Ezhuthkuth
Stories · 1 min read

ഇങ്ങനെയും ചിലർ

ഇങ്ങനെയും ചിലർ

ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്..ഒറ്റയ്ക്കാവാം...ആരുമില്ലാതെയാകാം..
ഒരിക്കൽ ജീവിതത്തിലേയ്ക്ക് ഈയാം പാറ്റകളെ പോലെ ആളുകൾ പറന്നടുക്കാം...നാം പോലും അറിയാതെ അവർ ഇറങ്ങിപ്പോയെന്നും വരാം..ഇനിയും ചിലരെ നമുക്ക് തന്നെ ഇറക്കി വിടേണ്ടതായും വരാം..സൗഹൃദം കൊണ്ട് നമ്മെ പൊതിയുന്നവരുണ്ടാകാം..അതിന്റെ നേർത്ത മഞ്ഞു മൂടുപടത്തിൽ പ്രണയമൊളിപ്പിച്ചവരുമുണ്ടാകാം..ആത്മാർത്ഥ സ്നേഹിതർ ഉണ്ടായെന്ന് വരാം...അവരുടെ ആത്മാർത്ഥത കാലഘട്ടത്തിന്റെ കടന്നുപോകലിൽ പരീക്ഷിക്കപ്പെട്ടേക്കാം..ബന്ധങ്ങളിൽ വിള്ളലുകൾ വന്നേക്കാം..ചില മുഖങ്ങളെ മറവിക്ക് വിട്ടുകൊടുക്കേണ്ടതായി വരാം..വെറുക്കപ്പെടേണ്ടവരുണ്ടാകാം..ഹൃദയത്തെ കീറി മുറിച്ചിട്ട് മുഖത്തു നോക്കിപുഞ്ചിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ടാകും..

സ്നേഹത്തിന്റെ പാശം കൊണ്ട് നമ്മെ വിരിഞ്ഞ മുറുക്കി കെട്ടിയിടുന്നവർ ഉണ്ടാകാം..ശ്വാസം എടുക്കാനാകാതെ, സ്വയമേ ഒന്നുംചെയ്യാൻ കഴിയാതെ ആ കയറിനുള്ളിൽ നമ്മൾ കഷ്ടപ്പെടുമ്പോഴും അവർ ചോദിക്കുമെനിക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന്..ഇത് സ്നേഹമല്ലെന്ന്,സ്നേഹമാണെന്ന് വിശ്വസിപ്പിക്കുന്ന അവരുടെ സ്വാർത്ഥത മാത്രമാണെന്ന്,അവർ ഒരിക്കലും മനസ്സിലാക്കുന്നുമില്ല...എത്ര നിസ്സാരമായാണ് നമുക്ക് നേരെ അവർ വിഷം പുരട്ടിയ അമ്പുകൾ എയ്യുന്നത്...ചിരിച്ചുകൊണ്ട് കൂടെ നിൽക്കുമ്പോഴും നമുക്കെതിരെ കള്ളക്കഥകൾ മെനയുകയാകുമവർ...എന്നിലെ എന്നെ കൊന്നിട്ടവർ അവർക്ക് വേണ്ട ഒരാളായി എന്നെ മെടഞ്ഞെടുക്കുന്നു..ചിന്തകൾക്കും പ്രവർത്തികൾക്കും വിലക്കുകൾ വയ്ക്കുന്നു..കൈകാലുകളിൽ അദൃശ്യമായതെന്നാൽ, ബലമുള്ള വിലങ്ങുകൾ തീർക്കുന്നു...ഞാൻ ഇഷ്ടപ്പെടുന്ന ഞാൻ ഇല്ലാതെയാവുന്നതും, പകരം ജീവനുള്ള ഒരു പാവയായി ഞാൻ പരിണമിക്കുന്നതും അറിയാതെ അറിഞ്ഞുകൊണ്ട് ജീവിക്കേണ്ടാതായി വരുന്നു...ആ ബന്ധനങ്ങളെ പൊട്ടിച്ചെറിയാനുള്ള ധൈര്യം കാണിക്കുന്ന നിമിഷം വരെ നാം ആ അടിമത്വത്തിൽ തന്നെ കഴിയേണ്ടതായി വരുന്നു...

◆