന്നെ നോക്കി പല്ലിളിച്ചു നിൽപ്പുണ്ടായിരുന്നു.
അന്ന് രാത്രിയിൽ എനിക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല...പല പല ചിന്തകൾ എന്റെ ഉറക്കം കെടുത്തി.
പിറ്റേന്ന് സ്ക്കൂളിൽ ചെന്നപ്പോൾ സിബി എന്നോട് അടുത്ത് വന്ന് സംസാരിക്കാൻ തുടങ്ങി.അവൻ എന്റെ വീടിനെ പറ്റിയും ഇഷ്ടപ്പെട്ട സിനിമയെ പറ്റിയും നടന്മാരെ കുറിച്ചും ഒക്കെ ചോദിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഞാൻ ഒന്ന് സംശയിച്ചുവെങ്കിലും പിന്നീട് ഞാനും അവനോട് നല്ല കൂട്ടായി.അവൻ എന്നോട് നന്നായി സംസാരിക്കാൻ തുടങ്ങി.ഞാനും അവനോട് അങ്ങനെതന്നെ ആയിരുന്നു.
എങ്കിലും മറ്റുള്ളവരോട് അവൻ ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ നടന്നു.അവന് ഞാനുമായിട്ടുള്ള സൗഹൃദം ക്ലാസിലെ മറ്റുകുട്ടികൾക്കും കൗതുകമായിരുന്നു.
"നീ എന്തിനാ ആ ശവം തീനിയുമായി വർത്തമാനം പറയാൻ പോകുന്നേ?"എന്ന് ഒരിക്കൽ നിഖിൽ എന്നോട് ചോദിച്ചു.
ഞാൻ മറുപടിയൊന്നും കൊടുക്കാത്തത് കൊണ്ടാണോ എന്തോ പിന്നീട് അവൻ എന്നോട് വലിയ കൂട്ടൊന്നും ഇല്ലാതെയായി.
പിന്നീടങ്ങോട്ട് ഞാനും സിബിയും സ്കൂളിലേക്ക് വരവും പൊക്കുമെല്ലാം ഒരുമിച്ചായി.അഴുകിയ മാംസത്തിന് അത്രക്ക് ദുർഗന്ധം ഒന്നും പിന്നീട് എനിക്ക് തോന്നിയില്ല.ഒന്നിച്ചിരിക്കുന്ന സമയങ്ങളിൽ അവൻ ചിലപ്പോൾ തേരട്ടയെയും പുഴുക്കളെയും ഒക്കെ തിന്നുമായിരുന്നു.
എന്താണെന്നറിയില്ല എനിക്ക് ഒരു അറപ്പും തോന്നിയില്ല അന്നേരങ്ങളിൽ.പക്ഷെ ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു നീ എന്തിനാ അഴുകിയ ഇറച്ചിയും ജീവനുള്ള പ്രാണികളെയും ഒക്കെ തിന്നുന്നതെന്ന്.
" മാംസം അഴുകിത്തുടങ്ങിയാലാണ് ഏറ്റവും രുചി,പച്ചക്ക് കഴിക്കുമ്പോഴും നല്ല രുചിയാണ്" എന്ന് അവൻ മറുപടി തന്നു.
പറ്റിയാൽ ഒരിക്കലെങ്കിലും ഇറച്ചി വേവിക്കാതെ പച്ചക്ക് കഴിച്ച് നോക്കാൻ അവൻ എന്നെ ഉപദേശിക്കുകയും ചെയ്തു.
അന്ന് വൈകീട്ട് അച്ഛൻ വാങ്ങി കൊണ്ടുവന്ന കോഴിയിറച്ചിയിൽ നിന്ന് ഒരു ചെറിയ കഷ്ണം പച്ചക്ക് എടുത്ത് വായിൽ വച്ച് നോക്കിയതും അമ്മ മുതുകിലേക്ക് വന്ന് അടിച്ചതും ഒരുമിച്ചായിരുന്നു.
പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ സിബി എന്നോട് ചോദിച്ചു"ഡാ ഈ ലോകത്ത് ഏറ്റവും രുചിയുള്ള ഇറച്ചി ഏത് ജീവിയുടെ ആണെന്നറിയുവോ?"
"ഇല്ല'' ഞാൻ മറുപടി കൊടുത്തു.
"മനുഷ്യന്റെ ആണെടാ".
ഇതും പറഞ്ഞ് അവൻ എന്നെ നോക്കി ചിരിച്ചു.അന്നേരം തീക്ഷ്ണമായ എന്തോ ആഗ്രഹം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത് ഞാൻ കണ്ടു.
"നിന്നോട് ആരാ ഇത് പറഞ്ഞെ?"
ഞാൻ ചോദിച്ചു
"എന്റെ അമ്മച്ചി!!"
എന്റെ ഹൃദയമിടിപ്പ് കൂടി വന്നു.
"നിന്റെ അമ്മച്ചി മനുഷ്യമാംസം കഴിക്കുവോ?"
ഞാൻ കൗതുകത്തോടെ ചോദിച്ചു?
"മരിക്കുന്നതിന് മുൻപ് വരെ അപ്പച്ചൻ ഇടയ്ക്കിടെ കൊണ്ടുവരുമായിരുന്നു.അവർ രാത്രിയായാൽ ഒരുമിച്ചിരുന്ന് കഴിക്കും.അപ്പച്ചന് വേവിച്ച് കഴിക്കുന്നതായിരുന്നു പ്രിയം. അമ്മച്ചിക്ക് പച്ചയിറച്ചി കഴിക്കുന്നതും''
മഹത്തായ ഗൃഹാദുരത അയവിറക്കികൊണ്ട് അവനത് പറയുമ്പോൾ ആ വെള്ളാരം കണ്ണിൽ നിന്നും തെളിനീർ നിറഞ്ഞു.
അതിന് ചോരയുടെ നിറമാണോയെന്ന് ഞാൻ സംശയിച്ചു.
"നിന്റെ അപ്പച്ചന് എങ്ങനാ മനുഷ്യമാംസം ലഭിച്ചിരുന്നത്?"
ഞാൻ ചോദിച്ചു?
"അപ്പച്ചന് സെമിത്തേരിയിൽ കുഴിവേട്ടലായിരുന്നു ജോലി,ഓരോ കുഴിയും എത്ര ആഴത്തിലാണെന്നും ഏത് പ്രായത്തിലുള്ള ആളെയാണ് അതിൽ അടക്കിയിരിക്കുന്നതെന്നും പുള്ളിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.രാത്രിയായാൽ പാകമായ കല്ലറ നോക്കി അപ്പച്ചൻ അതിൽ നിന്നും മാംസം ശേഖരിച്ച് വീട്ടിൽ കൊണ്ട് വരും.അമ്മച്ചി അത് പാകം ചെയ്ത് അപ്പച്ചന് നൽകും".
അന്നേരം പ്രപഞ്ചം മുഴുവൻ എനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.ഒരു മനുഷ്യജീവിയാണ് എന്നോട് ഇത് പറയുന്നതെന്ന് ഓർത്തപ്പോൾ എനിക്ക് കൗതുകം കൂടി.
അന്ന് PT period ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ സിബി എന്റെ മടിയിൽ കൈവച്ച് കൊണ്ട് മധുര സ്വരത്തിൽ പറഞ്ഞു.
"ഡാ എനിക്ക് ജീവനുള്ള മനുഷ്യന്റെ ഇറച്ചി കഴിക്കാൻ തോന്നുന്നു"
ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന നിഖിൽ ഒടുന്നതിനിടയിൽ വീണത് അപ്പോഴായിരുന്നു.അവന്റെ കാലിൽ നിന്നും ഒഴുകിയ രക്തത്തിന്റെ ഗന്ധം ഞങ്ങളുടെ മൂക്കിലേക്ക് തുളഞ്ഞുകയറി.
രാത്രിയിൽ നിഖിലിന്റെ അലർച്ച സ്വപ്നത്തിൽ കണ്ട് ഞെട്ടിയെഴുന്നേറ്റപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു.പിന്നീട് എങ്ങനെയൊക്കെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.ഡിസംബറിന്റെ കൊടും തണുപ്പിലും ഞാൻ വിയർത്തു.മനസ്സ് മുഴുവൻ ഒരു മരമവിപ്പ് അനുഭവപ്പെടുന്നു.കുറച്ച് നേരം കറങ്ങുന്ന ഫാനിലേക്ക് നോക്കിയിരുന്നപ്പോൾ അറിയാതെ എന്റെ കണ്ണുകൾ വീണ്ടും അടയാൻ തുടങ്ങി.
പെട്ടന്ന് ജനലിലൂടെ ആരോ എന്റെ കാലിൽ പിടിച്ച് വലിച്ചതും ഞാൻ ഞെട്ടിയുണർന്നു.നോക്കിയപ്പോൾ ജനലിനപ്പുറം സിബി എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു.ഇരുട്ടിൽ അവന്റെ വെള്ളാരം കണ്ണിന് കൂടുതൽ തിളക്കമുണ്ടായിരുന്നു.ഒന്നും സംസാരിക്കാൻ കഴിയാതെ പരിഭ്രമിച്ചു നിന്ന എന്നോട് അവൻ പുറത്തേക്ക് ഇറങ്ങി വരാൻ ആഗ്യംകാട്ടി.ശബ്ദമുണ്ടാക്കാതെ ഞാൻ പുറത്തോട്ടിറങ്ങി. പുറത്ത് നായ്ക്കളുടെ ഒരിയിടൽ കേൾക്കുന്നു.ഭയം ഉണ്ടായിരുന്നെങ്കിലും ഞാൻ അവന്റെ സമീപത്തേക്ക് നടന്നു.അവൻ ആകെ വിയർത്തിരുന്നു.വല്ലാത്ത ദുർഗന്ധവും അനുഭവപെട്ടു.എന്നെ നോക്കി പല്ലിളിച്ചുകൊണ്ട് അവന്റെ കൂടെ വരാൻ പറഞ്ഞു.
ആ ചിരിയിൽ ഒരു ആഞ്ജയുടെ സ്വരം എനിക്ക് അനുഭവപെട്ടു.
"ഈ രാത്രിയിൽ ഇതെങ്ങോട്ടാ?"
ഞാൻ അവനോട് ചോദിച്ചു.
"നീ വാ പറയാം"
അവൻ ശബ്ദം കടുപ്പിച്ച് കൊണ്ട് എന്നോട് പറഞ്ഞു.
"ഈ നേരത്ത് വരാൻ വീട്ടുകാർ സമ്മതിക്കില്ല..നമുക്ക് നാളെ കാണാം നീ ഇപ്പോൾ വീട്ടിലോട്ട് പോ"
ഞാൻ ഭയം പുറത്ത് കാണിക്കാതെ പറഞ്ഞു.
അന്നേരം ഏതോ മൃഗത്തിന്റെ ഓരിയിടൽ അവിടെ പ്രതിധ്വനിച്ചു.
"എടാ എന്റെ അമ്മച്ചി നിന്നെ ഒന്ന് കാണണം എന്ന് ആഗ്രഹം പറഞ്ഞു,അമ്മച്ചി അങ്ങനെ പുറത്തോട്ടൊന്നും ഇറങ്ങാറില്ല.നീ ഒന്ന് അമ്മച്ചിയെ വന്ന് കാണ്. ഞാൻ തന്നെ നിന്നെ വീട്ടിൽ കൊണ്ടുവന്നു വിടാം"
അവന്റെ അമ്മച്ചിയെന്തിനാ ഈ നേരത്ത് എന്നെ കാണാൻ ആവശ്യപ്പെടുന്നത്.എനിക്ക് വീണ്ടും സംശയം കൂടി.
പക്ഷെ എനിക്ക് അവനോട് കൂടുതൽ നേരം തർക്കിക്കാൻ കഴിഞ്ഞില്ല.ഒടുവിൽ ഞാൻ അവന്റെകൂടെ പോകുവാൻ തീരുമാനിച്ചു.
ശബ്ദമുണ്ടാക്കാതെ ഞാൻ അവന്റെ കൂടെ നടന്നു.എന്റെ നാശത്തിലേക്കാണ് ഞാൻ നടന്നു ചെല്ലുന്നതെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.കുറച്ച് ദൂരം നടന്ന് കഴിഞ്ഞപ്പോൾ അവൻ വഴിയിലുള്ള ഒരു മരക്കൊമ്പിൽ നിന്നും തൂക്കിവച്ചിരുന്ന സഞ്ചിയെടുത്ത് കയ്യിൽ പിടിച്ചു.
ഇതെന്താണ് എന്ന ചോദ്യത്തിന്
"അമ്മച്ചിക്ക് കൊടുക്കുവാനുള്ള ഒരു സമ്മാണമാണെന്ന്" അവൻ മറുപടി തന്നു.
ഏതെല്ലാമോ ഊടുവഴികളിലൂടെ അവൻ എന്നെ കൊണ്ടുപോയി.നല്ല നിലാവുണ്ടായിരിന്നത് കൊണ്ട് വഴി വ്യക്തമായി കാണമായിരിന്നു.
ഒടുക്കം ഒരു തോട് കടന്ന് ഞങ്ങൾ ഒരു കാട്ടുപ്രദേശത്തേക്ക് നടന്നെത്തി.കുറുക്കന്റെ ഓരിയിടൽ കേട്ട് ഞാൻ ഒന്ന് നടുങ്ങിയപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു.
ഏറെ നേരത്തെ നടത്തത്തിന് ശേഷം ഞങ്ങൾ അവന്റെ വീടിന്റെ സമീപം എത്തി ചേർന്നു. ആ സമീപത്തോന്നും മറ്റൊരു വീടും ഉണ്ടായിരുന്നില്ല.
കുറെ കല്പടവുകൾ കയറി മുറ്റത്തെത്തിയപ്പോൾ ഉമ്മറത്ത് ഞങ്ങളെ കാത്ത് അവന്റെ അമ്മച്ചി നിൽപ്പുണ്ടായിരുന്നു.
വെളുത്ത് മെലിഞ്ഞുണങ്ങിയ ആ സ്ത്രീ ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചു.ചിരിക്കുമ്പോൾ അവരുടെ ഒട്ടിയമുഖത്തെ പേശികളെല്ലാം കാണാമായിരുന്നു.
"മോൻ കയറിയിരിക്ക്"
അവർ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു.അവരുടെ ശബ്ദത്തിന് മറ്റു സ്ത്രീകളെ അപേക്ഷിച്ച് അല്പം കാഠിന്യം ഉള്ളതുപോലെ അനുഭവപെട്ടു.
ഞാൻ ആ വീട്ടിനുള്ളിലേക്ക് കയറി.
"ദാ അമ്മച്ചി നിങ്ങള് കുറെ കാലമായിട്ട് പറഞ്ഞിരുന്ന ആഗ്രഹം"
എന്നും പറഞ്ഞ് സിബി അവന്റെ കയ്യിലുള്ള സഞ്ചി അവർക്ക് കൊടുത്തു.
എന്തോ വിലമതിക്കാനാകാത്ത വസ്തു ലഭിച്ചത് പോലെ അവർ സന്തോക്ഷം കൊണ്ട് അവന്റെ കവിളിൽ തലോടി.
ഇത് കണ്ട് കൗതുകത്തോടെ നോക്കി നിന്ന എന്നോട് അവർ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് കസേരയിലേക്ക് ഇരിക്കാൻ പറഞ്ഞു.
അന്നേരം അവന്റെ അമ്മച്ചിയുടെ ദേഹത്ത് ഒരു പുരുഷസാദൃശ്യം എനിക്ക് തോന്നി.മുഖത്ത് ചെറുതായി കുറ്റി രോമങ്ങളും ഉണ്ടായിരുന്നു.കൈവിരലുകളും ഏതാണ്ട് പുരുഷസാദൃശ്യം.
ഞാൻ ആ കസേരയിൽ പോയി ഇരുന്നു.എന്റെ സമീപത്തായി സിബിയും വന്നിരുന്നു.
സിബി നൽകിയ സഞ്ചിയുമായി അവർ അടുക്കളയിലേക്ക് നടന്നു.
ക്രിസ്ത്യൻ കുടുംബമായിട്ടും ആ വീട്ടിൽ ക്രിസ്തുവിന്റെയോ മതാവിന്റെയോ മറ്റു ദൈവങ്ങളുടെയോ ഒരു പടം പോലും ഉണ്ടായിരുന്നില്ല.
സിബി വല്ലാതെ സന്തോഷത്തിലാണെന്ന് എനിക്ക് തോന്നി.അവൻ എന്നെ ഇടക്കിടക്ക് ദേഹത്ത് അടിക്കുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു.
"അമ്മച്ചി നിനക്കായി ഒരു പലഹാരം ഉണ്ടാക്കുന്നുണ്ട്"
എന്തോ പരമമായ രഹസ്യം പറയുന്നത് പോലെ അവൻ എന്റെ ചെവിയിൽ പറഞ്ഞു.എന്നിട്ട് എന്നെ നോക്കി പല്ലിളിച്ചു.അവന്റെ മഞ്ഞക്കറയുള്ള പല്ലും വെള്ളാരം കണ്ണും എന്നിൽ അസഹ്യമായ എന്തോ തോന്നാലുളവാക്കി.
ഒന്നും മിണ്ടാതെ ഞാൻ ആ കസേരയിൽ നിന്ന് എഴുന്നേറ്റ് വീടിന്റെ ഉൾവശം ശരിക്കൊന്നു നോക്കി.യാതൊരു അടുക്കും ചിട്ടയും ഇല്ലായിരുന്നു അവിടെ.വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം വാരിവലിച്ച് ഇട്ടിരിക്കുന്നു.ഉണങ്ങാത്ത വസ്ത്രങ്ങളിൽ നിന്നും വരുന്ന ദുർഗന്ധം ആ വീട്ടിനുള്ളിൽ അനുഭവപ്പെട്ടു.
അന്നേരമാണ് ഞാൻ ചുവരിൽ ഉള്ള ഒരു ചിത്രം ശ്രദ്ധിച്ചത്.ആടിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു ജീവിയുടെ പടം.
അതിന് സ്ത്രീകളുടേത് പോലുള്ള മാറിടങ്ങളും പുരുഷന്റേത് പോലുള്ള ലിംഗവും ഉണ്ടായിരുന്നു.
"ഇത് ഞങ്ങൾ ആരാധിക്കുന്ന ദൈവമാണ്"
ആ ചിത്രത്തിലേക്ക് നോക്കി നിന്നിരുന്ന എന്നോട് സിബി പറഞ്ഞു.
"ദൈവമോ? അപ്പൊ നിങ്ങളുടെ ദൈവം ക്രിസ്തുവല്ലേ?"
ഞാൻ ആശ്ചര്യത്തോട് കൂടി ചോദിച്ചു
"ഏയ് അല്ലെടാ..അവരെല്ലാം വെറും മിഥ്യയാണ്.ഞങ്ങൾ ആരാധിക്കുന്നത് ഇവരെയാണ്.അത് കൊണ്ട് ഞാനും അമ്മച്ചിയും ഒന്നും പള്ളിയിൽ പോകാറില്ല"
പക്വതയാർന്ന സ്വരത്തിൽ സിബി എന്നോട് ആ കാര്യം പറയുമ്പോൾ അവന്റെ അമ്മച്ചി അവനെ അടുക്കളയിലേക്ക് വിളിച്ചു.
സമയം ഏതാണ്ട് 1.30 മണി കഴിഞ്ഞിരുന്നു.
ആ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും എന്നിൽ പല പല ദുർചിന്തകൾ വന്നുകൊണ്ടേയിരുന്നു.അവിടെ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെയും തോന്നി.
അല്പം കഴിഞ്ഞപ്പോൾ സിബിയും അവന്റെ അമ്മച്ചിയും എന്റെ മുന്നിലേക്ക് കുറച്ച് പാത്രങ്ങൾ നിരത്തി.അവന്റെ അമ്മക്ക് എന്നെ കാണുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ കണ്ട ആശ്ചര്യമായിരുന്നു.
അവർ പുഞ്ചിരിച്ചുകൊണ്ട് എന്റെ മുൻപിലെ ഗ്ലാസിലേക്ക് എന്തോ ജ്യൂസ് പകർന്നു.എന്നിട്ട് മൂടി വച്ചിരുന്ന പത്രം തുറന്ന് ഒരു കഷ്ണം കേക്കും എന്റെ മുൻപിലേക്ക് വച്ചു.
"മോൻ കഴിക്ക്... നിനക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഇതെല്ലം''
അവരുടെ ശബ്ദത്തിലും രൂപത്തിലും ഒരു പുരുഷഭാവം എനിക്ക് വീണ്ടും അനുഭവപെട്ടു.
ഞാൻ കഴിക്കുന്നത് കാണാനെന്ന പോലെ സിബിയും എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
പതിയെ ഞാൻ ആ ജ്യൂസ് എടുത്ത് കുടിച്ചു.
ഒരുതരം ചവർപ്പ് ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്.നല്ല പുളിപ്പും ഉണ്ടായിരുന്നു.എനിക്ക് ശർധിക്കാൻ വന്നു.എങ്കിലും
കഷ്ടപ്പെട്ട് ഒരു തവണ കുടിച്ചിറക്കി ഞാൻ ആ ഗ്ലാസ് അവിടെ വച്ചു.
എന്നിട്ട് മനസ്സില്ലാമനസ്സോടെ ആ കേക്ക് എടുത്ത് കഴിച്ചു.
അതിനും ഒരുതരം ചവർപ്പ് ഉണ്ടായിരുന്നു.കഴിക്കുന്നതിനിടയിൽ എനിക്ക് അതിൽ നിന്നും ഒരു നഖം കിട്ടിയതും ഞാൻ അവിടെ ശർധിച്ചു.
"അയ്യേ എന്ത് പറ്റി മോനെ? വയറിന് സുഖമില്ലേ?"
അവർ എന്റെ അടുക്കെ വന്ന് ചോദിച്ചു.
"ഏയ് കുഴപ്പം ഒന്നുമില്ല, ഈ അസ്സമയത്ത് കഴിച്ചത് കൊണ്ടായിരിക്കും. ഭക്ഷണമെല്ലാം നന്നായിട്ടുണ്ട്.എങ്കിൽ ഞാൻ ഇറങ്ങിക്കോട്ടെ?"
ഒറ്റശ്വാസത്തിൽ പറഞ്ഞ് ഞാൻ ആ കസേരയിൽ നിന്നും എഴുന്നേറ്റു.
"എന്താടാ ഇത്ര ധൃതി? ഞാൻ നിന്നെ വീട്ടിലേക്കാക്കാം"
സിബി പറഞ്ഞു.
"കുഴപ്പമില്ല ഞാൻ പൊയ്ക്കോളാം.ശരി അമ്മച്ചി പിന്നെ കാണാം"
ഇതും പറഞ്ഞ് ഞാൻ വീടിന്റെ മുറ്റത്തോട്ട് ഇറങ്ങി.
"മോനെ ഇടക്കിടക്ക് ഇങ്ങോട്ട് വരണം കേട്ടോ"
പുറകിൽ നിന്നും അവർ വിളിച്ച് പറഞ്ഞു.
"അവൻ വരും അമ്മച്ചി,വന്നല്ലേ പറ്റൂ".
സിബിയുടെ ഈ മറുപടി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അവർ 2 പേരും എന്നെ നോക്കി പള്ളിലിച്ച് നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ വേഗം അവിടെ നിന്നും വീട്ടിലേക്ക് നടന്നു.എന്റെ പുറകിലായി ആരോ വരുന്നത് പോലെ എനിക്ക് തോന്നി.ആരുടെയോ നിലവിളി കേൾക്കുന്നതായി എനിക്ക് അനുഭവപെട്ടു. നിലാവിന്റെ അരണ്ട വെളിച്ചത്തിൽ എനിക്ക് നേരെ ആരൊക്കെയോ ഓടിവരുന്നുണ്ടോ എന്നും ഞാൻ സംശയിച്ചു.എങ്കിലും നിൽക്കാതെ കഴിയുന്ന അത്ര വേഗത്തിൽ വീട്ടലേക്ക് നടന്നു.
ഓടികിതച്ച് വീട്ടിൽ എത്തിയപ്പോൾ എനിക്ക് രണ്ടാംജന്മം ലഭിച്ച പ്രതീതിയായിരുന്നു.
കട്ടിലിൽ മൂടി പുതച്ച് കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
2 നരഭോജികളുടെ ഇടയിൽ നിന്നുമാണ് ഞാൻ രക്ഷപെട്ട് വന്നത് എന്നോർക്കുമ്പോൾ എന്റെ അടിവയറ്റിൽ നിന്നും ഭയം ഉരുണ്ടുകയറി.
പുലർച്ചെ ആകാറായപ്പോൾ ഞാൻ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ ഇടറിയ സ്വരത്തിൽ അമ്മ വന്നു വിളിച്ചപ്പോൾ ഞാൻ ഞെട്ടിയുണർന്നു.നാട് മുഴുവൻ നിഖിലിന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു അപ്പോൾ.
നിലവിളിച്ച് കൊണ്ട് ഞാൻ അവന്റെ വീട്ടിലെ പറമ്പിലേക്ക് ചെന്നപ്പോൾ കണ്ടത് ചോരയൊലിച്ച് കിടക്കുന്ന നിഖിലിന്റെ ശവമായിരുന്നു.അതിൽ അവന്റെ വലതുകാൽ ഇല്ലായിരുന്നു.
നരഭോജിയായ ഏതോ മൃഗത്തിന്റെ അക്രമത്തിന് ഇരയായത് പോലെയുള്ള നിഖിലിന്റെ ആ കിടപ്പായിരുന്നു അന്നോളം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ കാഴ്ച.ഞെഞ്ചുതല്ലി നിലവിളിക്കുന്ന അവന്റെ അമ്മയുടെ ശബ്ദവും രക്തത്തിന്റെ ഗന്ധവും ഇന്നലെയുടെ രുചിയും എന്നെ ഭ്രാന്തമായ അവസ്ഥയിലേക്ക് തള്ളിവിടുന്നു.അവിടെ കൂടുതൽ നേരം നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.ഇത് ചെയ്തത് ആരാണെന്ന് എനിക്കറിയാം എങ്കിലും ആരോടും അത് വിളിച്ചു പറയാൻ കഴിയുന്നില്ലലോ എന്ന ചിന്ത എന്നെ വേദനപ്പിച്ചുകൊണ്ടേയിരുന്നു.
ആ പരിസരത്ത് നിന്നും ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.
പോലീസ് വന്ന് inquest നടത്തിയപ്പോൾ ഏതോ വന്യജീവിയുടെ ആക്രമണമാണ് മരണകാരണമെന്ന് വിധിയെഴുതി.മൃഗങ്ങൾ ആക്രമിക്കുന്നത്തിന് സമാനമായി അവന്റെ ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നു.ഏതെങ്കിലും ഒരു ശരീരഭാഗം കടിച്ച് കൊണ്ട് പോകുന്നതും മൃഗങ്ങളുടെ പതിവാണത്രെ.
സിബി നിഖിലിന്റെ ജീവനെടുക്കുന്ന രംഗം എന്റെ ചിന്തകളെ വേട്ടയാടികൊണ്ടേയിരുന്നു.
അന്ന് ഞാൻ ആ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല.ഒന്നും കഴിച്ചില്ല.തലേ ദിവസത്തെ രുചിയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ഞാൻ ശർധിച്ചുകൊണ്ടേയിരുന്നു.രാത്രിയിലെ ഉറക്കത്തിൽ പലതവണ നിഖിലിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു.
ആ മുറിയിൽ തന്നെയുള്ള ഇരിപ്പ് എന്നെ ഭ്രാന്തനാക്കും എന്നെനിക്ക് ഉറപ്പായിരുന്നു.പിറ്റേന്ന് ഞാൻ സ്കൂളിൽ പോകാൻ തീരുമാനിച്ചു.ക്ലാസ് മുഴുവൻ മൂകതയായിരുന്നു.ആരും ഒന്നും മിണ്ടുന്നില്ല.ഞാൻ മുൻപിലെ ബെഞ്ചിന്റെ അറ്റത്തായി പോയിരുന്നു.ക്ലാസിനുള്ളിൽ പലപ്പോഴും നിഖിലിന്റെ ശബ്ദം കേൾക്കുന്നതായി തോന്നിയിരുന്നു.അന്നേരങ്ങളിൽ എനിക്ക് കരയാൻ തോന്നി.
ബെല്ലടിക്കുന്നതിന് തൊട്ടുമുമ്പ് സിബി ക്ലാസിലേക്ക് കയറി വന്നു.അവൻ എന്നെ നോക്കിയപ്പോഴൊക്കെ ഞാൻ മുഖംതാഴ്ത്തിയിരുന്നു.ഇന്റർവെൽ സമയത്ത് അവൻ എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ അവിടെനിന്നും മാറിത്തുടങ്ങി.അവന്റെ സാമിപ്യം എന്നെ അത്രമേൽ ഭയപ്പെടുത്തിയിരുന്നു.
അന്ന് രാത്രിയിലും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അന്നേരം ജനലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ പുറത്ത് സിബി നിൽപ്പുണ്ടായിരുന്നു.എന്റെ ദേഹമാസകലം വിറക്കാൻ തുടങ്ങി.ഭയം മൂലം ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൻ എന്നോട് പുറത്തേക്ക് വരാൻ പറഞ്ഞു.
ഞാൻ വേഗം പോയി ജനൽ അടച്ചു.ശേഷം കട്ടിലിൽ മൂടി പുതച്ച് കിടന്നു.ഏറെ നേരത്തിന് ശേഷം പതിയെ ജനൽ തുറന്നു നോക്കിയപ്പോൾ അപ്പോഴും സിബി എന്നെ നോക്കിക്കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു.
ഭയം മൂലം അന്ന് ഞാൻ ഉറങ്ങിയില്ല.പിറ്റേന്ന് സ്കൂളിൽ പോകാൻ ഒന്ന് മടിച്ചുവെങ്കിലും രണ്ടും കല്പിച്ച് ഞാൻ വീട്ടിൽ നിന്നും സ്കൂളിലേക്കിറങ്ങി.
സ്കൂളിലേക്ക് എത്തുന്നതിന് മുൻപുള്ള ഒഴിഞ്ഞ പറമ്പിന്റെ അടുത്ത് സിബിയുടെ അമ്മച്ചി എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു.
എന്നെ തുറിച്ച് നോക്കി നിന്നിരുന്ന അവരെ കാണാത്ത ഭാവത്തിൽ ഞാൻ നടക്കാൻ തുടങ്ങി.
"മോനെ ഒന്ന് നിൽക്ക്...ഒരു കാര്യം പറയാനുണ്ട്"
അവർ എന്റെ പുറകെ വന്ന് പറഞ്ഞു.ഞാൻ അവരുടെ മുഖത്തോട്ട് നോക്കാതെ തല താഴ്ത്തി നിന്നു.
"സിബി വീട്ടിൽ വെറും കരച്ചിലാണ്...മോൻ അവനോട് മിണ്ടുന്നില്ല എന്നും പറഞ്ഞിട്ട്"
ഞാൻ ഒന്നും മിണ്ടിയില്ല.
"മോൻ അല്ലാതെ അവന് കൂട്ടായി വേറെ ആരും ഇല്ല..മോൻ മിണ്ടിയില്ലേൽ ചാവും എന്നൊക്കെയാ അവൻ പറയുന്നേ"
ഇത് പറയുമ്പോൾ അവർ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
"അവൻ ഇന്നലെ മുതൽക്ക് ഒന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല...മോൻ എന്റെ കൂടെ ഒന്ന് വീട്ടിലേക്ക് വന്ന് അവനോട് എന്തെങ്കിലും ഒന്ന് സംസാരിക്ക്...അവൻ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ വയ്യ എനിക്ക് ലോകത്ത് അവൻ മാത്രേയുള്ളു"
ഇതും പറഞ്ഞ് അവർ പൊട്ടിക്കരയാൻ തുടങ്ങി.അത്രനേരം നിർവികാരമായി നിന്നിരുന്ന എനിക്ക് ആ കരച്ചിൽ കണ്ടു നിൽക്കാൻ സാധിച്ചില്ല.
ഞാൻ അവരുടെ കൂടെ വീട്ടിലേക്ക് നടന്നു.
നടക്കുന്നതിനിടയിൽ അവർ എന്റെ വീട്ടുകാരെ കുറിച്ചും പഠിത്തത്തെ കുറിച്ചും ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്നിനും മറുപടി കൊടുത്തില്ല.
അവരുടെ ഒപ്പം വീട്ടിലേക്ക് കയറിയപ്പോൾ കണ്ടത് ഒരു മൂലയിൽ ചുരുണ്ടു കിടന്ന് കരയുന്ന സിബിയെ ആയിരുന്നു.എന്നെ കണ്ടതും അവൻ ഓടി വന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.എനിക്ക് ഒന്നും മനസ്സിലായില്ല.നോക്കുമ്പോൾ ഈ കാഴ്ച്ച കണ്ട് അവന്റെ അമ്മച്ചിയും കരയുകയായിരുന്നു.ഞാൻ പതിയെ കരയുന്ന അവനെ പിടിച്ച് മാറ്റി.അവരുടെ കരച്ചിൽ കാണുമ്പോൾ എനിക്ക് തലവേദന തുടങ്ങിയിരുന്നു.ഞാൻ അവിടെ കണ്ട കസേരയിൽ പോയിരുന്നു.സിബിയും എന്റെ സമീപം വന്നിരുന്നു.
"മോന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ?"
"വേണ്ട!! ഒന്നും വേണ്ട"
അന്നത്തെ സൽക്കാരത്തിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നതിനാൽ ഞാൻ തറപ്പിച്ചു പറഞ്ഞു.
"നിങ്ങൾ എന്തിനാ മനുഷ്യനെ കൊന്ന് തിന്നുന്നേ? ഇവരെല്ലാം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?"
അത്ര നേരം മനസ്സിലിട്ട് വീർപ്പുമുട്ടിയ ആ ചോദ്യം ഞാൻ സിബിയുടെ അമ്മയോട് ചോദിച്ചു.ഇത് കേട്ടതും അവർ സിബിയെ നോക്കി എന്നിട്ട് കുറച്ച് നേരം തലതാഴ്ത്തിയിരുന്നു.സിബിയും എന്റെ മുഖത്തോട്ട് നോക്കാതെ ഇരിക്കുകയായിരുന്നു.
അല്പസമയത്തിന് ശേഷം അവർ എന്നോട് സംസാരിക്കാൻ തുടങ്ങി.
"മോനെ ഞാൻ ജനിച്ചപ്പോൾ ആണായിരുന്നു. പക്ഷെ എന്റെ ഉള്ളിൽ സ്ത്രീയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ നാൾ തൊട്ട് മറ്റു മനുഷ്യർ എല്ലാം എന്നെ വെറുത്ത് തുടങ്ങി.ആ കൂട്ടത്തിൽ എനിക്ക് ജന്മം തന്ന എന്റെ അപ്പനും അമ്മയും ഉണ്ടായിരുന്നു.കൂട്ടം കൂടിയുള്ള ആക്രമങ്ങളും പരിഹാസങ്ങളും സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ ആ നാട് വിട്ടു.അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന്.കേൾക്കാൻ അറക്കുന്ന പല ജോലികളും അവർ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു."
ഇത് പറയുമ്പോൾ അവർ തേങ്ങികരയുകയായിരുന്നു.
"അങ്ങനെ ഭൂമിയിലെ സകല മനുഷ്യരെയും വെറുത്ത് ജീവിതം തള്ളി നീക്കുമ്പോഴാണ് സിബിയുടെ അച്ഛനെ പരിചയപ്പെടുന്നത്.അദ്ദേഹത്തിന് സംസാരിക്കാൻ കഴിയില്ലായിരുന്നു.ആരോ ചെയ്ത കുറ്റത്തിന്റെ പേരിൽ നാട്ടുകാർ ആ പാവത്തെ ഷണ്ഡനാക്കി മാറ്റി നാടുകടത്തിയതായിരുന്നു.ഞങ്ങൾ വളരെ പെട്ടെന്ന് അടുത്തു. മറ്റുള്ള എല്ലാവരെയും വെറുത്ത് ഞങ്ങൾ ഒരുമിച്ച് ഞങ്ങളുടെ ജീവിതം നയിച്ചു"
ഇത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു.
"ഇതും ഞാൻ ചോദിച്ചതും തമ്മിൽ എന്താണ് ബന്ധം?"
ഞാൻ ഇടക്ക് കയറി ചോദിച്ചു
"ഒരുമിച്ചുള്ള ജീവിതത്തിൽ പരസ്പര ധാരണ എന്നത് വലിയ കാര്യമായിരുന്നു.കുഞ്ഞു നാള് തൊട്ടേ അദ്ദേഹത്തിന് മൃതദേഹങ്ങളോടും അഴുകിയ മാംസങ്ങളോടും താത്പര്യമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള നിർബന്ധപ്രകാരം ഒരിക്കൽ ഞാനും അത് രുചിച്ച് നോക്കിയിരുന്നു.പിന്നീട് അതില്ലാതെ പറ്റില്ല എന്ന നിലയിലായി ഞാൻ.സ്ഥിരമായി ഇത് ലഭിക്കാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹം സെമിത്തേരിയിൽ ജോലിക്ക് പോയിരുന്നതും"
എന്തോ വലിയ സഹാസത്തെ വർണ്ണിക്കുന്നത് പോലെ അവർ തുടർന്നു.
"ആ കാലത്താണ് ഒരു കണ്ണ് കുത്തിപൊട്ടിച്ച് ഭിക്ഷയാചിക്കാൻ ഇരുത്തിയ 2 വയസ് പ്രായമുള്ള കുഞ്ഞിനെ ഞങ്ങൾ കണ്ടത്.ഞങ്ങളുടെ ജീവിതത്തിൽ അവനെയും ഒപ്പം കൂട്ടി.ഞങ്ങളുടെ മകനായിട്ട്"
ഇതും പറഞ്ഞ് അവർ സിബിയുടെ തലയിൽ തലോടി.സിബി അവരുടെ മടിയിൽ ചാഞ്ഞ് കിടന്നു.
" അന്നും മനുഷ്യകുലം ഞങ്ങളെ വേട്ടയാടികൊണ്ടിരുന്നു.പലപ്പോഴും അവർ എന്നെയും അദ്ദേഹത്തെയും എന്തിനേറെ ഈ കുഞ്ഞിനെവരേക്കും ഉപദ്രവിച്ചു.സത്യത്തിൽ അവരോടുള്ള വെറുപ്പായിരുന്നു മനുഷ്യമാംസം കഴിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നതും.ഒടുക്കം അദ്ദേഹം മരണപ്പെട്ടപ്പോൾ സെമിത്തേരിയിൽ അടക്കാൻ പോലും അവർ സമ്മതിച്ചില്ല"
അവർ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്നിട്ട് ആ മൃതദേഹം നിങ്ങൾ എന്ത് ചെയ്തു?"
ഞാൻ ചോദിച്ചു
അന്നേരം അവർ എന്നെ നോക്കി പുഞ്ചിരിച്ചു.ആ ചിരിയിൽ ഉണ്ടായിരുന്നു അതിന്റെ ഉത്തരം.
അവരുടെ മാനസികനിലയും ചിന്തകളും ഏത് തരത്തിലാണെന്ന് അന്നെനിക്ക് പൂർണ്ണമായും മനസിലായി.
ആ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം സിബി എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു.
"ഡാ നീ ഇനി എന്നോട് മിണ്ടാതെ ഇരിക്കുവോ?"
ഞാൻ ഇല്ലെന്ന് തലയാട്ടി.
പിറ്റേന്ന് സ്കൂളിൽ അവൻ വീണ്ടും എന്നോട് സംസാരിക്കാനും കൂട്ടുകൂടാനും തുടങ്ങി.ഞാൻ ഒന്നും മിണ്ടിയില്ല.അവനോടുള്ള ഭയം പുറത്ത് കാണിക്കാതെ പരമാവധി ഞാൻ അകന്ന് മാറാൻ ശ്രമിക്കുമ്പോഴും അവൻ കൂടുതൽ അടുത്തുകൊണ്ടിരുന്നു.
രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ഹോംവർക് ചെയ്യാത്തതിന് കണക്ക് ടീച്ചർ സിബിയെ ചൂരല്കൊണ്ട് പൊതിരെ തല്ലിയിരുന്നു.
അന്നേരം സിബി ടീച്ചറെ നോക്കിയ നോട്ടം എനിക്ക് ഒരുകാലത്തും മറക്കാൻ സാധിക്കില്ല.ഒരു പക്ഷെ ടീച്ചറും ഭയന്ന് കാണണം.ആ വെള്ളാരംകണ്ണുകൾക്ക് അത്രമേൽ മൃഗീയഭാവം ഉണ്ടായിരുന്നു.
അന്ന് വൈകുന്നേരം വീട്ടിലേക്ക് നടന്നു പോകുമ്പോൾ സിബി എന്നോട് ചോദിച്ചു.
"ഡാ നമ്മുടെ സ്കൂളിൽ ഏറ്റവും രുചിയുള്ള മാംസം ആരുടെയായിരിക്കും എന്നറിയുമോ?"
എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി ഭയന്നുകൊണ്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.
ആർത്തി പ്രതിഫലിക്കുന്ന മുഖഭാവത്തോട് കൂടി അവൻ പറഞ്ഞു.
"നമ്മുടെ കണക്ക് ടീച്ചറുടെ!!"
അന്നേരം കണക്ക് ടീച്ചറുടെ ജീവനറ്റു പോകുന്ന നിലവിളി ഞാൻ കേട്ടു.
ബാഗ് നിലത്തിട്ട് അലറിവിളിച്കൊണ്ട് ഞാൻ അവിടെ നിന്നും ഓടി.
പിറ്റേന്ന് രാവിലെ നേരത്തെ ഞാൻ സ്കൂളിൽ എത്തി സ്കൂൾ ഗേറ്റിന് മുൻപിൽ കണക്ക് ടീച്ചറെയും കാത്ത് നിന്നു. ബെൽ അടിക്കാറായിട്ടും ടീച്ചർ വരുന്നില്ലെന്ന് കണ്ടപ്പോൾ എന്റെ മനസ്സിൽ ഭയം കൂടി വന്നു.ബെൽ അടിച്ച് കഴിഞ്ഞും ഞാൻ ഗേറ്റിന് മുൻപിൽ തന്നെ നിന്നു.അല്പം സമയം കഴിഞ്ഞ് മുഖത്ത് പുഞ്ചിരിയുമായി സിബി നടന്ന് വരുന്നത് കണ്ടു.എന്നെ കണ്ടപ്പോൾ കളിയാക്കിയിട്ടെന്ന പോലെ അവൻ ചിരിക്കാൻ തുടങ്ങി.അവന്റെ ചിരി കണ്ടപ്പോൾ എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല ഞാൻ വേഗം സ്റ്റാഫ് റൂമിലേക്ക് ഓടി.ഓടി കിതച്ച് ഞാൻ അവിടെ എത്തിയപ്പോഴേക്കും മറ്റു ടീച്ചർമാരൊക്കെ ക്ലാസുകളിലേക്ക് പോയിരുന്നു.ഓഫീസിലെ പ്യൂൺ മാത്രമേ അന്നേരം അവിടെ ഉണ്ടായിരുന്നുള്ളു.
"സാറെ,കണക്ക് ടീച്ചർ വരില്ലേ ഇന്ന്?"
കിതച്ചു കൊണ്ട് ഞാൻ ചോദിച്ചു
"എന്താ കാര്യം? നീ എന്താ ക്ലാസ്സിൽ കയറാതെ നടക്കുന്നെ?"
അയാൾ പരുക്കൻ ഭാവത്തിൽ എന്നോട് ചോദിച്ചു.
അത് കേട്ടതും എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് കയറിവന്നു.എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ വീണ്ടും ചോദിച്ചു
"സാറെ അത്യാവശ്യകാര്യമാണ്...ടീച്ചർ എപ്പോഴാ വരുക?"
ഇത്തവണ അയാൾ പരുക്കൻ ഭാവം ഉപേക്ഷിച്ചുകൊണ്ട് പറഞ്ഞു.
"എന്ത് അത്യാവശ്യം ആണേലും ഇനി ഒരാഴ്ച്ച കഴിഞ്ഞേ നടക്കൂ..ടീച്ചർ ഒരാഴ്ച്ച ലീവ് എഴുതി കൊടുത്തിട്ടാണ് ഇന്നലെ പോയത്"
അന്നേരം പാതിജീവൻ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
ആശ്വാസത്തോടെ ഞാൻ തിരികെ നടന്നതും വരാന്തയുടെ മറുവശത്തായി സിബി എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.അവന്റെ മുഖത്ത് പഴയ ക്രൂരഭാവം നിഴലടിക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു.എങ്കിലും അവനെ കാണാത്ത ഭാവത്തിൽ നടന്ന് ഞാൻ ക്ലാസിൽ കയറി.
എന്നെ തുറിച്ച് നോക്കിക്കൊണ്ട് ഒന്നും മിണ്ടാതെ അവനും എന്റെ പുറകെ ക്ലാസിൽ കയറി.
ഇടക്കിടെ ഞാൻ പുറകിലെ ബെഞ്ചിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അവൻ എന്നെ തന്നെ തുറിച്ച് നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
അന്ന് ഉച്ചനേരത്തെ ഇന്റർവെൽ സമയത്ത് ക്ലാസിലെ ബെഞ്ചിൽ ഒറ്റക്ക് തലവച്ച് കിടക്കുന്ന നേരം എന്റെ സമീപം ക്ലാസ്ലീഡറായിരുന്ന അനില വന്നിരുന്നു.
"ഡാ നീയെന്താ ഒറ്റക്കിരിക്കുന്നെ?"
അവൾ എന്നോട് ചോദിച്ചു.
അവൾ അങ്ങനെ അധികമാരോടും സംസാരിക്കുന്ന കൂട്ടത്തിൽ അല്ലായിരുന്നു.
അവളുടെ പെട്ടെന്നുള്ള ഈ ചോദ്യം എനിക്കും കൗതുകമായി.
"ഏയ് ഒന്നൂല്യ, ഒറ്റക്കിരിക്കാൻ തോന്നി"
ഞാൻ പറഞ്ഞു.
"നിഖിലിന്റെ കാര്യമോർത്ത് നിനക്ക് നല്ല വിഷമം ഉണ്ടെന്ന് അറിയാം..എങ്കിലും നീ എപ്പോഴും അത് തന്നെ ആലോചിച്ച് ഇരിക്കല്ലേ"
അവൾ എന്നോട് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.
"നീ നല്ല പോലെ ക്ഷീണിച്ചിരിക്കുന്നു ഇപ്പോൾ"
അവൾ എന്റെ മുഖത്തോട്ട് നോക്കാതെ പറഞ്ഞു.
അവൾ എന്നെ ശ്രദ്ധിക്കാറുണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു.
"അതെങ്ങനെ നിനക്ക് മനസിലായി?"
ഞാൻ ചോദിച്ചു
"എടാ പൊട്ടാ നിന്നെ കണ്ടാൽ മനസിലാക്കാവുന്നതല്ലേ ഉള്ളൂ"
അവൾ ചിരിച്ച്കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്കും ചിരിവന്നു.
അവൾ എനിക്ക് ഒരു ചോക്ലേറ്റ് എടുത്ത് നീട്ടി.അവളുടെ അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്നതാണെന്നും പറഞ്ഞു.ഞങ്ങൾ പിന്നെയും ഒരുപാട് നേരം സംസാരിച്ചു.
ആ സമയങ്ങളിൽ ഞാൻ സിബിയെ കുറിച്ച് പൂർണ്ണമായും മറന്നു.ഞാനും അവൾ പറയുന്ന തമാശകൾക്ക് ചിരിക്കാൻ തുടങ്ങി.
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നേരം അവൾ എന്റെ അടുത്തേക്ക് വന്നുപറഞ്ഞു.
"ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്"
''എന്താ?"
ഞാൻ ചോദിച്ചു.
"അല്ലേൽ ഇപ്പൊ വേണ്ട..പിന്നെ പറയാം"
ഇതും പറഞ്ഞ് തലതാഴ്തി അവൾ നടന്നു.ഞാൻ അവളെ തന്നെ നോക്കി നിന്നു.അല്പം ദൂരം നടന്ന ശേഷം അവൾ എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
അന്നോളം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ചിരി അവളുടേതായിരുന്നു.
അവളുടെ ചിരി നൽകിയ അനുഭൂതിയിൽ ഞാൻ തിരിഞ്ഞതും എനിക്ക് സമീപം സിബി നിൽപ്പുണ്ടായിരുന്നു.അവന്റെ മുഖം നല്ലവണ്ണം ചുവന്നിരുന്നു.ആ ചുവപ്പ് അവന്റെ വെള്ളാരംകണ്ണിലേക്കും പടരുന്നതായി എനിക്ക് തോന്നി.
"നീ എന്താ അവളായിട്ട് സംസാരിച്ചിരുന്നത്?"
അവൻ എന്നോട് പരുഷമായി ചോദിച്ചു.
"അതെന്തിനാ നീ അറിയുന്നെ?"
അവന്റെ മുഖത്തോട്ട് നോക്കാതെ ഞാൻ മറുപടി കൊടുത്തു.
"നീ മറ്റാരോടും സംസാരിക്കുന്നതോ കൂട്ടുകൂടുന്നതോ എനിക്ക് ഇഷ്ടമല്ല"
അവൻ സ്വരം കടുപ്പിച്ച് എന്നോട് പറഞ്ഞു
"നിന്റെ ഇഷ്ടം എന്തിനാ ഞാൻ നോക്കുന്നേ?"
ഇതും പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും നടക്കാൻ തുടങ്ങി.
"ഓ..!! ഇപ്പൊ അങ്ങനെ ഒക്കെ ആയി അല്ലെ?
അവന്റെ ആ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തില്ല.
അന്ന് രാത്രിയിൽ ഒരു ഇരുട്ട് മുറിയിൽ ഇരുന്ന് എന്നെ നോക്കികരയുന്ന അനിലയെ ഞാൻ സ്വപ്നം കണ്ടു.അതിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് അവളോട് സംസാരിക്കാനുള്ള കാര്യങ്ങളും മനസ്സിൽ ഓർത്ത് കൊണ്ട് ങ്കം സ്കൂളിലേക്ക് നടന്നു.അവളുടെ സൗഹൃദവും സാമീപ്യവും ഞാൻ അത്രമേൽ ആഗ്രഹിച്ചിരുന്നു.
പക്ഷെ അന്ന് അവൾ ക്ലാസിൽ വന്നില്ല.പതിവിന് വിപരീതമായി സിബി ക്ലാസിൽ നേരത്തെ എത്തുകയും ചെയ്തിരിക്കുന്നു.അവൻ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി.ചിലപ്പോഴെല്ലാം ആ ചിരിക്ക് ക്രൗര്യഭാവം ഉണ്ടായിരുന്നു.
അന്ന് PT period ഞാൻ കളിയ്ക്കാൻ ഇറങ്ങിയില്ല.ഗ്രൗണ്ടിന്റെ അറ്റത്ത് ഇരിക്കുമ്പോൾ സിബി എന്റെ സമീപം വന്നിരുന്നു.അവന്റെ കയ്യിൽ ഒരു പൊതിയും ഉണ്ടായിരുന്നു.ഞാൻ അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ തലതാഴ്തിയിരുന്നു.അവൻ കയ്യിലെ പൊതി അഴിച്ച് അതിലെ കേക്ക് എടുത്ത് കഴിക്കാൻ തുടങ്ങി.അന്നേരം അവന്റെ മുഖത്ത് ഒരു പരിഹാസച്ചിരിയും ഉണ്ടായിരുന്നു.പെട്ടെന്ന് കേക്കിന്റെ ഇടയിൽ നിന്നും ഒരു മുടിയിഴ എടുത്ത് അവൻ എന്റെ മടിയിലേക്ക് ഇട്ടതും ഞാൻ ഞെട്ടിയെഴുന്നേറ്റു.എന്റെ അടിവയറിൽ നിന്നും ഭയം ഉരുണ്ട് കയറി.അവൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.
"ഡാ അറിഞ്ഞോ? നമ്മുടെ കണക്ക് ടീച്ചറുടെ ശവം പുഴകരയിൽ കിടക്കുന്നുവെന്ന്!!"
ക്ലാസിലെ ഒരു പയ്യൻ ഓടിവന്നു ഈ കാര്യം പറഞ്ഞതും ഈ പ്രപഞ്ചം മുഴുവൻ എന്റെ തലയിൽ വന്ന് പതിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞങ്ങളെല്ലാവരും പുഴക്കാരയിലേക്ക് ഓടിയപ്പോൾ കണ്ടത് വലത് കൈയും ഒരു കാലും ഇല്ലാതെ കിടക്കുന്ന കണക്ക് ടീച്ചറുടെ മൃതദേഹം ആയിരുന്നു.രണ്ട് കണ്ണുകളും ചൂഴ്ന്നെടുക്കപ്പെട്ട നിലയിലായിരുന്നു.
പിറ്റേന്ന് ടീച്ചറുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അത് കാണാൻ സിബിയും ഉണ്ടായിരുന്നു.അവന്റെ മുഖത്തെ പുഞ്ചിരി അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.പക്ഷെ അന്നേരം അവന്റെ വെള്ളാരംകണ്ണിന്റെ തിളക്കം ചെന്ന് പതിക്കുന്നത് ആൾക്കൂട്ടത്തിൽ നിന്ന് കരയുന്ന അനിലയുടെ ദേഹത്തായിരുന്നു
ടീച്ചറുടെ മൃതദേഹം കൊണ്ടുപോയ ശേഷം ഓരോരുത്തരായി വീട്ടിൽ പോകാൻ തുടങ്ങി.അനില സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനും അവളുടെ ഒപ്പം നടക്കാൻ തുടങ്ങി.നടക്കുമ്പോഴും അവൾ തേങ്ങുന്നുണ്ടായിരുന്നു.കണക്ക് ടീച്ചറോട് അവൾക്ക് അത്രമേൽ ഇഷ്ടമായിരുന്നു.അവളുടെ വിടർന്ന കണ്ണുകൾ ചുവന്ന് കാലങ്ങിയതിനാൽ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് വിഷമം തോന്നി.അവളോട് എങ്ങനെ ഈ കാര്യം സംസാരിക്കും എന്നോർത്ത് ഞാൻ ആകെ കുഴങ്ങി.പരസ്പരം ഒന്നും മിണ്ടാതെ നടക്കുന്നതിനിടയിൽ ആരോ ഞങ്ങളെ പിന്തുടരുന്നതായി എനിക്ക് തോന്നി.തിരിഞ്ഞ് നോക്കുമ്പോഴൊന്നും ആ വഴിയേ ആരും വരുന്നില്ല.പതിയെ അവളുടെ കരച്ചിൽ കുറഞ്ഞെന്ന് തോന്നിയപ്പോൾ ഞാൻ അവളോട് ഇതേ കുറിച്ച് പറയാൻ തീരുമാനിച്ചു.
"അനില, എനിക്ക് ഒരു കാര്യം പറയാനുണ്ട്"
ഞാൻ അവളോട് പറഞ്ഞു.
"എന്താ?"
മുഖത്ത് ഒട്ടും തെളിച്ചമില്ലാതെ അവൾ ചോദിച്ചു.
പെട്ടെന്നായിരുന്നു ഒരു ഓട്ടോ ഞങ്ങളുടെ മുൻപിൽ വന്ന് നിന്നത്.അതിനുള്ളിൽ എന്റെ ചേട്ടനായിരുന്നു.
"ഡാ അമ്മൂമ്മക്ക് ഒട്ടും സുഖമില്ല.ആശുപത്രിയിൽ അഡ്മിറ്റ് ആണ്. നീ വേഗം എന്റെ കൂടെ വാ"
ഏട്ടൻ ധൃതിയിൽ എന്നെ പിടിച്ച് വണ്ടിയിൽ കയറ്റി.അന്നേരം അനില എന്റെ മുഖത്തോട്ട് തന്നെ നോക്കി നിൽക്കുകയായിരുന്നു.
"പോയിട്ട് വാ"
അവളെന്നോട് പറഞ്ഞു.
വണ്ടി മുൻപോട്ട് നീങ്ങിയതും റോഡിന്റെ മറുവശത്ത് കയ്യിൽ ഒരു വീർപ്പിച്ച ബലൂൺ പിടിച്ച് നിൽക്കുന്ന സിബിയെ ഞാൻ കണ്ടു.അവൻ എന്നെ നോക്കി പല്ലിളിച്ചു.ആ ചിരികണ്ടതും എന്റെ മനസ്സിൽ ഭയം പടർന്നുകയറിതുടങ്ങി.
വണ്ടിയുടെ കണ്ണാടിയിലൂടെ അനിലയുടെ പിന്നാലെ കൈയ്യിൽ ബലൂൺ ആയി പോകുന്ന സിബിയെ ഞാൻ കണ്ടു.ജീവിതത്തിൽ അന്നോളം എന്നെ ഏറ്റവും ഭയപ്പെടുത്തിയ കാഴ്ച്ച അതായിരുന്നു.
അമ്മൂമ്മയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതിനാൽ എനിക്ക് 2 ദിവസം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല.ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ ഒന്നുംതന്നെ അറിയാൻ യാതൊരു മാർഗ്ഗവും ഇല്ലായിരുന്നു.2 ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സ്കൂളിൽ പോയിതുടങ്ങി.സ്കൂളിൽ എത്തുന്നത് വരെ ചങ്കിൽ തീയായിരുന്നു.ആരെങ്കിലും എന്തെങ്കിലും അത്യാഹിതത്തെ കുറിച്ചോ മരണത്തെ കുറിച്ചോ സംസാരിക്കുന്നുണ്ടോ എന്ന് ഞാൻ കാതോർത്ത് നടന്നു.സ്കൂളിൽ എത്തിയപ്പോൾ അങ്ങനെയൊന്നും സംഭവിച്ചതിന്റെ യാതൊരു സൂചനയും ഇല്ല എന്നുകണ്ടപ്പോൾ എനിക്ക് പകുതി ആശ്വാസമായി.എങ്കിലും അത്രനേരമായിട്ടും അനില ക്ലാസിൽ വന്നിട്ടില്ലാ എന്ന് കണ്ടപ്പോൾ എന്നിൽ വീണ്ടും ഭയം നിറയാൻ തുടങ്ങി.സാധാരണ ബെൽ അടിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും എത്തുന്നവളായിരുന്നു.അത്ര നേരമായിട്ടും അവളെ കാണാഞ്ഞപ്പോൾ ഞാൻ ഗേറ്റിന് സമീപം പോയി നിന്നു. ബെൽ അടിച്ച് തുടങ്ങിയപ്പോൾ റോഡിലൂടെ തലതാഴ്ത്തി വരുന്ന അനിലയെ ഞാൻ കണ്ടു.ബില്ലിന്റെ ശബ്ദം കേട്ടിട്ടും ഒട്ടും ഭാവവത്യാസമില്ലാതെയാണ് അവളുടെ നടത്തം. അവളെ കണ്ടപ്പോൾ എനിക്കുണ്ടായ ആശ്വാസം ചെറുതായിരുന്നില്ല.അപ്പോഴാണ് അവളുടെ പുറകെ നടന്ന് വരുന്ന സിബിയെ ഞാൻ കണ്ടത്.വെയിലിൽ അവന്റെ വെള്ളാരം കണ്ണ് തിളങ്ങുന്നത്പോലെ എനിക്ക് തോന്നി.അവൻ അനിലയോട് പുറകെ നിന്ന് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.ഇവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നടക്കുകയും ചെയ്യുന്നു.
എന്നെ കണ്ടപ്പോൾ അനില എന്നെ നോക്കി പുഞ്ചിരിച്ചു.പക്ഷെ ആ ചിരിയിൽ മുൻപത്തേത് പോലെ തിളക്കമുണ്ടായിരുന്നില്ല.അവളുടെ കണ്ണുകളിലെ ചുവപ്പ് അല്പം കൂടിയിരുന്നു.മുടിയും എണ്ണമയമില്ലാതെ പാറിനിൽക്കുന്നു.അവൾ കടന്നുപോയശേഷം സിബി എന്റെ സമീപത്തേക്ക് വന്നു.അവൻ കയ്യിലെ കോലുമിട്ടായി എടുത്ത് വായിൽ വച്ചുകൊണ്ട് എന്നെ നോക്കി പല്ലിളിച്ചു എന്നിട്ട് ക്ലാസിലേക്ക് നടന്നുപോയി.അന്നേരം എന്റെ കൈയിലെ പേന കൊണ്ട് അവന്റെ വെള്ളാരംകണ്ണ് കുത്തിപൊട്ടിക്കാനുള്ള ദേഷ്യമായിരുന്നു എനിക്ക് തോന്നിയത്.അതിന് കഴിയുന്നില്ലല്ലോ എന്നോർത്ത് ഞാൻ വേദനിച്ചു.അന്ന് ക്ലാസിലും അനില ഒട്ടും താത്പര്യമില്ലാതെയായിരുന്നു ഇരുന്നത്.ഏത് സമയവും അവൾ എന്തോ ചിന്തയിൽ മുഴുകിയിരിക്കുന്നത് പോലെ.ടീച്ചേഴ്സ് എന്തെങ്കിലും ചോദിച്ചാലും അവൾ തലതാഴ്ത്തി നിൽക്കുന്നു.ഇന്നേരങ്ങളിൽ എല്ലാം സിബിയുടെ മുഖത്ത് വിടരുന്ന പുഞ്ചിരി ഞാൻ ശ്രദ്ധിച്ചു.ഞാൻ സംസാരിക്കാൻ പോകുമ്പോഴും അവൾ വലിയ താത്പര്യം കാണിക്കുന്നുണ്ടായിരുന്നില്ല.അവളുടെ ഈ പെരുമാറ്റം അവളോട് സംസാരിക്കാൻ പോകുന്നതിൽ നിന്നും എന്നെയും പിന്തിരിപ്പിച്ചു.കൂടുതൽ സമയങ്ങളിലും അവൾ ഒറ്റക്കിരിക്കുന്നത് പതിവാക്കി.പക്ഷെ interval സമയങ്ങളിലും ഒറ്റക്കിരിക്കുന്ന സമയങ്ങളിലും സിബി അവളുടെ സമീപം പോയി എന്തെല്ലാമോ പറയുകയും അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്നതും ഞാൻ കണ്ടു.അതിനെ കുറിച്ച് ഞാൻ ചോദിക്കുമ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറുകയായിരുന്നു.അന്നേരങ്ങളിൽ എല്ലാം സിബി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം സ്കൂളിൽ പോലീസ് വന്നിരിക്കുന്നു എന്ന് കേട്ടപ്പോൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഞങ്ങൾ എല്ലാവരും ഓഫീസ് റൂമിന് മുൻപിൽ ഓടിയെത്തി.അന്നേരം കണ്ടത് സിബിയുടെ കൈപിടിച്ച് നടന്നുപോകുന്ന പോലീസുകാരനെയാണ്.കണക്ക് ടീച്ചറുടെ മൃതദേഹത്തിന്റെ ബാക്കി അവശിഷ്ടങ്ങൾ സിബിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്രെ.അവന്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്തെന്ന് സ്കൂളിലെ പ്യൂൺ പറഞ്ഞ് ഞങ്ങൾ അറിഞ്ഞു.ഇതെല്ലാം കേട്ട് തരിച്ച് നിന്നിരുന്ന ടീച്ചേഴ്സിനെയും മറ്റുകുട്ടികളെയും നോക്കി സിബി പുഞ്ചിരിച്ചപ്പോൾ അതേ അളവിൽ തിരിച്ചും പുഞ്ചിരിച്ച ഒരേയൊരു ആൾ അനിലയായിരുന്നു.അവളുടെ ആ പുഞ്ചിരി എന്നിൽ പടർത്തിയ ഭയം ചെറുതായിരുന്നില്ല.
പിറ്റേന്ന് ക്ലാസിൽ എത്തിയ അനില first പീരീഡ് മുതൽ ബെഞ്ചിൽ തലവച്ച് കിടക്കാൻ തുടങ്ങി.എന്തെങ്കിലും വയ്യായ്മ ഉണ്ടോ എന്ന ടീച്ചറുടെ ചോദ്യത്തിന് അവൾ മറുപടി പറയുക കൂടി ചെയ്തില്ല.അവൾ ആരെയും ശ്രദ്ധിക്കുന്നുമില്ല.അന്ന് PT period എല്ലാവരും ഗ്രൗണ്ടിലേക്ക് പോയപ്പോൾ അനില ഇരിക്കുന്നതിന്റെ സമീപം ഞാൻ പോയിരുന്നു.എന്നെ കണ്ടപ്പോൾ അവൾ തെളിച്ചമില്ലാതെ ചിരിച്ചു കാണിച്ചു.എന്നിട്ട് എന്തോ ചിന്തയിൽ മുഴുകിയിരുന്നു.അവൾ നല്ലപോലെ മേലിഞ്ഞിരിക്കുന്നു.കണ്ണുകളും ചുവന്നിരുന്നു.അവളുടെ സമീപം പോയിരുന്നപ്പോൾ വിയർപ്പിന്റെ ദുർഗന്ധം എനിക്ക് തോന്നി.
അന്നേരമാണ് അവളുടെ വലതുകൈയ്യിലെ മുറിവ് ഞാൻ ശ്രദ്ധിച്ചത്.ബ്ലേഡ് ഉപയോഗിച്ച് കയ്യിൽ എന്തോ വരഞ്ഞു വച്ചിരിക്കുന്നു.ആ മുറിവ് പഴുക്കുകയും ചെയ്തിരിക്കുന്നു.അവൾ ഇടയ്ക്കിടെ ആ മുറിവ് മണത്തു നോക്കുന്നതും ഞാൻ കണ്ടു.ഞാൻ ഇതെല്ലം ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോഴാകണം അവൾ എന്നെ തുറിച്ചുനോക്കാൻ തുടങ്ങി.പിന്നീട് അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.അവളുടെ കണ്ണിലെ തീക്ഷ്ണത അത്രമാത്രം ഭയാനകമായിരുന്നു.
അന്ന് വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ ഒരായിരം സംശയങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.നടത്തത്തിനിടയിലും മനസ്സിൽ അവളുടെ മുഖം മാത്രം.
നടന്ന് ആളൊഴിഞ്ഞ പറമ്പിന്റെ സമീപം എത്തിയപ്പോൾ ഇറച്ചിവെട്ടുകാർ വേസ്റ്റ് കൊണ്ടുവന്ന് തള്ളുന്ന സ്ഥലത്ത് മുഖം ഷാൾകൊണ്ട് മറച്ച് ഏതോ മൃഗത്തിന്റെ അഴുകിയ കുടൽമാല എടുത്ത് ബാഗിലേക്ക് ഇടുന്ന അനിലയെ ഞാൻ കണ്ടു.ആ കൈ അവൾ നക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഇത് നോക്കി തരിച്ചു നിന്ന എന്നെ നോക്കി അവൾ പുഞ്ചിരിച്ചു.മുൻപ് ഇതേ സ്ഥലത്ത് വച്ച് സിബി എന്നെ നോക്കി ചിരിച്ച അതേ ചിരി.
ആ കാഴ്ച്ച എനിക്ക് നൽകിയ അമ്പരപ്പ് വളരെ വലുതായിരുന്നു.ഭയം മൂലം അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അനിലക്ക് എന്ത് സംഭവിച്ചുവെന്നത് എനിക്കറിയണമായിരുന്നു.പക്ഷേ ഈ കാര്യം ആരോടെങ്കിലും പറഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കും എന്ന ഭയം എന്നെ അലട്ടികൊണ്ടിരുന്നു.പിറ്റേന്ന് രാവിലെ ചേട്ടനെയും കൂട്ടി ഞാൻ സിബിയെ കാണാൻ പോയി.എന്നെ മനസിലാക്കുന്ന ഏക മനുഷ്യൻ ചേട്ടനായിരുന്നു.എന്റെ ഭയവും വെപ്രാളവും കണ്ടപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ ചേട്ടൻ എന്റെയൊപ്പം വന്നു. juvenile justice board ന്റെ കീഴിലുള്ള ഒരു വീട്ടിലായിരുന്നു അവനെ പാർപ്പിച്ചിരുന്നത്.യാഥാർത്ഥത്തിൽ അത് വലിയ ഒരു കെട്ടിടമായിരുന്നു.ഉള്ളിലേക്ക് കയറണമെങ്കിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.അവർ ചേട്ടന്റെയും എന്റെയും വിലാസം എഴുതി വാങ്ങിയ ശേഷം ഞങ്ങളെ ഉള്ളിലേക്ക് കയറ്റിവിട്ടു.ഗേറ്റ് കടന്നൽ വലിയ ഒരു പൂന്തോട്ടമാണ്.എന്റെ സമപ്രായക്കാരായ കുട്ടികൾ അവിടെ കൂട്ടം കൂടിയിരിക്കുകയും തമാശകൾ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട്.ചിലർ ചെടികൾക്ക് വെള്ളം നനക്കുന്നു.ഗ്രൗണ്ടിൽ നിന്ന് ആർപ്പവിളികളും കൂട്ടച്ചിരിയും കേൾക്കുന്നുണ്ട്..പലരും എന്നെ നോക്കിയാണോ ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നത് എന്നും ഞാൻ സംശയിച്ചു.ഞാൻ ചേട്ടന്റെയൊപ്പം തലതാഴ്ത്തി നടന്നു.
ഞങ്ങൾ നടന്നുകയറിയത് ഒരു വരാന്തയിലേക്കായിരുന്നു.വിസിറ്റേഴ്സ് ഇവിടെ ഇരിക്കണമെന്നും അവൻ ഇങ്ങോട്ട് വരുമെന്നും അവിടെയുള്ള ഒരാൾ ഞങ്ങളോട് പറഞ്ഞു.ആ വരാന്തക്ക് സമീപം ഒരു പുളിമരം നിന്നിരുന്നു.അതിൽ ഇരുന്ന് കരയുന്ന കാക്കയുടെ ശബ്ദവും ഗ്രൗണ്ടിൽ നിന്നും കേൾക്കുന്ന ആർപ്പുവിളികളും എല്ലാം കേട്ട് എനിക്ക് തലവേദനിക്കുന്ന പോലെ തോന്നി.
അല്പം സമയം കഴിഞ്ഞപ്പോൾ വരാന്തയിലൂടെ നടന്ന് വരുന്ന സിബിയെ ഞാൻ കണ്ടു.എന്നെ കണ്ടതും അവന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.സാവധാനം എന്റെ സമീപത്തേക്ക് നടന്ന് വന്ന് സമീപത്തെ ബെഞ്ചിലിരുന്ന് അവൻ ഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ ശ്രദ്ധിക്കാൻ തുടങ്ങി.ഞാനും അവന്റെ സമീപം പോയിരുന്നു.
"നീ അനിലയെ കുറിച്ച് ചോദിക്കാൻ വന്നതല്ലേ?"
ഞാൻ ചോദിക്കുന്നതിന് മുൻപേ അവൻ എന്നോട് ചോദിച്ചു.
"അവൾക്ക് എന്താ പറ്റിയെ? നീയും നിന്റെ അമ്മയും കൂടി അവളെയും നിങ്ങളെ പോലെയാക്കിയോ?"
അവൻ കുറച്ച്നേരം ഒന്നും മിണ്ടാതെ ഗ്രൗണ്ടിലേക്ക് നോക്കിയിരുന്നു.അല്പം സമയത്തിന് ശേഷം എന്നോട് ചോദിച്ചു.
"നീ എന്റെ അപ്പനെ കണ്ടിട്ടുണ്ടോ?"
അവൻ എന്നെ കളിയാക്കുന്നത് പോലെ തോന്നി.എങ്കിലും ഞാനത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.
"അയാൾ മരിച്ചു എന്നല്ലേ നീ പറഞ്ഞത്?"
അന്നേരം അവനെന്റെ മുഖത്തോട്ട് നോക്കി സംസാരിക്കാൻ തുടങ്ങി.
"അപ്പന്റെ ദേഹം മാത്രമേ മരിച്ചിട്ടുള്ളൂ.പക്ഷെ അപ്പൻ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട്.ആ വീട്ടിൽ നീ വന്നപ്പോഴെല്ലാം അപ്പനും നമ്മുടെ കൂടെ ഉണ്ടായിരുന്നു."
എന്റെ ചെവിയിലൂടെ വണ്ട് തുരന്നുകയറുന്നത് പോലെ തോന്നി.ഒന്നും മനസിലാവതെ ഞാൻ അവൻ പറയുന്നത് കേട്ടുനിന്നു.
"അപ്പന്റെ ദേഹം അഴുകിതുടങ്ങിയപ്പോഴാണ് അമ്മച്ചി തിരിച്ചറിഞ്ഞത് ഈ ലോകത്ത് അപ്പൻ ഇല്ലാതെ ഞങ്ങൾക്ക് നിലനിൽപ്പില്ല എന്ന്. അമ്മച്ചിക്ക് മാത്രമറിയാവുന്ന കാലങ്ങൾ നീണ്ടുനില്ക്കുന്ന കർമ്മങ്ങളിലൂടെ അപ്പനെ പരലോകത്ത് നിന്നും ഞങ്ങളിലേക്കെത്തിച്ചു.അതിനായി അമ്മച്ചി ഒരുപാട് കഷ്ടപെട്ടിരുന്നു.
അതിന് ശേഷം ഞങ്ങൾ പോകുന്നിടത്തെല്ലാം അപ്പന്റെ സാന്നിധ്യം അനുഭവിച്ചു തുടങ്ങി.പതിയെ പതിയെ അപ്പൻ ഓരോ സൂചനകളിലൂടെ ഞങ്ങളോട് സംസാരിക്കാനും തുടങ്ങി."
അവൻ ഇത് പറയുമ്പോഴെല്ലാം പുളിമരത്തിലെ കാക്കളുടെ കരച്ചിൽ കൂടുതൽ ഉയർന്നുവരുന്നത് ഞാൻ ശ്രദ്ധിച്ചു.
"ഒരിക്കൽ അപ്പൻ പറഞ്ഞു.ഞങ്ങളുടെ ഒപ്പം വീണ്ടും ജീവിക്കണമെന്ന്.അതിനായി ഞങ്ങൾക്ക് ജീവനുള്ള ഒരു ശരീരം ആവശ്യമായിരുന്നു.
അന്ന് രാത്രിയിൽ നിന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് അപ്പന്റെ ആഗ്രഹം സാധിക്കാനായിരുന്നു.
നിഖിലിനെ ഇല്ലാതാക്കിയതും ആ കർമ്മങ്ങൾക്ക് വേണ്ടിയായിരുന്നു.പക്ഷെ എന്തോ നിന്നോട് അത് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല.അന്ന് രാത്രിയിൽ അതിന്റെ പേരിൽ അമ്മച്ചി എന്നെ വഴക്ക് പറയുകയും ഒരുപാട് കരയുകയും ചെയ്തു.അപ്പന്റെ കരച്ചിലും ഞാൻ കേട്ടു".
ഇത് പറഞ്ഞ് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ എന്നെ നോക്കി.അവന്റെ വെള്ളാരംകണ്ണുകളിൽ ചുവപ്പ് പടരുന്നത് ഞാനറിഞ്ഞു.
''പക്ഷെ നീ എന്നെ ചതിച്ചു.എന്നിൽ നിന്നും എപ്പോഴും നീ അകലാൻ തുടങ്ങി.പുതിയ ആളുകളെ സ്നേഹിക്കാൻ തുടങ്ങി.അനിലയെ പ്രണയിക്കാനും തുടങ്ങി."
ഇത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകളിൽ ചുവപ്പ് പൂർണ്ണമായും പടർന്നുകഴിഞ്ഞിരുന്നു.
"അപ്പന്റെ ആഗ്രഹം അനിലയുടെ സാധിക്കാൻ തീരുമാനിച്ചതിന്റെ പ്രധാനകാരണം നീ തന്നെയാണ്.കണക്ക് ടീച്ചറെ ഇല്ലാതാക്കിയതും ആ കാർമ്മത്തിന് വേണ്ടിയാണ്."
ഇത് കേട്ടതും എന്റെ തലയിൽ ഇടിമിന്നൽ പതിച്ചതുപോലെ തോന്നി.
"അപ്പോൾ അനിലയിൽ ഇപ്പോഴുള്ളത് നിന്റെ അപ്പനാണോ?"
ഞാൻ ഭയന്ന് വിറക്കാൻ തുടങ്ങി.
" അല്ല. ആ കർമ്മങ്ങൾ മുഴുമിപ്പിക്കാൻ അമ്മച്ചിക്ക് കഴിഞ്ഞില്ല.അപ്പോഴേക്കും പോലീസ് ഞങ്ങളെ കണ്ടെത്തി.പക്ഷെ ഒന്നുറപ്പാണ്.ഇപ്പൊ അനില ചെയ്യുന്ന ഓരോ പ്രവർത്തികളിലും പൂർണ്ണമായിട്ടല്ലെങ്കിൽ കൂടി എന്റെ അപ്പന്റെ സാന്നിധ്യമുണ്ട്.കർമ്മങ്ങൾ തുടങ്ങിയ നാൾതൊട്ട് അനിലയുടെ പെരുമാറ്റത്തിൽ ആ മാറ്റം കണ്ടുതുടങ്ങിയിരുന്നു.അതെല്ലാം കർമ്മം വിജയിച്ചു തുടങ്ങിയതിന്റെ സൂചനകളാണ്"
ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൻ നടന്നകന്നു.അപ്പോഴേക്കും ഞാൻ കരച്ചിലിന്റെവക്കിൽ എത്തിയിരുന്നു.
നിഖിലിന്റെയും കണക്ക് ടീച്ചറുടെയും ഇനി അനിലയുടെയും എല്ലാം ദാരുണാവസ്ഥക്ക് കാരണം ഞാനാണെല്ലോ എന്ന ചിന്ത എന്നെ വേട്ടയാടികൊണ്ടിരുന്നു.പിന്നീടുള്ള ഒരു രാത്രിയിലും സ്വസ്ഥമായ ഉറക്കം എന്നത് എനിക്ക് അപ്രാപ്യമായിരുന്നു.
പലപ്പോഴും ഞാൻ ഒറ്റക്കിരിക്കുന്ന് കരയാനും സ്വയം ശപിക്കാനും തുടങ്ങി.
ഒരു ദിവസം ക്ലാസ് വിട്ടിട്ടും അനില ഒറ്റക്ക് ക്ലാസിലെ ബെഞ്ചിലിരുന്ന് കരയുന്നത് കണ്ടപ്പോൾ ഞാൻ സമീപം ചെന്നു. അവളുടെ എന്തെങ്കിലും ചോദിക്കാനോ മിണ്ടാനോ എനിക്ക് ഭയമായിരുന്നു.എങ്കിലും ഞാൻ അവളുടെ സമീപം ചെന്നു.അന്നേരം അവളുടെ ബെഞ്ചിൽ അവൾ പേനകൊണ്ട് വരഞ്ഞിരുന്ന ചിത്രങ്ങൾ ഞാൻ കണ്ടു.അന്ന് സിബിയുടെ വീട്ടിൽ കണ്ട ആടിന്റേതിന് സമാനമായ തലയുള്ള ജീവിയുടെ ചിത്രവും ഒരു വൃത്തത്തിനുള്ളിൽ വരച്ചിരിക്കുന്ന നക്ഷത്രത്തിന്റെ ചിത്രവും എല്ലാം അതിലുണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ കരച്ചിൽ നിർത്തിയ അനില അൽപനേരം എന്നെ നോക്കുകയും പിന്നീട് പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു.അത് അവളല്ലായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു.എങ്കിലും ഭയക്കാതെ ഞാനവിടെ തന്നെ നിന്നു.അവളെന്നെ തിരിഞ്ഞുപോലും നോക്കിയില്ല.നടക്കുന്നതിനിടയിൽ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് നടക്കുമ്പോൾ കവലയിൽ നിന്നിരുന്ന ആളുകളെല്ലാം അനിലയുടെ വീട്ടിലേക്ക് ഓടുന്നത് കണ്ടു.അവളുടെ വീടിന് സമീപം എത്തിയപ്പോൾ കൂട്ടകരച്ചിൽ കേൾക്കാമായിരുന്നു.ആരൊക്കെയോ ശർധിക്കുന്നതും കണ്ടു.ചെന്ന് നോക്കിയപ്പോൾ കണ്ടത് മുറിയിൽ മരിച്ചു കിടക്കുന്ന അനിലയുടെ അച്ഛനെയും അമ്മയെയും ആയിരുന്നു.അവരുടെ മൃതദ്ദേഹങ്ങൾ കത്തികൊണ്ട് കീറി വികൃതമാക്കിയിരിക്കുന്നു.അവരുടെ സമീപം തന്നെ കത്തികൊണ്ട് സ്വന്തം കഴുത്ത് മുറിച്ച് കിടക്കുന്ന അനിലയും ഉണ്ടായിരുന്നു.
പോലീസ് വന്ന് തെളിവെടുപ്പ് നടത്തിയപ്പോൾ മുറിയിൽ നിന്നും ഒരു കത്ത് കണ്ടെടുത്തു.അതിൽ ഇപ്രകാരം എഴുതിയിരുന്നു.
" ഈ ത്യാഗം നിങ്ങളെ മഹത്തരമാക്കുന്നു"
അനിലയുടെ ദാരുണാന്ത്യം എനിക്ക് സമ്മാനിച്ചിത് ഒരു മരവിപ്പാണ്.ആ മുറിയിൽ തളം കെട്ടി നിന്നിരുന്ന രക്തത്തിന്റെയും വിസർജ്യത്തിന്റെയും രൂക്ഷഗന്ധം വീടിന് പുറത്ത് നിന്നിരുന്നവരുടെ മൂക്കിലേക്കും തുളഞ്ഞു കയറുന്നുണ്ടായിരുന്നു.എനിക്ക് ഏറെ നേരം അവിടെ നിൽക്കാൻ സാധിച്ചില്ല ഞാൻ തിരികെ നടന്നു എങ്ങോട്ടെന്നില്ലാതെ.നടത്തത്തിന് ഒടുവിൽ ഞാൻ എത്തിയത് സിബി താമസിച്ചിരുന്ന വീടിന് മുന്പിലേക്കായിരുന്നു.കല്പടവുകൾ കയറി ഞാൻ ആ വീട്ടിലേക്ക് നടന്നു.അവിടെ മുറ്റത്താകമാനം വലിയ പുല്ലുകൾ മുളച്ചിരിക്കുന്നു. ആ പുല്ലുകൾക്കിടയിലൂടെ നടന്ന് ഞാൻ വീടിന്റെ ഉമ്മറത്തേക്ക് കയറി. അവിടെ നായയുടെയും പൂച്ചയുടെയും എല്ലാം കാഷ്ടത്തിന്റെ ദുർഗന്ധം വമിക്കുന്നുണ്ട്.ഞാൻ ജനലിലൂടെ വീടിനുള്ളിലേക്ക് നോക്കി.പൊടിപിടിച്ച് കിടക്കുന്ന നിലത്ത് കൂട്ടിയിട്ടിരിക്കുന്ന മേശയും കസേരകളും.ചുമരിലെ ഏതെല്ലാമോ ചിത്രങ്ങൾ നിലത്ത് വീണ് പൊട്ടിയിരിക്കുന്നു.അവിടെ മനുഷ്യവാസമുണ്ടായിരുന്ന യാതൊരു സൂചനകളും ഇല്ലാത്തതുപോലെ എനിക്ക് തോന്നി.ഞാൻ ആ തിണ്ണയിൽ കയറി പുറത്തേക്ക് നോക്കിയിരുന്നു.അവിടെ ഇരുന്നാൽ താഴെ ഒഴുകുന്ന തോടും അതിനപ്പുറമുള്ള റബ്ബർ എസ്റ്റേറ്റും കാണാമായിരുന്നു.തോടിന് സമീപത്ത് നിന്ന് മേയുന്ന പശുക്കളെയും കാണാം.ചിലപ്പോഴൊക്കെ വീടിന്റെ അകത്ത് നിന്നും സിബിയുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു.ജനലിലൂടെ നോക്കുമ്പോൾ ഒന്നും കണ്ടിരുന്നില്ല ഞാൻ വീണ്ടും ആ തിണ്ണയിൽ കയറിയിരുന്നു.അനിലയുടെയും നിഖിലിന്റെയും കണക്ക് ടീച്ചറുടെയും നിലവിളികൾ എനിക്ക് കേൾക്കാമായിരുന്നു.അതെല്ലാം കേട്ട് ഞാൻ കണ്ണടിച്ചിരുന്നു.അല്പം സമയം കഴിഞ്ഞപ്പോൾ വീടിന് മുൻപിലേക്ക് പ്രായമുള്ള ഒരാൾ കയറി വന്നു.അയാൾ മുറ്റത്ത് നിന്ന് സംശയഭാവത്തിൽ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.ഞാനും അയാളുടെ മുഖത്തേക്ക് നോക്കി.'' ഏതാണ് നീ" എന്ന ഭാവത്തിൽ അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു.ഒന്നും മിണ്ടാതെ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ വീടിന്റെ ഉമ്മറത്ത് നിന്നുകൊണ്ട് സംശയപൂർവ്വം അയാൾ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.അയാൾക്ക് സമീപം സിബിയും അവന്റെ അമ്മയും എന്നെ നോക്കി പല്ലിളിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.ഞാൻ അവിടെ നിന്നും വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുവായിരുന്നു.അമ്മയുടേയോ അച്ഛന്റെയോ മുഖത്ത് ഒന്നും ഒട്ടും അമ്പരപ്പോ ഭാവവത്യാസമോ കാണാനില്ല.
"ഇനി ഇവരൊന്നും അറിഞ്ഞിട്ടുണ്ടാവില്ലേ" എന്ന് ഞാൻ സംശയിച്ചു.
"നീ എവിടെ പോയിരുന്നു" എന്ന അച്ഛന്റെ ചോദ്യത്തിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.അമ്മ എന്നോട് ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു.ഞാൻ കഴിക്കാനായി ഇരുന്നു.അച്ഛനും വർത്തകളൊന്നും അറിഞ്ഞില്ലേ എന്ന് ഞാൻ സംശയിച്ചു.എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ടിട്ടാകണം
"എന്താടാ? എന്തേലും പ്രശ്നം ഉണ്ടോ?" എന്ന് അച്ഛൻ എന്നോട് ചോദിച്ചു.ഒന്നും മിണ്ടാതെ ഞാൻ തലതാഴ്ത്തി ഇരുന്നതെയുള്ളൂ.അമ്മ എന്റെ പാത്രത്തിലേക്ക് ചോറും ഇറച്ചി കറിയും വിളമ്പി.അന്നേരം ആ കറിയിൽ നിന്നും ഉയർന്നുവന്നത് അഴുകിയ മാംസത്തിന്റെ ഗന്ധമാണെന്ന് എനിക്ക് തോന്നി.ഞാൻ വേഗം അവിടെ നിന്നും എഴുന്നേറ്റു.
"എന്താടാ? എന്ത് പറ്റി?"
അമ്മ എന്നോട് ചോദിച്ചു.ഒന്നും പറയാതെ ഞാൻ മുറിയിൽ പോയി കിടന്നു.കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ തല മുഴുവൻ മത്ത് പിടിക്കുന്നുണ്ടായിരുന്നു. ചെവിയിൽ മുഴുവൻ ആരുടെയല്ലാമോ നിലവിളികൾ കേൾക്കുന്നു.എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.എങ്കിലും കണ്ണുകൾ ഇറുക്കിപ്പിടിച്ച് ഞാൻ കിടന്നു.
വൈകുന്നേരം അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.എന്റെ കണ്ണിലെ ചുവപ്പ് നിറം കണ്ട് അമ്മ ഭയന്നിരുന്നു.ഞാൻ ഒന്നും മിണ്ടാതെ കുളിമുറിയിൽ കയറി.കുളിക്കുമ്പോൾ എന്റെ കാലിലും തുടയിലും എല്ലാം കറുത്ത ഉണലുകൾ പൊന്തി വരുന്നത് ഞാൻ ശ്രദ്ധിച്ചു.അത് ഞാൻ ആരോടും പറഞ്ഞില്ല.അന്ന് രാത്രിയിൽ പല തവണ ഞാൻ ശർധിച്ചു.നല്ല തലവേദനയും ഉണ്ടായിരുന്നു.അമ്മ ഇടയ്ക്കിടെ തലയിൽ നനച്ച തുണി വച്ച് തന്നു.
രാവിലെ ആയപ്പോൾ പനി കുറഞ്ഞിരുന്നു.പക്ഷെ കറുത്ത ഉണലുകൾ ദേഹത്ത് കൂടി വരുന്നുണ്ടായിരുന്നു.കുളി കഴിഞ്ഞ് വന്നപ്പോൾ അമ്മ എന്റെ യൂണിഫോം എടുത്ത് വച്ചിരിക്കുന്നു.ഒന്നും മിണ്ടാതെ ഞാൻ വീട്ടിൽ നിന്നും ബാഗ് എടുത്ത് സ്കൂളിലേക്കിറങ്ങി.നടത്തത്തിനിടയിൽ എനിക്ക് തലകറങ്ങുന്നതായി തോന്നി എങ്കിലും എവിടെയും വീഴാതെ നടന്ന് ഞാൻ ക്ലാസിലെത്തി.കുട്ടികൾ വന്ന് തുടങ്ങുന്നേയുള്ളൂ.ഞാൻ ഡസ്കിൽ തലവെച്ച് കിടന്നു.എന്റെ പേശികളിലെല്ലാം നല്ല വേദന അനുഭവപ്പെടുന്നുണ്ട്.ഞാൻ കണ്ണുകൾ ഇറുക്കിപ്പിടിച്ച് കിടന്നു.
"ഡാ നീയെന്താ വിളിക്കാതെ പോയെ?''
മുതുകിൽ വീണ അടിയോടൊപ്പം ഈ ചോദ്യവും കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു.നോക്കിയപ്പോൾ കണ്ടത് നിഖിൽ എന്റെ മുൻപിൽ നിൽക്കുന്നതായിരുന്നു.എന്റെ തല കറങ്ങുന്നത് പോലെ തോന്നി.കണ്ണിൽ ഇരുട്ട് കയറുന്നു.
"വെക്കെഷൻ ആയിട്ട് നീ എന്താടാ വീടിന് പുറത്തേക്ക് ഇറങ്ങാത്തത്.ഞങ്ങൾ കരോളിന് വന്നപ്പോഴും നീ വീടിന് പുറത്തേക്ക് ഇറങ്ങിയില്ല.ഫുൾ ടൈം വീടിനുള്ളിൽ ഇരിപ്പാണല്ലോ?"
എന്റെ ദേഹത്ത് മുളച്ചുവന്ന കറുത്ത ഉണലുകൾ പൊട്ടുന്നത് ഞാനറിഞ്ഞു.അതിന്റെ ചലം എന്റെ ദേഹത്ത് ഒഴുകി തുടങ്ങി.
എനിക്ക് ഒന്നും മനസിലാകുന്നില്ല.ഞാൻ ആ ബെഞ്ചിൽ ഇരുന്നു.
അന്നേരം പുതിയ കളർ ഡ്രസ്സ് ധരിച്ച് കയ്യിൽ ഒരു പൊതിയുമായി അനില ക്ലാസ്സിലേക്ക് കയറി വന്നു.
എന്റെ പെരുവിരലിൽ നിന്നും തരിപ്പ് കയറി വരുന്നു.അതെന്റെ സിരകളിലൂടെ തലച്ചോറിലേക്ക് പടരുന്നത് ഞാനറിഞ്ഞു.
അവൾ എന്നെ ശ്രദ്ധിക്കാതെ കടന്നുപോയി.അവളെ കണ്ടതും ക്ലാസിലെ മറ്റു പെൺകുട്ടികൾ ചിരിക്കുകയും അവളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കറുത്ത ഉണലുകൾ തുടയിൽ ഉരഞ്ഞുപൊട്ടി ഒഴുകുന്ന ചലത്തിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് കയറി.
ഞാൻ വീണ്ടും ഡസ്കിൽ തലവെച്ച് കണ്ണുകളിറുക്കി കിടന്നു.
അല്പ സമയം കഴിഞ്ഞ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കണക്ക് ടീച്ചർ ക്ലാസിലേക്ക് കയറിയപ്പോഴും ഞാൻ എഴുന്നേറ്റില്ല.ടീച്ചർ എന്റെ സമീപം വന്ന് എന്റെ തലയിൽ കൈ വച്ചു നോക്കി.
"നല്ല പനിയുണ്ടല്ലോ വീട്ടിൽ നിന്ന് ആരോടെങ്കിലും വരാൻ പറയണോ?"
അവർ എന്നോട് സൗമ്യമായി ചോദിച്ചു.ഞാൻ വേണ്ടെന്ന് തലയാട്ടി.
ടീച്ചർ എല്ലാവര്ക്കും new year wish ചെയ്യുന്നത് കേട്ടു. ക്ലാസിലെ മറ്റു കുട്ടികൾ ഒരേ സ്വരത്തിൽ ടീച്ചറെയും wish ചെയ്തു.
"ടീച്ചർ ഇന്ന് അനിലയുടെ B'day ആണ്. അവൾ എല്ലാവര്ക്കും കൊടുക്കാൻ cake കൊണ്ടുവന്നിട്ടുണ്ട്"
ഒരു കുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞു.
ക്ലാസിലെ എല്ലാവരും അവളെ wish ചെയ്തതും അന്നേരം പ്യൂൺ ക്ലാസിലേക്ക് ഒരു കടലാസുമായി കയറിവന്നതും ഒന്നിച്ചായിരുന്നു.ടീച്ചർ ആ കടലാസ്സ് വായിച്ച് നോക്കിയ ശേഷം ഞങ്ങളോട് എല്ലാവരോടുമായി പറഞ്ഞു.
"അതേയ് നമ്മുടെ ക്ലാസിൽ ഇന്ന് തൊട്ട് പുതിയ ഒരു കുട്ടി കൂടി ഉണ്ടാകും."
ഇത് കേട്ടതും ഞാൻ ബെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി.പ്യൂണിന്റെ പുറകിൽ നിന്നും അവൻ ക്ലാസിലേക്ക് കയറി.മുഷിഞ്ഞ വസ്ത്രം ധരിച്ച അവന്റെ ഒരു കണ്ണിന് വെള്ളാരംകല്ലിന്റെ നിറമായിരുന്നു.
"എന്താ മോനെ നിന്റെ പേര്?"
ടീച്ചർ അവനോട് ചോദിച്ചു.
"സിബി"
മുഖത്തോട്ട് നോക്കാതെ വളരെ ഗൗരവപൂർവ്വം പേര് പറഞ്ഞ് അവൻ പുറകിലെ ബെഞ്ചിലേക്ക് നടന്നു.
എന്റെ കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി.കൈകാലുകൾ കുഴയുന്നു. കറുത്ത ഉണലുകൾ എന്റെ മുതുകിലൂടെ പടർന്നു കയറി എന്റെ കഴുത്തിലേക്ക് എത്തുന്നത് ഞാനറിഞ്ഞു.
ടീച്ചർ അനിലയെ മുൻപിലേക്ക് വിളിച്ചു.കയ്യിൽ ഒരു പൊതിയുമായി അനിൽ വന്നു.ആ പൊതിയഴിച്ച് കേക്ക് അവൾ മേശയുടെ മുകളിൽ വച്ചു.എല്ലാവരും അവൾക്ക് ചുറ്റും പോയി അവളെ wish ചെയ്യുന്നു.ഞാൻ അങ്ങോട്ട് പോയില്ല.ഒന്ന് പുറകിലേക്ക് നോക്കിയപ്പോൾ സിബിയും പോയിട്ടില്ല.അവൻ എന്നെ തുറിച്ചുനോക്കി ഇരിപ്പാണ്.ഞാൻ അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ തല താഴ്ത്തിയിരുന്നു.അൽപനേരം കഴിഞ്ഞപ്പോൾ നിഖിൽ ഒരു കഷ്ണം കേക്ക് എനിക്ക് നൽകി.
ഞാൻ അതെടുത്ത് വായിൽ വച്ചു.എന്തോ മൂർച്ചയുള്ള വസ്തു നാവിൽ ഉരഞ്ഞപ്പോൾ ഞാൻ അത് വായിൽ നിന്നെടുത്തു.പെരുവിരലിലെ നഖമായിരുന്നു അത്.അത്രനേരം വീർപ്പുമുട്ടിയ നീറ്റൽ ശർദ്ദലായി പുറത്തേക്ക് വന്നു.അതിന് അഴുകിയ മാംസത്തേക്കാൾ രൂക്ഷഗന്ധമായിരുന്നു
അവസാനിച്ചു
© Gokul N
◆
Comments
Loading comments…